ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിക്കുന്ന യുവ അസംബ്ലി അംഗം സോഹ്രാൻ മംദാനിക്കു 30,000 ഒപ്പുകൾ പിൻതുണയായി ലഭിച്ചു. ഇന്ത്യൻ വംശജയായ പ്രസിദ്ധ ചലച്ചിത്ര സംവിധായിക മീര നായരുടെ പുത്രനായ മംദാനി (33) നേരത്തെ അനുവദിച്ച പണം സമാഹരിച്ചിരുന്നു.
മേയർ സ്ഥാനാർഥിയാവാൻ റജിസ്റ്റർ ചെയ്ത വോട്ടർമാരുടെ 3,750 ഒപ്പുകൾ വേണമെന്നാണ് ന്യൂ യോർക്ക് നിയമം. മംദാനിയെ പിന്തുണയ്ക്കുന്ന സോഷ്യലിസ്റ്റുകൾ 10,000 എന്ന ലക്‌ഷ്യം വച്ചു. എന്നാൽ ജൂണിൽ നടക്കുന്ന പ്രൈമറിയിൽ മത്സരിക്കാൻ അതിന്റെ മൂന്നിരട്ടി ഒപ്പുകൾ തികഞ്ഞെന്നു ബുധനാഴ്ച്ച മംദാനി അറിയിച്ചു.
അസംബ്ലിയിൽ ക്വീൻസ് 36 ഡിസ്‌ട്രിക്‌ട് പ്രതിനിധിയായ ഡെമോക്രാറ്റ് മംദാനി ഒക്ടോബറിൽ പ്രചാരണം ആരംഭിച്ചത് ചെലവ് കുറഞ്ഞ പാർപ്പിടം, പൊതുഗതാഗത സൗകര്യങ്ങൾ, സാമ്പത്തിക നീതി എന്നീ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ്.
മേയർ എറിക് ആഡംസ് ഇക്കുറി സ്വതന്ത്രനായാണ് മത്സരിക്കുക. ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്രൂ കുവോമോ ആണ് ഇപ്പോൾ മുന്നിട്ടു നിൽക്കുന്നത്.
Mamdani earns overwhelming support