കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയില്‍ നിന്ന് കാണാതായ പതിമൂന്നുകാരിയായ പെണ്‍കുട്ടിയെയും ബന്ധുവായ യുവാവിനെയും കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ രാവിലെയാണ് ഇവരെ ബെംഗളൂരുവില്‍ കണ്ടെത്തിയത്. പോലിസും മാധ്യമങ്ങളും പുറത്തുവിട്ട ഇവരുടെ ചിത്രങ്ങള്‍ കണ്ടു തിരിച്ചറിഞ്ഞവര്‍ ആണ് ഇവരെക്കുറിച്ചുള്ള വിവരം പോലിസിന് കൈമാറിയത്. രണ്ടു പേരെയും തിരിച്ചെത്തിക്കാന്‍ താമരശ്ശേരി പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.
ഈ മാസം പതിനൊന്നാം തീയതി മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പരീക്ഷയെഴുതാന്‍ വീട്ടില്‍ നിന്ന് രാവിലെ ഒന്‍പത് മണിക്ക് സ്‌കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ലെന്നാണ് പിതാവ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി തൃശ്ശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ 14-ാം തിയ്യതി തൃശ്ശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിലാണെത്തിയത്. പെണ്‍കുട്ടി നടന്നുവരുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ദൃശ്യങ്ങളില്‍ ബന്ധുവായ യുവാവുമുണ്ടായിരുന്നു. ഇവര്‍ ലോഡ്ജില്‍ റൂം എടുക്കാന്‍ ശ്രമിച്ചെങ്കിലും ഐഡി കാര്‍ഡ് ഇല്ലാത്തതിനാല്‍ റൂം നല്‍കിയില്ല. പിന്നീട് ലോഡ്ജ് ഉടമ തന്നെയാണ് ഇവരുടെ ഫോട്ടോ പുറത്തുവിട്ടത്.