Image

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

Published on 22 July, 2019
എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)
Only a life lived for others, is a life worthwhile. Albert Einstein

ന്യൂയോര്‍ക്ക്, അമേരിക്കയില്‍ പ്രവാസികളായ മലയാളികള്‍ക്ക് അതിപ്രധാനമായ നഗരം. പ്രൊഫഷണല്‍ ജീവിതത്തിലെ പുതിയപടികള്‍ ചവിട്ടിക്കയറുവാന്‍ അമേരിക്കയിലെത്തിയ ആദ്യകാലപ്രവാസികളില്‍ ഒട്ടുമുക്കാലുംപേര്‍ ആദ്യം കാല്‍ വച്ചത് ന്യൂയോര്‍ക്കിലാണ്.

അമ്പതുകളിലെ അവസാന വര്‍ഷങ്ങള്‍ മുതല്‍ കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നും MBBS പാസ്സായി, വൈദ്യശാസ്ത്രത്തില്‍ ഉന്നതബിരുദം നേടുവാന്‍ അമേരിക്കയിലേക്ക് കടന്നുവന്ന മലയാളി ഡോക്ടര്‍മാരും ആദ്യം വന്നെത്തിയത് ന്യൂയോര്‍ക്കില്‍ തന്നെ. 1956 മുതല്‍ 1959 വരെയുള്ള കാലഘട്ടത്തില്‍ വിരലിലെണ്ണാവുന്നത്ര മലയാളി ഡോക്ടര്‍മാരേ ഇവിടെയുണ്ടായിരുന്നുള്ളൂ.

കുടിയേറ്റ ജീവിതത്തിന്റെ പ്രാരംഭ പ്രാരാബ്ധങ്ങള്‍ തരണം ചെയ്ത്, വിദ്യാഭ്യാസ രംഗത്ത് മുന്നേറി, പ്രൊഫഷണല്‍ രംഗത്ത് ശക്തമായി കാലുറപ്പിക്കുമ്പോഴും തീക്ഷ്ണമായ ഗൃഹാതുരത്വം ഇവരുടെയുള്ളില്‍ വിങ്ങുന്ന വേദനയായി നിറഞ്ഞു. കേരളത്തില്‍ നിന്നു വന്ന മെഡിക്കല്‍ ഗ്രാഡുവേറ്റ്സിനെ ഏകോപിപ്പിച്ച് ഒരു സംഘടനയുണ്ടാക്കുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ ഗൃഹാതുരത്വത്തില്‍ നിന്നാവണം.

1979 ഡിസംബര്‍ മാസത്തില്‍ ഡോ.പി. എസ് വെങ്കിടാചലം, ഡോ. സി.എസ് പിച്ചുമണി, ഡോ. വിജയശങ്കര്‍, ഡോ.ഗണേശ് കുമാര്‍ തുടങ്ങി ഏഴ് മലയാളി ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ന്യൂയോര്‍ക്കിലുള്ള ഡോ. വെങ്കിടാചലത്തിന്റെ വസതിയില്‍ ഒത്തുകൂടി. തമിഴ്നാട്ടില്‍നിന്നുള്ള ഡോക്ടര്‍മാര്‍ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചത് ആയിടെയാണ്. എന്തുകൊണ്ട് കേരളത്തില്‍നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഇത്തരം ഒരു കൂട്ടായ്മ സംഘടിപ്പിച്ചുകൂടാ എന്ന ആശയം ആദ്യം മുമ്പോട്ടുവച്ചത് ഡോ.വെങ്കിടാചലം (ഡോ.വെങ്കിട്ട്. എസ്. അയ്യര്‍) ആയിരുന്നു. അന്നത്തെ അത്താഴത്തിനുശേഷം നടന്ന അനൗപചാരിക മീറ്റിംഗില്‍ വച്ച് ഈ ആശയം മറ്റുള്ളവര്‍ ഐകകണ്ഠേന പിന്താങ്ങി. എ.കെ.എം.ജി (Association of Kerala Medical Graduates) എന്ന പ്രൊഫഷണല്‍ സംഘടനയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് മീറ്റിംഗ് ആയി മാറി ഈ സുഹൃദ്സന്ദര്‍ശനം.

മൂവായിരത്തിലധികം മെമ്പര്‍മാരുള്ള, യു.കെയിലും എമിറേറ്റ്സിലും ചാപ്റ്ററുകളുള്ള ഒരു ശക്തമായ ഗ്ലോബല്‍ പ്രൊഫഷണല്‍ അസ്സോസിയേഷന്‍ ആയി ഈ കൂട്ടായ്മ വളരുമെന്ന് അന്ന് അവര്‍ വിഭാവന ചെയ്തുവോ എന്നറിയില്ല. `ആല്‍മരത്തിന്റെ കായ് വളരെ ചെറുതാണ്. അതില്‍നിന്നും വിസ്തൃതമായ ഒരു ആല്‍മരം വളര്‍ന്നു വരുമെന്ന് വിശ്വസിക്കാന്‍ പ്രയാസം. അതുപോലെയാണ് എ.കെ.എം.ജിയുടെ ആരംഭവും.' പ്രശസ്ത ഗാസ്ട്രോ എന്ററോളജിസ്റ്റായ ഡോ.പിച്ചുമണി പറയുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മലയാളി ഡോക്ടര്‍മാരെ കോണ്‍ടാക്ട് ചെയ്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുക എന്ന ദൗത്യവുമായാണ് അന്ന് ഡോ. വെങ്കിടാചലത്തിന്റെ വസതിയില്‍നിന്നും അവര്‍ പിരിഞ്ഞത്. ഇന്നത്തെപ്പോലെ മലയാള മാധ്യമങ്ങളോ സോഷ്യല്‍ മീഡിയായോ ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ `ഇന്ത്യ എബ്രോഡ്' എന്ന പത്രത്തിലൂടെ പരസ്യം ചെയ്തും, പരിചയമുള്ളവരെ ഫോണിലും തപാല്‍ മുഖേനയുമായി വിവരം അറിയിച്ചുമായിരുന്നു സംഘടനയുടെ തുടക്കം. 1980 ല്‍ ന്യൂയോര്‍ക്കിലെ ബോംബേ പാലസ് റെസ്റ്റോറന്റില്‍വച്ച് ആദ്യത്തെ മലയാളി ഡോക്ടര്‍മാരുടെ സമ്മേളനം നടന്നു. `അലുമ്നെ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ കോളജസ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്നായിരുന്നു ആദ്യത്തെ പേര്. അമേരിക്കയുടെ പലഭാഗങ്ങളിലായി താമസിക്കുന്ന ഇരുപത്തിയഞ്ചോളം ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഈ മീറ്റിംഗില്‍ പങ്കെടുത്തു.

യാദൃഛികമെങ്കിലും ബോംബേ പാലസില്‍ അന്ന് മറ്റൊരാള്‍ കൂടെ അത്താഴത്തിനെത്തിയിരുന്നു; ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്തഗായിക, സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍! ഡോക്ടര്‍മാരുടെ കൂട്ടായ്മയ്ക്ക് അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞ ഗാനമാധുരിയുടെ സാന്നിദ്ധ്യം, പിന്‍കാലങ്ങളില്‍ വരാനിരിക്കുന്ന കലാസന്ധ്യകള്‍ക്ക് ഒരു മുന്നോടിയായി.

കേരളത്തില്‍ നിന്നുമുള്ള ആദ്യത്തെ മെഡിക്കല്‍ കോളജ് ബാച്ചിലെ അംഗമായിരുന്ന ഡോ. ഗോകുല്‍നാഥ് സംഘടനയുടെ ആദ്യ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഡോ.വിജയ് ശങ്കര്‍ (വൈസ് പ്രസിഡണ്ട്), ഡോ.വെങ്കിടാചലം (സെക്രട്ടറി), ഡോ. പിച്ചുമണി (ട്രഷറര്‍) ഡോ.സുബ്രഹ്മണ്യം, ഡോ. എം.പി രവീന്ദ്രനാഥന്‍, ഡോ.ഗണേഷ് കുമാര്‍, ഡോ.ജോര്‍ജ് മാത്യു, ഡോ.കൃഷ്ണന്‍ നായര്‍, ഡോ.രാമചന്ദ്രന്‍ നായര്‍ (കമ്മറ്റി മെംബേഴ്സ്) എന്നിവരായിരുന്നു മറ്റ് ഭാരവാഹികള്‍.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സംഘടനയുടെ അംഗസംഖ്യ വിപുലമായി. അതിനിടെ കേരളത്തിന് വെളിയില്‍ പഠിച്ച മലയാളി ഡോക്ടര്‍മാരെക്കൂടി സംഘടനയിലുള്‍പ്പെടുുത്തണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവന്നു. അതനുസരിച്ച് 1984 ല്‍ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡുവേറ്റ്സ് (AKMG) എന്ന നാമധേയത്തില്‍ ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ രജിസ്റ്റര്‍ ചെയ്തു.

അത്താഴവിരുന്നിനോടൊപ്പമുള്ള ഒരു സമ്മേളനം എന്നതില്‍ നിന്നും ഒരു ത്രിദിന സെമിനാര്‍ ആയി എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉയര്‍ന്നത് 1986 ലാണ്. അന്ന് പ്രസിഡണ്ടായിരുന്ന ഡോ. ഈനാസ്, കൂടുതല്‍ ഡോക്ടര്‍മാരെ സംഘടനയിലേക്ക് ആകര്‍ഷിച്ച് അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തി. ഒര്‍ലാന്റോയില്‍ നടന്ന 1986 കണ്‍വന്‍ഷനില്‍ നിരവധിപേര്‍ പങ്കെടുത്തു.

തുടര്‍ന്നുണ്ടായത് അസൂയാവഹമായ വളര്‍ച്ചയാണ്. ഓരോ വര്‍ഷവും മുടങ്ങാത്ത വാര്‍ഷിക സമ്മേളനം, ചിക്കാഗോ, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി, ഹവായ്, സാന്‍ഡിയാഗോ തുടങ്ങി അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ വച്ച്. 2001 ല്‍ കരിബിയന്‍ ക്രൂസില്‍ വച്ച് നടത്തിയ സമ്മേളനവും ചരിത്രം സൃഷ്ടിച്ചു. ഡോ. എം.പി രവീന്ദ്രനാഥന്‍ പ്രസിഡണ്ടായിരുന്ന കമ്മറ്റിയാണ് ക്രൂസ് കണ്‍വന്‍ഷന് നേതൃത്വം നല്‍കിയത്.

ഡോ. മാത്യു തെക്കേടത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയിലൊരു അന്താരാഷ്ട്ര സമ്മേളനം, ഡോ.അരവിന്ദ് പിള്ള നേതൃത്വം നല്‍കിയ അലാസ്‌ക ക്രൂസ് കണ്‍വന്‍ഷന്‍ എന്നിവയും വേറിട്ട അനുഭവങ്ങളായി.

AKMG നേതൃനിരയിലെ വനിതാ സാന്നിദ്ധ്യവും വളരെ ശ്രദ്ധേയമാണ്. ഇതിനകം മൂന്ന് വനിതകള്‍ പ്രസിഡണ്ട് പദവിയിലെത്തിയിട്ടുണ്ട്. ഡോ. ശകുന്തള രാജഗോപാല്‍ (1999), ഡോ.പാര്‍വതി മോഹന്‍ (2004) ഡോ. രാധാ മേനോന്‍ (2007).

ഗൃഹാതുരത്വം മാത്രമല്ല സംഘടനയുടെ സ്ഥാപനത്തിന് പ്രചോദനം നല്‍കിയത്. `അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടി, ഇവിടെ വേരുറപ്പിക്കാന്‍ കഴിഞ്ഞ നമുക്ക്, നമ്മളെ വളര്‍ത്തി വലുതാക്കിയ ജന്മനാടിനുവേണ്ടി എന്തുചെയ്യാന്‍ സാധിക്കും? എന്തുചെയ്താല്‍ മതിയാകും?' എന്ന ചിന്തയാണ് ഡോക്ടര്‍മാരെ ഏകോപിക്കുന്ന സംഘടന എന്ന ആശയത്തിന് വഴിതെളിച്ചത്. പ്രശസ്ത കാര്‍ഡിയോളജിസ്റ്റും, എ.കെ.എം.ജിയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളുമായ ഡോ. എം.പി രവീന്ദ്രനാഥന്‍ പറയുന്നു.
ഈ സേവനമനോഭാവമാണ് എ.കെ.എം.ജി. നടത്തുന്ന നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം.

വര്‍ഷത്തിലൊരിക്കല്‍ മാത്രം ഒത്തുകൂടുന്ന ഒരു സൗഹൃദക്കൂട്ടായ്മയ്ക്കപ്പുറം എല്ലാ കണ്‍വന്‍ഷനിലും നടത്തുന്ന CME പ്രോഗ്രാമുകള്‍, സാഹിത്യ കലാമേളകള്‍, കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന് നല്‍കുന്ന അതുല്യമായ സംഭാവനകള്‍, അതിരുകളില്ലാത്ത ആതുരസേവനം: മറ്റ് മലയാളി സംഘടനകളില്‍ നിന്നും എ.കെ.എം.ജിയെ വേറിട്ടുനിര്‍ത്തുന്ന ചില ഘടകങ്ങള്‍ മാത്രം.

AKMG ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് എന്ന ഒരു ശാഖ നിലവില്‍ വന്നത് 1999 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തിലാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രം പ്രതിവര്‍ഷം ഒരുവലിയ തുക എ.കെ.എം.ജി ചിലവഴിക്കുന്നു. ഡോ. പ്രേം മേനോന്‍ ആണ് നേതൃത്വം വഹിക്കുന്നത്.

കേരളത്തിലെ സുനാമിദുരന്തം, ഗുജറാത്തിലെയും ഹെയിറ്റിലെയും ഭൂകമ്പം, ലൂസിയാനയിലെ ഹരികെയ്ന്‍ കട്രീന--എ.കെ.എംജിയുടെ സഹായഹസ്തം ചെന്നെത്തിയ സംരംഭങ്ങളില്‍ ഏതാനും ചിലതുമാത്രം.
അമേരിക്കയിലെ വികലാംഗരായ വിമുക്തഭടന്മാരെ സഹായിക്കുവാനുള്ള പദ്ധതി, കേരളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ്, മെഡിക്കല്‍ കോളേജുകളില്‍ മാമ്മോഗ്രാം മെഷീന്‍-- ലിസ്റ്റ് നീളുന്നു.

`കൈയ്യയച്ച് സംഭാവന ചെയ്യുക' എന്ന പ്രയോഗം എ.കെ.എം.ജി അംഗങ്ങളെ സംഭവിച്ച് തികച്ചും അന്വര്‍ത്ഥമാണ്. അലാസ്‌ക ക്രൂസ് കണ്‍വന്‍ഷനില്‍ അത്താഴത്തിനുശേഷം എല്ലാവരും കപ്പലിന്റെ ഡക്കില്‍ ഒത്തുകൂടി, പ്രശസ്ത ഗായകരായ വേണുഗോപാലും ഗായത്രിയും നടത്തിയ ഗസല്‍ സന്ധ്യ ആസ്വദിച്ചിരിക്കെ, തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ പീഡിയാട്രിക് വിഭാഗത്തിന് സംഭാവന ചെയ്യാനായി ഒരു അനൗപചാരിക ഫണ്ട് റെയിസിംഗ് നടത്തി. ഒറ്റമണിക്കൂര്‍ കൊണ്ട് ഇരുപതിനായിരം ഡോളറാണ് പിരിച്ചെടുത്തത്! ഡോ.എം.വി പിള്ളയാണ് ഈ `മിന്നല്‍' ഫണ്ട് റെയ്സിംഗിന് നേതൃത്വം നല്‍കിയത്.

കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ പുരോഗതികള്‍ കൈവരിക്കാന്‍ ഈ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന നേതൃത്വം നല്‍കിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മെഡിക്കല്‍കോളജുകളിലും ലേണിംഗ് റിസോര്‍സ് സെന്റര്‍ (LRS) സ്ഥാപിക്കുവാന്‍ അതതു കോളജുകളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ എ.കെ.എം.ജി പ്രവര്‍ത്തകര്‍ തന്നെ മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചു. ആയിരക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമായി ഈ സെന്ററുകള്‍.

അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് (ACP) നേതൃത്വം നല്‍കുന്ന MKSAP (Medical Knowledge Self Assessment Program) സെമിനാര്‍ കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കോവളത്തുവച്ച് നടത്തിയതും ഒരു ചരിത്ര സംഭവമായി. 1995 ല്‍ നടന്ന ഈ സെമിനാര്‍ സംഘടിപ്പിച്ചത് അന്ന് പ്രസിഡണ്ടായിരുന്ന ഡോ.എം.വി പിള്ളയാണ്. ങമ്യീ ഇഹശിശര ഫാക്കല്‍റ്റി നടത്തിയ ക്ലാസുകള്‍ നിരവധി മെഡിക്കല്‍വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വിശാലമായ വാതായനങ്ങള്‍ തുറന്നുകൊടുത്തു.

അമേരിക്കയിലെ ആദ്യത്തെ മലയാളിപ്രൊഫഷണല്‍ അസ്സോസിയേഷന്‍ എന്ന പദവി മാത്രമല്ല എ.കെ.എം.ജിക്കുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എ.കെ.എം.ജിയുടെ പാത പിന്തുടര്‍ന്നാണ് അലുംമ്നെ അസോസിയേഷന്‍സ് ആരംഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള എല്ലാ ഡോക്ടര്‍മാരുടെയും നേതൃസംഘടനയായ AAPI (American Aossciation of Physicians of Indian Origin) സ്ഥാപിക്കുവാനും എ.കെ.എം.ജി മാതൃകയായി. ഡോ. ഈനാസ് ഈനാസ്, ഡോ. നരേന്ദ്രകുമാര്‍, ഡോ.അടൂര്‍ അമാനുള്ള, ഡോ. ജോര്‍ജ് തോമസ് തുടങ്ങി എ.കെ.എം.ജി പ്രവര്‍ത്തകരില്‍ പലരും AAPI നേതൃസ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.

വളരുന്തോറും പിളരുന്ന മലയാളിസംഘടനകളുടെ നാട്ടില്‍ AKMG മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും എങ്ങനെ വിഘടിക്കാതെ ഒറ്റക്കെട്ടായി നില്‍ക്കുന്നു? ഉത്തരം വളരെ ലളിതം. അധികാരമോഹമില്ലാത്ത നേതാക്കള്‍, നേതൃസ്ഥാനം ആഗ്രഹിക്കാതെ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍, എല്ലാറ്റിലുമുപരി, ആതുര സേവനമെന്ന ലക്ഷ്യം. ലീഡര്‍ഷിപ്പ് ഏറ്റെടുക്കാന്‍ അടുത്ത തലമുറയെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപകപ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. ഐകമത്യം തന്നെ മഹാബലം എന്ന സത്യം മലയാളി ഡോക്ടര്‍മാരുടെ അസോസിയേഷന്‍ പ്രവൃത്തിയിലൂടെ കാട്ടിത്തരുകയാണ്. AKMG സമ്മേളനത്തില്‍ രാഷ്ട്രീയക്കാരെയും മതനേതാക്കളെയും ഒഴിവാക്കുന്നതും ശ്രദ്ധേയമാണ്. സംഘടനയുടെ നിഷ്പക്ഷത നിലനിറുത്തുവാന്‍ ഈ നിലപാട് സഹായകമാവാം.

AKMGയുടെ അനുസ്യൂതമായ വളര്‍ച്ചയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഭൂഖണ്ഡങ്ങളിലൂടെ പടര്‍ന്ന് പന്തലിച്ച ഈ ആല്‍മരം ഇനിയും നിരവധി അശരണര്‍ക്ക് അഭയകേന്ദ്രമാകട്ടെ.
(വിവരങ്ങള്‍ക്ക് കടപ്പാട്: Archives of AKMG, 2012.)
എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക