Image

മെല്‍ബണിലെ ആദ്യ മലയാളി - തമിഴ് ഐക്യ സംഗമമാകാന്‍ 'നിലാവ്'

Published on 14 June, 2023
 മെല്‍ബണിലെ ആദ്യ മലയാളി - തമിഴ് ഐക്യ സംഗമമാകാന്‍ 'നിലാവ്'
മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ തമിഴ് - മലയാളി സമൂഹങ്ങളുടെ ഐക്യം വിളിച്ചോതുന്ന സംഗമനിശയൊരുക്കാന്‍ കൈകോര്‍ത്ത് മെല്‍ബണ്‍ മലയാളി യൂത്ത് സൊസൈറ്റിയും(എംഎംവൈഎസ്) മെല്‍ബണ്‍ അസോസിയേഷന്‍ ഓഫ് തമിഴ് സ്റ്റുഡന്റ്‌സും(മാറ്റ്‌സ്). 'നിലാവ്' എന്ന് പേരിട്ടിരിക്കുന്ന സംഗമം മെല്‍ബണ്‍ പവിലയനില്‍ ജൂണ്‍ 23-ന് അരങ്ങേറും. സംഗമത്തിന്റെ 750 ടിക്കറ്റുകള്‍ ഇപ്പോള്‍ത്തന്നെ വിറ്റുപോയതായി സംഘാടകര്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ അഭിമാനമായ എംഎംവൈഎസിനൊപ്പം ചേര്‍ന്ന് 'നിലാവ്' ഐക്യനിശ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മാറ്റ്‌സ് ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തോളം പേര്‍ ഒരുമിച്ചുകൂടുന്ന ഈ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്നും ഇരു സംഘടനകളും അറിയിച്ചു. ഓസ്‌ട്രേലിയന്‍ സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ എംഎംവൈഎസ്, 'മേളം' എന്ന പേരില്‍ മെല്‍ബണില്‍ പ്രൗഢോജ്ജ്വലമായ ഓണാഘോഷം നടത്തിയ ശേഷം സംഘടിപ്പിക്കുന്ന പ്രധാന പരിപാടിയാണിത്. രാജ്യത്തെ മറ്റ് പ്രവാസി സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എംഎംവൈഎസ് രക്തദാന ക്യാമ്പെയ്‌നടക്കം നടത്തിയിട്ടുണ്ട്. 2021-ല്‍ സ്ഥാപിതമായ മാറ്റ്‌സ് മെല്‍ബണിലെ തമിഴ് ജനതയ്ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള സംഘടനയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക