Image

ശൂന്യാകാശം കീഴടക്കിയ പുകള്‍പെറ്റ പുത്രിയെ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു... (എ.എസ് ശ്രീകുമാര്‍)

Published on 19 March, 2025
ശൂന്യാകാശം കീഴടക്കിയ പുകള്‍പെറ്റ പുത്രിയെ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു... (എ.എസ് ശ്രീകുമാര്‍)

കണ്ണെത്താത്ത ദൂരെ, നാനൂറ് കിലോമീറ്ററിനുമപ്പുറം ബഹിരാകാശത്തിന്റെ ഇരുള്‍പ്പരപ്പില്‍ നക്ഷത്രജാലങ്ങള്‍ക്ക് താഴെ ഭൂമിയെന്ന നീലിമ ചാര്‍ത്തിയ ഗ്രഹത്തെ നോക്കി സുനിത വില്യംസ് കഴിഞ്ഞത് ഒന്നും രണ്ടുമല്ല, 286 ദിവസങ്ങളാണ്. ഇക്കാലത്ത് ഭൂമിയില്‍ നിന്ന് അങ്ങാകാശത്തേയ്ക്ക് കണ്ണയച്ചുനിന്ന പലരും ഒരു വെള്ളിപ്പൊട്ടുപോലെ തെന്നിയൊഴുകിപ്പോകുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ (ഐ.എസ്.എസ്) ഇമവെട്ടാതെ
കണ്ടിരിക്കും. അതിലേയ്ക്ക് വെറും എട്ടുദിവസത്തെ ദൗത്യത്തിന് പോയി പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊപ്പം ഭൂമിയിലേയ്ക്കുള്ള മടക്കവും കാത്തുകഴിയുന്ന ഇന്ത്യന്‍ വംശജ സുനിതയുമുണ്ടല്ലോയെന്ന് നാം തെല്ലഭിമാനത്തോടെ ഓര്‍ത്തിരിക്കണം. ഒടുവില്‍, ശൂന്യാകാശത്തെ പ്രണയിച്ച സുനിത മാതൃഗ്രഹത്തില്‍ കാല്‍തൊട്ടു...അത് ചരിത്രമായി...

ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടന്നിരുന്നു. തന്റെ പിതാവിന്റെ പൂര്‍വ്വിക ഭൂമിയായ ഇന്ത്യയിലേയ്ക്ക് സുനിത വില്യംസ് താമസിയാതെ എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍.

140 കോടി ഇന്ത്യക്കാരുടെ അഭിമാനമായ സുനിത വില്യംസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നു. മാര്‍ച്ച് ഒന്നാം തീയതി അയച്ച കത്തിലാണ് ക്ഷണം. ഇന്ത്യയിലെത്തിയ നാസ ശാസ്ത്രജ്ഞന്‍ മൈക്ക് മസിമിനോ മുഖേന അയച്ച കത്ത് കേന്ദ്ര ശാസ്ത്ര മന്ത്രി ജിതേന്ദ്ര സിങ്ങാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രിയോടും ഇന്ത്യയോടും സുനിത നന്ദി അറിയിച്ചതായി ജിതേന്ദ്ര സിങ് പറഞ്ഞു.

''ഇന്ത്യക്കാരുടെ അഭിവാദ്യങ്ങള്‍ അറിയിക്കട്ടെ. യു.എസ് സന്ദര്‍ശനത്തില്‍ ട്രംപിനെയും ബൈഡനെയും കാണുമ്പോഴൊക്കെയും സുനിതയുടെ ക്ഷേമം അന്വേഷിച്ചിരുന്നു. സുനിത ഞങ്ങളുടെ ഹൃദയത്തിനരികിലാണ്. സുനിതയുടെ ആരോഗ്യത്തിനും മിഷന്റെ വിജയത്തിനും ഇന്ത്യക്കാര്‍ പ്രാര്‍ത്ഥിക്കുന്നു. 2016-ല്‍ യു.എസിലെത്തിയപ്പോള്‍ സുനിതയെ കണ്ടത് ഓര്‍മയിലുണ്ട്. മടങ്ങിവന്ന ശേഷം നമുക്ക് ഇന്ത്യയില്‍ കാണാം. പുകള്‍പെറ്റ പുത്രിയെ സ്വീകരിക്കുന്നത് ഇന്ത്യക്കാര്‍ക്ക് ആനന്ദകരമാണ്...'' മോദി കത്തില്‍ കുറിച്ചതിങ്ങനെ.

