തിരുവനന്തപുരം: വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ് വേ പദ്ധതി എത്തുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്‌ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് 100 കോടിയിലേറെ ചെലവിട്ട് റോപ് വേ പദ്ധതി നടപ്പാക്കുന്നത്.
അതേസമയം വെസ്റ്റേണ്‍ ഘട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2023 ഒക്‌ടോബര്‍ 20ന് ചേര്‍ന്ന സംസ്ഥാന ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗത്തിലാണ് റോപ് വേ പദ്ധതി നിര്‍ദേശം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലില്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) എംഡിക്ക് നിര്‍ദേശം നല്‍കി.
2024 ജൂണ്‍ 16ന് ചീഫ് സെക്രട്ടറി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ഭൂമി കൈമാറാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിപിപി മാതൃകയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ കെഎസ്‌ഐഡിസിക്ക് അനുമതി നല്‍കി ഉത്തരവിറക്കിയത്