സ്റ്റാച്യു ഓഫ് ലിബർട്ടി ഫ്രാൻസിനു യുഎസ് തിരിച്ചു നൽകണമെന്ന ഫ്രഞ്ച് രാഷ്ട്രീയ നേതാവ് റഫായേൽ ഗ്ളുക്സ്മാന്റെ അഭിപ്രായത്തെ വൈറ്റ് ഹൗസ് തള്ളി. അനാവശ്യമായ വിവാദമുണ്ടാക്കാൻ രാഷ്ട്രീയ ലക്‌ഷ്യം വച്ചാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
ഇടതു ചായ്വുള്ള മധ്യവർത്തിയായ ഗ്ളുക്സ്മാൻ പറയുന്നത് ശിൽപം നല്കുന്ന കാലത്തു ഫ്രാൻസിനു മതിപ്പുണ്ടാക്കിയ മൂല്യങ്ങൾ യുഎസ് ഇന്നു കാത്തുസൂക്ഷിക്കുന്നില്ല എന്നാണ്. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ വിമർശിക്കുക തന്നെയാണ് അദ്ദേഹം ചെയ്തതെന്നു വ്യക്തം.
അമേരിക്ക ഏകാധിപതികളെ കൂട്ടുപിടിക്കയും ഗവേഷണ സ്വാതന്ത്ര്യം ചോദിക്കുന്ന ശാസ്ത്രജ്ഞന്മാരെ പുറത്താക്കുകയും ചെയ്യുന്നുവെന്ന് ഗ്ളുക്സ്മാൻ ചൂണ്ടിക്കാട്ടി. "സ്റ്റാച്യു ഓഫ് ലിബർട്ടി ഞങ്ങൾക്കു തിരിച്ചു തരിക. ഞങ്ങൾ അതൊരു സമ്മാനമായി നല്കിയതാണ്. പക്ഷെ നിങ്ങൾ അതിനെ പുച്ഛിക്കയാണ്. അതു കൊണ്ടു അത് ഞങ്ങൾ തന്നെ സൂക്ഷിച്ചു കൊള്ളാം."
ഗ്ളുക്സ്മാന്റെ രാഷ്ട്രീയത്തിലെ സ്ഥാനത്തെ തന്നെ പുച്ഛിച്ചാണ് ലീവിറ്റ് സംസാരിച്ചത്. "ശിൽപം തിരിച്ചു നൽകുന്ന പ്രശ്നമേയില്ല. എന്റെ അഭിപ്രായത്തിൽ, യുഎസ് ഉണ്ടായിരുന്നതു കൊണ്ടാണ് ഫ്രഞ്ചുകാർക്കു ജർമൻ ഭാഷ സംസാരിക്കേണ്ട അവസ്ഥ ഉണ്ടാവാതിരുന്നത് എന്ന കാര്യം ആ ചെറുകിട രാഷ്ട്രീയക്കാരൻ ഓർമിക്കേണ്ടതാണ്.
"അത് കൊണ്ട് അവർക്ക് ഞങ്ങളുടെ രാജ്യത്തോട് ഏറെ കടപ്പാടുണ്ട്."
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ 1886 ഒക്ടോബർ 28നാണു ഫ്രാൻസ് ശിൽപം സമ്മാനിച്ചത്. ഫ്രഞ്ച് ശില്പി അഗസ്റ്റ ബർതോൾഡി നിർമിച്ച ശിൽപം.
US rejects French call to return Statue of Liberty