Image

സുരലോക ജലധാര.. (ഭാഗം 2: ഷാജു ജോൺ)

Published on 10 July, 2021
സുരലോക ജലധാര.. (ഭാഗം 2: ഷാജു ജോൺ)

നമുക്ക് എല്ലിസ് അയലന്റിൽ   (Ellis Island) നിന്ന് തുടങ്ങാം,  ന്യൂയോർക്കിനു സമീപമുള്ള  ചെറിയ ദ്വീപ്, കുടിയേറ്റത്തിന്റെ കവാടം. അമേരിക്കൻ  ഇമിഗ്രേഷൻ ചരിത്രം തുടങ്ങുന്നത് ഇവിടെ നിന്ന്  ആണ്.  പത്തൊൻപതാം നൂറ്റാണ്ടിൽ ദശലക്ഷകണക്കിന് വിദേശീയരാണ് എല്ലിസ് അയ്‌ലന്റിലുടെ അമേരിക്കയിൽ  കടന്നു കൂടിയത്. .മറ്റു വഴികളിലൂടെ എത്തിയവരും ധാരാളം, മെക്സിക്കൻ അതിർത്തി തുരന്നു കയറിയർ  (അതിപ്പോഴും തുടരുന്നു........... ), നയാഗ്രയിൽ വെള്ളം തണുത്ത് ഉറഞ്ഞു  മഞ്ഞ്കട്ടയായി തീരുമ്പോൾ,  അതിനു മുകളിലൂടെ ഇപ്പുറം കടന്നവർ.  കുടിയേറ്റം അങ്ങനെ നിരവധി മാർഗങ്ങളിലൂടെ ആയിരുന്നു. നിരവധി ആളുകൾ,  പായ്‌വഞ്ചികളിലും ചങ്ങാടങ്ങളിലും  കയറി ഇവിടെ എത്താതെ പോയിട്ടുണ്ട്, അവരുടെ കണക്കുകൾ ആരുടെ കയ്യിലാണ് കാണുക?

അറ്റ്ലാന്റിക്  സമുദ്രത്തിന്റെ തീരങ്ങൾക്കു കുടിയേറ്റത്തെ കുറിച്ച് നിരവധി കഥകൾ പറയുവാനുണ്ട്, ധാരാളം സിനിമകളും  പുസ്തകങ്ങളുമുണ്ട് . ചെറുപ്പത്തിൽ വായിച്ച ഒരു കൊല്ലപ്പണിക്കാരന്റെ കുടിയേറ്റ കഥ ഓർത്തു പോകുന്നു . യൂറോപ്പിൽ നിന്ന് വന്നു എല്ലിസ് അയലണ്ടിൽ കാലു കുത്തി, ന്യൂയോർക്കിലെ തണുപ്പിൽ ഉറഞ്ഞു കൂടി , ഫിലഡല്ഫിയയിലേക്കു ചേക്കേറി അവസാനം പിറ്റസ്ബർഗ് എന്ന ഉരുക്കു നഗരത്തിൽ എത്തുമ്പോൾ, അയാൾ അമേരിക്കയിലെ സമ്പന്നനായ  ഒരു ഉരുക്കു വ്യവസായി ആയി  മാറിയിരുന്നു. അമേരിക്കയെ വിളിക്കുന്നത് "അവസരങ്ങൾ ഒരുക്കുന്ന രാജ്യം" (Land Of Opportunities ) എന്നാണ്. അതെ,വളരുവാൻ വളക്കൂറുള്ള മണ്ണ് തന്നെയാണിവിടം.

കുടിയേറ്റം നിയമപരം ആക്കുന്നത് 1890 ൽ ആണ്.  അയർലണ്ടിൽ നിന്നുള്ള  ആനീ മൂർ എന്ന പതിനഞ്ചു വയസുള്ള പെൺകുട്ടിയായിരുന്നു ആദ്യത്തെ ഔദ്യോഗിക കുടിയേറ്റക്കാരി ..ആനീ മൂറിൽ  നിന്നും ഞങ്ങളിലേക്ക് എത്തുമ്പോൾ വർഷങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു. ആ  പഴയ കാലം വിട്ട് ഞങ്ങളിലേക്ക് ...

 "America Calls You ......." മില്ലേനിയത്തിന്റെ തുടക്കത്തിൽ, അതായത് 1999 -2001  കാലഘട്ടങ്ങളിൽ, ഏതു പത്രം നിവർത്തിയാലും കാണുന്ന ഒരു പരസ്യമായിരുന്നു ഇത്.  'Statue Of Liberty'  യുടെ ചിത്രത്തോട് ചേർത്ത്  'അമേരിക്ക നിന്നെ വിളിക്കുന്നു ' എന്ന  പരസ്യം കാണാത്തവർ അന്നത്തെ കാലത്ത്  ചുരുക്കമായിരിക്കും. ഫ്രഞ്ചു ശിൽപികൾ നിർമിച്ചു  അമേരിക്കക്കു സ്നേഹോപഹാരമായി  കൈമാറിയ  ആ  റോമൻ ദേവതയുടെ ചിത്രം അച്ചടിച്ച് ,  'നിന്നെ അമേരിക്കക്കു വേണം....' എന്ന മധുരം പുരട്ടിയ തലവാചകങ്ങൾ നിറഞ്ഞ  നിരവധി  ലേഖനങ്ങളും  പല പത്രങ്ങളുടെയും  വാരാന്ത്യപ്പതിപ്പുകളിൽ  വരുമായിരുന്നു. ആ സമയത്ത്  നിരവധി   പ്രൊഫഷണലുകളെ അമേരിക്കക്ക്  ആവശ്യമായിരുന്നു, പ്രധാനമായും  നേഴ്സസിനെയും, കമ്പ്യൂട്ടർ  എഞ്ചിനീയർമാരെയും.

Y2K എന്ന ഓർക്കാപുറത്തുണ്ടായ കമ്പ്യൂട്ടർ പ്രതിസന്ധി, ഐ ടി രംഗത്ത്  മാരകമായ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്ന് കരുതിയിരുന്ന  സമയം,  ഇന്ത്യയിൽ നിന്നുള്ള  കമ്പ്യൂട്ടർ പ്രൊഫഷണൽസ് ആണ്  ആ പ്രതിസന്ധി മറികടക്കുവാൻ അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളെ  സഹായിച്ചത്. ഒരുപക്ഷെ, ആ  പ്രതിഫലനം ആകാം, അമേരിക്കയിൽ കമ്പ്യൂട്ടർ രംഗത്ത് ഇന്നും ഇന്ത്യൻ എൻജിനീയർമാർ മുടിചൂടാമന്നന്മാരായി  നില കൊള്ളുന്നത്.

അതേപോലെ സങ്കീർണ്ണമായ  മറ്റൊരു രംഗമായിരുന്നു അമേരിക്കൻ ഹെൽത്ത് കെയർ സെക്ടർ.   ഇവിടെ നല്ലൊരു ഭാഗവും കൈകാര്യം ചെയ്യുന്നത്   ഇന്ത്യൻ ഡോക്ടർമാരും നേഴ്സസുമാരുമാണ് . ഡോക്ടർമാരിൽ അധികവും  നോർത്ത് ഇന്ത്യയിൽ നിന്നാണെങ്കിലും നഴ്സുമാരിൽ  ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ള മലയാളി മാലാഖമാർ തന്നെയാണ്. അമേരിക്കക്കാർ കേൾക്കാതെ ഒരു കാര്യം  ചെവിയിൽ പറയാം,  മലയാളത്തിലുള്ള കുശുകുശുപ്പു കേൾക്കണമെങ്കിലോ   ....മത്തി (ചാള ) വറുത്ത മണം ആസ്വദിക്കണമെങ്കിലോ അമേരിക്കൻ പട്ടണങ്ങളിലെ  ലോകോത്തര നിലവാരമുള്ള പല ആശുപത്രികളുടെയും  നേഴ്സിങ് സ്റ്റേഷനുകളുടെ മുൻപിലൂടെ പോയാൽ മതി.

