Image
Image

ഗാഗുല്‍ത്തായുടെ ഗദ്ഗദങ്ങള്‍ (ഇ-മലയാളിയുടെ നോയമ്പുകാല രചനകള്‍ -11: ജോസ് ചെരിപുറം)

Published on 30 March, 2021
ഗാഗുല്‍ത്തായുടെ ഗദ്ഗദങ്ങള്‍ (ഇ-മലയാളിയുടെ നോയമ്പുകാല രചനകള്‍ -11: ജോസ് ചെരിപുറം)
(നോമ്പ് അനുഷ്ഠിക്കുന്നവരുടെ ചിന്തകള്‍ക്കായി)

ആരാണു് ഞാനെന്നറിയാതെയെന്നെ
ത്തിരയുന്ന മാനവലോകമേ, കേള്‍ക്കുക
എന്റെ വചനങ്ങള്‍ നിത്യവ്രുത്തിക്കായ്
തെറ്റിവ്യാഖ്യാനിച്ചു പാപികളാകല്ലേ.

അഞ്ചു മുറിവുകളേല്‍പ്പിച്ചു നിര്‍ദ്ദയം
എന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ പൂര്‍വ്വികര്‍
നിങ്ങളോ നിത്യവും വെട്ടിനുറുക്കുന്നു
എന്റെ മനസ്സും തനുവും കഠിനമായ്

ഞാനൊരു ജാതിയെ സ്രുഷ്ടിച്ചിടാനായി
ജന്മമെടുത്തില്ല, കേള്‍ക്കുക മര്‍ത്ത്യരേ,
ദൈവം നിനച്ച്, ഞാന്‍ കന്യാമറിയത്തില്‍
ഉണ്ണിയായീഭൂവില്‍ വന്നു പിറന്നുപോയ്

പാപവിമോചനം തേടുന്ന മാനവ-
രാശിക്ക് നന്മയും ശാന്തിയും നല്‍കുവാന്‍
മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുത്ത് ഞാനേവരേം
ദൈവ വഴിയിലേക്കാനയിച്ചീടുവാന്‍.

അവിടെയവര്‍ക്കായി നന്മതന്‍ തോരണം
തൂക്കിയ വീഥികള്‍ കാട്ടിക്കൊടുക്കുവാന്‍
ഇല്ല, ഞാനില്ല പറഞ്ഞില്ലൊരിക്കലും
പ്രത്യേകമായൊരു ജാതിയുണ്ടാക്കുവാന്‍

ഏതോ കുബുദ്ധികള്‍, സാത്താന്റെ ശക്തിയാല്‍
എന്നില്‍നിന്നെന്നുമകന്നുപോകുന്നവര്‍
ഇല്ലാവചനങ്ങള്‍ കല്‍പ്പിച്ചുകൂട്ടുന്നു
അല്ലേല്‍ വിധിക്കുന്നു സ്ര്തീക്ക് നിയമങ്ങള്‍

തെറ്റിപ്പിരിച്ചിട്ടീയാട്ടിന്‍ കിടാങ്ങളെ
എങ്ങോട്ടു നിങ്ങള്‍ നയിക്കുന്നിടയരേ?
വേഷങ്ങള്‍ കെട്ടേണ്ട കാര്യമില്ല-ന്യരെ
കുറ്റപ്പെടുത്തേണ്ട, ദൈവം പ്രസാദിക്കാന്‍

വായിക്കുക, നിങ്ങള്‍ പാലിക്കുക , എന്റെ
വാക്കുകള്‍, തെറ്റുകള്‍ കൂടാതെ, മുട്ടാതെ
മുക്കിനും മൂലയ്ക്കും കാണുന്നനേകമാം
ഇടയരേ, നിങ്ങളിക്കാര്യം ശ്രവിക്കുവിന്‍

അത്യുന്നതങ്ങളില്‍ വാണീടുമീശ്വരന്‍
നോക്കുന്നു മര്‍ത്ത്യനെ, ഉല്‍ക്രുഷ്ടസ്രുഷ്ടിയെ
അവനോ നിരന്തരം പണിയുന്നു പള്ളികള്‍,
കൂണു മുളച്ചപോലേറുന്നു ഭൂമിയില്‍

ഞാനോ പറയുന്നു, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍
നല്ലവരാകുക, നന്മ ലഭിക്കുവാന്‍
ഞാന്‍ തന്നെ ആദിയുമന്തവുമാകയാല്‍ രക്ഷ നേടും
വിശ്വാസമെന്നില്‍ പുലര്‍ത്തുന്ന മാനവന്‍.

ജോസ് ചെരിപുറം
josecheripuram@gmail.com
see also
കര്‍ത്താവിന്റെ പുനരുത്ഥാനദിനത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ (ഇ മലയാളി നോയമ്പുകാല രചന -8)
നോയമ്പുകാലം നമ്മെ പഠിപ്പിക്കുന്നത് (ഇ-മലയാളി നോയമ്പുകാല രചന -7: സുധീർ പണിക്കവീട്ടിൽ)


ഭക്തിസാന്ദ്രം ഈ നോയമ്പുകാലം (ഇ-മലയാളി നോയമ്പുകാല രചന -5)




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക