അനധികൃത കുടിയേറ്റക്കാരെ കോടതിയിൽ ഹാജരാക്കാതെ നാടുകടത്താൻ പ്രസിഡന്റ് ട്രംപ് 18ആം നൂറ്റാണ്ടിലെ ഏലിയൻ എനിമീസ് ആക്ട് ഉപയോഗിച്ചതിൽ സിഖ് കൊയലിഷൻ ആശങ്ക പ്രകടിപ്പിച്ചു. കാലഹരണപ്പെട്ട നിയമമാണ് അതെന്നു അവർ ചൂണ്ടിക്കാട്ടി.
"നമ്മുടെ ചരിത്രത്തിൽ മൂന്നു പ്രാവശ്യം മാത്രമാണ് ഇതിനു മുൻപ് ഈ നിയമം ഉപയോഗിച്ചിട്ടുള്ളത്," അവർ പ്രസ്താവനയിൽ പറഞ്ഞു. "1940ൽ ജാപ്പനീസ് വംശജരെ തുറുങ്കിലടയ്ക്കാൻ അതുപയോഗിച്ചത് നമ്മുടെ നാടിൻറെ ചരിത്രത്തിലെ ഏറ്റവും നഗ്നമായ വംശീയത ആയിരുന്നു. അതിനു കോൺഗ്രസും വൈറ്റ് ഹൗസും ജാപ്പനീസ് അമേരിക്കൻ സമൂഹത്തോട് മാപ്പു ചോദിക്കേണ്ടിയും വന്നു."
വെനസ്വേലൻ കുറ്റവാളികളെ നാടുകടത്താനാണ് കഴിഞ്ഞയാഴ്ച്ച ഈ നിയമം ട്രംപ് ഉപയോഗിച്ചത്. നടപടി കോടതി വിലക്കിയെങ്കിലും ഭരണകൂടം മുന്നോട്ടു പോയി.
വ്യക്തികളുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്ന ഒരു നിയമവും ഭരണകൂടം പ്രയോഗിക്കാൻ പാടില്ലെന്നു സിഖ് കൊയലിഷൻ പറഞ്ഞു. യുഎസ് പൗരന്മാർക്കെതിരെ പോലും പാടില്ല.
"എല്ലാവരുടെയും പൗരാവകാശങ്ങൾ സംരക്ഷിക്കണം എന്ന് ഉറച്ചു വിശ്വസിക്കുന്ന സംഘടനയാണ് സിഖ് കൊയലിഷൻ എന്നതു കൊണ്ട് ആ നടപടിയെ അപലപിക്കുന്നു," പ്രസ്താവനയിൽ പറഞ്ഞു.
Sikh Coalition opposes use of AEA