ലഖ്നൗ: വി.ഡി. സവർക്കറെ അപമാനിച്ചുവെന്ന കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ സമൻസ് നിലനിൽക്കുമെന്ന് അലഹബാദ് ഹൈക്കോടതി. സമൻസ് റദ്ദാക്കണമെന്ന രാഹുലിന്‍റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ വിലയിരുത്തൽ.
ലഖ്നൗവിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. രാഹുലിന് ആവശ്യമെങ്കിൽ ലഖ്നൗ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബറിൽ തന്നെ പ്രതിയാക്കി സമൻസ് അയച്ച ലഖ്നൗ കോടതി വിധിക്കെതിരേയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
സമൂഹത്തിൽ വിദ്വേഷം വളർത്തുക എന്ന ലക്ഷ്യത്തോടെ സവാർക്കറെ ബ്രിട്ടീഷുകാരുടെ സേവകനെന്ന് രാഹുൽ വിളിച്ചതിനെതിരേ അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ ആണ് കോടതിയിൽ പരാതി നൽകിയത്