സുനിത ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സുനിതയുടെ സഹോദരഭാര്യ ഫാല്‍ഗുനി പാണ്ഡ്യയാണ് വെളിപ്പെടുത്തിയത്. ''കൃത്യമായ തീയതി ഇപ്പോള്‍ ലഭ്യമല്ല, എങ്കിലും ഈ വര്‍ഷം തന്നെ സുനിത ഇന്ത്യയിലേക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാനാണ് പദ്ധതിയിടുന്നത്. കുടുംബവുമായി ധാരാളം സമയം സുനിതയ്ക്ക് ചെലവിടാനാകും എന്നാണ് പ്രതീക്ഷ...'' ഫാല്‍ഗുനി വ്യക്തമാക്കി. സുനിത തങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പ്രചോദനമാണെന്നും സെപ്റ്റംബര്‍ 19-ന് 59-ാം ജന്മദിനം ബഹിരാകാശത്ത് ആഘോഷിച്ച സുനിതയ്ക്ക് ഇഷ്ടപ്പെട്ട മധുരപലഹാരമായ കാജു കട്‌ലി അയച്ചുകൊടുത്തിരുന്നുവെന്നും ഫാല്‍ഗുനി ഓര്‍ത്തെടുത്തു.

ഒഹായോയിലെ യൂക്ലിഡില്‍ 1965 സപ്തംബര്‍ 19-ന് ജനിച്ച സുനിതയുടെ അച്ഛന്‍ ഗുജറാത്തില്‍ നിന്ന് അമേരിക്കയിലെത്തിയ പ്രശസ്ത മെഡിക്കല്‍ ഡോക്ടര്‍ ദീപക് പാണ്ഡ്യയാണ്. കൊല്ലപ്പെട്ട മുന്‍ ഗുജറാത്ത് മന്ത്രി ഹരേണ്‍ പാണ്ഡ്യയുടെ അമ്മയുടെ സഹോദരനാണ് ദീപക്. അമ്മ യൂഗോസ്ലാവ്യയില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറിയ ബോണി. സ്‌കൂളിലും കോളേജിലുമൊന്നും അസാമാന്യ മികവു കാണിച്ച വിദ്യാര്‍ഥിനിയായിരുന്നില്ല സുനിത. ചേട്ടന്‍ നാവിക അക്കാദമിയില്‍ ചേര്‍ന്നതുകൊണ്ടാണ് താനും ആ പാത പിന്തുടര്‍ന്നതെന്ന് സുനിത പറഞ്ഞിട്ടുണ്ട്. നാവിക അക്കാദമിയില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ജോലിയിലാണ് സുനിത പരിശീലനം നേടിയത്. പിന്നെ ടെസ്റ്റ് പൈലറ്റ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്നാണ് ബഹിരാകാശ ഗവേഷണ മേഖലയിലേയ്ക്കു കടക്കുന്നത്. അത് പ്രകാശ വേഗത്തില്‍ തന്നെ സ്‌പേസ് കീഴടക്കുന്നതിലേയ്ക്ക് വളര്‍ന്നു.

