മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹൈപ്പില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് പുറത്ത് വരുന്നതിനിടെ മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമണം വലിയ ട്വിസ്റ്റായിരിക്കുകയാണ്. ഗുജറാത്ത് കലാപം അടക്കമുളള വിഷയങ്ങള്‍ ചിത്രത്തില്‍ വന്നതോടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിനും പൃഥ്വിക്കും എതിരെ വിദ്വേഷ വാക്കുകള്‍ നാവില്‍ തൊടുത്തിരിക്കുന്നത്. എന്നാല്‍ ഈ സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലും എമ്പുരാന്‍ ബോക്‌സ് ഓഫീസ് കുതിപ്പ് തുടരുന്നുവെന്നതില്‍ അവരുടെ മാര്‍ക്കറ്റിങ് വിഭാഗം ആഹ്ലാദത്തിലാണ്. ഈ വിവാദം കൂടുതല്‍ ജനങ്ങളെ തീയേറ്ററിലെത്തിക്കുമെന്നും അവര്‍ കരുതുന്നു.
വിവാദങ്ങള്‍ക്ക് ക്ലാപ്പടിച്ച പശ്ചാത്തലത്തില്‍ സിനിമയുടെ 17 ഭാഗങ്ങള്‍ നിര്‍മാതാക്കള്‍ തന്നെ എഡിറ്റ് ചെയ്തിട്ടുണ്ട്. സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ മുന്നിലെത്തിയപ്പോള്‍ രണ്ട് ഭാഗങ്ങളിലാണ് കത്രിക വച്ചത്. സ്ത്രീകളെ ആക്രമിക്കുന്ന 6 സെക്കന്റ് നീളുന്ന രംഗവും ദേശീയ പതാകയെ അപമാനിക്കുന്ന 4 സെക്കന്റ് നീളമുള്ള ഭാഗവും മാത്രമാണ് സെന്‍സര്‍ ചെയ്തത്. എമ്പുരാന്റെ എഡിറ്റ് ചെയ്ത വേര്‍ഷന്‍ അടുത്ത ആഴ്ച പ്രദര്‍ശനത്തിനെത്തും. എന്തായാലും എമ്പുരാന്‍ രാഷ്ട്രീയ വിവാദങ്ങളുടെ ലൊക്കേഷനിലാണ്.
സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പരസ്യ പ്രതികരണങ്ങള്‍ക്ക് ബി.ജെ.പി 'കട്ട്' പറഞ്ഞിരുന്നു. സിനിമയെ സിനിമയായി കാണണമെന്നാണ് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ എം.ടി രമേശ് പ്രതികരിച്ചത്. എമ്പുരാന്‍ സിനിമ മോഹന്‍ലാലിനെയും ഗോകുലം ഗോപാലനെയും തകര്‍ക്കാനുള്ള ഇടതു ജിഹാദി നീക്കമാണെന്നാണ് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എ ജയകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജും കൂട്ടരും ചതിച്ചത് നമ്മുടെ നാടിനെയും ഭരണകൂടത്തെയും ആണ്. എന്‍.ഐ.എ പോലുള്ള ദേശീയ അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ജയകുമാര്‍ ചോദിക്കുന്നു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സിനിമയായി എമ്പുരാന്‍ മാറുകയാണ്. ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിനാണ് ഹിന്ദുത്വ വാദികള്‍ എമ്പുരാനെതിരെ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നു. അവര്‍ താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നു. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ ആഹ്വാനം ചെയ്യുന്നു.
എമ്പുരാന്‍ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആര്‍.എസ്.എസ് മുഖവാരിക ഓര്‍ഗനൈസര്‍ പറയുന്നു. നായകന്‍ മോഹന്‍ലാലിനും സംവിധായകന്‍ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശമാണ് ഓര്‍ഗനൈസര്‍ അഴിച്ചുവിട്ടത്. ''എമ്പുരാന്‍ വെറുമൊരു സിനിമയല്ല. ഇതിനകം തന്നെ തകര്‍ന്ന ഇന്ത്യയെ കൂടുതല്‍ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്. കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയ അജണ്ട ഓരോ ഫ്രെയിമിലും വ്യക്തമാണ്...'' ഓര്‍ഗനൈസറിലെ ആക്ഷേപം ഇങ്ങനെ ട്രോളി ഷോട്ടായി പോകുന്നു.
ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി സിനിമ ഉയര്‍ത്തുന്ന ക്ലോസ് അപ് വിമര്‍ശനങ്ങളാണ് സംഘപരിവാറുകാര്‍ക്ക് ചൊറിച്ചിലുണ്ടാക്കിയത്. സോഷ്യല്‍ മീഡിയയില്‍ എമ്പുരാനെതിരെ ഇടവേളകളില്ലാതെ ബോയ്‌കോട്ട് ക്യാംപെയിന്‍ അരങ്ങു തകര്‍ക്കുന്നുണ്ട്. എമ്പുരാന്‍ പറഞ്ഞുവെച്ച ആന്റി സംഘപരിവാര്‍ രാഷ്ട്രീയമാണ് അവരുടെ ഉറക്കംകെടുത്തിയിരിക്കുന്നത്. 2002-ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളില്‍ ഒന്നാണ്. അയോദ്ധ്യാ സന്ദര്‍ശനത്തിനു ശേഷം സബര്‍മതി എക്‌സ്പ്രസില്‍ മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കാര്‍സേവകര്‍ ഉള്‍പ്പെടെ 58 പേര്‍ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടി കത്തിക്കല്‍ കേസിനെ തുടര്‍ന്നാണ് കലാപങ്ങളുടെ ആരംഭം.
കലാപങ്ങളില്‍ 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും 223 പേരെ കാണാതാവുകയും 2500-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ഈ കലാപത്തില്‍ ഏതാണ്ട് രണ്ടായിരത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കൊലപാതകങ്ങള്‍ കൂടാതെ കൊള്ളയും ബലാത്സംഗങ്ങളും ഈ കലാപത്തില്‍ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നല്‍കിയിരുന്നുവെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷന്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. കൂടാതെ, കലാപം തടയാന്‍ ഗുജറാത്ത് സര്‍ക്കാര്‍ യാതൊന്നും ചെയ്തതുമില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷന്‍ നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ, ഗുജറാത്ത് കലാപത്തിലെ നിര്‍ണ്ണായകമായ തെളിവുകള്‍ ഒളിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നു വന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂടാതെ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരേ സമര്‍പ്പിച്ചിരുന്ന ഒരു ഹര്‍ജിയും കോടതി തള്ളി. ഒരു വര്‍ഗ്ഗീയ സംഘര്‍ഷമായിരുന്നുവെങ്കിലും അത് ഒരു പ്രത്യേക മതവിഭാഗത്തെയോ വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തിയ ഹിംസാത്മകമായ കലാപമായിട്ടാണ് ഗുജറാത്ത് കലാപത്തെ രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തെ ഒരു വംശഹത്യ ആയിട്ടു തന്നെ കാണുന്നവരും ഉണ്ട്.
ഉത്തരേന്ത്യയില്‍ നിന്നാണ് എമ്പുരാന്റെ കഥ ആരംഭിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഫ്‌ളാഷ്ബാക്കുകള്‍ അടയാളപ്പെടുത്തുന്ന ഫ്രെയിമുകള്‍ ചിത്രത്തിലുണ്ട്. ബാബ ബജ്റംഗിയെന്നാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര്. ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ബജ്‌റംഗ് ദള്‍ ഗുജറാത്ത് ഘടകത്തിന്റെ നേതാവ് ബാബു ബജ്‌റംഗിയെന്ന് അനുയായികള്‍ വിളിക്കുന്ന ബാബു ഭായ് പട്ടേലിന് ഈ പേരിനോട് സാമ്യമുണ്ട്. മുസ്ലീങ്ങള്‍ ദയ കാണിക്കാന്‍ യോഗ്യരല്ലെന്ന് ഇയാള്‍ പറയുന്നു. ഇതിനെല്ലാം എതിരെയാണ് മോഹന്‍ലാലിന്റെ അബ്‌റാം ഖുറേഷി അഥവ സ്റ്റീഫന്‍ നെടുമ്പള്ളി പൊരുതുന്നത്.
സിനിമയിലെ ഒരു പ്രധാന സീനില്‍, വില്ലന്‍ കഥാപാത്രമായ ബല്‍രാജിന്റെ കൂട്ടാളികള്‍ ഗര്‍ഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്നുണ്ട്. ഈ രംഗം ഗുജറാത്ത് കലാപത്തിന്റെ കറുത്ത അധ്യായങ്ങളില്‍ ഒന്നായ നരോദ പാട്യ കൂട്ടക്കൊലയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഗുജറാത്തില്‍ കലാപം ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശങ്ങളില്‍ ഒന്നാണ് നരോദ. നരോദ പാട്യയില്‍ 97 പേരും, തൊട്ടടുത്തുള്ള നരോദ ഗാവില്‍ 11 പേരുമാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. നരോദ പാട്യ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക കോടതി ബാബു ബജ്‌റംഗിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചെങ്കിലും 2019 മാര്‍ച്ചില്‍ സുപ്രീം കോടതി ഇദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
ബാബ ബജ്‌റംഗി കേരളത്തിലേക്ക് ചുവടുറപ്പിക്കുന്നതും പിന്നീട് മറ്റൊരു പ്രധാന കഥാപാത്രത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതുമാണ് എമ്പുരാന്റെ പ്രമേയം. ഇന്ത്യയെന്ന സെക്യുലര്‍ രാജ്യത്തെ മുഴുവനായി വിഴുങ്ങിക്കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ ശക്തിയെയാണ് എമ്പുരാന്‍ എസ്റ്റാബ്‌ളീഷിങ് ഷോട്ടുകളിലൂടെ വിമര്‍ശിക്കുന്നത്. രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രശ്‌നങ്ങളെയും സിനിമ സൂം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗുജറാത്ത് കലാപത്തിന്റെ ഭീകരതയെ പൂര്‍ണമായി അവതരിപ്പിക്കുന്നില്ലെങ്കിലും, അതിലെ ചില സൂചനകള്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ സംഘി അജണ്ടയുണ്ട്.
സിനിമ എന്താണെന്ന് വിലയിരുത്തേണ്ടത് അത് കാണുന്ന ആസ്വാദകരാണ്. സിനിമകള്‍ എക്കാലത്തും ആനുകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദഹിക്കുന്നതായിരിക്കില്ല. സിനിമ സിനിമയുടെ വഴിക്കും പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്കും പോകുന്നതാണ് നല്ലത്. വികലമായ രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ക്ക് പകരം ക്രിയാത്മക വിമര്‍ശനങ്ങളാവാം. മോഹന്‍ലാലിന്റെ മുന്‍കാല നിലപാടുകളെ വിമര്‍ശിക്കുന്നവരും, എമ്പുരാനിലെ അദ്ദേഹത്തിന്റെ പരാഷ്ട്രീയ നിലപാടിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. പൃഥ്വിരാജിന്റെ ധീരമായ ശ്രമത്തെ പ്രശംസിക്കുന്നവരും, സിനിമയുടെ പ്രമേയത്തെ പിന്തുണയ്ക്കുന്നവരും കുറവല്ല. എതായാലും എമ്പുരാന്‍ ബോക്‌സോഫീസില്‍ തകര്‍ക്കുമ്പോള്‍ കേരളത്തിലെ സാമൂഹികാന്തരീക്ഷം രാഷ്ട്രീയ ചര്‍ച്ചകളാല്‍ മുഖരിതമാണ്.
ദി എന്‍ഡ്...