പാഹവും അയാളുടെ കുടുംബവും അവരുടെ പുതിയ വാസസ്ഥലത്ത് എത്തിയതും ഒരു വലിയ ഗ്രാമത്തിലെ സമിതിയിൽ പ്രവേശനത്തിന് അപേക്ഷിച്ചു. അയാൾ സമിതിയിലെ കാര്യക്കാർക്കു ചെലവു നൽകി, ആവശ്യമുള്ള രേഖകൾ സമ്പാദിച്ചു. അയാളുടേയും അയാളുടെ അഞ്ച് ആൺമക്കളുടേയും ഉപയോഗത്തിനായി സമിതിയുടെ അഞ്ചു പങ്ക് ഭൂമി നൽകി: അതായത് 125 ഏക്കറുകൾ (ഒന്നിച്ചല്ല, വ്യത്യസ്ത പാടങ്ങളിൽ ആയി) ഭൂമി, സമിതിയുടെ മേച്ചിൽസ്ഥലം ഉപയോഗിക്കുന്നതു കൂടാതെയാണ് ഇത്. തനിക്ക് ആവശ്യമുള്ള കെട്ടിടങ്ങൾ തയ്യാറാക്കി, കന്നുകാലികളെ വിലയ്ക്കു വാങ്ങി. സമിതിയുടെ ഭൂമി മാത്രം അയാൾക്കുണ്ടായിരുന്ന പഴയ വീടിന്റെ പുരയിടത്തിന്റെ മൂന്ന് ഇരട്ടി ഉണ്ടായിരുന്നു, ഭൂമിയാണെങ്കിലോ നല്ല ഫലഭൂയിഷ്ഠമായ ചോളം വിളയുന്ന ഇടവും. നേരത്തെ ഉണ്ടായിരുന്നതിലും പത്തിരട്ടി ഭേദപ്പെട്ട അവസ്ഥയിലാണ് അയാൾ ഇപ്പോൾ. അയാൾക്കിപ്പോൾ ധാരാളം കൃഷിയോഗ്യമായ ഭൂമിയും പൊതുമേച്ചിൽ സ്ഥലങ്ങളും ഉണ്ടായി, അയാൾക്കു വേണ്ടത്ര കന്നുകാലിക്കൂട്ടങ്ങളേയും സൂക്ഷിക്കാനായി.
ആദ്യം അവിടെ നിർമ്മാണങ്ങൾ നടത്തുന്നതിന്റേയും വാസമുറപ്പിക്കുന്നതിന്റേയും തിരക്കിൽ പാഹമിന് അതെല്ലാം സന്തോഷമായിരുന്നു, പക്ഷേ അതു കഴിഞ്ഞ് അവിടെ സ്ഥിരമായപ്പോഴേയ്ക്കും ഇവിടെ പോലും തനിക്ക് ആവശ്യത്തിന് ഭൂമിയില്ല എന്നു പാഹമിനു തോന്നുവാൻ തുടങ്ങി. ആദ്യ വർഷം അയാൾ അയാളുടെ പങ്കു ഭൂമിയിൽ ഗോതമ്പു വിതച്ചു, നല്ല വിളയും ലഭിച്ചു. അയാൾക്കു വിത്തു വിതയ്ക്കൽ തുടർന്നു കൊണ്ടേയിരിക്കണം എന്നു തോന്നി, പക്ഷേ അതിന് ആവശ്യമുള്ളത്ര ഭൂമി അയാൾക്ക് ഉണ്ടായിരുന്നില്ല, നേരത്തെ ഉപയോഗിച്ച ഭൂമിയാകട്ടെ ലഭ്യവുമായിരുന്നില്ല; കാരണം ആ പ്രദേശങ്ങളിൽ കന്നിമണ്ണിലോ തരിശുഭൂമിയിലോ മാത്രമേ ഗോതമ്പു വിതയ്ക്കുമായിരുന്നുള്ളു. അത് ഒന്നോ രണ്ടോ വർഷങ്ങൾ മാത്രമേ വിതയ്ക്കുകയുള്ളു, അതു കഴിഞ്ഞാൽ ഭൂമി തരിശായിരിക്കും, അവിടെ വീണ്ടും അമിതമായി പുല്ലു വളർന്ന് കാടു പിടിക്കുന്നതു വരെ. അങ്ങനെയുള്ള ഭൂമി വേണം എന്ന് ആഗ്രഹിക്കുന്നവർ പലരുണ്ടായിരുന്നു, അതിനാൽ എല്ലാവരുടേയും ആവശ്യത്തിന് ഉണ്ടായിരുന്നുമില്ല; അതിനാൽ അതു സംബന്ധിച്ച് ആളുകൾ വഴക്കുണ്ടാക്കി. കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉള്ളവർ, അത് ഗോതമ്പു വളർത്താൻ ഉപയോഗിച്ചു, പാവപ്പെട്ടവരാകട്ടെ, തങ്ങളുടെ നികുതി അടയ്ക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി അത് ഇടപാടുകാർക്ക് നൽകുന്നതിനും ആഗ്രഹിച്ചു. പാഹം കൂടുതൽ ഗോതമ്പു വിതയ്ക്കുന്നതിനു ആഗ്രഹിച്ചു; അതുകൊണ്ട് അയാൾ ഇടാപാടുകാരുടെ കൈയ്യിൽ നിന്ന് ഒരു വർഷത്തേയ്ക്ക് ഭൂമി വാടകയ്ക്ക് എടുത്തു.
അയാൾ വളരെയധികം വിത്തു വിതച്ചു, ഭേദപ്പെട്ട വിളവും ലഭിച്ചു, പക്ഷേ ആ ഭൂമി ഗ്രാമത്തിൽ നിന്നു വളരെ അകലെ ആയിരുന്നു. പത്തു മൈലുകളിൽ അധികം ഗോതമ്പു വണ്ടിയിൽ കൊണ്ടുവരേണ്ടതായ് വന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കർഷകരായ ഇടപാടുകാർ പ്രത്യേകം കൃഷിഭൂമികളിലാണ് താമസിക്കുന്നത് എന്നും അവർ പണക്കാരാകുന്നുണ്ട് എന്നും പാഹം ശ്രദ്ധിച്ചു.
'എനിക്ക് കുറച്ച് കരമൊഴിവായ സ്വതന്ത്ര ഭൂമി കിട്ടുമെങ്കിൽ, അതിൽ ഒരു പുരയിടവും ഉണ്ടെങ്കിൽ അതു മൊത്തത്തിൽ വ്യത്യസ്തമായ കാര്യമായിരിക്കും. അപ്പോൾ എല്ലാം സുഖകരവും ഉറപ്പായതും ആയിരിക്കും.' അയാൾ കരുതി:കരമൊഴിവായ ഭൂമി വാങ്ങുന്ന കാര്യം അയാളുടെ മനസ്സിൽ പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നു.
അതേ പോലെ തന്നെ മൂന്നു കൊല്ലക്കാലം അയാൾ തുടർന്നു; ഭൂമി വാടകയ്ക്ക് എടുക്കുക, വിതയ്ക്കുക. കാലാവസ്ഥ അനുകൂലമായി വന്നു ഭവിച്ചു, വിളവുകൾ നന്നായിരുന്നു, അയാൾ ഭാവിയിലേയ്ക്കായി പണം സമ്പാദിക്കുവാൻ തുടങ്ങി. അയാൾ തൃപ്തനായി ജീവിക്കുമായിരുന്നു,
പക്ഷേ എല്ലാ വർഷവും മറ്റുള്ളവരുടെ ഭൂമി വാടകയ്ക്ക് എടുക്കുന്നതും അതിനുവേണ്ടി പിടിവലി കൂടുന്നതും അയാൾക്ക് മടുപ്പായി. എവിടെയെങ്കിലും നല്ല ഭൂമി ഉണ്ടെങ്കിൽ കർഷകർ അതിനു വേണ്ടി തിരക്കു കൂട്ടും, അത് ഉടനേ തന്നെ എടുക്കും, അതു സംബന്ധിച്ച് നിങ്ങൾക്കു ബുദ്ധികൂർമ്മത ഇല്ലെങ്കിൽ, അതു നഷ്ടപ്പെട്ടിരിക്കും. മൂന്നാമത്തെ വർഷം അയാളും ഒരു ഇടപാടുകാരനും ഒന്നിച്ചു ചേർന്ന് കുറച്ചു കർഷകരിൽ നിന്ന് ഭൂമി വാടകയ്ക്ക് എടുക്കുന്നതിന് ഇടയായി; അവർ അത് ഉഴുതു മറിക്കുകയും ചെയ്തു, അപ്പോഴാണ് അതു സംബന്ധിച്ച് ചില തർക്കങ്ങൾ ഉടലെടുത്തതും കർഷകർ കേസിനു പോയതും, കാര്യങ്ങൾ കൈവിട്ടു പോയതും അവിടെ ചെയ്ത പണി മുഴുവൻ നഷ്ടമാകുകയും ചെയ്തത്. 'അത് എന്റെ സ്വന്തം ഭൂമി ആയിരുന്നെങ്കിൽ, ' പാഹം ആലോചിച്ചു, 'ഞാൻ സ്വതന്ത്രനാകുമായിരുന്നു, ഇത്തരത്തിലുള്ള മുഷിച്ചിൽ സംഭവിക്കുമായിരുന്നില്ല.'
അതുകൊണ്ട് തനിക്കു വാങ്ങിക്കുവാൻ കഴിയുന്ന ഭൂമി പാഹം അന്വേഷിച്ചു തുടങ്ങി; പതിമൂവായിരം ഏക്കറുകൾ ഉള്ള ഒരു കർഷകനെ അയാൾ കാണാനിടയായി, പക്ഷേ ചില ബുദ്ധിമുട്ടുകൾ വന്നു പെട്ടതു മൂലം അയാൾ അത് വിലക്കുറച്ച് വിൽക്കാൻ തയ്യാറായിരുന്നു. പാഹം അയാളോട് വിലപേശി, തർക്കിച്ചു, അവസാനം അവർ 1500 റൂബിളുകൾക്ക് വില ഉറപ്പിച്ചു, ഒരു ഭാഗം പണമായി ഇപ്പോഴും ബാക്കി പിന്നെയും കൊടുക്കാം എന്നും തീരുമാനമായി. അവർ ഏതാണ്ട് അന്തിമ തീരുമാനം എടുത്തപ്പോഴാണ്, ഒരു ദിവസം അതുവഴി കടന്നു പോയ ഒരു ഇടപാടുകാരൻ തന്റെ കുതിരയെ തീറ്റുന്നതിനായി പാഹമിന്റെ വീട്ടിൽ വണ്ടി നിർത്തുന്നതിന് ഇടയായത്. അയാൾ പാഹമിനൊപ്പം ചായ കുടിച്ചു, അവർ പലതും സംസാരിക്കുകയും ചെയ്തു. അങ്ങു ദൂരെയുള്ള ബഷ്‌കീറുകളുടെ സ്ഥലത്തു പതിമൂവായിരം ഏക്കറുകൾ 1000 റൂബിളുകൾക്കു വാങ്ങിയിട്ട് താനിപ്പോൾ മടങ്ങുകയായിരുന്നു, എന്ന് അയാൾ പറഞ്ഞു. പാഹം അയാളോട് കൂടുതൽ തിരക്കി, അതിന് ആ വ്യാപാരി ഇങ്ങനെ മറുപടി പറഞ്ഞു:
'അവിടുത്തെ പരമാധികാരികളും ആയി ചങ്ങാത്തം പിടിക്കുകയേ വേണ്ടു. ഏതാണ്ട് നൂറു റൂബിളുകൾ വിലയുള്ള വസ്ത്രങ്ങളും പരവതാനികളും, കൂടാതെ ഒരു പെട്ടി ചായ ഇത്രയും കൊടുത്തു, വൈൻ കുടിക്കുന്നവർക്കായി അതും നൽകി; ഏക്കറിന് രണ്ടു സെന്റിൽ താഴെ വിലവച്ച് എനിക്കു ഭൂമിയും ലഭിച്ചു.' അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ട് പാഹമിനെ പ്രമാണങ്ങൾ കാണിച്ചുകൊടുത്തു:
'ഭൂമി ഒരു നദിയുടെ അടുത്താണ്, മുഴുവൻ പുൽപ്രദേശവും കന്നിമണ്ണുമാണ്.'
പാഹം അയാളെ ചോദ്യങ്ങൾ കൊണ്ടു മൂടി, അതിന് അയാൾ ഇങ്ങനെ മറുപടി പറഞ്ഞു:
'നിങ്ങൾ ഒരു വർഷം മുഴുവനും നടന്നാലും തീരാത്തത്ര ഭൂമിയുണ്ട്, അതെല്ലാം ബഷ്‌കീറുകളുടേതുമാണ്. അവർ ആട്ടിൻപറ്റത്തെ പോലെ നിഷ്‌കപടരാണ്, തീരെ നിസ്സാര തുകയ്ക്ക് ഭൂമി ലഭിക്കുകയും ചെയ്യും.'
'എനിക്കു വേണ്ടത് ഇതാ, ' പാഹം ചിന്തിച്ചു, 'എന്റെ ആയിരം റൂബിളുകൾ വച്ച്, ഞാൻ എന്തിനാണ് പതിമൂവായിരം ഏക്കറുകൾ വാങ്ങുന്നത്, അതു കൂടാതെ കടത്തിന്റെ ഭാരവും ചുമലിലേറ്റുന്നത്. അവിടെ പോയാൽ എനിക്ക് ഈ പണത്തിന് ഇവിടെ കിട്ടുന്നതിലും പത്തിരട്ടി ലഭിക്കുമല്ലോ.'
see also
https://emalayalee.com/vartha/303405