ചക്കരക്കല്‍: കണ്ണൂര്‍ ചക്കരക്കലില്‍ ടൗണ്‍ റോഡ് വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ നടത്തിയ പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം. തിങ്കളാഴ്ച്ച വൈകീട്ട് ചക്കരക്കല്‍ ടൗണ്‍ കേന്ദ്രീകരിച്ച് എസ്ഡിപിഐ ചെമ്പിലോട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രകടനത്തിനിടെയാണ് സംഭവം.
പ്രകടനത്തിനിടയിലേക്ക് അതിക്രമിച്ചു കയറിയ കണയന്നൂര്‍ മുട്ടിലെച്ചിറ സ്വദേശി രമേശന്റെ നേതൃത്വത്തില്‍ എത്തിയ സംഘം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകം നടത്തിയ രമേശന്‍ മുണ്ട് പൊക്കി അശ്ലീലം കാണിക്കുകയും ചെയ്തു. സംഭവത്തില്‍ ചക്കരക്കല്‍ പോലിസില്‍ പരാതി നല്‍കി.
സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ അതിക്രമം അഴിച്ചു വിട്ടത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. റോഡ് വികസനത്തിന്റെ പേരില്‍ കടകള്‍ നഷ്ടപ്പെടുന്ന വ്യാപാരികള്‍ രാഷ്ട്രീയം മറന്ന് പ്രതിഷേധം ശക്തമാക്കിയതിലെ വിദ്വേഷമാണ് എസ്ഡിപിഐക്ക് മേല്‍ സിപിഎം ചൊരിയുന്നതെന്നും ജനാധിപത്യ മാര്‍ഗത്തിലെ പ്രതിഷേധം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അസഹിഷ്ണുത രാഷ്ട്രീയം ജനം തിരിച്ചറിയണമെന്നും എസ്ഡിപിഐ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, മുണ്ടു പൊക്കിക്കാണിച്ച രമേശനെ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രമേശന്‍ ആശുപത്രിയില്‍ ചികില്‍സ തേടി. റോഡരികില്‍ നിന്ന തങ്ങളുടെ പ്രവര്‍ത്തകനെ പ്രതിഷേധ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അകാരണമായി അക്രമിച്ചുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
അക്രമത്തില്‍ പരുക്കേറ്റ രമേശന്‍ ഇരിവേരി സി.എച്ച്‌സിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചക്കരക്കല്‍ ടൗണില്‍ പ്രതിഷേധപ്രകടനം നടത്തി.