'ആദ്ധ്യാത്മികമായ ജീവിതം നയിക്കാന്‍, ദൈവത്തെ
സ്‌നേഹിക്കാന്‍, സമൂഹത്തെ സേവിക്കാന്‍ ഞാനൊരു സന്യാസിനിയായി. എന്റെ
പ്രതീക്ഷകള്‍ അവിടെ തകരുകയായിരുന്നു. ആശ്രമ കവാടത്തിനുള്ളില്‍ നിത്യവും
ഞാന്‍ കരഞ്ഞിരുന്നു. ജനിച്ചു വീണ വീടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും
നാടിനെയും ത്യജിച്ചുകൊണ്ട് ഈ മഠം മതില്‍ക്കെട്ടിനുള്ളില്‍ എന്റെ ജീവിതം
അടിയറവെച്ചു. അവരെന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു.
സഹിക്കാവുന്നതിലും ഞാന്‍ സഹിച്ചു. ഇനി വയ്യ. സഹനങ്ങളുമായി, കണ്ണീരുമായി
ഇവരോടൊത്തുള്ള അടിമപ്പാളയത്തില്‍ എനിക്കിനി ജീവിക്കാന്‍ കഴിയില്ല.
ലോകത്തിന്റെ മുമ്പില്‍ ഞാനായിരിക്കാം കുറ്റക്കാരി. അല്ലെങ്കില്‍ അവര്‍
നിങ്ങളെ ബൗദ്ധികമായി കീഴ്‌പ്പെടുത്തിയിരിക്കാം. ലോകമേ, എന്നോട്
ക്ഷമിച്ചാലും. ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ തെറ്റുകാരിയല്ല. സത്യം നിങ്ങള്‍
മനസിലാക്കണം.' ഇത് പറഞ്ഞത് പാലായില്‍ ചേര്‍പ്പുങ്കല്‍ കര്‍മ്മീലിത്താ
മഠത്തില്‍നിന്നും സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ മേരി
സെബാസ്റ്റ്യനായിരുന്നു.
ശിഷ്ടകാലം ജീവിക്കാനുള്ള സാമ്പത്തിക സഹായം
സഭയോടാവശ്യപ്പെട്ടപ്പോള്‍ സഭയും പുരോഹിത ലോകവും അവര്‍ക്കെതിരെ ഭീക്ഷണികള്‍
മുഴക്കി. ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ടുള്ള കള്ളക്കേസ്സുകള്‍
ഫയല്‍ ചെയ്തു. ഇന്ത്യാ മുഴുവനുമുള്ള വാര്‍ത്താ മീഡിയാകള്‍ സഭയുടെ ഈ പീഡനം
റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ നാനാ
ഭാഗത്തുനിന്നുയര്‍ന്നപ്പോള്‍ അവരുടെ 25 വര്‍ഷത്തെ സേവനത്തിനു
പ്രതിഫലമെന്നോണം സഭ അവര്‍ക്ക് തുച്ഛമായ അഞ്ചു ലക്ഷം രൂപാ കൊടുത്ത്
പ്രശ്‌നങ്ങളവസാനിപ്പിച്ചു.
സഭ പഠിപ്പിക്കുന്നത് കരുണയും ദയയും സ്‌നേഹവും സമസൃഷ്ടങ്ങളോടുള്ള
സഹാനുഭൂതിയുമാണ്. എന്നാല്‍ 45 വയസുള്ള സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍
മഠമധികാരികളെയും സഭയേയും ഭയപ്പെട്ടിരുന്നു. മഠം അവരെ കേസുകളുമായി
പീഡിപ്പിച്ചുകൊണ്ടിരുന്നു. ജീവനു വിലപറഞ്ഞുകൊണ്ടുള്ള ഭീഷണികളും
ചിലയിടങ്ങളില്‍നിന്നു മുഴങ്ങി. കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷങ്ങളായി അവര്‍ ആ
മഠത്തില്‍ സേവനം ചെയ്തു. സഹനം മടുത്താണ് മഠമുപേക്ഷിക്കാന്‍ തീരുമാനിച്ചത്.
സഭയെ കുറ്റപ്പെടുത്തുന്നവരോട് സഭയൊരിക്കലും കരുണ കാണിക്കില്ല. പീഡനം
സഹിക്കാഞ്ഞ് ഈ വര്‍ഷം ജനുവരിയില്‍ സഭയുപേക്ഷിക്കാന്‍ സിസ്റ്റര്‍ മേരി
തീരുമാനമെടുത്തു.
സന്യാസിനിയായി അവര്‍ സേവനം ചെയ്തിരുന്നതു പാലായില്‍ ചേര്‍പ്പുങ്കലുള്ള
കര്‍മ്മിലീത്താ മഠത്തിലായിരുന്നു. കന്യാസ്ത്രിയായുള്ള സേവനത്തില്‍നിന്നും
വിരമിക്കുന്നതിനു മുമ്പ് മൂന്നു വര്‍ഷം സന്യാസിനി ജീവിതത്തില്‍ നിന്നും
വേറിട്ട് സാധാരണക്കാരെപ്പോലെ സ്വതന്ത്രമായി ജീവിക്കാനുള്ള അനുവാദം അവര്‍
ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ജീവിക്കാന്‍ സഭയുടെ നിയമം
അനുശാസിക്കുന്നുണ്ട്. മറ്റുള്ളവരും ഇതേ ആവശ്യം ഉന്നയിക്കുമെന്ന് ഭയപ്പെട്ട്
മേലധികാരികള്‍ അവരുടെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. മെയ് മാസത്തില്‍
അവര്‍ക്ക് സഭ വിടുവാനുള്ള അനുവാദം കിട്ടി. സഭയില്‍ തുടരാന്‍
സാധിക്കില്ലാത്ത സ്ഥിതിക്ക് ശിഷ്ടകാലം ജീവിക്കാനുള്ള നഷ്ടപരിഹാരവും അവര്‍
ആവശ്യപ്പെട്ടു. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ അധികാരികള്‍
നിരസിക്കുകയാണുണ്ടായത്.
സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മഠമുപേക്ഷിക്കാന്‍ തീരുമാനിച്ചതു മഠത്തിലെ അധികാരികളെ പ്രകോപിതരാക്കിയിരുന്നു. മഠം മോഷണക്കുറ്റും
ചുമത്തി കേസ് കൊടുത്തു. അനാഥാലയത്തിലെ കുട്ടികള്‍ക്ക് പീഡനം നല്‍കിയെന്ന്
പറഞ്ഞ് മനുഷ്യാവകാശ കമ്മീഷന്റെ മുമ്പാകെ പച്ചക്കള്ളങ്ങള്‍ തൊടുത്തുവിട്ടു.
കരുണയുടെ വര്‍ഷത്തില്‍ ക്രൂരതകളെത്ര മാത്രമാകാമോ അതെല്ലാം അവിടെയുള്ള
കര്‍മ്മലീത്താ കന്യാസ്ത്രികള്‍ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനോട് ചെയ്തു.
അവരെ മഠം കന്യാസ്ത്രികള്‍ മറ്റുള്ളവരുടെ മുമ്പില്‍ മാനസിക സമനില തെറ്റിയ
കന്യാസ്ത്രിയായി ചിത്രീകരിച്ചു. കന്യാസ്ത്രീകളുടെ അധീനതയിലുള്ള
ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ സ്വാധീനിച്ച് ഭ്രാന്തന്മാര്‍ക്കുള്ള ഗുളികകള്‍
തീറ്റിച്ചുവെന്നും അവര്‍ പരാതിപ്പെടുന്നു.
സഭയില്‍നിന്നു പിരിഞ്ഞുപോകുന്ന കന്യാസ്ത്രി ജീവിക്കാനായി ഒരു
തുകയാവശ്യപ്പെട്ടപ്പോള്‍ അധികാരികളെ കൂടുതല്‍ ക്ഷുഭിതരാക്കി. മേരിയ്ക്ക്
നാനാഭാഗത്തുനിന്നും ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതിനാലും ജീവനെ ഭയന്നും
പ്രശ്നം മനുഷ്യാവകാശ കമ്മീഷനെയും മഹിളാ സമാജങ്ങളെയും അറിയിച്ചു. സഭയില്‍
നിന്ന് പുറത്തു ചാടിയെങ്കിലും അവരെ മഠത്തിലെ അധികാരികള്‍ ജീവിക്കാന്‍
അനുവദിക്കുന്നില്ലായിരുന്നു. മാനസികമായി തകര്‍ക്കാന്‍ നാനാ ഭാഗത്തുനിന്നും
പ്രതികാര നടപടികള്‍ എടുത്തുകൊണ്ടിരുന്നു. മഠം വക സാധനങ്ങള്‍
മോഷ്ടിച്ചെന്നാരോപിച്ചു പോലീസില്‍ കേസ് കൊടുത്തു. പോലീസുകാരും മഠത്തിനൊപ്പം
നിന്ന് സിസ്റ്ററോട് ക്രൂരമായിട്ടാണ് പെരുമാറിയത്. അവര്‍ മഠത്തിലായിരുന്ന
സമയത്ത് മഠത്തിനോടനുബന്ധിച്ചുള്ള ശിശുഭവനിലെ കുട്ടികളെ
ഉപദ്രവിച്ചിരുന്നുവെന്നും പീഡിപ്പിച്ചിരുന്നുവെന്നും പറഞ്ഞ് മറ്റൊരു പരാതി
ശിശുക്ഷേമ സമിതിയ്ക്കും മഠം കന്യാസ്ത്രികള്‍ കൊടുത്തിട്ടുണ്ട്.
കര്‍ത്താവിന്റെ മണവാട്ടികള്‍ മഠം മന്ദിരങ്ങളില്‍ കത്തിയെരിയുന്ന
വാര്‍ത്തകളാണ് നാം സമീപകാലത്തെ പത്രങ്ങളിലും വാര്‍ത്താ മീഡിയാകളിലും
കാണുന്നത്. മഠം മതില്‍ക്കൂട്ടില്‍ ചിലര്‍ പീഡിപ്പിക്കപ്പെടുന്നു. ചിലരെ
പെരുവഴിയില്‍ ഇറക്കി വിടുന്നു. മതം നിര്‍ദ്ദേശിക്കുന്ന അനുസരണയുടെ
ചട്ടക്കൂട്ടിനുള്ളില്‍ അവരെ ചവുട്ടി മെതിക്കുന്നു. കന്യാസ്ത്രി മഠങ്ങളിലെ
ഇരുണ്ട ഇടനാഴികളില്‍ സംഭവിക്കുന്ന കഥകള്‍ പുറം ലോകമറിയുകയില്ല.
എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍, കന്യാസ്ത്രീയുടെ ജഡം കിണറ്റില്‍
കണ്ടാല്‍ തുടക്കത്തില്‍ വാര്‍ത്തകള്‍ വലുതായി കാണും. പിന്നീട്
വാര്‍ത്തകളുടെ പ്രാധാന്യം കുറഞ്ഞ് മഠത്തിനുള്ളില്‍ സംഭവിക്കുന്ന
പീഡനങ്ങളുടെയും യാതനകളുടെയും ക്രൂര മരണങ്ങളുടെയും കഥകള്‍
വിസ്മൃതിയിലാണ്ടുപോവും
രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തലങ്ങളില്‍ ശക്തവും സ്വാധീനവുമുള്ള
കത്തോലിക്കാ സഭയ്‌ക്കെതിരെ പോരാടിയാലും വിജയം കാണുക പ്രയാസമാണ്.
മനസാക്ഷിയെന്നത് സമൂലം നശിച്ച സഭാധികാരികള്‍ നിസ്സഹായരായവരുടെ വേദനകള്‍
ഗൗനിക്കുകയുമില്ല. അധികാര വര്‍ഗം എന്നും പുരോഹിത ലോകത്തിനൊപ്പമായിരിക്കും.
ഏതു രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിച്ചാലും ബിഷപ്പുമാരുടെയും മത
മേധാവികളുടെയും താല്പര്യങ്ങള്‍ക്കേ മുന്‍ഗണന നല്‍കുകയള്ളൂ.
വര്‍ഷങ്ങള്‍ക്കു മുമ്പ് മൂവാറ്റുപുഴയടുത്തുള്ള മാറിക മഠത്തില്‍
അതിക്രൂരമായി ഒരു കന്യാസ്ത്രീയുടെ മുഖത്ത് മറ്റൊരു കന്യാസ്ത്രി തിളച്ച
വെള്ളമൊഴിച്ച് മുഖം പൊള്ളിച്ചു. ആ കഥ വലിയ പ്രാധാന്യത്തോടെ അന്നത്തെ
മാതൃഭൂമി, കേരള കൗമുദി പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്നു
കുറ്റക്കാരായവരെയോ, അധികാരികളെയോ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതേ സഭ
മാറിക സംഭവം മറച്ചു വെച്ചു. മാത്രമല്ല പോലീസില്‍ ചാര്‍ജ് ചെയ്ത ആ കേസ് പണം
കൊടുത്ത് ഇല്ലാതാക്കുകയും ചെയ്തു. പാവപ്പെട്ട കന്യാസ്ത്രീകളുടെ ജീവന്
പുല്‍ക്കൊടിയുടെ വില പോലും കല്പിക്കാറില്ല. പ്രതിക്ഷേധിക്കുന്നവരെ മാനസിക
രോഗിയെന്ന് മുദ്ര കുത്തും. അസുഖമെന്നു സ്ഥാപിക്കാന്‍ സഭയുടെ കീഴിലുള്ള
ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്ന മാനസിക ഡോക്ടര്‍മാരുണ്ട്. അത്തരക്കാരായ
ഡോക്ടര്‍മാര്‍ അവര്‍ പ്രതിജ്ഞ ചെയ്ത മെഡിക്കല്‍ എത്തിക്‌സിന് യാതൊരു വിലയും
കല്പിക്കാറില്ല.
2015 ഡിസംബര്‍ ഒന്നാം തിയതി വാഗമണ്ണിന് സമീപമുള്ള ഉളുപ്പുണിയിലെ മഠത്തില്‍
ഒരു കന്യാസ്ത്രിയെ അതിദാരുണാം വിധം കൊലപ്പെടുത്തിയ ശേഷം സമീപത്തുള്ള
കിണറ്റില്‍ വലിച്ചെറിഞ്ഞു. സെന്റ് തെരേസാ കോണ്‍വെന്റിലെ സിസ്റ്റര്‍
ലിസായാണ് അന്ന് മരിച്ചത്. മഠത്തിലെ മറ്റു സഹ കന്യാസ്ത്രീകളുടെ മൊഴികളില്‍
സിസ്റ്റര്‍ ലിസാ മാനസിക രോഗിയായിരുന്നുവെന്നു സ്ഥാപിച്ചെടുക്കുകയും ചെയ്തു.
ഇത്തരം നുണക്കഥകള്‍ തത്തമ്മ പറയുന്നപോലെ കൂടെയുള്ള കന്യാസ്ത്രികളും പറയും.
കാരണം മഠങ്ങളില്‍ അവരുടെ നിലനില്പിന്റെയും പ്രശ്‌നമാണ്. കിണറ്റില്‍
മരിച്ചുകണ്ട കന്യാസ്ത്രിക്ക് മാനസിക സമ്മര്‍ദമുണ്ടായിരുന്നെന്നും
കൗണ്‌സിലിംഗിന് പോയിരുന്നുവെന്നും സഹ കന്യാസ്ത്രീകള്‍ മൊഴി നല്‍കി.
വേണ്ടത്ര തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ കേസ് മാഞ്ഞു പോവുകയും ചെയ്തു.
ഒരു വൈദികന്റെ ലൈംഗിക പീഡനം ചെറുത്തതിനെ തുടര്‍ന്ന് സഭ ഒരു യുവ
കന്യാസ്ത്രിയെ പുറത്താക്കിയ കഥയും വാര്‍ത്തയായിരുന്നു. പീഡനങ്ങളും മാനസിക
സമ്മര്‍ദവും സ്ഥലം മാറ്റങ്ങളും അടിയും തൊഴിയും ആ കന്യാസ്ത്രീയുടെ
ജീവിതാനുഭവങ്ങളായിരുന്നു. കണ്ണൂര്‍ മേലെചൊവ്വ സ്വദേശിനിയായ
കന്യാസ്ത്രീക്കാണ് ഈ ദുരനുഭവങ്ങള്‍ അന്ന് സംഭവിച്ചത്. പുരോഹിതന്‍
പീഡിപ്പിക്കാന്‍ ശ്രമിച്ച സമയം അവരന്നു മദ്ധ്യപ്രദേശില്‍ പാഞ്ചോരില്‍
അധ്യാപികയായി ജോലി നോക്കുന്നുണ്ടായിരുന്നു. അന്നുമുതല്‍ ആ യുവകന്യാസ്ത്രിയെ
സഭയിലെ മുരടിച്ച മുതിര്‍ന്ന കന്യാസ്ത്രികള്‍ നിരന്തരമായി ദ്രോഹിക്കാന്‍
തുടങ്ങി. പുരോഹിതന്റെ കാമലീലകളെ മറച്ചു വെയ്ക്കാന്‍ അവരെ ഇറ്റലിയിലെ രഹസ്യ
സങ്കേതത്തില്‍ പാര്‍പ്പിച്ചു. അവിടെ ടോയിലറ്റുകളും മുഷിഞ്ഞ വസ്ത്രങ്ങളും
പാത്രങ്ങളും കഴുകി അടിമവേല ചെയ്യിപ്പിച്ചിരുന്നു. അവിടെനിന്നും
പാതിരായ്ക്കിറക്കി വിട്ട അവര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഇറ്റാലിയന്‍
തെരുവീഥികളില്‍കൂടി ആരുമാരുമില്ലാതെ അലഞ്ഞു നടന്നു. ഒടുവില്‍ മലയാളി
സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിയ അവരുടെ ആലുവായിലുള്ള
മാതൃസ്ഥാപനം അവരെ സ്വീകരിച്ചില്ല. തലമുണ്ടും കൈവശമുള്ള ബാഗും വലിച്ചെറിഞ്ഞു
കൊണ്ട് അവിടുത്തെ കന്യാസ്ത്രികള്‍ 'സ്വന്തം വീട്ടിലേയ്ക്ക് പോടീയെന്നു'
ആക്രോശിച്ചുകൊണ്ടു കഴുത്തിനു പിടിച്ചു പുറത്തു ചാടിച്ചു. പത്തു
മണിക്കൂറോളം ഗേറ്റിനു പുറത്തുനിന്ന കന്യാസ്ത്രിയെ നാട്ടുകാര്‍ ആലുവാ ജനസേവക
മന്ദിരത്തില്‍ എത്തിച്ചു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവര്‍ ഈ
കേസില്‍ താല്പര്യം കാണിച്ചില്ല. സഭാ വസ്ത്രം തിരിച്ചുമേടിച്ചുകൊണ്ടു അവരെ
മഠത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവരുടെ ചാരിത്രത്തിനു വിലപറഞ്ഞ
പുരോഹിതന്‍ ആരെന്നറിയാതെ ഇന്നും സമൂഹത്തില്‍ മാന്യനായി നടക്കുന്നു.
സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്റെ കഥയും ഏതാണ്ട് ഇതുപോലെ തന്നെ. പഠിക്കുന്ന
കാലങ്ങളില്‍ ഇവര്‍ ഒരു പുരോഹിതനെ സ്‌നേഹിച്ചുവെന്ന കിംവദന്തികളുടെ പേരില്‍
അവര്‍ക്കെതിരെ മഠം തുടങ്ങിയ പീഡന കഥകള്‍ക്ക് പതിറ്റാണ്ടുകളുടെ
ചരിത്രമുണ്ട്. എന്നാല്‍ അതില്‍ സത്യമുണ്ടായിരുന്നില്ലെന്നു സിസ്റ്റര്‍
പറയുന്നു. അഥവാ സ്‌നേഹിച്ചെങ്കില്‍ തന്നെ മറ്റു കന്യാസ്ത്രികള്‍ എന്തിനു
അസൂയപ്പെടണം? ഒരു സ്ത്രീയും പുരുഷനും തമ്മില്‍ പരസ്പരം കണ്ടാല്‍ ആകര്‍ഷണം
വരാം. പ്രേമിച്ചെന്നും വരും. ഒരാളിന്റെ സമ്മതം കൂടാതെ കുപ്പായത്തിനുള്ളില്‍
ഉരുണ്ടു കളിക്കാന്‍ വരുമ്പോഴാണ് പ്രശ്‌നങ്ങള്‍ വളരുന്നത്. പുരോഹിതരും
കന്യാസ്ത്രികളും ഇട്ടിരിക്കുന്ന വസ്ത്രങ്ങളെ തിരുവസ്ത്രങ്ങളെന്നു
വിളിക്കുന്നു. തിരുവസ്ത്രത്തില്‍ പ്രേമവും അശുദ്ധ ചിന്തകളും പാടില്ലാന്നാണ്
വെപ്പ്. പ്രകൃതി നല്‍കിയ പ്രേമമെന്ന വികാരം അശുദ്ധ ചിന്തയോ? മനസ്സില്‍
വരുന്ന കാമവികാരങ്ങളെ ജീവിതകാലം മുഴുവന്‍ നിയന്ത്രിച്ചു ജീവിക്കുന്നതും
പ്രകൃതി വിരുദ്ധമാണെന്നു മനസിലാക്കണം. ദൈവം തന്ന കഴിവുകളെ നേരായ വഴി
ഉപയോഗിക്കാതിരിക്കുന്നതും ദൈവ നിന്ദയാണ്. ഒരു കന്യാസ്ത്രി മറ്റൊരാളെ
സ്‌നേഹിച്ചുവെന്നുള്ള കുറ്റമാരോപിച്ചുകൊണ്ട് അവരെ ശിക്ഷിക്കുന്നതും
ബാലിശമാണ്.
സിസ്റ്റര്‍ മേരിയോട് മഠത്തിലെ മേലാധികാരികള്‍ക്ക് വിദ്വെഷമുണ്ടാകാന്‍
മറ്റൊരു കാരണവുമുണ്ട്. പാലായില്‍ ശാന്തി നിലയമെന്ന പേരില്‍ ഒരു സ്‌പെഷ്യല്‍
സ്‌കൂള്‍ കന്യാസ്ത്രികള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഗ്രാന്റ്
കിട്ടാന്‍ അവിടെയുള്ള കന്യാസ്ത്രീകളെ കള്ളപ്പേരില്‍ അദ്ധ്യാപികരായി
ചേര്‍ക്കുമായിരുന്നു. ഡോക്കുമെന്റുകള്‍ തിരുത്തി സര്‍ക്കാരില്‍നിന്ന്
കൂടുതല്‍ ഗ്രാന്റും മേടിക്കുമായിരുന്നു. കന്യാസ്ത്രീകള്‍ സര്‍ക്കാരിനെ
ചതിച്ചു പണമുണ്ടാക്കുന്നതില്‍ സിസ്റ്റര്‍ മേരി പ്രതിക്ഷേധിച്ചിരുന്നു. ഇത്
തെറ്റാണെന്നു പരസ്യമായി അവരോടു പറയുമായിരുന്നു. അന്നു മുതല്‍ വിവിധ
സ്ഥലങ്ങളിലേക്ക് അവര്‍ക്ക് സ്ഥലമാറ്റം നല്‍കിക്കൊണ്ടിരുന്നു. കുട്ടികളെ
പഠിപ്പിക്കാന്‍ അനുവദിക്കാതെ ഒരു അക്കാഡമിക്ക് വര്‍ഷം പൂര്‍ത്തിയാകുന്നതിനു
മുമ്പും അവര്‍ക്ക് സ്ഥലം മാറ്റം കൊടുത്തിരുന്നു. സ്ഥലം മാറ്റുന്ന
കോണ്‍വെന്റുകളുടെ നടത്തിപ്പുകാരും ഈ സിസ്റ്ററെ ദേഹോപദ്രവം ഉള്‍പ്പടെ
എല്ലാവിധ പീഡനങ്ങളും കൊടുത്തിരുന്നു. ചെയ്യാത്ത കാര്യങ്ങള്‍ക്കും
കുറ്റങ്ങള്‍ ചാര്‍ത്തിക്കൊണ്ടു കള്ളിയെന്നു വിളിക്കുമായിരുന്നു. അവര്‍ക്കു
വരുന്ന കത്തുകളും ഒളിച്ചു വെച്ചിരുന്നു. മേരി പറയുന്നു, 'ഞാന്‍ അവരോടു
ക്ഷമിച്ചു. സഹിച്ചു, ഇനി എനിക്കു കഴിയില്ല.'
കാപട്യം നിറഞ്ഞ കന്യാസ്ത്രികള്‍ ചിന്തിക്കാന്‍ പ്രായമാകാത്ത പതിനാറും
പതിനേഴും വയസുള്ള പെണ്‍കുട്ടികളെ മയക്കി കന്യാസ്ത്രീ മഠത്തില്‍
ചേര്‍ക്കും. അവരുടെ കുടുംബ വക ഓഹരികള്‍ തട്ടിയെടുക്കും. ദരിദ്ര
കുടുംബത്തില്‍ നിന്നു വന്ന കന്യാസ്ത്രികളെങ്കില്‍ അവരെ അടിമകളെപ്പോലെ
പണിയെടുപ്പിക്കും. മുതിര്‍ന്ന കന്യാസ്ത്രികളുടെയും പുരോഹിതരുടെയും
അടിവസ്ത്രങ്ങള്‍ വരെ പാവപ്പെട്ട വീട്ടില്‍ നിന്നു വരുന്ന കുട്ടികള്‍ കഴുകി
കൊടുക്കണം. ഉദ്യോഗം നോക്കുന്ന കന്യാസ്ത്രികളെങ്കില്‍ അവര്‍ അദ്ധ്വാനിച്ചു
നേടുന്ന പണവും തട്ടിയെടുക്കും. ഭവനങ്ങള്‍ മുറിച്ചും തീവണ്ടികളും
കൊള്ളയടിക്കുന്നവരെ ഭൗതിക കൊള്ളക്കാരെന്നു വിളിക്കാമെങ്കില്‍ ഇവര്‍ സഭയുടെ
സംഘിടിതമായ ആത്മീയ കൊള്ളക്കാരാണ്. പാവപ്പെട്ട പെണ്‍കുട്ടികളുടെ അദ്ധ്വാനഫലം
ചൂഷണം ചെയ്യുന്നതിനു പുറമെ അവരുടെ അനുസരണ ശീലവും വേണം പോലും.
കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മാതാപിതാക്കളെ അനുസരിക്കണം. എന്നാല്‍
മഠത്തിനുള്ളിലെ വൃദ്ധ കന്യാസ്ത്രികളെയും മദര്‍ സുപ്പീരിയറെന്ന പൈശാചിക വേഷം
ധരിച്ച സ്ത്രീയേയും നിലനില്‍പ്പിനായി സദാ നമസ്‌ക്കരിച്ചുകൊണ്ടുമിരിക്കണം.
മഠം നിയമങ്ങള്‍ തെറ്റിച്ചാല്‍ മനുഷ്യത്വമില്ലാതെ പട്ടിണിക്കിടുകയും
കൊടുക്കാവുന്ന ശിക്ഷ മുഴുവന്‍ നല്‍കുകയും ചെയ്യും. ഇത്തരം ക്രൂരമായ
സ്ത്രീകളുടെ അടിമത്വ വ്യവസ്ഥിതിയെ ചോദ്യം ചെയ്യാന്‍ സാമൂഹിക പ്രവര്‍ത്തകരോ
മഹിളാ സമാജം പോലുള്ള സംഘടനകളോ വരാറില്ല. ഒരു കന്യാസ്ത്രീയുടെ ജീവനുപോലും
ഇവര്‍ വില കല്പിക്കാറില്ലെന്നുള്ള സത്യം സമീപകാല സംഭവങ്ങളില്‍നിന്നും
വ്യക്തമാണ്.
ചെറുപ്രായത്തില്‍ മഠത്തില്‍ ചേരുന്ന കുട്ടികള്‍ നിത്യവുമവിടെ ഒരു സ്വപ്ന
ലോകത്തിലെന്നപോലെ മണവാളനെ കാത്തിരിക്കും. മണവാളനായ ഈശോയെ അവര്‍ ഒരിക്കലും
കാണില്ല. ഹൃദയം പൊട്ടിയും തളര്‍ന്നും ഊണിലും ഉറക്കത്തിലും
പ്രാര്‍ഥിച്ചുകൊണ്ടിരിക്കും. മണവാളനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മുക്തി
നേടുമ്പോള്‍ ചിന്തകളുണരുമ്പോള്‍ അവരുടെ പടുത്തുയര്‍ത്തിയ സ്വപ്നങ്ങളെല്ലാം
കൈവിട്ടുപോയിരിക്കും. പുറത്തിറങ്ങിയാലും ജീവിക്കാനും കഴിയില്ല.
വെറുപ്പോടുകൂടിയ സമൂഹവും സ്വന്തം സഹോദരരും തള്ളിപ്പറയും. ഒടുവില്‍ മഠമെന്ന
ശവക്കല്ലറയ്ക്കുള്ളില്‍ ജീവിതം ഹോമിച്ചു പാഴാക്കി നശിപ്പിച്ചു കളയേണ്ടിയും
വരും. സ്വന്തമായി മാതാപിതാക്കളില്‍നിന്ന് എന്തെങ്കിലും കിട്ടാനുള്ളത് മഠം
തട്ടിയെടുത്തിരിക്കും. കുടുംബത്തില്‍ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ അത്
കുടുംബത്തിലുള്ളവരുടെ അധീനതയിലുമായിരിക്കും.
മഠം മതില്‍ക്കൂട്ടിനുള്ളില്‍ വികാരങ്ങളടക്കി വീര്‍പ്പു മുട്ടാതെ ഒരു
പുരുഷനുമായി ജീവിക്കുകയാണ് ഉത്തമമെന്ന് മഠത്തില്‍ ചേരണമെന്ന് ചിന്തിക്കുന്ന
പെണ്‍കുട്ടികള്‍ മനസിലാക്കണം. അക്കാര്യം സെന്റ് പോള്‍ വചനങ്ങളിലും
പറഞ്ഞിട്ടുണ്ട്. 'കര്‍ത്താവിന്റെ മണവാട്ടിയെന്ന' സുന്ദരമായ പദങ്ങള്‍
പുരോഹിതര്‍ കുട്ടികളെ പ്രലോഭിപ്പിക്കാനുണ്ടാക്കിയ വാക്കുകളെന്നും
മനസിലാക്കണം. മഠത്തില്‍ ചേരുന്നതിനു മുമ്പ് ജനിപ്പിച്ച മാതാപിതാക്കളെയും
കുടുംബത്തെയും ഉപേക്ഷിക്കണമെന്ന സാരോപദേശവും ലഭിക്കും. പ്രകൃതി നല്‍കിയ
ചെറുപ്പകാലത്തിലെ അഴകും സൗന്ദര്യവും നശിക്കുമ്പോള്‍ പിന്നെ പന്ത്
പുരോഹിതരുടെയും മദര്‍ സുപ്പീരിയരുടെയും കോര്‍ട്ടിലായിരിക്കും. പിന്നീടു
ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാത്ത പാവം കന്യാസ്ത്രീകളെ എവിടെ
വേണമെങ്കിലും പന്തു തട്ടാം. അധികാരമുള്ളവരുടെ ചെരുപ്പുകളും തുടച്ചു
ജീവിച്ചില്ലെങ്കില്‍ ഈ പെണ്‍കുട്ടികളെ കരിയിലപോലെ തൂത്തെറിയുകയും ചെയ്യും.
കര്‍ത്താവൊരിക്കലും ആരോടും മണവാട്ടിയാകാന്‍ പറഞ്ഞിട്ടില്ല. വേദഗ്രന്ഥങ്ങള്‍
തപ്പിയാലും അങ്ങനെയുള്ള വചനങ്ങള്‍ കാണുകയുമില്ല. മനുഷ്യനുള്ള കൈകാലുകളും
മറ്റു അവയവങ്ങളും ചിന്തിക്കാനുള്ള കഴിവുകളും പ്രകൃതി തന്നിരിക്കുന്നത്
അവകളെ നിശ്ചലമാക്കാനല്ല. ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ പ്രവര്‍ത്തന
ശക്തികളുണ്ട്. മനസിനുന്മേഷം തരുന്ന പ്രവര്‍ത്തനങ്ങളെ
പ്രവര്‍ത്തനരഹിതമാക്കുന്നതും പ്രകൃതി വിരുദ്ധമാണ്. പ്രകൃതി തന്ന കഴിവുകളെ
പ്രയോജനപ്പെടുത്തുന്നതിനു പകരം ബ്രഹ്മചര്യം കാത്തു സൂക്ഷിക്കുകയല്ല
വേണ്ടത്. ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്‍ വേണമെന്നുള്ളത് പ്രകൃതി നിയമമാണ്.
പ്രകൃതിയിലുള്ള എല്ലാ ജീവജാലങ്ങളും അതിന്റെ ഇണയെ കണ്ടെത്തുന്നതായി കാണാം.
പ്രകൃതിയുടെ ഇഷ്ടാനുഷ്ഠാനങ്ങള്‍ കാത്തു സൂക്ഷിക്കുന്നതും ഈശ്വര
സാക്ഷാത്ക്കരമാണ്. യേശുപോലും വികാരങ്ങളെയടക്കി ജീവിച്ചിരുന്ന
ബ്രഹ്മചാരിയായിരുന്നുവെന്നു ചരിത്രത്തില്‍ യാതൊരു തെളിവുകളുമില്ല.
മാതാപിതാക്കള്‍ കുട്ടികളെ ക്രിസ്തീയ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍
വിടുന്നത്, കുട്ടികള്‍ വഴിപിഴച്ചു പോകാതിരിക്കാനെന്നു വിശ്വസിക്കുന്നു.
അവിടെ സാമ്പത്തികമായി ഉയര്‍ന്ന കുട്ടികള്‍ക്ക് വേണ്ട പരിഗണയും ശ്രദ്ധയും
കൊടുക്കും. ദരിദ്ര കുടുംബത്തില്‍പ്പെട്ടവരെങ്കില്‍ ആ കുട്ടികളെ മാനസികമായി
തകര്‍ക്കുകയും ചെയ്യും. പ്രസവിക്കാത്ത ഈ സ്ത്രീകളില്‍ ഭൂരിഭാഗം പേര്‍ക്കും
കുട്ടികളോട് സ്‌നേഹം കാണില്ല. കുഞ്ഞാടുകളുടെ കാര്യത്തിലും അവരുടെ
പണത്തിലും നോട്ടമിട്ടിരിക്കുന്ന അഭിഷിക്തര്‍ ആദ്യം കുഞ്ഞാടുകളെ
സംരക്ഷിക്കാതെ മഠങ്ങളില്‍ നടക്കുന്ന ക്രൂരതകള്‍ക്കു പരിഹാരം കാണരുതോ?
ഒരു കന്യാസ്ത്രി ഒരു പുരുഷനോട് സംസാരിച്ചാല്‍ വലിയ കുറ്റം. അതെ സമയം ഒരു
പുരോഹിതനായാല്‍ അയാള്‍ക്ക് വ്യപിചാരം ചെയ്യാം, പ്രകൃതി വിരുദ്ധ പണികളും
നടത്താം, അശ്‌ളീല പടങ്ങള്‍ കൊണ്ട് ലാപ്‌ടോപ് നിറച്ചു നടക്കാം.
എതിര്‍ക്കുന്നവരെ ഗുണ്ടകളെക്കൊണ്ട് തല്ലിപ്പിക്കാം. കൊല്ലാം. ഈ സ്വപ്ന
സഞ്ചാരികളായ പുരോഹിതര്‍ക്ക് ബലിയും അര്‍പ്പിക്കാം. എങ്കിലും അയാള്‍
സമൂഹത്തിലെ മാന്യന്‍ തന്നെ. പക്ഷെ ഒരു സ്ത്രീ അല്ലെങ്കില്‍ കന്യാസ്ത്രി അടി
പതറിയാല്‍ അവരെ സമുദായ ഭ്രഷ്ട് കല്‍പ്പിക്കാന്‍ കഴുകന്മാര്‍ അവസരം കാത്തു
കിടക്കുകയാണ്. അഗ്‌നിപര്‍വതം പോലെ പൊട്ടിയുരുകുന്ന ഹൃദയവുമായി മരിച്ചു
ജീവിക്കുന്ന അവളെ ആത്മഹത്യയില്‍ എത്തിക്കുന്ന സമൂഹമാണ് ചുറ്റുമുള്ളത്.
കൈകള്‍ വളരുന്നതും കാലുകള്‍ വളരുന്നതും നോക്കി ഓമനിച്ചു വളര്‍ത്തിയ
കുട്ടികള്‍ കാപട്യം നിറഞ്ഞ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന വസ്തുതയും അവരുടെ
മാതാപിതാക്കളുമറിയുന്നില്ല.
'ഞാന്‍ എന്റെ ജീവിതത്തെ ഭയപ്പെടുന്നു. മഠം ഭരിക്കുന്നവര്‍ അധികാരവും
പണവുമുള്ളവരാണ്. അവര്‍ക്ക് ഏതു സമയത്തും എന്നെ ദേഹോപദ്രവം ചെയ്യാമെന്നു'
വാര്‍ത്താ ലേഖകരോട് സിസ്റ്റര്‍ മേരി പറഞ്ഞു. 'സഭയില്‍ ചേര്‍ന്ന കാലം മുതല്‍
ചെയ്യാത്ത കുറ്റത്തിന് അവരെ എന്നും പഴി ചാരുമായിരുന്നുവെന്നും' പറഞ്ഞു.
സിസ്റ്റര്‍ തുടരുന്നു, '1997ല്‍ സോഷ്യോളജിയില്‍ മാസ്റ്റര്‍ ബിരുദത്തിനു
പഠിക്കുന്ന സമയം താന്‍ ഒരു പുരോഹിതനായി പ്രേമത്തിലാണെന്നും മറ്റു സഹ
കന്യാസ്ത്രികള്‍ പറഞ്ഞുണ്ടാക്കി. അന്ന് എന്റെ ഭാഗത്തുനിന്നും സത്യം
ഉള്‍ക്കൊള്ളാന്‍ ആരുമുണ്ടായിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് അവരെന്നെ ഒരു
ധ്യാന കേന്ദ്രത്തില്‍ അയച്ചു. അവിടെ എനിക്കന്നു ആരോടും സംസാരിക്കാന്‍
അനുവാദമുണ്ടായിരുന്നില്ല. പുറം ലോകമായി യാതൊരു സമ്പര്‍ക്കമില്ലാതെ അവരെന്നെ
അന്ധകാരമായ മുറികളില്‍ ഏകയാക്കിയിരുന്നു. അന്നുള്ള എന്റെ ജീവിതം ഭീകരവും
ഭയാനകവുമായിരുന്നു.'
സിസ്റ്റര്‍ മേരി സെബാസ്റ്റ്യനു ലഭിച്ച പീഡനം സഭാ ചരിത്രത്തില്‍ ആദ്യത്തെതോ
ഒറ്റപ്പെട്ടതായ സംഭവമോ അല്ല. അടുത്ത കാലത്തു സിസ്റ്റര്‍ മേരി ചാണ്ടിയും
സിസ്റ്റര്‍ ജെസ്മിയും കന്യാസ്ത്രി ജീവിതത്തിലെ അവരുടെ ദുഖകരമായ കഥകളടങ്ങിയ
പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മേലാധികാരികളില്‍ നിന്നും പീഡനം
സഹിക്കാന്‍ മേലാതെ മുപ്പത്തിമൂന്നു വര്‍ഷത്തെ സേവന ശേഷം സിസ്റ്റര്‍ ജെസ്മി
സഭാ വസ്ത്രം ഉപേക്ഷിച്ചു. അവര്‍ എഴുതിയ 'ആമേന്‍' എന്ന ഗ്രന്ഥം വളരെയേറെ
വിവാദപരമായിരുന്നു. സിസ്റ്റര്‍ അഭയായുടെ മരണത്തിനുത്തരവാദികള്‍ രണ്ടു
പുരോഹിതരായിരുന്നു. ഇതില്‍ നിന്നെല്ലാം മനസിലാക്കേണ്ടത് സഭ
പരിശുദ്ധമല്ലെന്നാണ്.
സഭയില്‍നിന്നു പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി സെബാസ്റ്റ്യന് ഇനി സ്വന്തം
സമുദായത്തില്‍നിന്നും കുടുംബക്കാരില്‍നിന്നും വലിയ വെല്ലുവിളികളെയും
നേരിടേണ്ടി വരും. 'മഠം ചാടി'യെന്ന പേരിന്റെ കൂടെ അനാശാസ്യ കഥകളും
കിംവദന്തികളും പ്രചരിക്കും. ഇത്തരണത്തില്‍ ഒരു സ്ത്രീ മഠത്തിനു വെളിയില്‍
ജീവിതം തുടരണമെങ്കില്‍ ആത്മധൈര്യവും വേണം. മേരിയുടെ കുടുംബത്തിലുള്ളവര്‍
അവരെ സ്വീകരിക്കാന്‍ തയ്യാറല്ല. കാരണം ഒരു കന്യാസ്ത്രി മഠം ജീവിതം
ഉപേക്ഷിച്ചു മടങ്ങി വരുന്നത് കുടുംബത്തിനും അപമാനമാണ്. ജനം അവരെ കാണുന്നത്
യേശുവിനെ ചതിച്ച സ്ത്രീയെന്നാണ്. അവര്‍ തുടങ്ങി വെച്ച ഈ സമരം യേശുവിനോടല്ല,
ചട്ടങ്ങള്‍ മാറ്റപ്പെടാത്ത കാലഹരണപ്പെട്ട സഭയോടാണെന്നത് ജനം
മനസിലാക്കുന്നുമില്ല.
മഠം വിട്ടുപോവുന്നവരുടെ ഇന്നുള്ള സാഹചര്യങ്ങള്‍ക്ക് ശുഭപ്രതീക്ഷകളും
നല്‍കുന്നുണ്ട്. ഇന്ന് നൂറു കണക്കിന് പുരോഹിതരും കന്യാസ്ത്രികളും സന്യസ്ത
ജീവിതം ഉപേക്ഷിച്ചവരായുണ്ട്. സഭയില്‍ നിന്ന് വിട്ടുപോയവരുമായി
സൗഹാര്‍ദ്ദങ്ങള്‍ പങ്കിട്ടു ആത്മബലം വര്‍ദ്ധിപ്പിക്കാനുള്ള
സാഹചര്യങ്ങളുമുണ്ട്. സഭയില്‍നിന്നു പിരിഞ്ഞു പോയ പുരോഹിതരെയും
കന്യാസ്ത്രികളെയും പുനരധിവസിപ്പിക്കാനുള്ള സാമൂഹിക സംഘടനയും പാലാ
കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ജീവിതകാലം മുഴുവന്‍ അടിമപ്പാളയത്തില്‍
കഴിയുന്നതിലും സ്വന്തം ജീവിതത്തെ യാതനകളോടെയെങ്കിലും സ്വതന്ത്രമായ മനസോടെ
കരു പിടിപ്പിക്കുന്നതാണ് നല്ലത്. മഠം പീഡനങ്ങളില്‍ സഹികെട്ടു വീര്‍പ്പു
മുട്ടുന്നവര്‍ സ്‌നേഹിക്കാനുതകുന്ന ഒരു പുരുഷനെ കണ്ടുപിടിച്ച് ജീവിതം
മനോഹരമാക്കട്ടെ. ജീവിതം ഒന്നേയുള്ളൂ. ആ ജീവിതം പാഴാക്കി
കന്യാസ്ത്രികളുടെയും പുരോഹിതരുടെയും ആട്ടും പരിഹാസവും സഹിച്ചു
ജീവിക്കാനുള്ളതല്ല. ഇക്കാര്യം പലരും മനസ്സിലാക്കുമ്പോള്‍ അവരുടെ നല്ല
കാലവും കഴിഞ്ഞിരിക്കും.
Beware, if we don't act against such elements our ABCD next generation may be the victims of these creeps in Kerala who sells religion and who comes here and preach. Those next generation will fall to these blindly because their parents ( us ) were blindly worshiping characters from these religious groups - irrespctive of Hindu , Xtian or Muslim.