Image

കേട്ടില്ലേ ,കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍ ...(ഉയരുന്ന ശബ്ദം-70: ജോളി അടിമത്ര)

Published on 29 November, 2022
കേട്ടില്ലേ ,കോട്ടയത്തൊരു മൂത്ത പിള്ളേച്ചന്‍ ...(ഉയരുന്ന ശബ്ദം-70: ജോളി അടിമത്ര)

പണ്ടുപണ്ട് നമ്മള്‍ പാടി നടന്നൊരു സിനിമാ പാട്ട് ..വയസ്സാംകാലത്ത് ആരെങ്കിലും പെണ്ണുകെട്ടുമ്പോള്‍ അറിയാതെ പാടിപ്പോകുന്ന പരിഹാസപ്പാട്ട്. ഈ പാട്ടിന് വിലകെടുന്നു. കാരണം കേരളം മാറ്റത്തിന്റെ വലിയ കുതിച്ചുചാട്ടത്തിലാണിപ്പാള്‍. ആഹ്‌ളാദജനകമായ ഒരു മാറ്റമാണിത്..കാലവും സാഹചര്യവുമനുസരിച്ച് മലയാളിയുടെ മനസ്സും മാറുമല്ലോ. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഒറ്റപ്പെടലിനെ മനസ്സിലാക്കാന്‍ ,ഒപ്പം നില്‍ക്കാന്‍ മലയാളിസമൂഹം പഠിച്ചുകഴിഞ്ഞു.
           
നവംബര്‍ 24-ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ വച്ച് ഒരു വിവാഹം നടന്നു. 77 വയസ്സുള്ള സോമന്‍നായര്‍ 58 വയസ്സുകാരി ബീനകുമാരിയെ താലിചാര്‍ത്തി ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. 20 വയസ്സിന്റെ വ്യത്യാസം ബീനകുമാരിയ്ക്ക് ഒരു പ്രശ്‌നമേ ആയില്ല. കാരണം അതിനേക്കാള്‍ എത്രയോ വലുതാണ് അവരനുഭവിച്ച ഏകാന്തത. രണ്ടാളുടെയും രണ്ടാം വിവാഹം. പങ്കാളികള്‍ മരിച്ചവര്‍. രണ്ടുപേര്‍ക്കും മക്കളും മരുമക്കളും കൊച്ചുമക്കളുമുണ്ട്. പിന്നെന്തിനാണ് രണ്ടാം കല്യാണമെന്ന ചോദ്യം  ആരുമിപ്പോള്‍ ചോദിക്കുന്നില്ല. ചോദിക്കരുത്. മക്കളൊക്കെ അവരവരുടെ ആകാശത്ത് പാറിപറക്കുകയാണ്. ജീവിതത്തിന്റെ പറക്കലുകളൊക്കെ കഴിഞ്ഞ് ക്ഷീണിതരായി ഒറ്റമരക്കൊമ്പില്‍ ചേക്കേറിയ രണ്ടാത്മാക്കളാണവര്‍. ഒറ്റപ്പെട്ടവര്‍. കിടന്നുമരിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നവര്‍. അരികില്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന് വെറുതെ മോഹിച്ചുകഴിയുന്നവര്‍. അവിടെ സെക്‌സിനല്ല സ്ഥാനം. ഒരു സാമിപ്യത്തിനു മാത്രമാണ് കൊതി.
                       
പത്തു വര്‍ഷം മുമ്പായിരുന്നെങ്കില്‍ നമ്മുടെ മലയാളിമനസ്സില്‍ ഈ വിവാഹം ഒരു പുച്ഛമാണുയര്‍ത്തുക. വയസ്സാംകാലത്തെ മുതുകൂത്തെന്നൊക്കെപ്പറഞ്ഞ് അടച്ചാക്ഷേപിച്ച ആ മനസ്സുകള്‍ക്കൊക്കെ എന്തൊരു മാറ്റമാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. അതെ കാലം നമ്മളെ പൊളിച്ചെഴുതുകയാണ്. മക്കളെ പഠിപ്പിച്ചു നല്ല നിലയിലാക്കി അവരൊക്കെ വിദേശങ്ങളിലേക്കു ചേക്കേറിക്കഴിഞ്ഞാലത്തെ മതാപിതാക്കളുടെ അവസ്ഥ വല്ലാത്തതാണ്. കേരളത്തിലെ സ്ഥിതിവച്ചു നോക്കിയാല്‍ നാട്ടില്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു ഭാവിയുമില്ല. വിദേശരാജ്യങ്ങളില്‍ പോയി എല്ലുമുറിയെ പണിയെടുത്ത് അവര്‍ കഴിയുന്നതിനിടെ അച്ഛനമ്മമാരെ നോക്കാന്‍ എവിടെ സമയം. ആരും കുറ്റക്കാരല്ല. ആരെയും പഴിപറയാനില്ല. മുന്നോട്ടുള്ള നമ്മുടെ നാടിന്റെ അവസ്ഥയുടെ സൂചനയാണിത്. വൃദ്ധര്‍മാത്രം കഴിയുന്ന നാടായി കേരളം മാറുകയാണ്. ചെറുപ്പക്കാരെന്നു പറഞ്ഞാല്‍ ബംഗാളികള്‍ മാത്രമാണിവിടെ ഇനി ശേഷിക്കുക. ക്ഷമിക്കുക, അതിഥിത്തൊഴിലാളിയെന്നേ അവരെ വിളിക്കാവൂ എന്നാണല്ലോ. കാത്തിരിക്കാനുള്ള  പങ്കാളി കൂടെ പോയിക്കഴിഞ്ഞാല്‍ ജീവിതം കോഞ്ഞാട്ടയായി മാറുന്ന വൃദ്ധര്‍. അവിടെയാണ് മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങിയത്.
         
സോമന്‍നായരുടെ മകളും ഭര്‍ത്താവുമാണ് അച്ഛന്റെ വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്. റിട്ടയര്‍ ചെയ്ത എയര്‍ഫോഴ്‌സ് ജീവനക്കാരനാണ്. മാന്യമായ പെന്‍ഷനുണ്ട്. സോമന്‍നായര്‍ക്കുവേണ്ടത് ഒരു കൂട്ടുമാത്രമായിരുന്നു. അതു സന്തോഷത്തോടെ സമ്മാനിച്ച മകള്‍ക്ക് അതിലേറെ സന്തോഷം. മക്കള്‍ക്ക്  അവരുടെ ആകാശത്ത് അച്ഛനെപ്പറ്റി വ്യാകുലതകളില്ലാതെ പാറിപ്പറക്കാം, അച്ഛന്‍ വല്ലതും കഴിച്ചോ , ഒറ്റയ്ക്ക് രാത്രി കിടക്കുമ്പോ വല്ലതും സംഭവിച്ചാലോ തുടങ്ങിയ ആശങ്കകളേതുമില്ലാതെ..
                   
എന്റെ സുഹൃത്തിന്റെ കൂട്ടുകാരിയുടെ വിവാഹവും രണ്ടാഴ്ച മുമ്പായിരുന്നു. അതും ഇതേ അവസ്ഥയിലുള്ളവര്‍. മകളാണ് അമ്മയെ വിവാഹം കഴിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്. അവരുടെയും മധുവിധുക്കാലമാണിപ്പോള്‍. എന്റെ സുഹൃത്തിനോട് വധു പറഞ്ഞേ്രത . ''അടുക്കളയിലൊക്കെ അദ്ദേഹം ഒപ്പമുണ്ടാവും .ജോലിയിലൊക്കെ സഹായിക്കും. ഇഷ്ടപ്പെട്ട ഭക്ഷണമൊക്കെ വച്ചുവിളമ്പി ഞാനരികിലിരുന്ന് ഊട്ടും. അതാണിപ്പോഴത്തെ സന്തോഷം !. ആരും വരാനും പോകാനും മിണ്ടാനുമില്ലാത്ത വീടൊന്നുണര്‍ന്നെന്ന് അദ്ദേഹം പറയുന്നു. വലിയ ആഹ്‌ളാദത്തിലാണ് കക്ഷി. ''.

 അതെ, പോരെടുക്കാനും കുത്തിത്തിരിപ്പുണ്ടാക്കാനും പാര വയ്ക്കാനും വീട്ടിലാരുമില്ല. ആസ്വദിച്ചുതന്നെ  സായാഹ്നകാലം പങ്കിടുകയാണവര്‍. യൗവ്വനത്തിലെ വിവാഹജീവിതത്തെക്കാള്‍ വിലപ്പെട്ടതാണ് പലര്‍ക്കും വാര്‍ധക്യത്തിലെ മാംഗല്യം. പരസ്പരമുള്ള ഊന്നുവടികള്‍. മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ചോ, അവരുടെ പഠനത്തെപ്പറ്റിയോ വ്യാകുലപ്പെടേണ്ടതില്ല. ചിലവുകാശ് ഉണ്ടെങ്കില്‍ സമാധാനപൂര്‍ണ്ണമായ ഒരു ജീവിതം. പകഷേ ,മനസ്സിനിണങ്ങിയ ആളെ കിട്ടണമെന്നു മാത്രം.
                     
 അറുപതു വയസ്സടുക്കുന്ന എന്റെ ഉറ്റകൂട്ടുകാരി ആറുമാസം മുമ്പ് എന്നെ വിളിച്ചു പറഞ്ഞു, ''എനിക്കൊരു ചെക്കനെ കണ്ടു പിടിച്ചു തരണം. എന്റെ പ്രായം തന്നെയായിക്കോട്ടെ. ഇത്തിരി കൂടിയായാലും കുഴപ്പമില്ല. ജീവിക്കാനുള്ള വരുമാനം ഉള്ളവനാവണം, കാണാനും ഇത്തിരി മെന വേണം ''. അതൊരു നേരംപോക്കാണെന്ന് ധരിച്ച ഞാനുറക്കെ ചിരിച്ചപ്പോള്‍ അവര്‍ അസഹ്യപ്പെട്ടു.
  '' കളിയല്ല, ഞാന്‍ ഗൗരവമായി പറഞ്ഞതാണ് ''.
'' വഴിയേ പോകുന്ന പാമ്പിനെ പിടിച്ച് അസ്ഥാനത്ത് വയ്ക്കുന്നതെന്തിനാ. ഇപ്പോള്‍ ഉള്ള സമാധാനവും സ്വാതന്ത്ര്യവും കളഞ്ഞുകുളിച്ച് വല്ല വയസ്സന്‍മാരുടെയും അടുക്കളക്കാരിയാകണോ '' എന്നു ഞാന്‍ തിരിച്ചു ചോദിച്ചു.
    
അവര്‍ തന്റെ ദുരന്തപൂര്‍ണ്ണമായ ജീവിതം എനിക്കു മുന്നില്‍ തുറന്നിട്ടു. അതുവരെ എന്നോടുപോലും മറച്ചു വച്ച സങ്കടങ്ങള്‍. നല്ലൊരു എഴുത്തുകാരിയാണവര്‍. പുരസ്‌ക്കാരങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. വിധവ. വലിയൊരു കടബാധ്യത ഉണ്ടാക്കിവച്ചിട്ടാണ് അങ്ങേര് പോയത്. കിടപ്പാടം ജപ്തി ഭീഷണിയിലാണ്. മക്കളിലൊരാള്‍ അമ്മയ്ക്കു തുണയുണ്ട്. വിവാഹത്തിന് അവനും ഭാര്യയുമാണ് മുന്‍കൈയ്യെടുത്തിട്ടുള്ളത്. മറ്റേയാള്‍ സ്വന്തം കാര്യം സിന്ദാബാദ്. മക്കള്‍ സ്വന്തം ജീവിതം തേടിപ്പോകുമ്പോള്‍ ഒരമ്മയ്ക്കും പിന്നില്‍നിന്ന് അരുതെന്നു പറയാനാവില്ലല്ലോ. മക്കള്‍ക്കൊപ്പം പോയി വേലക്കാരിയാകാന്‍ വൈക്‌ളബ്യം ഉണ്ടുതാനും. അന്തിക്കൂട്ടിനേക്കാള്‍ സാമ്പത്തിക അടിത്തറതേടിയാണ്   വിവാഹതാല്‍പ്പര്യം. പിന്നെ ലൈംഗികത. അത് ജീവിതത്തിന്റെ ഒരു വശമാണല്ലോ എന്നു മാത്രം.

'' അല്‍പ്പം കാശും കിടക്കാനൊരിടവും ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും രണ്ടാമതൊരു വിവാഹം ഞാന്‍ ചിന്തിക്കപോലുമില്ലായിരുന്നു .വല്ലതും എഴുതിയും വായിച്ചും യാത്ര ചെയ്തും ഞാനങ്ങനെ ജീവിച്ചുപോയേനേ.. ഒറ്റപ്പെട്ട ജീവിതത്തേക്കാള്‍ എന്തുകൊണ്ടും ഒരു കൂട്ട് നല്ലതു തന്നെയാണ് ''. പ്രതീകഷയോടെ ഒരു വരനെ ഇപ്പോഴും കാത്തിരിക്കുന്ന അവര്‍ പറഞ്ഞു.
 
അതെ, ലക്ഷ്യം പലര്‍ക്കും പലതാവും. പക്ഷേ നമ്മുടെ പുതിയ തലമുറ അതിനോട് സമരസപ്പെട്ടുകഴിഞ്ഞു. മാതാപിതാക്കളെ വിവാഹം കഴിപ്പിച്ചായാലും തങ്ങളുടെ കടമ തീര്‍ക്കുന്ന നന്‍മകളിലേക്ക് അവര്‍ എത്തപ്പെട്ടു . ഏകാന്തത എന്ന വലിയ ശത്രുവിന്റെ പിടിയില്‍നിന്ന് മാതാപിതാക്കളെ രക്ഷിക്കുന്നവര്‍. നാറ്റംവമിക്കുമ്പോള്‍ പരിസരവാസികള്‍ എത്തിനോക്കി മരണം ഉറപ്പാക്കുന്നതിനേക്കാള്‍ , വൃദ്ധസദനത്തിന്റെ നൊമ്പരങ്ങളിലേക്ക് അച്ഛനമ്മമാരെ വലിച്ചെറിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതല്ലേ അവര്‍ക്കൊരു വിവാഹം എന്നവര്‍ ചിന്തിച്ചു തുടങ്ങി. പക്ഷേ പുനര്‍വിവാഹം കുരിശാകാതിരുന്നാല്‍ നല്ലത്. പിടിച്ചതുമില്ല കടിച്ചതുമില്ല എന്ന അവസ്ഥ ആര്‍ക്കും വാര്‍ധക്യത്തില്‍  ഉണ്ടാകാതിരിക്കട്ടെ.
  
മൂന്നുനേരം വച്ചുവിളമ്പി തരാനും തുണി കഴുകാനും മുറ്റമടിക്കാനും പണം കൊടുക്കേണ്ടാത്ത ഒരു വേലക്കാരിയാണ് രണ്ടാം ഭാര്യ എന്ന ചിന്ത മാറണം. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ വാര്‍ധക്യത്തില്‍ തനിക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചവളുടെ ജീവിതം സുരക്ഷിതമാക്കാനുള്ള കടമ തനിക്കുണ്ടെന്നുള്ള പൂര്‍ണ്ണ ബോധ്യം പുരുഷനുണ്ടാവണം. അതൊരു നീതി മാത്രമാണ്.. പുരുഷന്‍ അതുകൂടി കണക്കിലെടുക്കണം.

# Old age wedding article by Jolly Adimathra

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക