യുഎസില്‍ സ്വര്‍ണ്ണവില ഔണ്‍സിന് റെക്കോര്‍ഡായ 3,000 ഡോളര്‍ കടന്നതിന് പിന്നാലെ ട്രംപിന്റെ നികുതി പരിഷ്‌കാരങ്ങള്‍ രാജ്യത്ത് വീണ്ടും പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ഭയത്തില്‍ നിക്ഷേപകര്‍. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സ്വര്‍ണ്ണവില ഔണ്‍സിന് റെക്കോര്‍ഡായ $3,000 കടന്നത്. സുരക്ഷിതമായ നിക്ഷേപം എന്ന നിലയ്ക്കാണ് ഏവരും സ്വര്‍ണ്ണത്തെ കാണുന്നത് എന്നതിനാല്‍ തന്നെ വില വീണ്ടും വര്‍ദ്ധിച്ച് ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തോടെ ഔണ്‍സിന് 3,500 ഡോളര്‍ എന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്കു എത്തിയേക്കാമെന്നും വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.
സ്വര്‍ണ്ണവില ഈ വര്‍ഷം ഔണ്‍സിന് $2,844 വരെ ആകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരായ ആര്‍ബിസി മാര്‍ക്കറ്റ്‌സ് പ്രവചിക്കുന്നത്. മുന്‍ പ്രവചനത്തെക്കാള്‍ 1% അധികമാണിത്. ഒപ്പം 2026-ല്‍ വില 3,111 ഡോളര്‍ കടക്കുമെന്നും അവര്‍ കണക്കാക്കുന്നു. നേരത്തെ പ്രതീക്ഷിച്ചതിലും 8% അധികമാണിത്.
അതേസമയം, യുഎസില്‍ ഇറക്കുമതി സ്വര്‍ണ്ണത്തിന് മേല്‍ ട്രംപ് ഭരണകൂടം നേരിട്ട് നികുതി ചുമത്തിയേക്കുമെന്ന ആശങ്കയും നിക്ഷേപകര്‍ക്കിടയിലുണ്ട്. ഇത് മുന്നില്‍ക്കണ്ടുകൊണ്ട് രാജ്യത്തെ ബിസിനസുകാര്‍ അതിന് മുമ്പുതന്നെ വിദേശത്ത് നിന്നും കഴിയുന്നത്ര സ്വര്‍ണ്ണം രാജ്യത്തേയ്ക്ക് എത്തിക്കാന്‍ ആരംഭിച്ചിട്ടുമുണ്ട്.
ചൈന അടക്കം വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളും തങ്ങളുടെ സ്വര്‍ണ്ണശേഖരം വര്‍ദ്ധിപ്പിക്കാന്‍ ആരംഭിച്ചിട്ടുണ്ട് എന്നത് ആഗോളമായി സ്വര്‍ണ്ണവില വര്‍ദ്ധിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണെന്നും ഗവേഷകര്‍ പറയുന്നു.
Gold prices skyrocket