കൊല്ലം: ഉളിയക്കോവിലില്‍ 20കാരനായ വിദ്യാര്‍ഥിയെ വിട്ടില്‍ കയറി കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു ആണ് കുത്തിക്കൊലപ്പെടുത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ തേജസ് കൈയില്‍ രണ്ട് കുപ്പി പെട്രോളും കരുതിയിരുന്നു.
ഫെബിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തേറ്റ ഫെബിന്‍ രക്ഷപ്പെടാന്‍ വീടിന് പുറത്തേക്ക് ഓടിയെങ്കിലും മതിലിന് സമീപം വീണതായി ദൃക്‌സാക്ഷിയായ അയല്‍വാസി രാമചന്ദ്രന്‍ പറഞ്ഞു. ഫെബിന്റെ സഹോദരിയും തേജസും ഒരുമിച്ച് പഠിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചില്‍ കുത്തിവീഴ്ത്തി. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും അക്രമണത്തില്‍ പരിക്കേറ്റു.
കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറില്‍ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റര്‍ അകലെ ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു താഴെ വാഹനം നിര്‍ത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി തേജസ് ജീവനൊടുക്കി. കാറില്‍ രക്തം പടര്‍ന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഗ്രേഡ് എസ്‌ഐ രാജുവിന്റെ മകനാണ്.
ഒരാള്‍ മാത്രമാണോ കാറില്‍ ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവില്‍ സ്വദേശി ഫെബിന്‍ ജോര്‍ജിനെ നീണ്ടകര സ്വദേശിയായ തേജസ് രാജ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ തമ്മിലും അറിയാമായിരുന്നു എന്ന കാര്യവും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു കൊലപാതകത്തിലേക്ക് നീങ്ങിയത് എന്തുകൊണ്ട് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.