ടൊറന്റോ: ഈ വർഷം ആദ്യം ചൈനയിൽ കനേഡിയൻ പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി ഗ്ലോബൽ അഫയേഴ്‌സ് കാനഡ. ചൈന വധശിക്ഷ നടപ്പാക്കിയതിനെ തിനെ കാനഡ ശക്തമായി അപലപിക്കുന്നതായും ഇത് അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമാണെന്നും ഗ്ലോബൽ അഫയേഴ്‌സ് കാനഡ പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വധശിക്ഷയ്ക്ക് വിധേയരായ കനേഡിയൻ പൗരന്മാർ ഉൾപ്പെട്ട കേസുകൾ ശക്തവുംമതിയായതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിരിക്കുന്നതെന്ന് ഓട്ടവയിലെ ചൈനീസ് എംബസി അറിയിച്ചു. ചൈനീസ് ജുഡീഷ്യൽ അധികാരികൾ നിയമങ്ങൾക്കനുസൃതമായാണ് കേസുകൾ കൈകാര്യം ചെയ്തിരിക്കുന്നതെന്നും കേസിൽ ഉൾപ്പെട്ട കനേഡിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചതായും എംബസി വ്യക്തമാക്കി.
എത്ര കനേഡിയൻ പൗരന്മാരെ വധിച്ചുവെന്നോ കൊല്ലപ്പെട്ടവരുടെ പേരുകൾ പുറത്തിവിടാനോ ഗ്ലോബൽ അഫയേഴ്‌സ് കാനഡയും ചൈനീസ് എംബസിയും വിസമ്മതിച്ചു. എന്നാൽ 2019 ൽ ചൈനീസ് കോടതി മയക്കുമരുന്ന് കള്ളക്കടത്തിന് വധശിക്ഷ വിധിച്ച ബ്രിട്ടിഷ് കൊളംബിയ അബോട്ട്‌സ്‌ഫോർഡ് സ്വദേശി റോബർട്ട് ലോയ്ഡ് ഷെല്ലൻബെർഗിനെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാനഡ സ്ഥിരീകരിച്ചു.
മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ “സീറോ ടോളറൻസ്” നയമാണ് തങ്ങൾ പിന്തുടരുന്നതെന്ന് ചൈനീസ് എംബസി വ്യക്തമാക്കി. അതേസമയം കാനഡ “നിയമവാഴ്ചയെയും ചൈനയുടെ ജുഡീഷ്യൽ പരമാധികാരത്തെയും ബഹുമാനിക്കണം” എന്നും “നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണം” എന്നും ചൈനീസ് സർക്കാർ കൂട്ടിച്ചേർത്തു.