ന്യൂഡല്‍ഹി: അമേരിക്കയില്‍ സിഖ് ഫോര്‍ ജസ്റ്റിസ് നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി എടുക്കണമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി തുള്‍സി ഗബ്ബാര്‍ഡിനോട് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ നടക്കുന്ന റെയ്‌സീന ഡയലോഗില്‍ പങ്കെടുക്കാനെത്തിയ യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി തുള്‍സി ഗബ്ബാര്‍ഡുമായി തിങ്കളാഴ്ചയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ കൂടിക്കാഴ്ച. സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സംഘടന നടത്തുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി വിശദമായി ഗബ്ബാര്‍ഡുമായി സംസാരിച്ചു. ശക്തമായ നടപടികളെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
രണ്ടര ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. പ്രതിരോധ, സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ സംവിധാനങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലുമായും ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസും ഇന്ത്യയും തമ്മിലുള്ള രഹസ്യവിവരങ്ങള്‍ പങ്കിടല്‍ എങ്ങനെ മെച്ചപ്പെടുത്താമെന്നും സുരക്ഷയില്‍ കൂടുതല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നും ഡോവലും ഗബ്ബാര്‍ഡും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ഉദ്യോഗസ്ഥതലത്തിലെ ഒരു മുതിര്‍ന്നയാള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.