Image

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

ജീമോന്‍ റാന്നി Published on 22 June, 2019
ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.
ഹൂസ്റ്റണ്‍: ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ഇരുപതാം വാര്‍ഷിക ഗാല  ഹൂസ്റ്റണില്‍ പ്രൗഢഗംഭീരമായി അരങ്ങേറിയപ്പോള്‍ മലയാളികള്‍ക്കു അഭിമാന നിമിഷങ്ങള്‍ പകര്‍ന്നു കൊണ്ട്  2 വിലപ്പെട്ട അവാര്‍ഡുകളും!

ജൂണ്‍ 15 നു ഹില്‍ട്ടണ്‍ അമേരിക്കാസില്‍ വച്ച് നടന്ന വര്ണപ്പകിട്ടാര്‍ന്ന ചടങ്ങില്‍  അമേരിക്കയിലെ പ്രഗത്ഭ വ്യക്തികള്‍ ഉള്‍പ്പടെ 1000 ല്‍ പരം  പേരുടെ സാന്നിധ്യത്തില്‍ മലയാളികളായ അന്നമ്മ തോമസും (മോനി) നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണു വേണ്ടി പ്രസിഡണ്ട് അക്കാമ്മ കല്ലേലും അവാര്‍ഡുകള്‍ ഏറ്റു വാങ്ങിയപ്പോള്‍ നിലയ്ക്കാത്ത കരഘോഷങ്ങള്‍ ഉയര്‍ന്നു.

ഇന്ത്യയിലെ യു.എസ്. അംബാസിഡര്‍ കെന്നത്ത് ജെസ്റ്ററില്‍ നിന്നാണ് ഇവര്‍ ബഹുമതികള്‍ ഏറ്റു വാങ്ങിയത്.      

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യവസായ ബന്ധങ്ങള്‍ക്ക് ഈടുറ്റ സംഭാവനകള്‍ നല്കുന്ന അമേരിക്കയിലെ ഏറ്റവും പ്രമുഖ സംഘടകളിലൊന്നാണ്  ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്. 

ഈ സംഘടന നല്‍കുന്ന ഏറ്റവും വലിയ ബഹുമതികളിലൊന്നായ ട്രയല്‍ ബഌിസെര്‍സ് (TRAIL BLAZERS AWARD) അവാര്‍ഡ് നല്‍കി അന്നമ്മ തോമസിനെ ആദരിച്ചു. നീണ്ട 48 വര്‍ഷങ്ങളിലായി അമേരിക്കയിലെ നഴ്‌സിങ്, ആതുര ശ്രുശൂഷ രംഗത്തുള്ള തന്റെ നിസ്വാര്‍ത്ഥ സേവനങ്ങളെ മാനിച്ചാണ് അന്നമ്മ തോമസിനെ ആദരിച്ചത്. 1971 ല്‍ ഒരു നേഴ്‌സായി ന്യൂയോര്‍ക്കില്‍ എത്തിയ ഈ മഹതി ആദ്യ കാലങ്ങളില്‍ അമേരിക്കയില്‍ എത്തിയ നഴ്‌സിംഗ് രംഗത്തേക്ക് കാലെടുത്തു വച്ച നൂറുകണക്കിന് ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശകയും വഴികാട്ടിയുമായിരുന്നു. 1978 മുതല്‍ കുടുംബമായി ഹൂസ്റ്റണില്‍ താമസമാക്കിയ അന്നമ്മ തന്റെ വിലപ്പെട്ട അനുഭവ സമ്പത്ത് പലര്‍ക്കും ഉപയോഗപ്രദമാകുന്നതിന് എപ്പോഴും ശ്രദ്ധിച്ചിരുന്നു. 

ഇതിനകം അമേരിക്കയില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ, ഭര്‍ത്താവും   'വോയിസ് ഓഫ് ഏഷ്യ' ( ഇംഗ്ലീഷ് വാരാന്ത്യ പത്രം) സി.ഇ.ഓ യും പബ്ലിഷറുമായ കോശി തോമസിന്റെ ഉറച്ച പിന്‍തുണയും കരുതലും എപ്പോഴും കൂടെയുണ്ടെന്ന് അന്നമ്മ പറഞ്ഞു.  1987  മുതല്‍ ഹൂസ്റ്റണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'വോയിസ് ഓഫ് ഏഷ്യ. അമേരിക്കയിലെ പ്രമുഖ ഇന്ത്യന്‍ മാധ്യമങ്ങളുടെ മുന്‍ നിരയിലാണ്. അചഞ്ചലമായ ദൈവവിശ്വാസത്തിനുടമകളായ ഈ ദമ്പതികള്‍ കഷ്ടപ്പാടുകള്‍ നിറഞ്ഞ ആദ്യ കാലങ്ങളില്‍ മക്കളായ മൂന്ന് പെണ്‍മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ശ്രദ്ധിച്ചിരുന്നു. രണ്ടു മക്കള്‍ ടെക്‌സസ്സിലും ഒരു മകള്‍ വാഷിങ്ങ്ടണ്‍ ഡിസി യിലും ഉന്നതപദവികളില്‍ ഇരിക്കുന്ന അറ്റോര്‍ണിമാരാണെന്നതും രണ്ടു മരുമക്കള്‍ അറ്റോര്‍ണിമാരാണെന്നതും ശ്രദ്ധേയമാണ്.       

നഴ്‌സിംഗ് രംഗത്തെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി ജൈത്ര യാത്ര തുടരുന്ന അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റനെയും(IANAGH) ട്രയല്‍ ബഌിസെര്‍സ് (TRAIL BLAZERS AWARD) നല്‍കി ആദരിച്ചു. സംഘടനാ രംഗത്തെ നിസ്വാര്‍ത്ഥ സേവന പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ഈ അവാര്‍ഡ് നല്‍കിയത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കുമായി ഈ വിലപ്പെട്ട അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നു അസോസിയേഷന് വേണ്ടി അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് നേഴ്‌സ് പ്രാക്റ്റിഷനറും, വര്‍ഷങ്ങളായി അസ്സോസിയേഷന് കരുത്തുറ്റ നേതൃത്വം നല്‍കുന്ന പ്രസിഡന്റ് അക്കാമ്മ കല്ലേല്‍ പറഞ്ഞു.

നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഇന്‍ അമേരിക്ക ( നൈന) യുടെ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും സജീവമായ ചാപ്റ്ററുകളില്‍ ഒന്നാണ് ഹൂസ്റ്റണ്‍ 
ഐനാഗ് (IANAGH). അസോസിയേഷന്റെ  സാമൂഹ്യ, ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍   പ്രാദേശിക ദേശീയ ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. 

2018  ല്‍ ഭൂകമ്പ ബാധിത രാജ്യമായ 'ഹെയ്തി' യില്‍ നടത്തിയ മെഡിക്കല്‍ മിഷന്‍ ട്രിപ്പ് എടുത്തു പറയേണ്ടതാണ്. അവിടുത്തെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനായി ആരംഭിച്ച 'മെഡിക്കല്‍ ക്ലിനിക്ക്' ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു. 'കാനന്‍' ഗ്രാമത്തില്‍ നടത്തിയ ശുദ്ധ ജല വിതരണവും രണ്ടു നഴ്‌സിംഗ് ക്ലാസ്സുകളില്‍ നടത്തിയ സി പി ആര്‍ (CPR) ക്ലാസ്സുകളും മറക്കാനാവാത്ത അനുഭവമായിരുന്നുവെന്നു അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലെ  പ്ര ളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കു കൊണ്ടു. 'ലെറ്റ് തെം സ്‌മൈല്‍' എന്ന സംഘടനയോടു ചേര്‍ന്ന് കൈ കോര്‍ത്ത്, ഒരു വലിയ നഴ്‌സസ് ടീമിനെ തന്നെ കേരളത്തില്‍ അയച്ചുകൊണ്ട് അസ്സോസിയേഷന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മലയാളീ സമൂഹം മുഴുവന്‍ ശ്രദ്ധിച്ചിരുന്നു       

ഈ വര്‍ഷം രജതജൂബിലി ആഘോഷിക്കുന്ന സംഘടനയുടെ തിളക്കം ഒന്നുകൂടി വര്‍ധിക്കുന്നുവെന്നു അക്കാമ്മ പറഞ്ഞു. മെയ് 25 നു ഹൂസ്റ്റണില്‍ വച്ച് നടന്ന രജത ജൂബിലി ആഘോഷങ്ങള്‍ അവിസ്മരണീയമായിരുന്നു. . 25 വര്‍ഷങ്ങള്‍ അസോസിയേഷന്‍ വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍ മലയാളീ സമൂഹത്തിന്റെ എക്കാലത്തെയും ഉറച്ച പിന്തുണയും സഹകരണവും എപ്പോഴും ഊര്‍ജ്ജം പകര്‍ന്നു തരുന്നുവെന്നു അവര്‍ പറഞ്ഞു. അസ്സോസിയേഷന്റെ എല്ലാ അംഗങ്ങള്‍ക്കും ദീര്‍ഘവീക്ഷണത്തോടു കൂടി ഈ സംഘടന ആരംഭിയ്ക്കുവാന്‍  നേതൃത്വം നല്‍കിയ മുന്‍കാല നേതാക്കള്‍ക്കും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നു ചാപ്റ്റര്‍ സെക്രട്ടറി വെര്‍ജീനിയ അല്‍ഫോന്‍സിന്റെ സാന്നിധ്യത്തില്‍ അക്കാമ്മ പറഞ്ഞു.     


ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.
ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക