Image

പ്രോസി സ്ട്രീറ്റ്  ഫെസ്റ്റിവലിന് വിയന്നയില്‍ ഉജ്ജല സമാപനം

ജോബി ആന്റണി Published on 22 June, 2023
പ്രോസി സ്ട്രീറ്റ്  ഫെസ്റ്റിവലിന് വിയന്നയില്‍ ഉജ്ജല സമാപനം

വിയന്ന: ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവലിന് ഗംഭീര സമാപനം. രണ്ടു ദിവസം നീണ്ടു നിന്ന രാജ്യാന്തര മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാപ്രകടനങ്ങളും, ഭക്ഷണ പാനീയങ്ങളും, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. വിയന്നയിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച്  യോഗ ക്ലാസ്സോടെ കൊടിയേറിയ മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാക്കാരന്മാര്‍ അവരവരുടെ പരമ്പരാഗത കലാരൂപങ്ങള്‍ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

ഐവറി കോസ്റ്റ്  അംബാസോഡര്‍  സിസ്സേ യാകോബ മുഖ്യ  അതിഥിയായിരുന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ അരുണ്‍ കാന്ത് മനോഹരനും, മേരി പള്ളിക്കുന്നേലും സംയുക്തമായി ഉത്ഘാടനം നിര്‍വ്വഹിച്ചു. നൈജീരിയന്‍ എംബസി ഹെഡ് കോണ്‍സുലര്‍ ഫ്‌ലോറെന്‍സ് എജിഎം, ഹെഡ് ഓഫ് ചാന്‍സറി സണ്‍ഡേ വില്യംസ്, ഫിലിപ്പന്‍സ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ & കോണ്‍സുലര്‍ ജനറല്‍ ഇവാന്‍ ഫ്രാങ്ക് എം. ഒലീ, കള്‍ചറല്‍ ഓഫീസര്‍ ക്രിസ്റ്റിനെ കമില്ലെ ക്രൂസ്, വിയന്നയിലെ ഏഴാമത്തെ ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഓഫീസര്‍ ഇസബെല്ല ഉഹ്ല്‍, സിറോ മലബാര്‍ കമ്മ്യൂണിറ്റി ചാപ്ലയിന്‍ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളി തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.

കലാസാംസ്‌കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നവര്‍ക്ക് പ്രോസി എല്ലാ വര്‍ഷവും നല്കിവരുന്ന ഏക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. ശ്രീലങ്കന്‍ എംബസി കൗണ്‍സിലര്‍ ചരിത വീരസിങ്ഹെ ഓസ്ട്രിയയിലെ പ്രശസ്ത മ്യൂസിക് കമ്പോസര്‍ വിജയ് ഉപാധ്യയ്ക്ക് അവാര്‍ഡ് കൈമാറി.  

ഇന്ത്യ ഉള്‍പ്പെടെ ബംഗ്ലാദേശ്, ഫിലിപ്പന്‍സ്, ശ്രീലങ്ക, തായ്ലാന്‍ഡ്, പരാഗ്വേ, വിയറ്റ്‌നാം, പെറു, ബ്രസീല്‍, മെക്‌സിക്കോ, സെനഗല്‍, കെനിയ, നൈജീരിയ, എത്യോപ്യ, തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്‍മാര്‍ അവരുടെ സംസ്‌കാര തനിമ വിളിച്ചോതുന്ന പ്രകടനം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. രണ്ട് ദിവസങ്ങളിലായി 22-ലധികം മണിക്കൂര്‍ പരിപാടികള്‍ നീണ്ടുനിന്നു. 

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എക്‌സോട്ടിക് ഫെസ്റ്റിവല്‍ എന്ന ആശയം വിയന്നയില്‍ അവതരിപ്പിക്കുകയും, ഫെസ്റ്റിവലില്‍ വിവിധ രാജ്യക്കാരെ സംഘടിപ്പിച്ചു പൊതു നിരത്തില്‍ കലാപ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുന്നതുള്‍പ്പെടെ, വിയന്നയിലെ ഭൗഭാഷ സമൂഹം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നല്‍കിയ പിന്തുണക്കും സഹകരണത്തിനും പ്രോസി ഗ്രൂപ്പ് ചെയര്‍മാന്‍  ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ നന്ദി പറഞ്ഞു. അതോടൊപ്പം പ്രോസി ഗ്രൂപ്പിന്റേതായി തയ്യാറാകുന്ന പുതിയ സംഭരംഭമായ പ്രോസി ആയുര്‍വേദ പ്രോജക്റ്റും വിയന്നയിലെ ഡാന്യൂബ് നദിയ്ക്ക്  മറുവശത്ത് ആരംഭിക്കാനിരിക്കുന്ന പുതിയ ബ്രാഞ്ചിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. വിയന്നയിലുള്ള തദ്ദേശവാസികളും വിദേശികളും ഉള്‍പ്പെടെ ഏകദേശം പതിനായിരത്തിലധികം പേര്‍ രണ്ടു ദിവസങ്ങളിലായി മേളയില്‍ പങ്കെടുത്തു.

പ്രോസി സ്ട്രീറ്റ്  ഫെസ്റ്റിവലിന് വിയന്നയില്‍ ഉജ്ജല സമാപനംപ്രോസി സ്ട്രീറ്റ്  ഫെസ്റ്റിവലിന് വിയന്നയില്‍ ഉജ്ജല സമാപനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക