മുൻ പ്രസിഡന്റ് ജോ ബൈഡന്റെ പുത്രൻ ഹണ്ടർ ബൈഡൻ (55), ബൈഡന്റെ പുത്രി ആഷ്‌ലി ബൈഡൻ (43) എന്നിവരുടെ സീക്രട്ട് സർവീസ് സുരക്ഷ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു.
സൗത്ത് ആഫ്രിക്കയിൽ കോടതിയിൽ ഹാജരാവാൻ സീക്രട്ട് സർവീസ് ഏജന്റുമാരുടെ അകമ്പടിയോടെ ഹണ്ടർ ബൈഡൻ പോയ നേരത്താണ് ഈ പ്രഖ്യാപനം വന്നത്.
ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു: "ഹണ്ടർ ബൈഡനു നീണ്ടു നിൽക്കുന്ന സീക്രട്ട് സർവീസ് സംരക്ഷണം നികുതി നൽകുന്നവരുടെ പണത്തിൽ നിന്നാണ് കൊടുക്കുന്നത്. അയാൾക്കു 18 ഏജന്റുമാർ ഉണ്ട്. വിചിത്രം.
"ഹണ്ടർ ബൈഡന്റെ സീക്രട്ട് സർവീസ് സുരക്ഷ ഉടൻ പിൻവലിക്കയാണ്."
ആഷ്‌ലി ബൈഡനു 13 ഏജന്റുമാരുടെ സംരക്ഷണം എന്തിനാണെന്നു ട്രംപ് ചോദിച്ചു. "അതും ഉടൻ നീക്കം ചെയ്യുന്നു."
പ്രസിഡന്റിന്റെ ഉത്തരവ് അനുസരിക്കുമെന്നു സീക്രട്ട് സർവീസ് വക്താവ് ആന്തണി ഗുഗ്ലിയെൽമി പറഞ്ഞു. "ഹണ്ടർ ബൈഡന്റെയും ആഷ്‌ലി ബൈഡന്റെയും സുരക്ഷ പിൻവലിക്കാനുള്ള പ്രസിഡന്റിന്റെ തീരുമാനം ഞങ്ങൾക്ക് അറിയാം. കഴിയുന്നത്ര വേഗം അതു നടപ്പാക്കും."
കടലാസ് പണികൾ കഴിഞ്ഞാൽ മാത്രമേ സീക്രട്ട് സർവീസ് ഏജന്റുമാർക്ക് ഹണ്ടറെയും ആഷ്‌ലിയെയും കൈവിടാൻ കഴിയൂ. നടപടികൾ ചൊവാഴ്ച്ച ആരംഭിക്കും.
Trump strips Biden children of SS detail