കേരളത്തിൽ നിന്നും കിട്ടാത്ത ആദരവും, ബഹുമാനവും നേഴ്‌സുമാർക്ക് ഇവിടെ വേണ്ടുവോളം കിട്ടുന്നു. പല പ്രഗത്ഭരായ ഡോക്ടർമാരും തങ്ങളുടെ  രോഗികൾക്ക് നൽകേണ്ട  ചികിത്സയെപ്പറ്റി  സംശയങ്ങൾ തീർക്കുന്നത്, നേഴ്‌സസിനോട്  തന്നെയാണ്  എന്നുള്ള കാര്യം പലപ്പോഴും  എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ നാട്ടിലോ....... , കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പ് തൂക്കി ഡോക്ടർമാർ മുൻപിൽ നടക്കും ,പുറകെ എന്തൊക്കെയോ ചുമന്ന്  നേഴ്സ്മാരും ..ഏതാണ്ടൊരു അടിയാൻ - കുടിയാൻ  ബന്ധം പോലെ.ഏതു ജോലിക്കും അതിന്റെതായ മഹത്വവും  മാന്യതയും നൽകുന്നതാണു ഇവിടുത്തെ  തൊഴിൽ സംസ്കാരം.

 പറഞ്ഞു വരുന്നത് പത്രവായനക്കിടെ കണ്ണിൽ ഉടക്കുന്ന  'അമേരിക്ക കാൾസ്' എന്ന തലവാചകത്തോടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളെ കുറിച്ചാണ്. ആ പരസ്യം, പിന്നീട്  ' അമേരിക്ക കാൾസ് നേഴ്സസ് (America Calls Nurses) '  എന്നായി രൂപാന്തരപ്പെട്ടു. മലയാള മനോരമയിൽ ആണ് ഇത്തരം പരസ്യങ്ങൾ ധാരാളമായി വരാറുള്ളത്. അതിനു കാരണവുമുണ്ട്, കേരളത്തിൽ നിന്നുള്ള നല്ലൊരു ശതമാനം നേഴ്‌സുമാരും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നായിരുന്നു എന്നും , മനോരമ ക്രിസ്ത്യാനികളുടെ മുഖമാണ്  എന്നൊരു ചൊല്ലും അന്നാളുകളിലെ അരമന രഹസ്യമായിരുന്നു  (ഇന്നും അതിനു മാറ്റമില്ല എന്നാണൊരു തോന്നൽ.... ) അതുകൊണ്ടു തന്നെ  'അമേരിക്ക നേഴ്‌സസിനെ  വിളിക്കുന്നു' എന്ന പരസ്യം  മനോരമയുടെ പേജുകൾക്ക് തന്നെയാണ് ഉത്തമം എന്ന്‌ തോന്നിയിരുന്നു. പക്ഷെ മനോരമക്ക് സ്വാധീനം കുറവുള്ള കോഴിക്കോടൻ മേഖലയിൽ മാതൃഭൂമിയിലും, തിരുവനന്തപുരത്ത് കേരള കൗമുദിയിലും ഇത്തരങ്ങൾ പരസ്യങ്ങൾ ഉണ്ടായിരുന്നു എന്ന് പിന്നീട് മനസിലാക്കിയിട്ടുണ്ട്

ഈ പരസ്യങ്ങളുടെ പ്രഭാവത്തിൽ ആകൃഷ്ടനായി ഒരു ദിവസ്സം ഞാൻ എന്റെ നേഴ്‌സ് ആയ  ഭാര്യയെ വിളിക്കുന്നു . ഒരു ഗുമ്മിനു (ഒരു  ന്യൂജെൻ വാക്കാണ്....... ) വേണ്ടി,  ടോർച്ച് പിടിച്ചു നിൽക്കുന്ന റോമൻ ദേവതയുടെ  സുന്ദരമായ  ചിത്രം  കാണിച്ച ശേഷം ഞാൻ  ചോദിച്ചു  "പോയാലോ?"

"എവിടെ ? "  പത്രത്താളിന്റെ ചരമകോളം  വലിച്ചെടുക്കുന്നതിനിടയിൽ ഭാര്യ ചോദിച്ചു  

"ദേ , അമേരിക്കക്കു പോകാനുള്ള ചാൻസ് ഉണ്ട്,  ശനിയാഴ്ച  കൊച്ചിയിൽ  ഇന്റർവ്യൂ..... ഒരു കൈ നോക്കിയാലോ  ?" ഞാൻ ചോദിച്ചു.

"പിന്നെ..............."   നീട്ടിയുള്ള ആ ഒറ്റ വാക്കുമായി ഭാര്യ ചരമ കോളത്തിൽ ആരെയൊക്കെയോ തപ്പി നടന്നു.

പക്ഷെ എന്റെ ഉള്ളിൽ ചെറുപ്പത്തിൽ   ഫ്രീസ് ചെയ്തു വച്ചിരുന്ന  'ഏഴാംകടലിനക്കരെ' എന്ന സിനിമയിലെ സീനുകൾ ഒന്നൊന്നായി മാറി മറിഞ്ഞു. ആ സിനിമ മാത്രമല്ല അമേരിക്കയിൽ ചിത്രീകരിച്ച എല്ലാ മലയാള സിനിമകളും മനസ്സിൽ ഓടിയെത്തി. ഹൈസ്‌കൂൾ കഴിഞ്ഞതിനു ശേഷം ജീവിതം കൊച്ചിയുടെ ഭാഗമായി മാറിയിരുന്നു . മഹാരാജാസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന്  ശേഷം തൊട്ടപ്പുറത്തുള്ള  പോസ്റ്റൽ കോംപ്ലെക്സിലേക്കു കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥനായി മാറിയതിനു ശേഷമുള്ള ശിഷ്ടകാലജീവിതം  മുഴുവനും  കൊച്ചിയിലെ കൊതുകുകൾക്കൊപ്പം ആയിരുന്നു .

എറണാകുളത്ത് ഇംഗ്ലീഷ് സിനിമകൾ മാത്രം പ്രദർശിപ്പിച്ചിരുന്നു  ഒരു തീയറ്റർ ആയിരുന്നു 'ശ്രീധർ '. ഇംഗ്ലീഷ് സിനിമകളോടുള്ള ഭ്രമം മൂലം ഞാൻ അവിടുത്തെ അന്തേവാസി ആയി മാറി എന്നും പറയാം. ജെയിംസ് ബോണ്ട് സിനിമകൾ  എന്റെ ഒരു വീക്നെസ് ആയിരുന്നു  ഡയലോഗുകൾ ഒന്നും മനസ്സിലാകാറില്ലെങ്കിലും ആ സിനിമകളിലെ വിഷ്വൽസ്  മാത്രം മതിയായിരുന്ന ഉറങ്ങി കിടന്ന അമേരിക്കൻ സ്വപ്നങ്ങൾക്ക് പിന്നെയും പിന്നെയും  ചിറകു മുളക്കുവാൻ.

"നമുക്ക് ഒന്ന് പോയി നോക്കാന്നെ.."  പത്രത്തിലെ പരസ്യം ഒന്നു കൂടി ഉയർത്തി കാണിച്ച് വീണ്ടും ഞാൻ അഭ്യർത്ഥിച്ചു  

" ഓ ....ഞാനെങ്ങുല്ലേ .. ഇവിടെ എന്നാ കുഴപ്പം ?" കേരള ഗവൺമെൻറ് സർവീസിൽ സ്റ്റാഫ് നേഴ്സ് ആയി  ജോലി ചെയ്യുന്ന ഭാര്യ എന്റെ അഭ്യർതന തീർത്തും തള്ളിക്കളഞ്ഞു    

"സുരലോക ജലധാര ഒഴുകി ഒഴുകി ....."   ഏഴാം കടലിനക്കരെ എന്ന സിനിമയിലെ  ഈ പാട്ട് മൂളി നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപം  സീമയും രവികുമാറും കുടി അഭിനയിച്ച രംഗം വീട്ടിൽ  സൃഷ്ടിക്കുവാൻ  ഞാൻ ഒരു ശ്രമം നടത്തി.

പക്ഷെ കിം ഫലം....... സിനിമ കാണാനിരുന്നാൽ ടൈറ്റിൽ വരുമ്പോൾ മുതൽ തുടങ്ങുന്ന ഉറക്കം, ശുഭം എന്നെഴുതി കാണിക്കുന്നതുവരെ തുടരുന്ന  ഭാര്യക്ക് എന്ത് സുരലോക ജലധാര....... ?

"ഇങ്ങനെ പാട്ടു പാടിയിരിക്കാതെ റെഡിയാകുന്നേ ...എനിക്കു ജോലിക്കു നേരത്തെ കയറണം "  ഹീറോ ഹോണ്ട ബൈക്കിൽ ഭാര്യയെ ജോലിക്കു കൊണ്ടുപോയി വിട്ട് ഞാനും ജോലിക്കു പോയിരുന്ന  ടെൻഷൻ  അധികം ഇല്ലാതിരുന്ന ആ കാലഘട്ടം.

പക്ഷെ  വിട്ടു കൊടുക്കാൻ ഭാവമില്ലാതിരുന്ന ഞാൻ നയാഗ്രയുടെ സൗന്ദര്യത്തിൽ കുറച്ചു മസാല കുടി ഇട്ടു വർണിച്ചു കൊടുത്തപ്പോൾ ഭാര്യയുടെ മനസ്സിന് ചാഞ്ചാട്ടം ഉണ്ടായി. അങ്ങനെ എനിക്ക് വേണ്ടി,  ആ ശനിയാഴ്ച ഭാര്യ ഇന്റർവ്യൂവിനു പോകാൻ സമ്മതിച്ചു, യാതൊരു ഉന്മേഷവുമില്ലാതെ തന്നെ ...

 എറണാകുളത്ത്, മരടിലുള്ള   'ലെ മെറിഡിയൻ' ഹോട്ടലിൽ ആയിരുന്നു ഇന്റർവ്യൂ. അന്ന് സ്റ്റാർ റേറ്റിങ് ഉള്ള രണ്ടു ഹോട്ടലുകളെ ഉണ്ടായിരുന്നുള്ളു എന്നാണ് ഒരോർമ, ഒന്ന് വില്ലിങ്ടൺ ഐലൻഡിൽ ഉള്ള താജ് ഹോട്ടലും, പിന്നെ മരടിലെ ലെ മെറിഡിയനും.  ഹോട്ടലിന്റെ ഗേറ്റ് കടന്നതും ഏതാണ്ട് ജെയിംസ് ബോണ്ട് സിനിമകളിലെ ലൊക്കേഷനിൽ എത്തിയത് പോലെ ആയി ഞാൻ. PPR International എന്നെഴുതിയ ബാനർ വിരിച്ച  മുൻവശത്തെ  പവലിയനിൽ തന്നെ മുന്ന് സുന്ദരികളായ മദാമ്മമാർ, ഒരു സായിപ്പ് ..പിന്നെ രണ്ടു മുന്ന് നോർത്ത് ഇന്ത്യൻ യുവാക്കന്മാരും. ഹോട്ടൽ പരിസരം മുഴുവൻ പല വർണങ്ങളിലുള്ള ചിത്രശലഭങ്ങൾ പറക്കുന്നത് പോലെ പട്ടു സാരികൾ അണിഞ്ഞ  മാലാഖമാരും .

മദമ്മയെയും സായിപ്പിനെയും കണ്ടതോട് കുടി, അന്ന് തന്നെ ഞാൻ അമേരിക്കയിൽ എത്തി എന്ന തോന്നലായി  .... മാലാഖമാർ  ഓരോരുത്തരായി അവിടെ കൗണ്ടറിൽ രജിസ്റ്റർ ചെയ്തു. ആദ്യത്തെ കടമ്പ ഒരു എഴുത്ത് പരീക്ഷ ആയിരുന്നു, നഴ്സിങ്ങിനെ പറ്റിയുള്ള ചല പൊതുവായ ചോദ്യങ്ങൾ ആയിരിക്കും എന്ന് പറഞ്ഞു, പരീക്ഷ ഹാളിലേക്ക് ഭാര്യയെ പറഞ്ഞു വിട്ടു ..ഞാൻ ഹോട്ടലിന്റെ മുൻവശത്തു വെട്ടി വെടിപ്പാക്കിയിട്ടിരിക്കുന്ന പുൽത്തകിടിയിലെ ചെറിയ ജലധാരയെ നോക്കി വെറുതെ  പാടിക്കൊണ്ടിരുന്നു 'സുരലോക ജലധാര ഒഴുകി ഒഴുകി ....'  പക്ഷെ ജലധാരയുടെ ഒഴുക്ക് പെട്ടെന്ന് നിന്നു,  തീരെ താല്പര്യമില്ലാതെ ഉഴപ്പി എഴുതിയ  ആ ടെസ്റ്റ് ഭാര്യ തോറ്റു.

"ബാ പൂവാം  ....."  ചിരിച്ചുകൊണ്ട് ഭാര്യ ഇറങ്ങി വന്നു  

ടെസ്റ്റ്  തോറ്റ സന്തോഷത്തിൽ ഉല്ലാസവതിയായി പോകുന്ന ഭാര്യയുടെ കൂടെ ഹോട്ടലിന്റെ ഗേറ്റിനു സമീപം പാർക്ക് ചെയ്തിരുന്ന എന്റെ ഹീറോ ഹോണ്ട ബൈക്കിന്റെ അടുത്ത് വരെ എത്തി..... പെട്ടെന്ന് ഏതോ  ഒരു ഉൾവിളി പോലെ ഒന്ന് നിന്നു , "ടെസ്റ്റ് ഇട്ട നോർത്ത് ഇന്ത്യൻ പയ്യനെ  ഒന്ന് കണ്ടാലോ ......? മനസ്സിൽ വെറുതെ തോന്നിയ കാര്യം ഭാര്യയോട് പറഞ്ഞു.

"ഞാൻ ഇനി ഒരു ടെസ്റ്റിനുല്ല ,അമേരിക്കക്കുല്ല ....."  ഭാര്യ തീർത്തു  പറഞ്ഞു,  തോറ്റ സന്തോഷം പെട്ടെന്ന്  ദേഷ്യമായി ആ മുഖത്ത് തളിഞ്ഞു വന്നു.

 ഭാര്യയുടെ വീർത്ത മുഖം വക വെക്കാതെ ഞാൻ  തിരിഞ്ഞു  നടന്നു. ആ നോർത്തിന്ത്യൻ പയ്യൻ കൗണ്ടറിൽ തന്നെ ഉണ്ടായിരുന്നു അലി എന്നായിരുന്നു അവന്റെ പേര്. അയാളോട്  വെറുതെ ചോദിച്ചു , "വേറെന്തെകിലും വഴി ....."  

"ഒരു മാർക്കിനാണ് മാഡം തോറ്റത് ......." അലി പറഞ്ഞു
 
കൂടുതൽ   ഒന്നും പറയാതെ പുൽത്തകിടിയിലെ ജലധാരയിലേക്കു നോക്കുക പോലും ചെയ്യാതെ  നിരാശയോടെ തിരിഞ്ഞു നടന്ന  എന്നെ  അയാൾ തിരിച്ചു  വിളിച്ചു, " ഉച്ച കഴിഞ്ഞ് ഒരു  സെഷൻ കൂടി ഉണ്ട് ... വേണമെങ്കിൽ ഒന്ന് കുടി എഴുതിക്കോ ..."

കുളിർമഴ പോലെ  ആയിരുന്നു  അലിയുടെ വാക്കുകൾ.......... അവ എന്നെ കൂടുതൽ ഉത്സാഹപ്പെടുത്തിയെങ്കിലും, ഭാര്യയുടെ  തോറ്റ ചിരി മാഞ്ഞു, ' ഇനിയും എഴുതാനോ ....' എന്നെഴുതി വച്ച  മുഖവുമായി ഭാര്യ നിന്നു. എന്തായാലും, ഭർത്താവിന്റെ സന്തോഷത്തിനു കുറവ് വരുത്തേണ്ട എന്ന് കരുതിയാകും ഭാര്യ ഒരിക്കൽ കൂടി ടെസ്റ്റ് എഴുതി. രണ്ടാമത്തെ ടെസ്റ്റിൽ ഭാര്യ പാസാവുകയും ചെയ്തു.

ഞാൻ പുറത്തേക്കു നോക്കി, രണ്ടാമത്തെ സെഷൻ കഴിഞ്ഞപ്പോൾ  സന്ധ്യ മയങ്ങാൻ തുടങ്ങിയിരുന്നു.  ലെ മെറിഡിയനിലെ പുൽത്തകിടിയിൽ പല  നിറങ്ങളിൽ  പ്രകാശം വരുവാൻ തുടങ്ങി ....... ഹോട്ടലിനു മുൻപിലുള്ള ജലധാരയിൽ  ആ നിറങ്ങൾ മഴവില്ലിന്റെ ചാരുത സൃഷ്ടിച്ചു. ഞാൻ എന്റെ ഹീറോ ഹോണ്ട ബൈക്കിൽ കയറി, പുറകിൽ ഭാര്യയും ............. മരടിൽ നിന്ന് തൃപ്പൂണിത്തുറക്കുള്ള അല്പം പോലും തിരക്കില്ലാത്ത റോഡിലൂടെ വീട്ടിലേക്ക് .... എന്റെ ചുണ്ടിൽ അപ്പോഴും ആ പാട്ട് ഉണ്ടായിരുന്നു, "സുരലോക ജലധാര ഒഴുകി ..ഒഴുകി......"
(തുടരും )

--------------എറണാകുളം ജില്ലയിലെ തിരുവാണിയൂർ സ്വദേശി. എറണാകുളത്ത് പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ജോലിയിൽ ഇരിക്കെ  2005 ൽ അമേരിക്കയിലേക്ക് കുടിയേറി. 2005 മുതൽ 2012 സൗത്ത് കരോലിനയിലെ കൊളംബിയയിൽ. .2012 ൽ ടെക്സസിലെ ഡാലസിൽ ബിസിനസ് തുടങ്ങുന്നു, തുടർന്ന് ഇവിടെ   കുടുംബസമേതം താമസിച്ചു വരുന്നു 
ഭാര്യ VA Hospital  നേഴ്‌സ് ആണ്. രണ്ടു മക്കൾ ഒരാണും ഒരു പെണ്ണും.

ചെറുപ്പം മുതൽ  കലാ-സാഹിത്യ സാംസ്‌കാരിക മേഖലകളിൽ തല്പരനായിരുന്നുവെങ്കിലും അമേരിക്കയിൽ വന്നതിനുശേഷം ആണ് എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞത് ..

സുരലോക ജലധാര.. (ഭാഗം 2: ഷാജു ജോൺ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക