'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ചിത്രത്തിന്റെ സഹ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടിസ്. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 'ലൂസിഫർ', 'മരക്കാർ' എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്.
2022ൽ ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് നോട്ടീസ് എന്നാണ് ആദായ നികുതി വകുപ്പിന്‍റെ വിശദീകരണം. ശനിയാഴ്ച, എമ്പുരാന്റെ സംവിധായൻ പൃഥ്വിരാജ് സുകുമാരനും ആദായനികുതി വകുപ്പ് നോട്ടീസ് നൽകിയിരുന്നു.
മുൻചിത്രങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വ്യക്തത തേടിയായിരുന്നു നോട്ടിസ് നൽകിയത്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് തേടിയിരിക്കുന്നതെന്നാണ് വിവരം.
അതിനിടെ, വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ നടന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയിഡിൽ, ചട്ടം ലംഘിച്ച് 593 കോടി രൂപ സമാഹരിച്ചെന്നാണ് വിവരം.