Image

കണ്ണെത്താദൂരത്ത് .... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 7: ഷാജു ജോൺ )

Published on 14 August, 2021
കണ്ണെത്താദൂരത്ത് .... (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 7: ഷാജു ജോൺ )

അമേരിക്കൻ വിസക്കുള്ള കൂടിക്കാഴ്ച കഴിഞ്ഞു  മദിരാശി പട്ടണത്തിലെ ഇഡ്ഡലിയുടെയും സാമ്പാറിന്റെയും, മുളകു  ബജിയുടേയും ഒക്കെ  രുചികളോട് വിട പറഞ്ഞു തിരികെ ഞങ്ങൾ വീട്ടിൽ  എത്തി, ഒപ്പം തന്നെ നാലു പേരുടെയും  വിസകളും  പറന്നെത്തിയിരുന്നു. ചിറകു വിരിച്ച കഴുകന്റെ മുദ്രയുള്ള വിസയിലൂടെ കണ്ണോടിച്ചപ്പോൾ എവറെസ്റ്റ്  കൊടുമുടി കീഴടക്കിയ പോലുള്ള അനുഭുതിയായിരുന്നു. പക്ഷെ, അവിടെ നിന്നും താഴെ സമതലത്തിലേക്കിറങ്ങുവാനുള്ള വഴി  ഇടുങ്ങിയതും, കല്ലും,  മുള്ളും നിറഞ്ഞതും   ആയിരുന്നെന്നും, വഴുവഴുപ്പുള്ള ആ വഴിയിലൂടെ നടക്കുക  അത്ര സുഖകരമല്ല എന്നും വളരെ പെട്ടെന്ന് തന്നെ ബോധ്യമായിതുടങ്ങി.

'സ്വർഗത്തിലേക്കുള്ള വഴി  അങ്ങനെയാണ് .........'   ബൈബിൾ സത്യങ്ങളെ  കുട്ടു പിടിച്ചു ഭാര്യയെ സമാധാനിപ്പിച്ചുവെങ്കിലും നടന്നതിനേക്കാൾ കൂടുതൽ ഇനിയും നടക്കേണ്ടിയിരിക്കുന്നു എന്ന തോന്നലുകൾ ഉള്ളിൽ നിന്നുയർന്നു വന്നുകൊണ്ടിരുന്നു.

വിസകൾ  മാത്രം പോരല്ലോ , ഉപജീവനത്തിന്  ജോലിയും  വേണ്ടേ ..?  പിന്നീടുള്ള ശ്രമങ്ങൾ ആ വഴിക്കായിരുന്നു.  നേഴ്സ് ജോലിക്ക് അമേരിക്കയിൽ  ധാരാളം ഒഴിവുകൾ ഉണ്ടായിരുന്നുവെങ്കിലും , അവിടെ പ്രവേശിക്കുവാനുള്ള  ഇന്റർവ്യൂ  വളരെ കഠിനതരവും അതേപോലെ തന്നെ  കൗതുകം നിറഞ്ഞതും ആയിരുന്നു. രാത്രിയും പകലുമൊക്കെ അമേരിക്കൻ ആശുപത്രികളിൽ നിന്ന് വീട്ടിലെ ടെലിഫോണിലേക്ക് വിളികൾ വന്നു തുടങ്ങി. സത്യം പറയാമല്ലോ, ഇന്റർവ്യൂ വ്യായാമങ്ങൾ  പലതും പരാജയമായിരുന്നു. IELTS എന്ന ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷണങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യുവാൻ സാധിച്ചില്ല എന്ന് വേണമെങ്കിൽ പറയാം.

ഒന്നാം പ്രതി  വീട്ടിലെ ടെലിഫോൺ  തന്നെ ആയിരുന്നു.  റീസിവർ പൊക്കി എപ്പോൾ  ചെവിയിൽ വച്ചാലും വെൽഡിങ് ഷോപ്പിൽ നിന്ന് വരുന്ന ഗ്രൈൻഡിങ് ശബ്ദം ആയിരുന്നു ടെലിഫോൺ ഡിപ്പാർട്മെന്റിന്റെ ശബ്ദവാഹിനിയിൽ നിന്ന് വന്നുകൊണ്ടിരുന്നത്. കാറ്റും മഴയുമാണെങ്കിൽ   അതും  ഉണ്ടാകാറില്ല. റിംഗ് ടോണുകൾ വല്ലപ്പോഴും എത്തുന്ന അതിഥികൾ മാത്രമായിരുന്നു. ശുദ്ധ  മലയാളമാണ് കേൾക്കുന്നതെങ്കിൽ പോലും  'ങേ' എന്ന് രണ്ടു തവണ  തിരിച്ചു ചോദിക്കേണ്ട അവസ്ഥ...... അപ്പോൾ പിന്നെ  അമേരിക്കയിൽ നിന്ന് വരുന്ന കൂഴചക്കയുടെ കുഴച്ചിൽ പോലെയുള്ള  ശബ്ദം  എങ്ങനെയിരിക്കും ...........?

ഇംഗ്ലീഷ് എന്ന ലോകഭാഷ സ്‌കൂളിൽ  പോയ കാലം മുതൽ കേൾക്കുന്നതാണ്, പഠിക്കുന്നതാണ്.  ആംഗലേയ ഭാഷയിലെ  ഗ്രാമർ മനസിലാക്കുവാൻ  വേണ്ടി നിരവധി ഇമ്പോസിഷനുകളും   എഴുതിയിട്ടുള്ളതാണ്   ....പക്ഷെ അമേരിക്കയിൽ നിന്ന് വരുന്ന ഇംഗ്ലീഷ്,  അത് കാതുകൾ എത്ര കൂർപ്പിച്ചു പിടിച്ചിട്ടും  മനസ്സിലാകുന്നില്ല, ചെറിയ ഒരുദാഹരണം പറഞ്ഞാൽ  .'വാട്ടർ'  ..എന്ന് സായിപ്പ്  പറയുമ്പോൾ മന്ദമായി  ഒരരുവി ഒഴുകിപ്പോകുന്ന അനുഭവമാണ് , എന്നാൽ  നമ്മുടെ നാവിൽ നിന്ന് ആ പദം വരുമ്പോൾ ആരോ  ആ ഒഴുക്കിൽ  വലിയൊരു കരിങ്കല്ല് കൊണ്ടിട്ടു തടസ്സപെടുത്തിയത് പോലെ തോന്നും. നമ്മുടെ ഒരു രീതി വച്ചിട്ട്  കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ ഇത്തരം തടസ്സപ്പെടുത്തലുകൾ വേണം താനും..............ഇത് ഒരു വാക്കിന്റെ കാര്യം .. ഇങ്ങനെ ഒരായിരം വാക്കുകൾ, അതിരപ്പള്ളിയിലെ പാറക്കൂട്ടങ്ങളിൽ തട്ടിതടഞ്ഞെത്തുന്ന ചാലക്കുടിപുഴയിലെ   നിലക്കാത്ത ഒഴുക്ക്  പോലെ വന്നാൽ എന്ത് ചെയ്യും ..? ഭാര്യയുടെ പരാതി അത് തന്നെ ആയിരുന്നു

" കുറെ അങ്ങൊഴുകി പോകട്ടെ....  ,ഇടക്കിടെയുള്ള ഏതെങ്കിലും തുരുത്തിലോ പാറകളിലോ കയറിയിരിക്കാം " ഞാൻ പറഞ്ഞു  ..

അമേരിക്കൻ ഹോസ്പിറ്റലുകളിൽ നിന്ന് ടെലഫോൺ വഴി വന്ന എല്ലാ ഇന്റർവ്യൂകളും  തന്നെ  ഇതേ രീതിയിൽ ആയിരുന്നു. ഒരു ബലത്തിന് വേണ്ടി ഫോൺ ഇന്റർവ്യൂ സമയത്ത്  ഭാര്യ എന്നെയും കൂട്ടും   .....പല ചോദ്യങ്ങളും ഭാര്യക്ക് പകുതി മനസിലായെങ്കിലും,  എന്റെ തലയിൽ ഒന്നും  കയറിയില്ല. ഞാൻ കുത്തഴിഞ്ഞൊഴുകുന്ന ചാലക്കുടി പുഴയുടെ വശങ്ങളിലുള്ള പാറക്കൂട്ടങ്ങളിൽ  തന്നെ ഒളിച്ചിരുന്നു ...........അവസാനം, ഇവിടെ പറഞ്ഞത് അവിടെയും,  അവിടെ പറഞ്ഞത് ഇവിടെയും മനസ്സിലാകാതെ  പലരോടും നന്ദി പറഞ്ഞു പിരിയുകയായിരുന്നു പതിവ്.  ആ മനസിലാകായ്കയുടെ പ്രതിഫലനം  ആയിരിക്കണം രണ്ടു മുന്ന് സ്ഥലങ്ങളിൽ നിന്ന് മാത്രമേ  ജോലിവാഗ്ദാനം ലഭിച്ചുള്ളൂ

അങ്ങനെ ഫോൺ കൂടിക്കാഴ്ച പൊടിപൊടിക്കുന്നതിനിടയിൽ  ഒരു ദിവസ്സം രാവിലെ റിക്രൂട്ടിങ്  ഏജൻസിയിൽ നിന്നുള്ള വിളി വന്നു  "ന്യൂ മെക്സിക്കോയിലുള്ള ഒരു ഹോസ്പിറ്റലിലേക്ക്   ഓഫറുണ്ട് ...പോകാം "
ഇതുകേട്ട ഭാര്യ അന്തം വിട്ടു. "അതിനു നമ്മൾ അമേരിക്കക്കു പോകാനല്ലേ ഈ ശ്രമങ്ങൾ  മുഴുവൻ നടത്തിയത് പിന്നെന്തിനു   മെക്സിക്കോക്ക് പോകണം ....?"

ഇപ്പോൾ ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നും 'കൺട്രി ഫെല്ലോസ് ...'  ഇത്ര വിഡ്ഢികളോ ഇവർ എന്ന്.  പക്ഷെ, അന്ന് അറിവുകൾ ചെറിയ ചെറിയ  ചെപ്പുകളിൽ മാത്രമായിരുന്നു, ആ ചെപ്പുകളിലാകട്ടെ, മനോരമ , മാതൃഭൂമി തുടങ്ങിയ  ദിനപത്രങ്ങളും, കുറച്ച് ആഴ്ചപ്പതിപ്പുകളും,  ഗ്രാമീണവായനശാലയിലെ പൊടി നിറഞ്ഞ ചില പുസ്തകങ്ങളും മാത്രമായിരുന്നു. അമേരിക്ക എന്ന് കേൾക്കുമ്പോൾ മനസിൽ ഓടിയെത്തുന്ന രണ്ടോ മൂന്നോ പട്ടണങ്ങളെ ഉണ്ടായിരുന്നുള്ളൂ -ന്യൂയോർക്ക്, വാഷിങ്ങ്ടൺ, ചിക്കാഗോ ............... ആദ്യമായിട്ട് കേട്ട ന്യൂ   മെക്സിക്കോ അമേരിക്കയിലെ ഒരു സ്റ്റേറ്റ് ആണെന്ന് അറിഞ്ഞുവന്നപ്പോഴേക്കും ആ ജോലിവാഗ്ദാനം നഷ്ടപ്പെട്ടിരുന്നു. . .

വീണ്ടും  പല ടെലിഫോൺ ഇന്റർവ്യൂകളും നടന്നു . എത്രയും പെട്ടെന്ന് നേഴ്‌സുമാരെ അക്കരെ എത്തിച്ചു ഉള്ള 'ദമ്പിടി' വാങ്ങിച്ചു പോക്കറ്റിലിടുവാൻ റിക്രൂട്ടിങ്  ഏജൻസി ധൃതി കുട്ടിക്കൊണ്ടിരുന്നു. കുറച്ചു ദിവസ്സങ്ങൾക്കു ശേഷം വീണ്ടു  അവരുടെ വിളി വന്നു. "കൊളംബിയ, സൗത്ത് കാരോലിനക്ക്........... ഓഫറുണ്ട് പോകുന്നോ ?"  

"കൊളംബിയ............"  അന്നും എന്റെ  മനസ്സ് വീണ്ടും പതറി, കുറച്ചു നാളുകൾക്കു മുൻപ് പത്രങ്ങളിൽ വായിച്ച വാർത്തയാണ്  മനസ്സിലോടിയെത്തിയത്  ....  ഫിഫ ലോകകപ്പ് ഫുഡ്ബോളിൽ  സെൽഫ് ഗോളടിച്ചതിനാൽ പരാജയപ്പെട്ടു പുറത്തായ കൊളംബിയൻ ഫുട്‌ബോൾ ടീമിലെ ഒരു കളിക്കാരന്റെ ദാരുണ അന്ത്യം .... പാബ്ലോ  എസ്കോബാർ  എന്ന ആ  കളിക്കാരനെ  സെൽഫ് ഗോളടിച്ച കാരണത്താൽ കൊളംബിയയിലെ ഒരു   ബാറിലിട്ടു  കുത്തികൊന്ന ചരിത്രം ........"  

ആ ചരിത്രം മുഴുവൻ  പറഞ്ഞു തീരുന്നതിനു മുൻപ്  ഭാര്യ അവർക്ക് ഇമെയിൽ അയച്ചു "  അവിടേക്കും പോകുവാൻ ബുദ്ധിമുട്ടുണ്ട് ...."

വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച ജോലിവാഗ്ദാനങ്ങളെല്ലാം നിസ്സാരമായി  പുറംകാലുകൊണ്ടു തട്ടിയെറിയുന്ന  ഇവർക്ക് എന്തോ പ്രശ്നമുണ്ടെന്നു  എജൻസിക്കു തോന്നിയതുകൊണ്ടായിരിക്കാം, ധാരണാപിശകുകൾ മാറ്റുവാൻ വേണ്ടി  കൊളംബിയയിലെ പാൽമെറ്റോ ഹെൽത്ത് എന്ന  ഹോസ്പിറ്റലിന്റെ ഒരു ചരിത്രം തന്നെ അയച്ചു തന്നു. എസ്കോബാറിന്റെ കൊളംബിയയിലേക്കല്ല മറിച്ചു  അമേരിക്കൻ  സംസ്ഥാനമായ  സൗത്ത് കരോലിനയുടെ തലസ്ഥാനത്തേക്കാണ് പോകേണ്ടത് എന്ന് പറഞ്ഞപ്പോൾ ന്യൂയോർക്ക്, വാഷിങ്ങ്ടൺ, ചിക്കാഗോ എന്നീ പട്ടണങ്ങളെയെല്ലാം  കൈവിട്ട്   മനസ്സില്ലാമനസ്സോടെ കൊളംബിയയിലേക്കുള്ള  ഓഫർ സ്വീകരിച്ചു.

 പാകി മുളപ്പിച്ചെടുത്ത ഒരു  ചെടി പറിച്ചു നടുന്ന ലാഘവത്തോടെ നമുക്ക് ജീവിതം പറിച്ചു നടുവാൻ പറ്റുമോ ? തുടർന്ന് വന്ന  ദിവസങ്ങളിലെ ചിന്തകൾ ഇത്തരത്തിലായിരുന്നു .... മനസ്സിൽ പാകിയ അമേരിക്കൻ ജീവിതം എന്ന വിത്ത്  മുളച്ചു ഇലകളായി പുറത്തു വന്നു നിൽക്കുകയാണ്, അത് വളരണമെങ്കിൽ വെള്ളം  വേണം, വേരുകൾക്ക്  പടരുവാൻ വളക്കൂറുള്ള മണ്ണിലേക്ക് മാറ്റി  നടണം, അല്ലെങ്കിൽ മുരടിച്ചില്ലാതാകും ......

ആ പറിച്ചുനടീൽ അത്ര എളുപ്പമായിരുന്നില്ല, പ്രധാന കാരണം  ഞങ്ങൾ രണ്ടു പേരും ഗവണ്മെന്റ് ജീവക്കാരായിരുന്നു എന്നതു തന്നെ, ഒരു സർക്കാർ ജീവനക്കാരൻ എങ്ങനെ, എവിടെ,  ഏതുവിധം ജീവിക്കണമെന്ന് ചില വ്യക്തമായ നിയമങ്ങൾ ഉണ്ടത്രേ ............!   റൂളുകൾ ഉയർത്തിക്കാട്ടി മേലുദ്യോഗസ്ഥർ  ഞങ്ങൾക്ക് ക്ലാസെടുത്തു. നിയമസംഹിതകളിൽ എഴുതിവച്ചിരിക്കുന്ന നിയമങ്ങൾ പലതും ശരങ്ങൾ കൊണ്ട്  തീർത്ത ചക്രവ്യൂഹം പോലെ തോന്നി. അതിനുള്ളിൽ കറങ്ങുന്ന പടയാളികൾ മാത്രമാണ് നാമെന്നും, ഭേദിക്കാനാകാത്ത വിധം ശക്തമാണ് ആ ഇരുമ്പുമറകൾ എന്നും പല ഓഫീസുകളിലെയും  സന്ദർശനങ്ങൾ  മനസ്സലാക്കി തന്നു .

പുതിയ  ശമ്പളകമ്മീഷന്റെ വരവും, മറ്റു സൗകര്യങ്ങളും ഒക്കെ കൂടിയപ്പോൾ ഇനിയെന്തിനു വിദേശത്തേക്ക്........? എന്ന വിപരീത ചിന്തയും തലയിൽ കയറി. ജോലി രാജി വച്ചു പോകുവാനുള്ള ധൈര്യമില്ല , എന്തെങ്കിലും അരുതാത്തത്  സംഭവിച്ചാൽ,  'കക്ഷത്തിലിരിക്കുന്നതു പോകുകയും ചെയ്തു... ഉത്തരത്തിലിരിക്കുന്നത് കിട്ടിയുമില്ല...........'  എന്ന  പഴംചൊല്ലിനൊപ്പമിരുന്ന്   പരിതപിക്കേണ്ടിവരും, അതുകണ്ടു ചിരിക്കുവാൻ നിരവധി പേരും ഉണ്ടാകും ........... അതിനാൽ ലീവിനായിരുന്നു പ്രധാന പരിശ്രമം. അതൊരു വലിയ ബാലികേറാമല ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ

"നാട്ടിൽ ഇത്രയും നല്ല അവസ്ഥയുണ്ട് ..എന്നിട്ടും ഒരത്യാഗ്രഹം കണ്ടില്ലേ ........" ലീവിന് അപേക്ഷിച്ചു തിരിയുമ്പോൾ, എന്റെ ചെവിയിൽ എത്തുവാൻ പാകത്തിന് രഹസ്യം എന്ന പോലെ അവർ പരസ്പരം  പറഞ്ഞത് ഞാൻ കാര്യമായി എടുത്തില്ല. എന്നിരുന്നാലും  ' അമേരിക്കക്കു പോകണോ ?.....വേണ്ടയോ ? ' എന്ന ചഞ്ചലമനസ്സുമായി നിൽക്കുമ്പോഴാണ് ഞങ്ങളുടെ കോൺട്രാക്ട് ഏജൻസിയുടെ മധുരം പൊതിഞ്ഞ ഭീഷണി വന്നത് ' ഭീമമായ തുക നഷ്ടപരിഹാരം വേണ്ടിവരുട്ടോ .........'  ചെകുത്താന്റെയും കടലിന്റെയും ഇടയിൽ എന്നുള്ള അവസ്ഥ .....

അവസാനം, ലീവ്  അനുവദിച്ചു തന്നില്ലെങ്കിലും, അപേക്ഷ മേലുദ്യോഗസ്ഥന്റെ മേശപ്പുറത്ത് വച്ച് പുതിയ ലോകത്തിലേക്ക് പറക്കുവാൻ തന്നെ  ഞങ്ങൾ  തീരുമാനിച്ചു.  2005 ഒക്ടോബറിൽ  സൗത്ത് കരോലിന സ്റ്റേറ്റിന്റെ തലസ്ഥാനമായ കൊളംബിയയിലേക്ക്  നേഴ്‌സുമാരുടെ ഒരു സംഘം പുറപ്പെട്ടു അതിൽ ഭാര്യയും ഉണ്ടായിരുന്നു. ഞങ്ങളുടെ യാത്ര, കോൺസുലേറ്റിലെ  പളുങ്കുകണ്ണുകളുള്ള മദാമ്മ പറഞ്ഞ പോലെ പിന്നീടേക്കു നീട്ടി വച്ചു.
 
യാത്ര പുറപ്പെടുമ്പോൾ എല്ലാ നഴ്‌സുമാരുടെയും മുഖങ്ങളിൽ സംഘർഷത്തിന്റെ വേലിയേറ്റം തന്നെ  ആയിരുന്നു. ആ യാത്ര ഒരു പറിച്ചുനടീലിന്റെ ബാക്കിപത്രമാണല്ലോ ! പുതിയ മണ്ണ്  തങ്ങൾക്കു പറ്റിയതാണോ? കുട്ടികളുടെ ഭാവി ...? ഭർത്താവിന് ജോലി ..? ഇങ്ങനെ ഒരു സാധാരണ മലയാളി മനസ്സിൽ കൊണ്ടുനടക്കുന്ന ചോദ്യങ്ങളുടെയും, അവക്ക്  സംശയം നിറഞ്ഞ ഉത്തരങ്ങളുടയും കുഴഞ്ഞ ചിന്തകൾ ആയിരുന്നു എല്ലാവരുടെയും ഉള്ളിൽ .

കൊളംബിയയിൽ എത്തിയതോടു കൂടി പലരുടെയും ആശങ്കകൾ കുറഞ്ഞു എന്ന് തോന്നി , കാരണം  റിക്രൂട്ടിങ് ഏജൻസി നഴ്സുമാർക്ക് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജോലിക്കു കയറാം എന്ന ഉറപ്പും കിട്ടി.  ഉറഞ്ഞു കൂടിയ തണുപ്പിൽ അമേരിക്കൻ സാഹചര്യവുമായി ഭാര്യ  പൊരുത്തപ്പെടുവാൻ തുടങ്ങി.

റിക്രൂട്ട്മെന്റ് ഏജൻസി  പറഞ്ഞ ദിവസ്സം തന്നെ എല്ലാവരും  ജോലിക്കു കയറുവാൻ തയ്യാറായി, അപ്പോഴാണ് കൊടുംകാറ്റ് പോലെ ആ  വാർത്ത എത്തിയത് -  നഴ്സിംഗ് ലൈസൻസ്  ക്യാൻസൽ ആയിരിക്കുന്നു............ തൻമൂലം ജോലിയിൽ പ്രവേശിക്കുവാൻ  കഴിയുകയില്ല ......വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോൾ എന്നെ  എതിരേറ്റത് ഈ വാർത്തയായിരുന്നു

RN എന്ന നഴ്സിംഗ് ലൈസൻസ് എല്ലാ രണ്ടു വർഷം കൂടുമ്പോഴും പുതുക്കണം ..........അത് ചെയ്തില്ലെങ്കിൽ ലൈസൻസ്  നഷ്ടപ്പെടും. നഴ്‌സ് ആയി  ജോലി ചെയ്യുവാൻ കഴിയുകയില്ല. ലൈസൻസ് കിട്ടി രണ്ടു വർഷം കഴിഞ്ഞു എന്നുള്ള കാര്യം ഏജൻസിയും മറന്നിരുന്നു.

"ഇനി എന്ത് ചെയ്യും ?' ടെലിഫോണിലൂടെ മുറിഞ്ഞു മുറിഞ്ഞു വന്ന ഭാര്യയുടെ ശബ്ദത്തിനു മറുപടിയായി ഞാൻ ചോദിച്ചു

"വീണ്ടും RN എഴുതുക............" കരച്ചിലിന്റെ വക്കിൽ എത്തിയ ഭാര്യയുടെ ശബ്ദം.

പിന്നീട് ഒന്നും സംസാരിക്കാൻ തോന്നിയില്ല ....മിൽമ  പാൽ കൊണ്ടുണ്ടാക്കിയ ചായയും പരിപ്പുവടയും മേശപ്പുറത്തിരുന്നു തണുത്തുപോയി. പുറത്ത് മഴപെയ്യുവാനുള്ള തുടക്കമായതിനാൽ വൈകിട്ടുള്ള നടപ്പ് ഒഴിവാക്കി. വിഷമങ്ങൾ പറയുവാൻ ഇളംകാറ്റ് വീശുന്നുണ്ടായിരുന്നില്ല എപ്പോഴോ പെയ്യാൻ മറന്നുപോയ തുള്ളികളുമായി  തുലാവർഷം  മണ്ണിലേക്ക്  പതിക്കുവാൻ തുടങ്ങി. അകലെ ആകാശ  ചെരുവിൽ പാഞ്ഞു പോകുന്ന മിന്നൽ പിണരുകൾ...... ശക്തമായ കാറ്റിൽ ആടിയുലയുന്ന മരങ്ങൾ....മൂളൽ നിന്നുപോയ ടെലിഫോണിലേക്കു നോക്കി ഞാനിരുന്നു ...............ഇനിയെന്ത്?

(തുടരും)

മുൻഭാഗങ്ങൾ വായിക്കുവാൻ, താഴെ ലിങ്കിൽ ക്ലിക് ചെയ്താൽ മതി
 
Join WhatsApp News
Boby Varghese 2021-08-14 15:27:19
Thank you. One of the best reading material. Thanks again.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക