ന്യൂയോര്‍ക്ക്: മത സംഘടനകള്‍ അരങ്ങു വാഴുമ്പോള്‍ മലയാളത്തിന്റെ സ്വത്വം നെഞ്ചിലേറ്റിയ ഏതാനും സംഘടനകളിലൊന്നായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് (എ.കെ.എം.ജി) കണ്‍വന്‍ഷന്‍ വര്‍ണ്ണാഭമായി പര്യവസാനിച്ചു.
വിനോദവും വിജ്ഞാനവും സമഞ്ജസമായി സമന്വയിച്ച കണ്‍വന്‍ഷന്‍ വേദി മന്‍ഹാട്ടനിലെ ഷെറട്ടണ്‍ ടൈംസ് സ്‌ക്വയറില്‍ മിനി കേരളമായി. ചടങ്ങുകള്‍ മിക്കതും ഇംഗ്ലീഷിലായിരുന്നുവെങ്കിലും ഏവരേയും ഒന്നിപ്പിച്ചത് കേരള സംസ്‌കാരപ്പെരുമ.
ഇന്ത്യന്‍ ദേശീയഗാനത്തോടെ ആരംഭിച്ച ഗാലാ ബാങ്ക്വറ്റില്‍ കണ്‍വന്‍ഷന്റെ വിജയശില്പിയായ ഡോ. തോമസ് മാത്യു ഏവരേയും സ്വാഗതം ചെയ്തു. പോരായ്മകളെ കണ്ണടയ്ക്കുകയും കണ്‍വന്‍ഷന്‍ വിജയമാക്കുകയും ചെയ്ത എല്ലാവരോടും അദ്ദേഹം നന്ദി പറഞ്ഞു. ന്യൂയോര്‍ക്ക് ചാപ്റ്ററിലെ അംഗങ്ങളും വോളണ്ടീയര്‍മാരും നിസ്വാര്‍ത്ഥമായി ദിനരാത്രങ്ങളിലൂടെ കഠിന പ്രയത്നം ചെയ്താണ് കണ്‍വന്‍ഷന്‍ വിജയകരമാക്കിയത്. അവര്‍ക്കെല്ലാം നന്ദി, ഓഡിയോ വിഷ്വല്‍ രംഗം മനോഹരമാക്കിയ സുനില്‍ ട്രൈസ്റ്റാറിനും, മീഡിയ ലോജിസ്റ്റിക് ഗ്രൂപ്പിനും പ്രത്യേകം നന്ദി അര്‍പ്പിച്ചു.
പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസിനു ഡോ. തോമസ് മാത്യുഗേവല്‍ കൈമാറിയശേഷം മുഖ്യ പ്രാസംഗീകനായ ഡോ. ആന്‍ഡ്രൂ ഡണ്ണിനെ ഡോ. ജോര്‍ജ് ഏബ്രഹാം പരിചയപ്പെടുത്തി.
മൗണ്ട് സൈനായ് മെഡിക്കല്‍ കോളജിന്റെ സാരഥികളിലൊരാളായ ഡോ. ഡണ്‍ അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ മുന്‍ പ്രസിഡന്റാണ്. മെഡിക്കല്‍ രംഗത്തെ പ്രശ്നങ്ങളും ഡോക്ടര്‍മാര്‍ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാര്‍ഗ്ഗങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. അലക്സ് മാത്യു ഫലകം നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഗസ്റ്റ് സ്പീക്കറായിരുന്ന ഡോ. രാം രാജു ഡോക്ടര്‍മാര്‍ സാമൂഹ്യ നീതിയുടെ വക്താക്കളായി മാറണമെന്ന ആഹ്വാനമാണ് നല്‍കിയത്. സ്വാതന്ത്ര്യസമര സേനാനിയായി തന്റെ പിതാവ് ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ബ്രാഹ്മണനായ അദ്ദേഹം 1957-ല്‍ ഹരിജനങ്ങള്‍ക്കൊപ്പം സഹവസിക്കുകയും അവര്‍ക്ക് നീതി ലഭിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു. അതു കഴിഞ്ഞ് 50 വര്‍ഷം കഴിഞ്ഞ് നോക്കുമ്പോഴും സാമൂഹികനീതിയൊന്നും ഉണ്ടായിട്ടില്ല.
അമേരിക്കയില്‍ മെഡിക്കല്‍ രംഗത്ത് 'സിപ് കോസി'ന്റെ പ്രാധാന്യവും അദ്ദേഹം വിവരിച്ചു. ഒരേ നഗരത്തില്‍ ചില സിപ് കോസുകളില്‍ താമസിക്കുന്നവര്‍ ആരോഗ്യരംഗത്ത് പിന്തള്ളപ്പെടുന്നു. അവര്‍ നേരത്തെ മരിക്കുന്നു. മന്‍ഹാട്ടന്റെ ഒരു ഭാഗത്തുള്ളവര്‍ക്ക് 14 വര്‍ഷം ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ളപ്പോള്‍ മറ്റൊരു ഭാഗത്ത് പ്രായമെത്താതെയുള്ള മരണം. എന്തു കൊണ്ടാണിത്?
ഡയബെറ്റിക്സിന് ചികിത്സ നല്‍കിയതുകൊണ്ടു മാത്രം ആരോഗ്യം മെച്ചപ്പെടണമെന്നില്ല. അനാരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും തുടരേണ്ടിവരുമ്പോള്‍ മരുന്നിന്റെ ഫലവും ഇല്ലാതാകുന്നു.
സാമൂഹിക വിഷയങ്ങളിലും ഡോക്ടര്‍മാരുടെ ശ്രദ്ധ പതിയണമെന്നാണ് ഇതു പഠിപ്പിക്കുന്നത്. സാമൂഹിക മാറ്റങ്ങള്‍ക്ക് നാം വഴിതെളിക്കണം. എവിടെനിന്നു വന്നാലും അര്‍പ്പണബോധമുള്ള ഡോക്ടറായി മാറുക. അതേസമയം സാമൂഹിക നീതിയുടെ വക്താക്കളുമാകുക - അദ്ദേഹം ആഹ്വാനം ചെയ്തു.
നോര്‍ത്ത് വെല്‍ ഹെല്‍ത്തില്‍ സീനിയര്‍ വൈസ് പ്രസിഡന്റും, കമ്യൂണിറ്റി ഹെല്ത്ത് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമാണ് ഡോ. രാം രാജു. മദ്രാസ് മെഡിക്കല്‍ കോളജില്‍ പഠിച്ച അദ്ദേഹം ബ്രിട്ടണിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഫെല്ലോ ആണ്. ടെന്നസിയില്‍ നിന്നു എം.ബി.എ നേടി. ഹെല്ത്ത് കെയര്‍ രംഗത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഡോ. ഉണ്ണി തമ്പി അദ്ദേഹത്തിന് പ്ലാക്ക് നല്‍കി.
കണ്‍വന്‍ഷന്റെ പ്ലാറ്റിനം സ്പോണ്‍സറും ബ്ലൂ ഓഷ്യന്‍ വെല്ത്ത് സൊല്യൂഷ്യന്‍സ് വിദഗ്ധനുമായ സാബു ലൂക്കോസിനേയും, ഗോള്‍ഡ് സ്പോണ്‍സര്‍ ഇന്നവേഷന്‍ ഇന്‍കുബേഷന്റെ സാരഥികളിലൊരാളായ ഡോ. പത്മകുമാറിനേയും ചടങ്ങില്‍ ആദരിച്ചു.
പ്രോഗാം മാനേജര്‍ ഡോ. സാറാ ലൂയീസിനെ ഡോ. തോമസ് മാത്യു, ഡോ. അലക്സ് മാത്യു എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. പോസ്റ്റര്‍ അവതരണത്തിലെ വിജയികളെ ഡോ. ബിനു ചാക്കോ പ്രഖ്യാപിച്ചു.
പുകവലി മുക്തമായ കേരളത്തിനുവേണ്ടി നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ ഡോ. സൈറു ഫിലിപ്പിന്റെ പ്രസംഗം ആവേശകരമായി. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും അതു സര്‍ക്കാര്‍ നയമായി മാറ്റുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പലായ അവര്‍ ഇതു തന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണെന്നു പറഞ്ഞു. ഇവിടെ വന്നപ്പോള്‍ ഒരു അന്യനാട്ടില്‍ ആണെന്നു തോന്നിയില്ല. എ.കെ.എം.ജിയുടെ സേവനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. മെഡിക്കല്‍ കോളജുകളില്‍ ലേണിംഗ് റിവോഴ്സ് സെന്റര്‍ സ്ഥാപിച്ചതും പ്രളയക്കെടുതിയില്‍ നല്‍കിയ സഹായങ്ങളുമെല്ലാം എടുത്തുപറയേണ്ടതുണ്ട്. എ.കെ.എം.ജി കേരളത്തിലെ ഡോക്ടര്‍മാരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹാര്‍വാര്‍ഡില്‍ ഒരുമാസത്തെ സ്‌കോളര്‍ഷിപ്പ് നേടി എത്തിയതാണ് അവര്‍. താന്‍ കോട്ടയം മെഡിക്കല്‍ കോളജിന്റെ സന്തതിയാണെന്നുഅവര്‍ പറഞ്ഞപ്പോള്‍ സദസിന്റെ ഒരു വിഭാഗത്തിന്റെ കൈയ്യടി ഉയര്‍ന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലും പഠിച്ചിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ കൂടുതല്‍ കരഘോഷം. തിരുവനന്തപുരത്തും പഠിച്ചെന്നു പറഞ്ഞപ്പോള്‍ ഏറ്റവും വലിയ കരഘോഷം!
പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് വീട് നല്കാന്‍ എ.കെ.എം.ജി. ഒരു ലക്ഷം ഡോളര്‍ സമാഹ്രിഛതിന്റെ റോട്ടറി ഇന്റര്‍നാഷണല്‍ മുന്‍ പ്രസിഡ്ന്റ് രവിശങ്കര്‍ ഭൂപ്ലാപൂര്‍ അഭിനന്ദിച്ചു. തുല്യമായ തുക റോട്റ്ററി ക്ലബും നല്‍കും. ഇനിയും ഒരു ലക്ഷം കൂടി സമാഹരിച്ചാല്‍ അത്രയും മാച്ചിംഗ് ഫണ്ടു കൂടി തരാമെന്നും അദ്ധേഹം പറഞ്ഞു.
കണ്‍വന്‍ഷന്‍ ചെയര്‍ ഡോ. അലക്സ് മാത്യു നന്ദി പറഞ്ഞു. നാനാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അദ്ദേഹം അനുസ്മരിച്ചു. കണ്‍വന്‍ഷനു നല്‍കിയ പിന്തുണയ്ക്ക് ഇ-മലയാളിക്കും അഭിവാദ്യം അര്‍പ്പിച്ചു.
ലുധിയാന മെഡിക്കല്‍ കോളജില്‍നിന്നു ബിരുദം എടുത്ത ഡോ. അലക്സ് മാത്യു കമ്യൂണിറ്റി ആക്ടിവിസ്റ്റുമാണ്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ കഴിഞ്ഞവര്‍ഷം മികച്ച ഫിസിഷ്യനായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
ബ്ലസന്‍ കുര്യന്‍, അല്ക്കാ നായര്‍ എന്നിവരായിരുന്നു എംസിമാര്‍
ബാങ്ക്വറ്റിനുശേഷം അവാര്‍ഡ് ജേതാവായ ഗായിക ശ്വേത മോഹന്‍, വിധു പ്രതാപ്, ശബരീനാഥ്, ബിജു സേവ്യര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഗാനമേള 'ധ്വനിതരംഗം' ഹൃദ്യമായ കലാവിരുന്നായി.
നേരത്തെ നടന്ന വനിതാഫോറത്തില്‍ വനിതാ ഡോക്ടര്‍മാര്‍ തങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചു. വിവേചനവും അവസരങ്ങള്‍ നിഷേധിക്കുന്നതും ഉള്‍പ്പടെ കുടുംബജീവിതത്തിലെ നഷ്ടങ്ങള്‍ വരെ ചര്‍ച്ചാവിഷയമായി. തന്റെ മകള്‍ ചെറുപ്പമായിരുന്നപ്പോള്‍ അവള്‍ ഒരു ഡോക്ടറാകാനില്ലെന്നും വീട്ടമ്മയായി കഴിയുമെന്നും പറഞ്ഞത്ഒരു ഡോക്ടര്‍ അനുസ്മരിച്ചു. അമ്മയെ വീട്ടില്‍ കാണാത്തതിലുള്ള പരിഭവമായിരുന്നു അത്. ഇപ്പോള്‍ മകളും ഡോക്ടറായി. തന്റെ തിരക്കുകളും പ്രശ്നങ്ങളും അവള്‍ ഇപ്പോള്‍ മനസിലാക്കുന്നു.
കേരളത്തിലെ ആദ്യ വനിതാ ഡോക്ടര്‍ മേരി പുന്നന്‍ ലൂക്കോസും വെല്ലൂര്‍ മെഡിക്കല്‍ കോളജ് സ്ഥാപിച്ച ഐഡാ സ്‌കഡറും ലുധിയാന മെഡിക്കല്‍ കോളജ് സ്ഥാപിച്ച ഈഡിത്ത് ബ്രൗണുമൊക്കെ വലിയ ത്യാഗങ്ങളിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കിയവരാണ്. ആദ്യമൊക്കെ നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ഒരിക്കല്‍ ഫലമണിയാതെയിരിക്കുകയില്ല.
ഭര്‍ത്താവിനും എട്ടു വയസ്സുള്ള മകനും 'ലോ മെയിന്റനന്‍സ്' ആണെന്ന് മറ്റൊരു പാനലിസ്റ്റ് പറഞ്ഞു. മകനോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതല്ല, ക്വാളിറ്റി ടൈം ചെലവഴിക്കുന്നതിലാണ് കാര്യം. ലൈബ്രറിയില്‍ പോകുന്നത് ക്വാളിറ്റി ടൈമും, സിനിമയ്ക്ക് പോകുന്നത് ക്വാണ്ടിറ്റി ടൈമും ആകുന്നു.
ആദ്യ കാലങ്ങളില്‍ തങ്ങളെ ഡോക്ടര്‍മാരായി കാണാന്‍ പലരും വിസമ്മതിച്ച കാര്യം പലരും ചൂണ്ടിക്കാട്ടി. നഴ്സിനപ്പുറം ഒരു വനിത പോകുന്നത് പലര്‍ക്കും അംഗീകരിക്കാനാവില്ലായിരുന്നു.
ഡോ. ഉഷാ മോഹന്‍ദാസ്, ഡോ. രാധാ മേനോന്‍, ഡോ. ലത മേനോന്‍, ഡോ. എലിസബത്ത് മാമ്മന്‍, ഡോ. ബൈജു ഫിലിപ്പ് തുടങ്ങിയവരായിരുന്നു പാനലിസ്റ്റുകള്‍. ഡോ. നിഷാ പിള്ളയടക്കമുള്ളവരായിരുന്നു സംഘാടകര്‍.
ജനറല്‍ ബോഡി യോഗത്തില്‍ ചെലവു കുറഞ്ഞ വേദികള്‍ കണ്‍ വന്‍ഷനു കണ്ടെത്തേണ്ടത് ചര്‍ച്ചാ വിഷയമായി.
(കണ്‍ വന്‍ഷന്‍ ചിത്രങ്ങള്‍: Random selection.
read also
മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി