യെരുശലേം ദേവാലയത്തിൽ യേശുദേവൻ പ്രവേശിച്ചതിന്റെ ഓർമ്മ പുതുക്കുന്ന ഓശാന ഞായാറാഴ്ച്ച് പുലർന്നു ഇന്ന് മുതൽ വിശുദ്ധവാരത്തിന്റെ ആരംഭം കുറിക്കുന്നു. അന്ന് ജനം ദാവീദിൻ സുതനു ഓശാന എന്നു പാടി യേശുദേവനേ സ്വീകരിക്കാൻ ഒലിവില കൊമ്പുകൾ വീശി ആഹ്ളാദം അറിയിച്ചു. ഹെബ്രായ ഭാഷയിൽ ഓശാന എന്ന വാക്കിനർത്ഥം രക്ഷ അടുത്തിരിക്കുന്നു അല്ലെങ്കിൽ ഇപ്പോൾ ഞാൻ രക്ഷ നേടുമെന്നാണ്. ഇന്നേക്ക് ഏഴുദിവസങ്ങൾ പൂർത്തിയാകുമ്പോളാണ് കർത്താവിന്റെ ഉയർപ്പു തിരുന്നാളായ ഈസ്റ്റർ വരുന്നത്. അതിനിടയിൽ പെസഹാ വ്യാഴാച്ചയും, ദുഖവെള്ളിയാഴ്ച്ചയും കടന്നുപോകുന്നു. പ്രത്യാശയോടുള്ള ജീവിതമാണ് ഓരോ വിശ്വാസിയുടെയും പുണ്യം.
വലിയ നോയമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്. ഇന്നുമുതൽ ആരംഭിക്കുന്ന വിശുദ്ധവാരം കൃസ്തീയ വിശ്വാസികളെ സംബന്ധിച്ചേടത്തോളം പ്രധാനമാണ്. അവർ വിഭൂതിപെരുന്നാൾ മുതൽ ആചരിച്ചുവരുന്ന ഉപവാസവും പ്രാർത്ഥനയും ഈ വാരത്തിൽ എല്ലാവരും ആചരിക്കുന്നു.
യേശുദേവനെ സ്വാഗതം ചെയ്തുകൊണ്ട് ജനങ്ങൾ ഹർഷപുളകിതരാകുമ്പോൾ ഒരു വലിയ ദുഃഖം അവരെ കാത്തിരിക്കുന്നുവെന്നു അവരറിഞ്ഞില്ല. നമ്മുടെ ജീവനും രക്ഷയും ഏതു സമയവും നഷ്ടപ്പെടാം.എന്നാൽ ദൈവം നമുക്ക് പ്രത്യാശ നൽകുന്നു. കുരിസ്സുമരണത്തിനു ശേഷം മൂന്നാം നാൾ യേശുദേവൻ ഉയർത്തെഴുന്നേറ്റപ്പോൾ അത് വരെ അസംഭവ്യമാണെന്നു കരുതിയ മരണത്തെ തോൽപ്പിക്കൽ യാഥാർഥ്യമായി. യേശുദേവൻ തിന്മയെ ജയിച്ച് മാനവരാശിക്ക് പ്രത്യാശ നൽകുകയായിരുന്നു.
ഒലിവില കൊമ്പുകൾ സമാധാനത്തിന്റെ പ്രതീകമാണ്. ഒരു കഴുതക്കുട്ടിയുടെ പുറത്തിരുന്നാണ് യേശുദേവൻ പ്രവേശിച്ചത്. എവിടെയും എളിമയുടെ സാന്നിധ്യം. എത്രയോ സന്തോഷത്തിലായിരുന്നു ആൾക്കൂട്ടം. അവർ യേശുദേവനുമുന്നിൽ ഒലിവില കൊമ്പുകൾ വിരിച്ചും തുണികൾ വിരിച്ചും സ്നേഹബഹുമാനങ്ങൾ പ്രകടിപ്പിച്ചു. ഓശാന - രക്ഷ അടുത്തുവെന്നു ഉച്ചത്തിൽ വിളിച്ച് സന്തോഷം പ്രകടിപ്പിച്ചവർ തന്നെ "അവനെ ക്രൂശിക്ക" എന്ന് വിളിച്ചുപറഞ്ഞു. അവനെ [പരിഹസിച്ചു. അവനെ കൊണ്ട് തന്നെ അവനെ ക്രൂസിക്കാനുള്ള കുരിശൂ ചുമപ്പിച്ചു. കുറച്ചുമുമ്പ് ബഹുമാനത്തോടെ സ്വാഗതം ചെയ്തവർ അവനെ കുറ്റവാളിയെപോലെ കരുതി. ഇതെല്ലാം സംഭവിക്കുന്നത് ഒരാഴ്ച്ച കൊണ്ടാണെന്നു നമ്മൾ ഓർക്കുക. നമ്മളും ജീവിതത്തിൽ സന്തോഷിക്കുമ്പോൾ നമ്മൾ അറിയുന്നില്ല നമ്മൾ നേരിടാൻ പോകുന്ന പ്രതിസന്ധികൾ. ഓശാനഞായർ നമ്മെ ഒത്തിരി ചിന്തിപ്പിക്കുക കൂടി ചെയ്യുന്നു. ഓരോ ആഘോഷങ്ങളും, ആചാരങ്ങളും മനുഷ്യരെ നന്മയിലേക്ക് നയിക്കാൻ കൂടിയാണ്.
നമുക്ക് മത്തായിയുടെ സുവിശേഷം നോക്കാം. 21:9 -13 വരെയുള്ള വാക്യങ്ങൾ "മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു. 10 അവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.11 ഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.12 യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:13 “എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു” എന്നു പറഞ്ഞു. മത്തായി എഴുതിയ സുവിശേഷം ഇന്നും സത്യമായി നമുക്ക് ചുറ്റും കാണുന്നു. കപടഭക്‌തരാൽ ലോകം നിറഞ്ഞു. അവർ മതമുണ്ടാക്കി ഭൂമിയിലെ ശാന്തി നഷ്ടപ്പെടുത്തി. മതത്തിന്റെ പേരിൽ നടത്തുന്ന സംഘർഷങ്ങൾ ദൈവത്തിനുവേണ്ടിയാണെന്നു ചിന്തിക്കാൻ സമയമില്ലാത്ത മൂഢ മനുഷ്യനെ ബോധിപ്പിച്ചു.
സമാധാനത്തിന്റെ ഒലിവില കൊമ്പുമായി ഓശാന ഞായാറാഴ്ച വന്നു. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് ദൈവത്തെ അറിയുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുക. മതം ഒരിക്കലും മനുഷ്യരെ ശാന്തിയോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് മനസ്സിലാക്കാൻ ഈ അവസരം ഉപയോഗിക്കുക. ദൈവത്തെ അറിയുക.
വെളിപ്പാട് അധ്യായം 7:9 ഇങ്ങനെ പ്രവചിക്കുന്നു. ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യിൽ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്ക്കുന്നതു ഞാൻ കണ്ടു. ഒരു മഹാപുരുഷാരം കയ്യിൽ സമാധാനത്തിന്റെ പ്രതീകമായ കുരുത്തോലയുമായി നിൽക്കുന്നു. അവിടെ എല്ലാവരും ഒന്നു തന്നെ. അപ്പോൾ പിന്നെ ഇവിടെ ഈ ഹൃസ്വകാല ജീവിതം വിവേചനം എന്ന സാത്താനെകൊണ്ട് പീഡിപ്പിച്ച് കഷ്ടത അനുഭവിക്കുന്നത് എന്തിനു.
ഇന്ന് നമ്മൾ എല്ലാം ഒരു മഹാമാരിയെ ഭയന്ന് കഴിയുകയാണ്. യോഹന്നാൻ അധ്യായം ഇരുപത് 19 ൽ ഇങ്ങനെ പറയുന്നു. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു. എല്ലാവര്ക്കും സമാധാനം ഉണ്ടാകട്ടെ !!
ആമേൻ