അനിൽ ആന്റണിയെ വ്യക്തിപരമായി അറിയാം എന്നതുകൊണ്ടുതന്നെ, അനിലിന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റം എന്നെ കൂടുതൽ വേദനിപ്പിക്കുന്നു. അനിൽ കാലിഫോർണിയയിൽ സ്റ്റാൻഫർഡ് യൂണിവേഴ്സിറ്റിയിൽ മാനേജ്‌മെന്റ് ഓഫ് സയൻസ് - എഞ്ചിനീയറിംഗ് ബിരുദപഠനത്തിന്, എന്റെ മകന്റെ സഹപാഠിയായിരുന്നു.
സാങ്കേതികവിദ്യയെക്കുറിച്ചും അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും ആധികാരികമായി എഴുതുകയും ഹിന്ദുസ്ഥാൻ ടൈംസും ടൈംസ് ഓഫ് ഇന്ത്യയും പോലുള്ള മാധ്യമങ്ങളിൽ അതു സംബന്ധിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള അനിലിനെപ്പോലുള്ള പ്രഗത്ഭമതികൾ കോൺഗ്രസ് വിട്ടൊഴിയുന്നത് നിസാരമായി തള്ളിക്കളയരുത്.
മഹത്തായ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഇന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം എന്താണെന്നതിനെപ്പറ്റി ആത്മപരിശോധന നടത്തേണ്ട സമയമാണിത്. അനിൽ ആന്റണിയുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തിലും അതിനെത്തുടർന്ന് അദ്ദേഹം നടത്തിയ പ്രസ്താവനകളിലും നമുക്ക് നിരാശയുണ്ടെങ്കിലും, പാർട്ടി വിട്ടുപോകാൻ അനിലിനെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്.
ഗുജറാത്ത് കലാപത്തെപ്പറ്റിയും അതിൽ മോദിയുടെ പങ്കിനെപ്പറ്റിയും ബി.ബി.സി റിപ്പോർട്ട് വന്നപ്പോൾ അത് രാജ്യത്തിന്റെ പ്രതിച്ഛായക്ക് ദോഷമാണെന്നാണ് അനിൽ ആന്റണി പറഞ്ഞത്. പാർട്ടിയുടെ നിലപാട് അതല്ലായിരിക്കാം. പക്ഷെ പാർട്ടി അംഗത്തിന് സ്വതന്ത്രമായി അഭിപ്രായം പറയാൻ അവകാശമില്ലേ? വ്യക്തിസ്വാതന്ത്യം കോൺഗസ് എന്നും മാനിച്ചിട്ടുണ്ട്.
എന്നാൽ കേരളത്തിൽ നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ഇതേതുടർന്ന് അനിലിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായത്. അസൂയ കൊണ്ട് ഒരു വിഭാഗം. പിതാവ് എ.കെ. ആന്റണിയോടുള്ള എതിർപ്പ് കൊണ്ട് മറ്റൊരു വിഭാഗം. ബി.ജെ.പിക്കും മോദിക്കും അനുകൂലമായി പറയുന്നത് മഹാപാതകമായി കരുതുന്ന മറ്റൊരു വിഭാഗം- ഇവരെല്ലാം ഒറ്റക്കെട്ടായി വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ആ ചെറുപ്പക്കാരൻ പാർട്ടി വിട്ട് ശത്രുപക്ഷത്തു ചേർന്നു.
ഇതേരീതിയിലുള്ള ആക്രമണമാണ് ഇപ്പോൾ ശശി തരൂരിനെതിരെയും ഉണ്ടാകുന്നത്.
അനിൽ കോൺഗ്രസിൽ ചുമതല ഏറ്റെടുത്തത് എഐസിസിയിൽ സ്വാധീനം ചെലുത്തിയായാലും അല്ലെങ്കിലും, കോൺഗ്രസ് പാർട്ടിയുടെ പഴയ ചില കീഴ്വഴക്കങ്ങളോട് കടുത്ത വിയോജിപ്പ് പുലർത്തുന്ന യുവതയുടെ ഒരു തലമുറയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു എന്നതിൽ സംശയമില്ല. ഇത് 2024-ലെ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പാർട്ടിയുടെ ഭാവിയെക്കുറിച്ചത് ഗൗരവതരമായ ആശങ്ക ഉണർത്തുന്നുമുണ്ട്.
പ്രായപൂർത്തിയായ വ്യക്തിയെന്ന നിലയിൽ സ്വയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അവകാശം അനിലിനുണ്ടെങ്കിലും, ബിജെപിയിലേക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റം ഒരു വലിയ തെറ്റാണ്. മറ്റാരേക്കാളും അത് നാണക്കേടുണ്ടാക്കിയത് പതിറ്റാണ്ടുകളായി കോൺഗ്രസ് പാർട്ടിയുടെ അമരക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് എ.കെ.ആന്റണിക്കാണ്.
അനിലിന്റെ കൂറുമാറ്റത്തോടെ സംസ്ഥാനത്തെ ക്രിസ്ത്യൻ സമൂഹവും അതേ പാത പിന്തുടരുമെന്ന് കേരളത്തിലെ ചില ബിജെപി നേതാക്കൾ വീമ്പിളക്കുന്നതായി കാണുന്നുണ്ട്. ആ ദിവാസ്വപ്നം ഒരിക്കലും നടക്കാൻ പോകുന്നില്ല. കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രവും അവരുടെ രീതികളും നന്നായി അറിയാം. ബിജെപിയുടെ രാഷ്ട്രീയ ഗിമ്മിക്കുകളിൽ വീഴാത്ത വിദ്യാസമ്പന്നരും അറിവുള്ളവരുമായ വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇന്ത്യയെ ഭാവിയിൽ ഒരു ഹിന്ദു രാഷ്ട്രമാക്കാനുള്ള ബിജെപിയുടെ നീക്കം അവർ മുൻകൂട്ടി കാണുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പള്ളികൾക്കും, പുരോഹിതന്മാർക്കും, പാസ്റ്റർമാർക്കുമെതിരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നതായി പുറത്തുവരുന്ന വാർത്തകളും അവർ സശ്രദ്ധം വീക്ഷിക്കുന്നു.
അതുകൊണ്ടുതന്നെ, ബിജെപി പ്രതീക്ഷിക്കുന്നതുപോലെ തങ്ങളുടെ പാർട്ടിയിലേക്ക് ക്രിസ്തീയ സമുദായത്തിൽ നിന്ന് പെട്ടെന്നൊരു കുത്തൊഴുക്ക് ഉണ്ടാകാൻ പോകുന്നില്ല. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും തുല്യാവകാശങ്ങളുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രീതി, മലയാളികൾ ഇനിയും തുടരുകതന്നെ ചെയ്യും.
വർക്കിംഗ് പ്രസിഡന്റായി ശശി തരൂർ:
ശിക്ഷാനടപടിയെ ഭയപ്പെടാതെയുള്ള ആഭ്യന്തര ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് കോൺഗ്രസ് പാർട്ടിയുടെ ആവശ്യം. ശശി തരൂർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് പാർട്ടിയിലെ ഉന്നതതലത്തിലുള്ളവർക്ക് സ്വാഗതാർഹമായിരുന്നെങ്കിലും നിലവിലുള്ള സമ്പ്രദായത്തെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ചതിന് സ്റ്റിയറിംഗ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ശിക്ഷാനടപടിയാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്.
തരൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ചില ശക്തികൾ ഇപ്പോഴും കളിക്കുന്നതായി അഭ്യൂഹമുണ്ട്. അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവുകളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുന്നതിനുപകരം, റായ്പൂർ സമ്മേളനത്തിൽ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നതിന് പോലും ചില വിവേകശാലികൾക്ക് സമ്മർദ്ദം ചെലുത്തേണ്ടിവന്നു. തരൂരിനെ പുറത്താക്കുന്ന സ്തുതി വന്നാൽ കോൺഗ്രസിന് വലിയ ദോഷം തന്നെ സംഭവിച്ചേക്കാം. കേരളത്തിലെ കോൺഗ്രസ് അതിന് വലിയ വില നൽകേണ്ടി വരും.
അതിനുപകരം, ശശി തരൂരിനെ വർക്കിംഗ് പ്രസിഡന്റായി നിയമിക്കാനും അദ്ദേഹത്തിന്റെ നയതന്ത്ര വൈദഗ്ധ്യം ഉപയോഗിച്ച് പ്രതിപക്ഷ മുന്നണിയുമായി ചർച്ച ചെയ്യാനും എഐസിസി പ്രസിഡന്റ് ഖാർഗെ ജിയോട് ഞാൻ ശുപാർശ ചെയ്യുകയാണ്. രാഹുൽ ഗാന്ധിയുടെയും ശശി തരൂരിന്റെയും കഴിവുകൾ സംയോജിപ്പിച്ച് അവരെ ഒരുമിച്ച് പ്രവർത്തിക്കാൻ പ്രാപ്തരാക്കിയാൽ, അവരുടെ വൈദഗ്ധ്യവും ശക്തിയും വിനിയോഗിച്ച്, കോൺഗ്രസ് പാർട്ടി വലിയ സ്വാധീനം ചെലുത്തുന്ന വമ്പൻ ശക്തിയായി തീരും.
സ്ഥിരമായി അനുവർത്തിച്ചുവരുന്ന ചട്ടക്കൂടിന് വെളിയിൽ കടന്ന് ചിന്തിക്കാനും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുമുള്ള സമയമാണിത്. മുൻപ് ചെയ്തതുതന്നെ വീണ്ടും ആവർത്തിക്കുകയും മറ്റൊരു ഫലം പ്രതീക്ഷിക്കുകയും ചെയ്യുന്നത് മൗഢ്യമാണ്. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുകയും, പ്രതിപക്ഷത്തിന്റെ പ്രലോഭനങ്ങളിൽ വശംവദരാകാതെ പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി ഉറച്ചുനിൽക്കുന്നതുമായ പ്രവർത്തകരെ താഴേത്തട്ടിൽ നിന്ന് കണ്ടെത്തിവേണം നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേക്ക് സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ.
മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥി നിർണ്ണയം നടത്താൻ കഴിഞ്ഞാൽ, തങ്ങളുടെ മണ്ഡലത്തിലെ വോട്ടർമാരോട് കാര്യങ്ങൾ കൃത്യമായി സംവേദിക്കുന്നതിന് അവർക്ക് കൂടുതൽ സമയം ലഭിക്കുകയും ചെയ്യും.