ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി സുദിക്ഷ കൊണാങ്കി (20) മരണമടഞ്ഞതായി പ്രഖ്യാപിക്കാൻ അവരുടെ മാതാപിതാക്കൾ ഡൊമിനിക്കൻ അധികൃതരോട് അഭ്യർഥിച്ചു. കാണാതായി 11 ദിവസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയില്ല എന്നു മാത്രമല്ല, കൊണാങ്കിയുടെ കൂടെ ഒടുവിൽ കാണപ്പെട്ട ജോഷ്വ റൈബ് എന്ന (22) വിദ്യാർഥിയെ തടഞ്ഞു വച്ചിരിക്കയുമാണ്.
കൊണാങ്കിയെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും ഫലിച്ചിട്ടില്ല. അവൾ മുങ്ങി മരിച്ചതാവാം എന്നു പറഞ്ഞ ഡൊമിനിക്കൻ അധികൃതർക്കു മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല.
പുന്റ കാന പട്ടണത്തിലെ റിയു റിസോർട്ടിൽ നിന്നു മാർച്ച് 6നു കൊണാങ്കിയെ തട്ടിക്കൊണ്ടു പോയതാവാം എന്ന പരാതി ഉന്നയിച്ച മാതാപിതാക്കൾ അങ്ങിനെയൊരു സംശയം ഇല്ലെന്നു തിങ്കളാഴ്ച്ച അധികൃതർക്കു എഴുതി കൊടുത്തു.
അന്വേഷണത്തിൽ വിശ്വാസമുണ്ട്
അധികൃതരുടെ അന്വേഷണത്തിൽ തങ്ങൾക്കു വിശ്വാസമുണ്ടെന്ന് അവർ പറഞ്ഞു. ജോഷ്വ റൈബ് സഹകരിച്ചുവെന്നാണ് കാണുന്നത്.
കേസ് അവസാനിപ്പിക്കാൻ ആവശ്യമായ നിയമനടപടികളിൽ സഹകരിക്കാമെന്നു അവർ പറഞ്ഞു.
പോലീസ് തടഞ്ഞു വയ്ക്കുന്നതിൽ റൈബ് പ്രതിഷേധിക്കയും കോടതിയിൽ പോവുകയും ചെയ്തിരുന്നു. അപേക്ഷ കോടതി ചൊവാഴ്ച്ച ഉച്ചതിരിഞ്ഞു പരിഗണിക്കാൻ ഇരിക്കെയാണ് സുബ്ബറായഡു കൊണാങ്കിയും ശ്രീദേവി കൊണാങ്കിയും മരണ പ്രഖ്യാപനം ആവശ്യപ്പെട്ടു അപേക്ഷ നൽകിയത്.
കുറ്റമൊന്നും ചുമത്താനില്ലെങ്കിൽ റൈബിനെ കസ്റ്റഡിയിൽ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ബിയാട്രിസ് സന്താന തിങ്കളാഴ്ച്ച പറഞ്ഞിരുന്നു. പാസ്പോർട്ട് വിട്ടു കൊടുത്തു അയാളെ വിട്ടയക്കണം എന്നതാണ് ആവശ്യം.
Konanki parents seek death declaration