നോക്കി നിൽക്കെ നമ്മുടെ മുന്നിലൂടെ ഒരു വെൺപിറാവ് ഇതാ ആകാശത്തേക്ക് പറന്നുപോയി! ഒരു പൊതുവിശ്വാസമാണ് മരിക്കുമ്പോൾ നമ്മുടെ ആത്മാവ് ദൈവത്തിലേക്ക് തിരിച്ചുപോകുന്നുവെന്നു. 'പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.: സഭാപ്രസംഗി 12:7) അഭിവന്ദ്യനായ കോർ എപ്പിസ്കോപ്പ ഡോക്ടർ യോഹന്നാൻ ശങ്കരത്തിൽ അച്ഛന്റെ ഭൗതിക ശരീരത്തിൽ നിന്നും ആത്മാവ് ദൈവസന്നിധിയിൽ എത്തിച്ചേർന്നുവെന്നു നമ്മൾ വിശ്വസിക്കുന്നു. അച്ഛന്റെ വേർപാട് നമ്മെ വേദനിപ്പിക്കുമെങ്കിലും അദ്ദേഹത്തിന്റെ ആത്മാവിനായി നമുക്ക് പ്രാർത്ഥിക്കാം. മരണം ഒരു യാഥാർഥ്യമാണ് അതിനെ സ്വീകരിക്കാൻ നമുക്ക് പ്രയാസമാണ്. ഒരാൾ അയാളുടെ അന്ത്യമൊഴി പറയുമ്പോൾ നമ്മൾ എല്ലാവരും സങ്കടപ്പെടുന്നു, വിലപിക്കുന്നു. അദ്ദേഹത്തെ വിടാൻ നമുക്ക് മനസ്സില്ല. എന്നാൽ അദ്ദേഹത്തോടൊപ്പം പോകാനും മനസ്സില്ല. അത് സൂചിപ്പിക്കുന്നത് ഓരോരുത്തരും അവരുടെ സമയം വരുമ്പോൾ ഭൂമി വിട്ടുപോകുകയെന്നാണ്.
ഒരു പാവന നക്ഷത്രമായി അച്ചൻ ഇനിമുതൽ ഉദിച്ചുനിൽക്കും. സ്നേഹസമ്പന്നനായ അച്ചനുവേണ്ടി ദേവലോകത്ത് മാലാഖമാർ സ്തുതിഗീതങ്ങൾ പാടുന്നുണ്ടായിരിക്കും. നമ്മളിൽ ദുഃഖം തളം കെട്ടിനിൽക്കുമ്പോൾ ആത്മീയമായ രഹസ്യങ്ങൾക്ക് നമ്മെ സമാധാനിപ്പിക്കാൻ കഴിയുകയില്ല. എന്നാലും ഓർമ്മകൾ ആശ്വാസം പകരുന്നു. മരണം എന്ന് പറയുന്നത് ഒരു വിളക്ക് അണക്കലല്ല മറിച്ച് പ്രഭാതം വന്നപ്പോൾ അത് കെടുത്തിയതാണെന്നു ടാഗോർ എഴുതിയത് ശരിയാണ്. ബഹുമാനപ്പെട്ട അച്ചൻ മരിക്കുകയല്ല മറിച്ച് ദൈവഹിതം പോലെ വീണ്ടും ജനിക്കയാണ്. ഒരു പുതിയ പ്രഭാതത്തിലേക്ക്. ജീവിതമാണ് അവസാനിക്കുന്നത്. മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിലൂടെ ജീവിക്കുന്നു.
ബഹുമാനപ്പെട്ട അച്ഛനുമായുള്ള സ്നേഹവും സൗഹൃദവും അടുപ്പവും ഒരു ദശാബ്ദത്തിലേറെക്കാലമായുണ്ട്. ഒരിക്കൽ അച്ചനെ കാണാൻ ചെന്നപ്പോൾ അച്ചൻ മറൂൺ നിറമുള്ള ജുബ്ബയും തൂവെള്ള പൈജാമയും ധരിച്ചിരുന്നു.. "അച്ചൻ വളരെ സുന്ദരനായിരിക്കുന്നുവെന്നു" പറഞ്ഞപ്പോൾ പുഞ്ചിരി തൂകി സഗൗരവം ആ അഭിനന്ദനം സ്വീകരിച്ചത് ഓർക്കുന്നു" മൂന്നു ബിരുദാനന്ത ബിരുദമുണ്ടായിരുന്ന അച്ചനുമായി കുറച്ചുനേരം സംസാരിച്ചാലും മതി അറിവിന്റെ പ്രകാശം പരത്താൻ ആ കാലയളവ് പര്യാപ്തമായിരുന്നു. എപ്പോഴും ഉർജ്ജസ്വലനും ഉന്മേഷവാനുമായ അച്ചൻ മലയാള ഭാഷയോടും സാഹിത്യത്തോടും എപ്പോഴും അഭിരുചി പ്രകടിപ്പിക്കാറുണ്ട്. അച്ചന്റെ പ്രിയതമയായ പ്രശസ്ത കവയിത്രി എൽസി യോഹന്നാൻ ശങ്കരത്തിൽ കൊച്ചമ്മയും, അച്ചനുമൊത്തുള്ള ഫോൺ സംഭാഷണങ്ങൾ ആഹ്ളാദഭരിതവും ഹൃദ്യവുമായിരുന്നു. എന്റെ എളിയ സാഹിത്യശ്രമങ്ങളെ അച്ചൻ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിച്ചിരുന്നു.
ഈ മാർച്ച് ഒന്നിന് അച്ചന്റെ പിറന്നാളായിരുന്നു. എത്രാമത്തെ പിറന്നാൾ എന്ന് വായനക്കാരന്റെ മനസ്സിൽ ചോദ്യമുയരുന്നുണ്ടാകും. പിറന്നാൾ ദിനത്തിൽ വയസ്സ് ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്. പടം പോലും യൗവ്വനകാലത്തെ മാത്രമേ കൊടുക്കാവു എന്ന പക്ഷക്കാരനാണ് ഇ- ലേഖകൻ, പ്രായം കാലത്തിന്റെ വികൃതിയാണ്. അതിന്റെ കാക്കക്കാലുകൾ നമ്മുടെ ശരീരത്തിൽ പതിയുന്നുവെന്നു മാത്രം. മനസ്സാണ് നിതാന്തയൗവ്വന സ്ഥിതിയിൽ നിൽക്കുന്നത്. കഴിഞ്ഞവർഷം അച്ചന് പിറന്നാൾദിനമംഗളങ്ങൾ നേർന്നപ്പോൾ ഈ ലേഖകൻ എഴുതി. അച്ചന് ഒരു വയസ്സ് പോലും കൂടുതലാകാൻ നമ്മൾ സമ്മതിക്കുകയില്ല. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും കരുതലും അച്ചന് കാവലായി നിൽക്കും. കാലത്തിനു കടന്നുവരാൻ പറ്റാത്ത വിധത്തിൽ നമ്മൾ തീർക്കുന്ന സ്നേഹമതിലുകൾക്കുള്ളിൽ നിന്ന് നമുക്ക് അച്ചനോടൊപ്പം ദൈവത്തോട് പ്രാർത്ഥിക്കാം. പക്ഷെ കാലം നമുക്ക് വേണ്ടി കാത്ത് നിൽക്കുന്നില്ല. ഈ ഭൂമിയിൽ അച്ചനുവേണ്ടി ദൈവം നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞു.
യോഹന്നാൻ എന്ന അച്ചന്റെ പേര് അർത്ഥവത്തായിരുന്നുവെന്നു അച്ചന്റെ കർമ്മങ്ങൾ സാക്ഷ്യം വഹിക്കുന്നു. യോഹന്നാന്റെ സുവിശേഷം അദ്ധ്യായം ഒന്നു ആറു മുതൽ ഒമ്പത് വരെയുള്ള വാക്യങ്ങൾ അച്ചനെ സംബന്ധിച്ച് ശരിയായി. 6 ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു; അവന്നു യോഹന്നാൻ എന്നു പേർ. 7. അവൻ സാക്ഷ്യത്തിന്നായി താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാൻ തന്നേ വന്നു. 8. അവൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.9. ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
ഒരാൾ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നഷ്ടപ്പെടുന്നു. എന്നാൽ ആത്മാവ് നിത്യതയിലേക്ക് പ്രയാണം ചെയ്യുന്നു. നിത്യത പ്രാപിക്കുക എന്നതാണ് ഒരു ദൈവവിശ്വാസിയുടെ ആഗ്രഹം. കൊരിന്ത്യർ 2 അധ്യായം അഞ്ചു ഒന്നുമുതൽ രണ്ടുവരേയുള്ള വാക്യങ്ങൾ ഇങ്ങനെ രേഖപ്പെടുത്തുന്നു. കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാൽ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നു അറിയുന്നു. ഈ ഭവനത്തിൽ ഞരങ്ങിക്കൊണ്ടു ഞങ്ങൾ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു. അച്ചന്റെ വിശ്വാസപ്രകാരമുള്ളയിടത്ത് അച്ചൻ എത്തിച്ചേർന്നിരിക്കും. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിനേർന്നുകൊണ്ട് പ്രണാമം അർപ്പിക്കാം.
ശുഭം