അതേസമയം ഇന്ത്യന്‍ ഭക്ഷങ്ങളോട് സുനിതയ്ക്ക് വലിയ ഇഷ്ടമാണ്. ആത്മീയ കാര്യങ്ങളിലും ശ്രദ്ധ നല്‍കുന്ന സുനിത ഒരിക്കല്‍ പറഞ്ഞത് ബഹിരാകാശ യാത്രയില്‍ താന്‍ ഭഗവദ്ഗീതയും ഗണപതി ഭഗവാന്റെ വിഗ്രഹവും ഇന്ത്യന്‍ പലഹാരമായ കാജു കട്‌ലിയും കൊണ്ടുപോകാറുണ്ടെന്നാണ്. ഗണപതി തന്റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് നടത്തുന്ന ബഹിരാകാശ യാത്രകളിലെല്ലാം ഭഗവദ്ഗീത നിര്‍ബന്ധമായും കരുതാറുണ്ടെന്ന് സുനിത നേരത്തേ പറഞ്ഞിരുന്നു. ദൗത്യത്തിനിടെ ഭൂമിയെ ചുറ്റുമ്പോള്‍ ഈ പുണ്യഗ്രന്ഥങ്ങളില്‍ നിന്ന് ജ്ഞാനവും ശക്തിയും നേടിയെടുക്കാനാണ് ഇവ കരുതിയിരുന്നത് എന്നായിരുന്നു പറഞ്ഞത്.

2007 സെപ്തംബറില്‍ ഇന്ത്യയിലെത്തിയ സുനിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സബര്‍മതി ആശ്രമവും ഗുജറാത്തില്‍ അവരുടെ പിതാവിന്റെ ജന്മഗ്രാമമായ ജുലാസന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനവേളയില്‍ വേള്‍ഡ് ഗുജറാത്തി സൊസൈറ്റി സുനിതയ്ക്ക് 'സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിശ്വപ്രതിഭാ അവാര്‍ഡ്' നല്കുകയുണ്ടായി. 2007 ഒക്ടോബര്‍ 4ന് അമേരിക്കന്‍ എംബസി സ്‌ക്കൂളില്‍ പ്രഭാഷണം നടത്തുകയും ചെയ്തു.

സോണിയാ ഗാന്ധിയുമായിയും സുനിത കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു സേണിയ. ന്യൂഡല്‍ഹിയിലെ അവരുടെ ഔദ്യോഗിക വസതിയിലായിരുന്നു സുനിത വില്യംസ് സോണിയാ ഗാന്ധിയെ കാണാനെത്തിയത്. ആറ് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായിരുന്നു അന്ന് സുനിത ഇന്ത്യയിലെത്തിയത്. 195 ദിവസം ബഹിരാകാശത്ത് തങ്ങിയ ഏക വനിതാ യാത്രിക എന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമായിരുന്നു അന്നത്തെ ഇന്ത്യ സന്ദര്‍ശനം. നേട്ടത്തില്‍ മനസ് നിറഞ്ഞ് സോണിയ അഭിനന്ദിക്കുകയും ചെയ്തു. ഫ്‌ളോറല്‍ പ്രിന്റിലുള്ള ചുരിദാറായിരുന്നു ആയിരുന്നു സുനിതയുടെ വേഷം. നിരവധി പരിപാടികളില്‍ പങ്കെടുത്താണ് അന്ന് സുനിത അമേരിക്കയിലേയ്ക്ക് മടങ്ങിയത്. 

Join WhatsApp News
Sreekumar Puthumana 2025-03-20 02:21:46
പ്രധാനമന്ത്രി നരേന്ദ്രമോഡി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നു പോലും.. ഇദ്ദേഹം ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇന്ത്യയിലെത്തിയ സുനിതയെ അദ്ദേഹം ആദരിക്കാൻ ക്ഷണിച്ചിരുന്നു. അന്ന് അവർ അവജ്ഞയോടെ ആ ക്ഷണം നിരസിച്ചു, മോദിയെ കാണാൻ വിസമ്മതിച്ചു. പണ്ട് ഗുജറാത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യയെ മോദി മുഖ്യമന്ത്രിയായപ്പോൾ റവന്യു വകുപ്പിലേക്കു മാറ്റി. പകരം മോഡിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ അമിത് ഷായെ ആഭ്യന്തര മന്ത്രിയാക്കി. മോദിയുമായി അഭിപ്രായ വ്യത്യാസത്തേ തുടർന്നു പാണ്ട്യ മോദി മന്ത്രിസഭയിൽ നിന്ന് രാജി വച്ചു... മോഡിയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണിയായ ഹരേൻ പാണ്ഡ്യ ഒരു ദിവസം രാവിലെ പ്രഭാതസവാരിക്ക് പോയ സമയത്ത് എല്ലിസ് ബ്രിഡ്ജിലെ ലോ അക്കാഡമിയുടെ ഗാർഡനിൽ വച്ച് ഗുണ്ടകളാൽ കൊല്ലപ്പെട്ടു, 2003 മാർച്ച്‌ 26ന്. ഹൈദരാബാദിലെ ഗൂണ്ട സംഘത്തലവനായ തുല്സിദാസ് പ്രജാപതിയാണ് ഇതിനുള്ള ക്വോട്ടെഷൻ എടുത്തത്. പിന്നീട് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രജപതിയെ ഗുജറാത്ത്‌ പോലീസിലെ ഏറ്റുമുട്ടൽ കൊല സ്പെഷ്യലിസ്റ്റായ വൻസാര ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. തുടർന്ന് പ്രജാപതിയുടെ കൂട്ടാളിയെയും ഭാര്യ കൗസർബിയേയും ഗുജറാത്തിൽ ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ പോലീസ് തട്ടിക്കൊണ്ടു പോയി. രണ്ടുപേരുടെയും വെടിയേറ്റ് മരിച്ച മൃതദേഹങ്ങൾ രണ്ടു സ്ഥലത്തുനിന്ന് കണ്ടെത്തി.. ഈ കേസിലാണ് പ്രതിയായ അമിത്ഷായെ 97 ദിവസം സിബിഐ ജയിലിലടച്ചത്. ആ കേസിൽ വിധി പറയുന്നതിന് മുൻപ് ജസ്റ്റിസ്‌ ലോയ നാഗ്പുരിൽ ഒരു വിവാഹത്തിന് പോയപ്പോൾ താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് രാത്രിയുടെ മറവിൽ കൊല്ലപ്പെട്ടു.. M ഹരേൻ പാണ്ഡ്യയുടെ ശവസംസ്കാരചടങ്ങിനെത്തിയ നരേന്ദ്രമോദിയെ പാണ്ഡ്യയുടെ പിതാവ് വിത്തൽഭായ് പാണ്ഡ്യാ പരസ്യമായി കൊലയാളി ഇതിൽ പങ്കെടുക്കരുതെന്ന് വിലക്കിയത് അന്ന് വലിയ വാർത്തയായിരുന്നു.. മേൽപ്പറഞ്ഞ ഹരേൻ പാണ്ഡ്യയുടെ പിതൃസഹോദരനായ ദീപക് പാണ്ഡ്യയുടെ മകളാണ് സുനിത വില്യംസ്. ഹരേന്റെ ഫസ്റ്റ് കസിനും കളിക്കൂട്ടുകാരിയുമായിരുന്ന സുനിത വില്യംസ് മോദിയെ കാണാൻ വിസമ്മതിച്ചതിന്റെ കാരണം വ്യക്തമാണല്ലോ. ഇപ്പോൾ മോദി നാണം കെട്ട് അവരെ ക്ഷണിച്ചിരിക്കുന്നു. അവർ ക്ഷണം സ്വീകരിക്കില്ല എന്നത് ഏകദേശം ഉറപ്പാണ്. അമേരിക്കൻ പൗരയായ സുനിത പരസ്യമായി അതിന്റെ കാരണം പറയില്ല എന്നുറപ്പുള്ളത് കൊണ്ടാണ് മോദിജി ഇപ്പോൾ ഈ വിഷയവും പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. പക്ഷെ ഈ കഥകൾ അറിയാവുന്ന ആളുകൾ ഇപ്പോഴും ഇന്ത്യയിൽ ഉണ്ട് എന്നത് അദ്ദേഹം മറന്നു. മാധ്യമങ്ങളെ വിലയ്ക്കെടുത്തത് കൊണ്ട് ഇതൊക്കെ രഹസ്യമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ കണക്കു കൂട്ടൽ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക