“ഈ മനുഷ്യന്‍ അധികം താമസിയാതെ കൊല്ലപ്പെടും.”
രാമചന്ദ്രദേ ശായിയുടെ മരണം ആദ്യമായി പ്രവചിച്ചത് പ്രത്യേക കോടതി ജഡ്ജിയായിരുന്ന ദയാല്‍ ബറുവ ആയിരുന്നു.
ജസ്റ്റിസ് ദയാല്‍ ബറുവയുടെ സുഹൃത്തും പത്രപ്രവര്‍ത്തകനുമായ ദാമോദര്‍ ലോഹ്യയുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിനിടയിലായിരുന്നു ഈ പ്രവചനം.
“അങ്ങേയ്ക്ക് അതെങ്ങിനെ അറിയും?” ദാമോദര്‍ ലോഹ്യ ജസ്റ്റിസ് ബറുവയോട് ചോദിച്ചു.
അയല്‍ സംസ്ഥാനത്ത് നടന്ന ഒരു പോലീസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്നു, തെളിവുകള്‍ നിരത്തിയുള്ള ദേശായിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ആ സംസ്ഥാനത്തിന്‍റെ ആഭ്യന്തര മന്ത്രിയെക്കൂടി പ്രതിയാക്കിയുള്ള ഒരു കേസിന്‍റെ വിചാരണ നടന്നു വരികയായിരുന്നു ജസ്റ്റിസ് ബറുവയുടെ കോടതിയില്‍. രാമചന്ദ്രദേശായി നല്കിയ സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ് കേസെടുത്തതും വിചാരണ തുടങ്ങിയതും. രാമചന്ദ്രദേശായി അന്വോഷണാത്മക പത്രപ്രവര്‍ത്തകനും അനേകലക്ഷം പൗരന്മാര്‍ പിന്തുടരുന്ന പ്രശസ്തനായ ഒരു ബ്ലോഗെഴുത്തുകാരനുമാണ്.
“ഭരണഘടനാ സ്ഥാപനങ്ങള്‍ ‘ചെക്കും ബാലന്‍സും’ എത്രമാത്രം ശക്തമായി നടപ്പിലാക്കുന്നോ അപ്പോള്‍ മാത്രമേ ആ സ്ഥാപനങ്ങള്‍ ശക്തമായിരിക്കൂ.
“ഇതിനര്‍ത്ഥം മുന്‍പുണ്ടായിരുന്ന സര്‍ക്കാരുകള്‍ വിശുദ്ധന്മാര്‍ ആയിരുന്നുവെന്നല്ല. പക്ഷെ ഇന്ന് യാതൊരു മഹിമയുമില്ലാത്ത കൂട്ടര്‍ ഭരണഘടനാസ്ഥാപനങ്ങളുടെ ദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്യുകയാണ് ...
“കുറ്റംചെയ്താല്‍, ഒന്നും സംഭവിക്കില്ലായെന്നകാര്യം ഒരു നാട്ടുനടപ്പായിത്തീരുമ്പോള്‍ മരുഭൂമിയില്‍ നിന്നും സത്യം വിളിച്ചുപറയുന്ന ഒരുവനെ വധിക്കാനായി മാറ്റിനിര്‍ത്തും.”
പക്ഷെ അതാദ്യം സംഭവിച്ചതും ജസ്റ്റിസ് ബറുവയുടെ കാര്യത്തില്‍ തന്നെയായിരുന്നു. അദ്ദേഹം കൊല്ലപ്പെട്ടതാണെന്നു ബന്ധുക്കളും ജനങ്ങളും പറഞ്ഞപ്പോള്‍, സ്വാഭാവിക മരണമെന്ന് സര്‍ക്കാരും ഒരു കൂട്ടം മാധ്യമങ്ങളും വിധിപറഞ്ഞു.
സഹപ്രവര്‍ത്തകരായ ന്യായാധിപരാകട്ടെ ജസ്റ്റിസ് ബറുവയുടെ മരണത്തില്‍ യാതൊരു അന്വോഷണവും ആവശ്യമില്ലെന്ന ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ഔദ്യോഗികമായി നീതി നിഷേധമുറപ്പാക്കി, ഒപ്പം അവരുടെ ജീവിതവും സുരക്ഷിതമാക്കി.
ഫോര്‍ട്ട്‌മെഡേ; മേരിലാന്‍ഡ്, യു.എസ്.
അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ആസ്ഥാനം.
‘സിറ്റുവേഷന്‍ റൂം’ എന്നു വിളിക്കുന്ന മീറ്റിംഗ് റൂമില്‍ അടിയന്തിരമായി ഒരു യോഗം വിളിച്ചു ചേര്‍ക്കപ്പെട്ടു. മിലിട്ടറി ഇന്റെലിജെന്റ്സിലെയും എഫ്.ബി.ഐ യിലേയും ഫോറിന്‍ ഓപ്പറേഷന്‍ വിദഗ്ദരായ എജന്റുമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
“വെല്‍, ഗൈസ്. താങ്ക്യൂ ഫോര്‍ കമിംഗ് ഇന്‍ എ ഷോര്‍ട്ട് നോട്ടീസ് ഓഫ് ടൈം”
ലെഫ്റ്റനന്റ് ജനറല്‍ ഡാന്‍ പവര്‍, സിറ്റുവേഷന്‍ റൂമിലിരിക്കുന്ന എജന്റുമാരെ അഭിസംബോധന ചെയ്തു പറഞ്ഞു തുടങ്ങി.
“ഇന്നു രാവിലെ ഒമ്പത് മണിക്ക്, അതായതു മാള്‍ട്ടയില്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നു കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകനും ബ്ലോഗറുമായ മിസ്റ്റര്‍. രാമചന്ദ്രദേശായി കൊല്ലപ്പെട്ടു.
“ഈ മരണം നമ്മള്‍ പ്രതീക്ഷിച്ചിരുന്നതാണ്. മാള്‍ട്ട ഒരു സുരക്ഷിത താവളമല്ല, അവിടെനിന്നും മറ്റെവിടെയ്ക്കെങ്കിലും മാറുന്നതായിരിക്കും നല്ലതെന്ന് നമ്മള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.”
ലെഫ്റ്റനന്റ് ജനറല്‍ ഡാന്‍ പവര്‍ ലാപ്‌ടോപ് തുറന്നു. റൂമിലെ മോണിറ്ററില്‍ ചില ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.
“ബോയ്സ്, ഇത് സ്ഫോടനം നടന്നു അരമണിക്കൂറിനുള്ളില്‍ നമ്മളുടെ ചാര ഉപ്രഗ്രഹമായ ‘ഒറിയോണ്‍’ ഒപ്പിയെടുത്ത ചിത്രങ്ങളാണ്. പതിനഞ്ചു മൈല്‍ ആകാശദൂര ചുറ്റളവില്‍ അപ്പോള്‍ ലഭ്യമായ എല്ലാ കാര്യങ്ങളും നമ്മളുടെ കൈവശമുണ്ട്”
ലെഫ്റ്റനന്റ് ജനറല്‍ ഡാന്‍ പവര്‍ ഓരോ ചിത്രങ്ങളും സൂ ചെയ്തു. റോഡരികിലെ വയലില്‍ കത്തിക്കരിഞ്ഞു കിടക്കുന്ന ഒരു ചെറിയ കാര്‍. അതില്‍ നിന്നും പുക ഉയരുന്നുണ്ടായിരുന്നു. റോഡിന്റെ ഇരുഭാഗങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. വാഹനത്തിന്റെ അവശിഷ്ട്ടങ്ങളും ചിതറി തെറിച്ച മനുഷ്യ ശരീരഭാഗങ്ങളും, വസ്ത്രതുണ്ടുകളും എമ്പാടും
ഇരുമ്പിന്റെ വലകള്‍ കൊണ്ട് ചുറ്റും വേലികെട്ടിയ ഒരു വീടിന്റെ ദൃശ്യം മോണിട്ടറില്‍ തെളിഞ്ഞു. അത് കൊല്ലപ്പെട്ട രാമചന്ദ്രദേശായിയുടെ വീടാണ്. സംഭവം നടന്ന സ്ഥലത്തുനിന്നും കഷ്ട്ടി ഒരു അഞ്ഞൂറ് മീറ്റര്‍ മുകളില്‍. വീട്ടില്‍ നിന്നും താഴ്വരയിലേക്ക് പോകുന്ന വളവു തിരിവുകളുള്ള റോഡിലാണ് സംഭവം നടന്നത്. റോഡിനോടു ചേര്‍ന്നുള്ള വയലിന്റെ എതിര്‍ ഭാഗം കുത്തനെയുള്ള കുന്നാണ്.
മോണിട്ടറില്‍ മെഡിറ്ററേനിയന്‍ തീരത്തെ പഴയ ഒരു തുറമുഖ പട്ടണവും അധികമാരുമപ്പോള്‍ ഉപയോഗിക്കാത്ത ഒരു ഹാര്‍ബറും. ഹാര്‍ബറില്‍ നിന്നും അധികം ദൂരെയല്ലാതെ ഒരു നൌക നീങ്ങുന്ന ദൃശ്യവും കാണപ്പെട്ടു.
“കൊല്ലപ്പെട്ടത് ഒരു ഇന്ത്യന്‍ പൌരനാണ്”
ലാപ് ടോപ് അടച്ചുകൊണ്ട് ലെഫ്റ്റനന്റ് ജനറല്‍ ഡാന്‍ പവര്‍ തുടര്‍ന്നു.
“കൊലപാതകം നടന്നത് മാള്‍ട്ടയിലും. സ്വാഭാവികമായും മാള്‍ട്ട സര്‍ക്കാരിനു ഈ കാര്യത്തില്‍ വലിയ താല്പര്യമില്ല. എങ്ങിനെയെങ്കിലും കാര്യങ്ങള്‍ ഒന്നുതീര്‍ന്നു കിട്ടിയാല്‍ മതിയവര്‍ക്ക്.
“ഇന്ത്യന്‍ സര്‍ക്കാരിനു അനഭിമതനായ മിസ്റ്റര്‍ ദേശായി ജീവന്‍ ഭയന്നാണ് ഇന്ത്യയില്‍ നിന്നും മാള്‍ട്ടയില്‍ വന്നു താമസം തുടങ്ങിയത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനും ഇക്കാര്യത്തില്‍ താല്പര്യമുണ്ടാകാന്‍ ഇടയില്ല.
“യു.എന്‍ മനുഷ്യാവകാശ കമ്മീഷനും, ദേശായി അംഗമായ ഇന്‍വെസ്റ്റിഗേറ്റിവ് പത്രപ്രവര്‍ത്തകരുടെ അന്തരാഷ്ട്ര സംഘടനയായ (ഐ.സി.ഐ.ജെ)യും കേസില്‍ ഇടപെടാനും സത്യം പുറത്തുകൊണ്ടുവരാനും നമ്മുടെ രാജ്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. മാള്‍ട്ട ഒരു പരമാധികാര രാജ്യമാണ് അവിടെ അവരുടെ അനുമതിയില്ലാതെ, ഔദ്യോഗികമായി നമുക്കവരെ കേസന്വോഷണത്തില്‍ സഹായിക്കാന്‍ ആവില്ല. എങ്കിലും നമുക്ക് നമ്മുടെതായ ചില രീതികളുണ്ട്
“യു.എന്‍ നിര്‍ദ്ദേശം, അവര്‍ മാള്‍ട്ടയുടെ അംബാസിഡറിനോട് നേരിട്ട് അറിയിച്ചിട്ടുണ്ട്. മാള്‍ട്ട സര്‍ക്കാര്‍ ഔദ്യോഗികമായി നമ്മുടെ സഹായം തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“അഴിമതിക്ക് പേരുകേട്ട രാജ്യമാണ് മാള്‍ട്ട അവിടെ എന്തും നടക്കാം. തെളിവുകള്‍ പോലീസിനെ സ്വാധീനിച്ചു ഇല്ലായ്മ ചെയ്യുന്നതിനു മുമ്പായി, NATO യുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജര്‍മ്മനിയിലെ നമ്മുടെ എജന്റുമാരോട് രഹസ്യമായി ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒദ്യോഗികമായി അറിയിപ്പു കിട്ടിയാല്‍ ആ നിമിഷം യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം. ഇപ്പോള്‍ അണ്ടര്‍കവറിലുള്ള നമ്മുടെ ഏജന്റുമാര്‍ അതുപോലെ തന്നെ അവരുടെ ജോലി നിങ്ങള്‍ക്കുവേണ്ടി തുടരും”