തോക്കു കൊണ്ടുള്ള അക്രമം പൊതുജനാരോഗ്യ ഭീഷണിയാണെന്നു മുൻ സർജൻ ജനറൽ വിവേക് മൂർത്തി കഴിഞ്ഞ വർഷം നൽകിയ താക്കീത് ട്രംപ് ഭരണകൂടം നീക്കം ചെയ്തു. രണ്ടാം ഭേദഗതി അനുസരിച്ചുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ പരിഗണിച്ചു ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡിപ്പാർട്മെന്റ് ആണ് ഈ നടപടി എടുത്തത്.
തോക്ക് അക്രമം ഉയർന്നു തന്നെ നിൽക്കുന്നുവെങ്കിലും ഈ നടപടി തോക്കു ലോബിയെ സന്തോഷിപ്പിക്കും.
പൊതുജനാരോഗ്യ വിഷയങ്ങൾക്കു ഏറെ പ്രാധാന്യം നൽകിവന്ന മൂർത്തി 2024 ജൂണിലാണ് ഈ മാർഗനിർദേശം നൽകിയത്. ഗവേഷണം, മാനസികാരോഗ്യ പരിരക്ഷണം തുടങ്ങി ബന്ധപ്പെട്ട കാര്യങ്ങൾക്കു കൂടുതൽ പണം നൽകണമെന്നു അദ്ദേഹം ബൈഡൻ ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യുഎസിൽ കുട്ടികൾക്കും കൗമാരക്കാർക്കും ഇടയിൽ ഏറ്റവുമധികം മരണം ഉണ്ടാവുന്നത് തോക്കു മൂലമാണെന്ന കണക്കുകൾ പുറത്തു വന്ന നേരത്താണ് ഈ നീക്കം. വർഷം തോറും 45,738 മരണം എന്നാണ് കണക്കിൽ കാണുന്നത്. അക്രമം തടയാൻ അടിയന്തര നടപടികൾ വേണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്.
തോക്കിനിരയായ മുൻ കോൺഗ്രസ് അംഗം ഗാബി ഗിഫ്‌ഫോർഡ്സ് ഉൾപ്പെടെയുള്ളവർ നടപടിയെ എതിർത്തു.
2023ൽ ബൈഡൻ വൈറ്റ് ഹൗസിൽ സ്ഥാപിച്ച ഓഫിസ് ഓഫ് ഗൺ വയലൻസ് പ്രിവൻഷൻ ട്രംപ് നേരത്തെ അടച്ചിരുന്നു.
ട്രംപ് തന്നെ വെടിയേറ്റ വ്യക്തികളിൽ ഒരാളാണ് എന്നതാണ് വിരോധാഭാസം.
Murthy advice on gun violence removed