Image

ഗാന്ധിസവും ഗാന്ധിയന്‍ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)

Published on 15 January, 2016
ഗാന്ധിസവും ഗാന്ധിയന്‍ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
മഹാനായ ഗുജറാത്തി, പ്രമുഖനായ ഇന്ത്യന്‍, ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാനുഭാവനായ ഏഷ്യന്‍, ആഢ്യനായഹിന്ദു, ഇതിനെല്ലാമുപരി മനുഷ്യത്വത്തെ ദര്‍ശിച്ച ലോകൈക മഹാത്മാവ് എന്നീ നിലകളില്‍ മഹാത്മാ ഗാന്ധിജിയെ അറിയപ്പെടുന്നു. മഹാനെന്ന നിര്‍വചനത്തില്‍ മഹാന്മാരില്‍ പരമോന്നതനുമാണ്. യുഗ പുരുഷനായ ഗാന്ധിജിയെക്കാളും മഹാനായ ഒരു വ്യക്തി ലോകത്ത് ജീവിച്ചിട്ടില്ല. ചര്‍ച്ചിലും റൂസ് വെല്‍റ്റും ലെനിനും മാവോയും നെഹ്രുവും ഐന്‍സ്റ്റീനും മഹാന്മാരെങ്കിലും അവര്‍ക്കാര്‍ക്കും ഗാന്ധിജിയെപ്പോലെ മനുഷ്യത്വത്തെ ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. അവരെക്കാളുമുപരി ജീവിച്ചിരുന്ന നാളുകളില്‍ അദ്ദേഹം ഒരു വിശ്വ പൌരനായിരുന്നു. കാലത്തിനെയും അതിജീവിച്ച് ഇന്നും അനേകായിരങ്ങള്‍ക്ക് ആ മഹാന്‍ ആവേശം നല്കിക്കൊണ്ടിരിക്കുന്നു.

ഗാന്ധിജിയെപ്പറ്റി ഓര്‍മ്മിക്കുമ്പോള്‍ 1947­മുതലുള്ള സംഭവ ബഹുലമായ രണ്ടു കാര്യങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. ആദ്യത്തേത്, ഹിന്ദു മുസ്ലിം കൂട്ടക്കൊലകള്‍ കൊണ്ട് താറുമാറായ കത്തിയെരിയുന്ന കല്ക്കട്ടാ നഗരം മഹാത്മാ ഗാന്ധിജിയുടെ മനസിനെ തളര്‍ത്തി. അവിടെ വേദനിക്കുന്ന ഒരു ജനതയ്‌ക്കൊപ്പം അവരുടെ മുറിവുകളുണങ്ങാന്‍ ആ മഹാത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇരുണ്ട കല്‍ക്കട്ടാ നഗരത്തിലെ ക്രൂര കൂട്ടക്കൊലകളും രക്തമൊഴുക്കലും സമൂഹമനസാക്ഷിയ്ക്കു തന്നെ ഒരു വെല്ലുവിളിയായിരുന്നു. രണ്ടാമത്തേത്, 1947 ആഗസ്റ്റ് പതിനഞ്ചാം തിയതി അര്‍ദ്ധ രാത്രിസമയം സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ ഡല്‍ഹി നഗരം ഉജ്ജ്വലപ്രഭയാല്‍ പ്രകാശിതമായിരുന്നു. മിന്നുന്ന പ്രകാശ സ്രോതസ്സില്‍ 'ജയ്­ ഹിന്ദ്­' എന്ന മുദ്രാ വാക്യം ഉച്ചത്തില്‍ മുഴക്കിക്കൊണ്ട് കാവ്യാത്മകമായി പണ്ഡിറ്റ്­ ജവഹര്‍ലാല്‍ നെഹ്‌­റു രാഷ്ട്രത്തോടായി പറഞ്ഞു,' "താലോലിക്കുന്ന ഇന്നത്തെ രാത്രിയുടെ അന്ത്യയാമത്തില്‍ ലോകം ഉറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളിലേന്തി ഭാരതം ഉണര്‍ന്നിരിക്കുന്നു. നീണ്ട കാലം അടിമത്വത്തിന്റെ ചങ്ങലകളില്‍ ബന്ധിച്ചു മുറിവുകളേറ്റ ഇന്ത്യയുടെ ആത്മാവ് പാരതന്ത്ര്യത്തില്‍ നിന്നും മുക്തി നേടി. കല്ക്കട്ടായിലെ ഇരുണ്ട ദിനങ്ങളെ ഞാന്‍ ഓര്‍മ്മിക്കുന്നു. ഗാന്ധിജിയുടെ മരണതുല്യമായ യാതനകളും ഓര്‍മ്മിക്കുന്നു."

ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമാധാനത്തിന്റെ പാതകളിലും പ്രായോഗിക ഗാന്ധിസത്തിനായി പ്രയത്‌നിക്കുമായിരുന്നു. ലോകത്തുള്ള സംഘട്ടനങ്ങളെ സമാധാനത്തിന്റെ വഴികളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമായിരുന്നു. ഇന്ന് ഗാന്ധിസം അപ്രത്യക്ഷമായിരിക്കുന്നു. വിഭാഗിക ചിന്തകള്‍ ഗാന്ധിസത്തെ കവര്‍ന്നെടുത്തു. സത്യാഗ്രഹവും അക്രമരാഹിത്യ ചിന്തകളും ഗാന്ധിജിയുടെ മാനവിക സംഭാവനകളാണ്. ലോകം മുഴുവനും ഗാന്ധിയന്‍ തത്ത്വങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയും ചെയ്യുന്നു. ഗാന്ധിജിയുടെ മരണശേഷം അമേരിക്കന്‍ ഗാന്ധിയെന്ന പേരില്‍ അമേരിക്കന്‍ ഐക്യ നാടുകളില്‍ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്­ ഉയര്‍ത്തെഴുന്നേറ്റു.തെക്കേ കൊറിയായില്‍ ഹാം സോക്ക് ഹോണും പാലസ്തീനില്‍ അവാദ് മുബാറക്കും അതാതു രാജ്യങ്ങളിലെ ഗാന്ധിയന്മാരായിരുന്നു. അഫ്ഗാനിസ്ഥാനിലെ 'ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാന്‍' അതിര്‍ത്തി ഗാന്ധിയെന്നറിയപ്പെട്ടിരുന്നു. ജനകീയ സ്വാതന്ത്ര്യ മുന്നേറ്റത്തിനായുള്ള ചൈനയിലെ വിദ്യാര്‍ത്ഥി പ്രക്ഷോപണ കാലത്തും ഗാന്ധിജിയുടെ ചൈതന്യം അവിടെ പ്രതിഫലിച്ചിരുന്നു. തെക്കേ ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരായ ലഹളകളിലും ഗാന്ധിജി ഒരു ഉത്തേജനമായിരുന്നു. നെല്‍സന്‍ മണ്ഡാലയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും ഗാന്ധി ചൈതന്യമുണ്ടായിരുന്നു.

രാജകോട്ടിലോ ബോംബെയിലോ നല്ലയൊരു വക്കീലായി ഗാന്ധിജി ശോഭിച്ചിരുന്നെങ്കില്‍, തെക്കേ ആഫ്രിക്കയില്‍ പോകാതെ ഇന്ത്യയില്‍ ജീവിച്ചിരുന്നെങ്കില്‍ യുഗപുരുഷനായ ഒരു മഹാത്മാവിനെ, ഗാന്ധിയെന്ന രാഷ്ട്രപിതാവിനെ ഇന്ത്യയ്ക്ക് ലഭിക്കില്ലായിരുന്നു. അദ്ദേഹത്തിന്‍റെ വക്കീലെന്നുള്ള ഇടപാടുകാരും സാധാരണക്കാരായ ഹിന്ദുക്കളും അവരില്‍ ഗുജറാത്തികളും മാത്രമായി അദ്ദേഹത്തിന്‍റെ ജീവിതം ഒതുങ്ങുമായിരുന്നു. സ്വന്തം തൊഴിലിന്റെ പരാജയത്തില്‍ നിന്നും ലോകത്തിനു കിട്ടിയത് ഹൈന്ദവ യാഥാസ്തിതിക ചിന്താഗതിക്കാരനായ ഒരു യുഗ പുരുഷനെയായിരുന്നു.

ആഫ്രിക്കയില്‍ അദ്ദേഹം സേവനം ചെയ്തിരുന്ന പറ്റുവരവുകാര്‍ ജീവിതത്തിന്റെ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും വെളുത്ത വര്‍ഗക്കാരായവരുടെ വിവേചനം അനുഭവിക്കുന്നവരായിരുന്നു. സ്വന്തം വക്കീല്‍ത്തൊഴിലിനൊപ്പം അദ്ദേഹം ഒരു സാമൂഹിക പ്രവര്‍ത്തകനായും പ്രവര്‍ത്തനം ആരംഭിച്ചു. ഭാരതത്തില്‍ നിന്നും ആഫ്രിക്കയില്‍ താമസിച്ചിരുന്നവര്‍ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന ജനതയെങ്കിലും ഭാഷകളും മതവും അവരെ സ്വന്തം രാജ്യത്തെപ്പറ്റി ആത്മാഭിമാനികളാക്കിയിരുന്നു. ആഫ്രിക്കന്‍ ജീവിതത്തില്‍ ഗാന്ധിജി ഒരു ചിന്തകനായി മാറി. തെക്കേ ആഫ്രിക്കയിലെ വക്കീലെന്നതിലുപരി ചുറ്റുമുള്ള സമൂഹത്തില്‍ ഒരു നേതാവായി അറിയപ്പെടാനും തുടങ്ങി. അവിടെനിന്നാണ് അന്നുവരെ ബ്രിട്ടീഷ് ചിന്താഗതിയുണ്ടായിരുന്ന അദ്ദേഹം തനി ഭാരതീയ ദേശാഭിമാനിയായത്. സ്വാതന്ത്ര്യ സമരത്തില്‍ നേതൃത്വം നല്കിക്കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളോടു പോരാടിയ ഗാന്ധിജിയ്ക്ക് പടിഞ്ഞാറന്‍ ജനതയോട് ശത്രുതയുണ്ടായിരുന്നില്ല.വെളുത്തവരായ ഹെന്റി സോള്‍ട്ട്, ജോണ്‍ റസ്ക്കിന്‍, ടോള്‍സ്‌റ്റോയ് എന്നീ ചിന്തകരില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും ലണ്ടനില്‍ ബോംബു ചെയ്തപ്പോള്‍ ഗാന്ധിജി ദുഖിതനായിരുന്നു.

1893­മുതല്‍ 1914 വരെ അദ്ദേഹത്തിന്‍റെ യുവത്വകാലം തെക്കേ ആഫ്രിക്കയില്‍ ചെലവഴിച്ചു. അവിടെ കൂടുതല്‍ സമയം ഒരു സാമൂഹിക പ്രവര്‍ത്തകനെന്ന നിലയിലും വക്കീലെന്ന നിലയിലും ജനസേവനത്തിനായി സമയം കണ്ടെത്തിയിരുന്നു. അന്ന് തെക്കേ ആഫ്രിക്കാ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. അവിടെ ഡച്ചുകാരായ ആഫ്രിക്കാക്കാരും, കറുത്ത വര്‍ഗക്കാരായ സ്വദേശികളും ഇന്ത്യയിലെ കരാറനുസരിച്ച് വന്ന കൂലിത്തൊഴിലാളികളും പ്രൊഫഷണലുകളും ചുറ്റുമുണ്ടായിരുന്നു. ഗാന്ധി തെക്കേ ആഫ്രിക്കയില്‍ വന്നപ്പോള്‍ നീതികിട്ടാത്ത ഒരു ജനതയുടെയിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അപരിചിതമായ ആ സാഹചര്യങ്ങളില്‍ നിന്നും ഗാന്ധിജി പിന്നീട് സ്വാതന്ത്ര്യ യോദ്ധാവ്, സാമൂഹിക പരിഷ്കര്‍ത്താവ്­, മത ചിന്തകന്‍, തത്ത്വജ്ഞാനി, പ്രവാചകന്‍ എന്നീ നിലകളില്‍ ഉയര്‍ന്നു വന്നു. തെക്കേ ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തെ അദ്ദേഹം എതിര്‍ത്തു. അതിനായി അവിടെയുള്ള എല്ലാ സമൂഹങ്ങളുടെയിടയിലും പ്രവര്‍ത്തിച്ചിരുന്നു. യഹൂദരും ക്രിസ്ത്യാനികളും രാജ്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട കച്ചവടക്കാരും അക്കൂടെയുണ്ടായിരുന്നു. ഇന്ത്യയിലെ അപ്രസിദ്ധനായിരുന്ന 'മോഹന്‍ദാസ്­ കരന്‍ ചന്ദ് ഗാന്ധി'യെന്ന കേസില്ലാ വക്കീല്‍ അതിമിടുക്കനും ചിന്തകനും സാമൂഹിക പ്രവര്‍ത്തകനും ജ്ഞാനിയും വിവേകവുമുള്ള വലിയ ഒരു മനുഷ്യനായി അറിയപ്പെടാന്‍ തുടങ്ങി.

ആഡംബരങ്ങള്‍ വെടിഞ്ഞ് ലളിതമായി ജീവിതം നയിക്കുന്നവരുടെയിടയില്‍ ഗാന്ധിജി ഇന്നും ജീവിക്കുന്നു. തെക്കേ ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഗാന്ധി ആശ്രമങ്ങള്‍ ലാളിത്യത്തിലും അനാഡംഭരത്തിലും ജീവിക്കുന്നവര്‍ക്കുള്ളതായിരുന്നു. ഭാരതത്തിലെ ഹരിതക വിപ്ലവത്തിലും പ്രകൃതിയുടെ സംരക്ഷണത്തിലും ഗാന്ധിജിയുടെ പ്രതിഫലനം മുഴങ്ങുന്നു. പരീസ്ഥിതി സംരക്ഷണം, ആരോഗ്യപരമായ ഭക്ഷണ രീതി, സസ്യാഹാരം ഇവിടെയെല്ലാം ഗാന്ധിജി ജീവിക്കുന്നു. മതങ്ങള്‍ തമ്മിലുള്ള വൈരങ്ങള്‍ ഇല്ലാതാക്കി, മനുഷ്യനും മനുഷ്യനും തമ്മിലുള്ള വേര്‍തിരിവുകള്‍ മാററി , പരസ്പരധാരണയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ലോകമതങ്ങളിലും ഗാന്ധിജിയുടെ ചൈതന്യം പ്രസരിക്കുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒത്തു കൂടുക, കൃസ്ത്യാനികളും യഹൂദരും തമ്മില്‍ പരസ്പര വിശ്വാസം പുലര്‍ത്തുക, മതങ്ങള്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവകളിലെല്ലാം ഗാന്ധിജിയുണ്ട്. ആഗോള സമാധാനത്തിനായുള്ള ഒത്തുചേരലിലും ഗാന്ധിജിയുടെ ആത്മചൈതന്യം വെട്ടിത്തിളങ്ങുന്നു. .

നശീകരണ ലോകായുധങ്ങളും ന്യൂക്ലിയര്‍ ബോംബുകളും ഇല്ലായ്മ ചെയ്യണമെന്ന വിപ്ലവമുന്നേറ്റത്തിലും ഗാന്ധിജി നമ്മോടൊത്ത് ജീവിക്കുന്നു. എവിടെ യുദ്ധമുണ്ടോ അസമാധനമുണ്ടോ അവിടെയെല്ലാം ഗാന്ധിജി സമാധാന ദൂതനായി ഉണ്ട്. നൂക്ലിയര്‍ ലോകത്ത് അദ്ദേഹം 29 മാസം ജീവിച്ചു. ലോക നിരായുധീകരണത്തിനായി ഗാന്ധിജി ആഹ്വാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം കെന്നഡിയും ക്രൂഷ്‌ചേവും നിരായുധീകരണത്തിനായി ശ്രമിച്ചു. പിന്നീട് ഗോര്‍ബച്ചോവുമായും നിരായുധീകരണ സമാധാന ഉടമ്പടികളുണ്ടായി. ഗാന്ധിജിയില്‍ അവേശഭരിതരായി പടിഞ്ഞാറും കിഴക്കുമുള്ള രാജ്യങ്ങളില്‍ അനേകമനേക സമാധാന പ്രകടന ജാഥാകളുണ്ടായിരുന്നു. അതാതു രാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളില്‍ പ്രകടനക്കാര്‍ ഗാന്ധിജിയുടെ പടങ്ങള്‍ വഹിച്ചിരുന്നു.

ഗാന്ധി പ്രതിമകളും ഗാന്ധി മ്യൂസിയമുകളും ഗാന്ധി എക്‌സിബിഷനും ഗാന്ധി സിനിമാകളും ഓര്‍മ്മകള്‍ പുതുക്കാന്‍ ഉപകരിക്കുന്നു. പുതിയ തലമുറകള്‍ക്കും അദ്ദേഹത്തെപ്പറ്റി ഓര്‍മ്മിക്കാന്‍ സാധിക്കും. 90 വാല്യങ്ങളിലായി (ഢീഹൗാല)െ അദ്ദേഹത്തിന്‍റെ കൃതികളടങ്ങിയ പുസ്തകങ്ങള്‍ ലോകം മുഴുവന്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. അക്കൂടെ ഗാന്ധിജിയെപ്പറ്റി കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളുമുണ്ട്. അങ്ങനെ എല്ലാ വിഭാഗങ്ങളിലും, ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിലും എല്ലാ രാജ്യങ്ങളിലും ഒരു പക്ഷെ ഇന്ത്യയിലെക്കാള്‍ കൂടുതലായി പുറം രാജ്യങ്ങളിലും ജാതിമത ഭേദമേന്യേ അബാല വൃദ്ധ ജനകോടികള്‍ ഗാന്ധിജിയെ സ്മരിക്കുന്നു.

ഗാന്ധിജിയെ വധിച്ചത് ഇന്ത്യാ മുപ്പതു കോടി രൂപാ പാക്കിസ്ഥാനു കൊടുക്കാന്‍ കരാറുണ്ടാക്കിയ കാരണംകൊണ്ടെന്നു അദ്ദേഹത്തിന്‍റെ എതിരാളികള്‍ പറയും. സത്യത്തില്‍ അത് ശരിയല്ല. ഗാന്ധിജി ജാതി വ്യവസ്ഥകള്‍ക്ക് എതിരായി സംസാരിച്ചതു കൊണ്ടാണ് അദ്ദേഹത്തെ വധിച്ചത്. തീണ്ടലും തൊടീലും സമൂഹത്തില്‍ ഇല്ലാതാക്കാന്‍ 'അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യയും പാക്കിസ്ഥാനും വിഭജിക്കണമെന്ന ചിന്താഗതികള്‍ക്ക് ഏറെക്കാലം മുമ്പേ 'നത്തുറാം ഗോഡ്‌സെ' ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. 1935 മുതല്‍ നാലു പ്രാവശ്യം ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.

'സത്യത്തില്‍ അന്നത്തെ കോണ്‍ഗ്രസടക്കമുള്ള നേതാക്കന്മാര്‍ക്കും സര്‍ക്കാരിലെ ചുവപ്പു നാടകള്‍ക്കും ഗാന്ധിജിയെ വധിക്കുന്ന വിവരം അറിയാമായിരുന്നുവെന്നും അവര്‍ അറിയാത്ത ഭാവത്തില്‍ കണ്ണടച്ചെന്നും അവര്‍ക്കാവശ്യം ജീവിച്ചിരിക്കുന്ന ഗാന്ധിയേക്കാള്‍ രക്ത സാക്ഷിയായിരുന്ന ഗാന്ധിജിയെ യായിരുന്നുവെന്നും' ഗാന്ധിജിയുടെ കൊച്ചുമകന്‍ അരുണ്‍ ഗാന്ധി ബീ ബി. സി.യു മായുള്ള അഭിമുഖ സംഭാഷണത്തില്‍ പറയുകയുണ്ടായി. ജീവിച്ചിരുന്ന ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഗാന്ധിജി ഒരു ബ്രിട്ടീഷ് ജേര്‍ണ ലിസ്റ്റിന്റെ ചോദ്യത്തിനുത്തരമായി പറഞ്ഞു; 'ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഭാരതീയ ജനത എന്നെ പിന്തുടരും. മരിക്കുമ്പോള്‍ എന്നെ ആരാധിക്കും. പക്ഷെ എന്റെ ലക്ഷ്യങ്ങളായിരിക്കില്ല അവരുടെ ലക്ഷ്യം. എന്റെ ചിന്തകള്‍ അപ്പാടെ തിരസ്ക്കരിക്കും.' ഒരു പ്രവാചകന്റെ പ്രവചനം പോലെ അതെല്ലാം സത്യങ്ങളായി ഭവിച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഇന്ത്യയിലെ പ്രമുഖ മറ്റു രാഷ്ട്രീയ പാര്‍ട്ടികളും ബ്രിട്ടീഷ് സാമ്രാജ്യ ഭരണം അവസാനിപ്പിച്ച് ഇന്ത്യന്‍ സാമ്രാജ്യ വാദികളായി. പൊങ്ങച്ചവും ആഡംബര പൂര്‍ണ്ണമായ പ്രകടനങ്ങളും ആഡംബര ജീവിതവും സാധാരണ ജനതയുമായുള്ള അകല്‍ച്ചയും ജീവിക്കുന്ന ഗാന്ധിജി സമ്മതിക്കില്ലായിരുന്നു. ജീവിക്കുന്ന ഗാന്ധിജിയെ ഭയപ്പെട്ടതുകൊണ്ട് ഗാന്ധി വധത്തില്‍ നിശബ്ദരായി തന്നെ അവരും കൂട്ടുനിന്നു.

അനേക മതങ്ങളുള്ള ഭാരതത്തില്‍ ഒരു മതത്തിനും രാഷ്ട്രീയത്തില്‍ പ്രാധാന്യം കല്പ്പിക്കരുതായിരുന്നു. മതത്തെ പ്പറ്റിയുള്ള നമ്മുടെ മനസിലാക്കലും സങ്കുചിതമാണ്. മതങ്ങളെന്നു പറഞ്ഞാല്‍ അസഹിഷ്ണതയുടെ ഉറവിടങ്ങളാണ്. പരസ്പര ധാരണയും സ്‌നേഹവും പരസ്പര ബഹുമാനവും പഠിപ്പിക്കന്നതിനു പകരം മതങ്ങള്‍ തമ്മില്‍ മല്ലടിച്ചുകൊണ്ട് വെറുപ്പിന്റെ ഭാഷ പഠിപ്പിക്കുന്നു. മഹാത്മാ ഗാന്ധിജി അഭിമാനിയായ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം മറ്റുള്ള മതങ്ങളുടെ നല്ല സാരാംശങ്ങളെയും സ്വീകരിച്ചിരുന്നു. അമ്പല പൂജാരികളുടെ അന്ധവിശ്വാസം നിറഞ്ഞ ആചാരങ്ങളെ അദ്ദേഹം സ്വീകരിച്ചിരുന്നില്ല. എന്നാല്‍ വേദങ്ങളിലെ വാക്യങ്ങള്‍ പഠിക്കുകയും മനസിലാക്കുകയും അവകളെ പ്രായോഗിക ജീവിതത്തില്‍ കൊണ്ടുവരുകയും ചെയ്തു. അദ്ദേഹം സ്വന്തം മതത്തെ സ്‌നേഹിച്ചപോലെ മറ്റുള്ള മതങ്ങളെയും തുല്യമായി സ്‌നേഹിച്ചിരുന്നു. മതേതരത്വമെന്നാല്‍ സ്വന്തം മതത്തെ തിരസ്ക്കരിക്കയെന്നല്ല എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുക യെന്നതാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. ഗാന്ധിജിയെ സംബന്ധിച്ച് മതമെന്നു പറയുന്നത് വലിയ ഒരു പര്‍വ്വതം കയറുന്നതിനു തുല്യമായിരുന്നു. നാമെല്ലാം ഒരേ പര്‍വത ശിഖരത്തിലേയ്ക്ക് യാത്ര ചെയ്യുന്നുവെങ്കില്‍ പര്‍വതത്തിന്റെ ഏതു വശത്തുനിന്നു യാത്ര ചെയ്താലും ലക്ഷ്യസ്ഥാനം ഒന്നുതന്നെയാണെന്നു ഗാന്ധിജി പറയുമായിരുന്നു.

1947­ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിനു ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പണ്ഡിറ്റ്­ നെഹ്രുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും ദൌത്യവുമായി ഒരു സംഘം കല്‍ക്കട്ടയില്‍ ഗാന്ധിജിയെ കാണാനെത്തി. ഗാന്ധിജി ആ സമയങ്ങളില്‍ ഹിന്ദു മുസ്ലിം മൈത്രിക്കുവേണ്ടിയും സമാധാനത്തിനായും ശ്രമിക്കുകയായിരുന്നു. അര്‍ദ്ധരാത്രിയില്‍ വന്നെത്തിയ അവര്‍ നെഹ്രുവിന്റെയും പട്ടേലിന്റെയും കത്തുകള്‍ ഗാന്ധിജിയ്ക്ക് കൈമാറി. വന്ന അതിഥികള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം ഗാന്ധിജി ആ കത്തുകള്‍ പൊട്ടിച്ചു. കത്തില്‍ അവര്‍ എഴുതിയിരുന്നു: "ബാപ്പുജി അങ്ങ് രാഷ്ട്ര പിതാവാണ്. 1947­ ആഗസ്റ്റ് പതിനഞ്ചാം തിയതി ആദ്യത്തെ സ്വാതന്ത്ര്യ ദിനമായിരിക്കും. അങ്ങ് ഡല്‍ഹിയില്‍ വന്നു ഞങ്ങളെ അനുഗ്രഹിക്കണം." ഗാന്ധി പറഞ്ഞു, 'എന്തു വിഡ്ഢിത്വം, ബംഗാള്‍ കത്തിയെരിയുമ്പോള്‍ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം കൊലകള്‍ നടത്തുമ്പോള്‍ കല്‍ക്കട്ടയിലെ ഇരുണ്ട ഈ രാത്രിയില്‍ ദയനീയമായ അവരുടെ യാതനകളെ ഞാന്‍ ശ്രവിക്കുന്നു. വെട്ടിത്തിളങ്ങുന്ന ദീപങ്ങളുടെ നടുവില്‍ മുറിവേറ്റ ഭാരതാത്മാവിന്റെ വേദനകളും ആവഹിച്ചുകൊണ്ട് ഞാന്‍ എങ്ങനെ ഡല്‍ഹിക്കു വരും?" ഇത് ഗാന്ധിജിയുടെ ഹൃദയ സ്പര്‍ശമായ വാക്കുകളായിരുന്നു. ഗാന്ധിജി പറഞ്ഞു, 'ബംഗാളില്‍ സമാധാനം ഉണ്ടാക്കുന്നതിന് എനിയ്ക്കിവിടെ ജീവിക്കേണ്ടതായുണ്ട്. അവരില്‍ സൗഹാര്‍ദവും സമാധാനവും കൈവരിക്കാന്‍ എന്റെ ജീവന്‍തന്നെ ബലി കഴിച്ചേക്കാം.'

സുപ്രഭാതമായപ്പോള്‍ നെഹ്രുവിന്റെയും പട്ടേലിന്റെയും ദൗത്യ സംഘത്തെ ഗാന്ധിജി മടക്കി അയച്ചു. അദ്ദേഹം ഒരു മരത്തിന്റെ കീഴെ നില്ക്കുകയായിരുന്നു. ഒരു വരണ്ട ഇല മുകളില്‍ നിന്ന് താഴെ വീണു. ഗാന്ധിജി അത് പെറുക്കിയെടുത്ത് ഉള്ളം കൈകളിലാക്കിക്കൊണ്ട് പറഞ്ഞു, "ചങ്ങാതിമാരെ നിങ്ങള്‍ ഡല്‍ഹിക്ക് മടങ്ങി പോവുകയല്ലേ? നെഹ്രുവിനും പട്ടേലിനും സമ്മാനങ്ങള്‍ നല്കാന്‍ എന്റെ കൈവശം ഒന്നും തന്നെയില്ല. ഞാന്‍ അധികാരവും പണവുമില്ലാത്ത ഒരു സാധു മനുഷ്യനാണ്. സ്വാതന്ത്ര്യദിന സമ്മാനമായി ഈ ഉണങ്ങിയ ഇല നെഹ്രുവിനും പട്ടേലിനും സമ്മാനിക്കൂ. ഗാന്ധിജി ഇത് പറയുമ്പോള്‍ വന്ന അതിഥികളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തമാശരൂപേണ ഗാന്ധിജി വീണ്ടും പറഞ്ഞു, "ദൈവം എത്ര മഹത്വപ്പെട്ടതാകുന്നു. അവിടുന്നു നിങ്ങളുടെ 'ഗാന്ധി' ഉണങ്ങിയ ഇല കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല." ഗാന്ധിജി ഒരു നിമിഷം ധ്യാനനിരതനായ ശേഷം ഉണങ്ങിയ ഇലയില്‍ വെള്ളം ഒഴിച്ചു. ഒരു ചിരിയോടെ അദ്ദേഹം "ഈ ഇല ഇപ്പോള്‍ മിന്നി തിളങ്ങുന്നില്ലേയെന്നു" ചോദിച്ചു. കണ്ണുനീരുകള്‍ നിറഞ്ഞ 'ഇല' എന്റെ സമ്മാനമായി അവര്‍ക്കു നല്കൂ. അതായിരുന്നു ഗാന്ധിജിയുടെ ഹൃദയ സ്പര്‍ശമായ മാനവിക വികാരം.

അബലകളായ സ്ത്രീകളുടെ കരളലിയിക്കുന്ന പ്രശ്‌നങ്ങള്‍ ഗാന്ധിജിയെ സ്പര്‍ശിച്ചിരുന്നു. 'ചമ്പരാന്‍' ജില്ലയില്‍, പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഗാന്ധിജി ഏതാനും പേരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ കൊണ്ടുവന്ന റിപ്പോര്‍ട്ടില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളൊന്നും പരാമര്‍ശിച്ചില്ലായിരുന്നു. സ്ത്രീകളെ തഴഞ്ഞുകൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് എങ്ങനെ പൂര്‍ണ്ണമാകുമെന്നും ഗാന്ധിജി ചോദിച്ചു. സ്ത്രീകള്‍ ലജ്ജാവതികളായതുകൊണ്ട് വീടിനു പുറത്തിറങ്ങുകയില്ലെന്നും ആരെയും കാണാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഗാന്ധിജിയോട് മറുപടി പറഞ്ഞു. ഗാന്ധിജി ഉടന്‍ കസ്തൂര്‍ബാ ഗാന്ധിയേയും അവാന്റികബായി ഗോഖലെ എന്ന ഒരു സ്ത്രീയേയും സ്ത്രീകളുടെ യാതനകളറിയാന്‍ ചമ്പരാന്‍ പ്രദേശങ്ങളില്‍ അയച്ചു. ചമ്പരാനിലെ സ്ത്രീകള്‍ അവരെ കാണുകയോ വാതില്‍ തുറക്കുകയോ ഉണ്ടായില്ല. സൂര്യാസ്തമനമായപ്പോള്‍ കസ്തൂര്‍ബാ ഗാന്ധി ഒരു വീടിന്റെ വാതിലില്‍ മുട്ടിയിട്ടു അകത്തുള്ള സ്ത്രീയോട് പറഞ്ഞു, "ഞങ്ങള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഈ ഗ്രാമത്തില്‍ അലഞ്ഞു നടക്കുകയാണ്. ഞങ്ങള്‍ക്ക് ദാഹിക്കുന്നു. ഒരു ഗ്ലാസ് വെള്ളം തരുമോ?" സാവധാനം ഒരു വാതില്‍ പകുതിയായി തുറന്നു. ഒരു സ്ത്രീ വാതിലിനു മറവില്‍ ഒളിച്ചിരുന്നുകൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി കൈകള്‍ നീട്ടി. കസ്തൂര്‍ബാ വെള്ളം കുടിച്ചുകൊണ്ട് പറഞ്ഞു, സഹോദരി, ഒരു ഗ്ലാസ് വെള്ളം പിടിച്ചുകൊണ്ടുള്ള നിങ്ങളുടെ കൈകള്‍ മാത്രം കാണുന്നു. എന്നാല്‍ കൈകള്‍ക്ക് പുറകിലുള്ള നിങ്ങളെയാണ് ഞങ്ങള്‍ക്ക് കാണേണ്ടത്." അകത്തുള്ള സ്ത്രീ പറഞ്ഞു, "ഈ വീട്ടിലുള്ള മൂന്നു സ്ത്രീകള്‍ക്ക് ആകെയുള്ളത് കീറാത്ത ഒരു സാരി മാത്രമാണ്. ഒരാള്‍ ആ സാരിയുമുടുത്തുകൊണ്ട് പുറത്തിറങ്ങിയാല്‍ മറ്റുള്ള സ്ത്രീകള്‍ അര്‍ദ്ധ നഗ്‌നകളായി നിങ്ങള്‍ക്ക് വാതിലെങ്ങനെ തുറന്നു തരും." കരയുന്ന ആ സ്ത്രീയോട് കസ്തൂര്‍ബാ പറഞ്ഞൂ, "വാതിലടയ്ക്കൂ സഹോദരീ, നിങ്ങളുടെ ഹൃദയ വാതിലുകള്‍ തുറന്നിരിക്കുന്നു." ഹൃദയ സ്പര്‍ശമായ ഈ റിപ്പോര്‍ട്ടുമായി കസ്തൂര്‍ബായും അവാന്റിഭായിയും ഗാന്ധിജിയുടെ അടുത്തെത്തി. സ്ത്രീകളുടെ ആദരവു വര്‍ദ്ധിപ്പിച്ചുകൊണ്ട് അവര്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അതുവരെ താന്‍ വിശ്രമിക്കില്ലെന്നും ഗാന്ധി അന്ന് പ്രതിജ്ഞ ചെയ്തു.

2002­ലെ ഗുജറാത്ത് കലാപം നാം ജീവിക്കുന്ന കാലത്തെ ഏറ്റവും ഹീനമായ ഒരു സംഭവമായിരുന്നു. അതു സംഭവിച്ചത് ഗാന്ധിജിയുടെ സ്വന്തം നാടായ ഗുജറാത്തിലായിരുന്നു. യാതൊരു തത്ത്വങ്ങളുമില്ലാത്ത രാഷ്ട്രീയക്കളികള്‍മൂലം അനേക മനുഷ്യ ജീവിതങ്ങള്‍ നഷ്ടപ്പെട്ടു. അധികാരം നിലനിര്‍ത്താന്‍ ഏതു മൃഗീയമായ പ്രവര്‍ത്തികളും ഇത്തരക്കാര്‍ രാഷ്ട്രീയത്തില്‍ കളിക്കും. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഗുജറാത്ത് സംഭവത്തില്‍ അദ്ദേഹം അപമാനിതനാവുമായിരുന്നു. ഗുജറാത്തിയെന്നോ ഇന്ത്യനെന്നോ പറയാന്‍ മടിക്കുമായിരുന്നു.

കപടത നിറഞ്ഞ രാഷ്ട്രീയ ചൂതുക്കളിക്കാരുടെ ലോകത്തില്‍ ഗാന്ധിജിയുടെ ചിന്തകള്‍ കൈവെടിഞ്ഞെങ്കിലും രാഷ്ട്രീയത്തിനുപരിയായി ചിന്തിക്കുന്നവരുടെ സാമൂഹിക തലങ്ങളിലും വിവിധ മാനുഷിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകളിലും അനേകായിരങ്ങളിലും ഗാന്ധിയന്‍ തത്ത്വങ്ങള്‍ ഉത്തേജനം നല്കിക്കൊണ്ടിരിക്കുന്നു. അവര്‍ ആതുര സേവനങ്ങളിലും ഗ്രാമീണ ഉദ്ധാരണങ്ങളിലും സ്ത്രീകളുടെ നവോത്വാന മേഖലകളിലും പരീസ്ഥിതി ക്രമീകരണങ്ങളിലും ശുദ്ധീകരണ മേഖലകളിലും പ്രവര്‍ത്തിക്കുന്നു. ഗാന്ധിജിയുടെ ചിന്തകളും ആശയങ്ങളും ഇന്നും കാലത്തിനനുയോജ്യമെന്നു കാണാം. ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനു മുഴുവനായും അദ്ദേഹത്തിന്റെ ചൈതന്യം അണയാത്ത ദീപമായി ശോഭിക്കുന്നു. അനീതിയ്‌ക്കെതിരെ , ഏകാധിപത്യ പ്രവണതകളുള്ള സര്‍ക്കാരുകള്‍ക്കെതിരെ അദ്ദേഹത്തിന്‍റെ അക്രമരാഹിത്യ സമര മുറകള്‍ വിവിധ രാജ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കി. മത സഹിഷ്ണതയും മതങ്ങള്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഗാന്ധിസത്തിന്റെ ഭാഗമാണ്. ഗാന്ധി വിഭാവന ചെയ്ത പ്രകൃതിയെ നശിപ്പിക്കാത്ത സാമ്പത്തിക ശാസ്ത്രം ഇന്നും കാലത്തിനനുയോജ്യം തന്നെ. സമാധാനത്തിലധിഷ്ടിതമായ ചര്‍ച്ചകളില്‍ കൂടി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഗാന്ധിയന്‍ ആശയങ്ങളെ പരിഷ്കൃത ലോകങ്ങള്‍ ആദരിക്കുന്നു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞു, 'ഈ ഭൂമിയില്‍ രക്തവും മാംസവുമുള്ള ഒരു മനുഷ്യനായി 'ഗാന്ധിയെന്ന' ഒരു മഹാന്‍ ജീവിച്ചിരുന്നുവെന്ന് തലമുറകള്‍ കടന്നു പോവുമ്പോള്‍ അവിശ്വസനീയമായി തോന്നും.' ഗാന്ധിജി മരിച്ചു. ആ ദീപം പൊലിഞ്ഞു. അദ്ദേഹം ജീവിച്ച ഭൂമിയിലാണ് നാമിന്നു ജീവിക്കുന്നത്. മനുഷ്യത്വത്തെയും ആക്രമണ രാഹിത്യത്തെയും ബഹുമാനിച്ചാല്‍ ഗാന്ധിജിയുടെ ചൈതന്യം നിത്യം ലോകത്തു വെളിച്ചം നല്കിക്കൊണ്ട് സമാധാനം ഉളവാകും. അദ്ദേഹത്തിന്‍റെ ജീവിക്കുന്ന ചൈതന്യം ലോകത്തിലെ എല്ലാ സ്വാതന്ത്ര്യ ദാഹികളായ ജനങ്ങളുടെ ഹൃദയങ്ങളിലും കുടികൊള്ളുന്നു­ണ്ട്.
ഗാന്ധിസവും ഗാന്ധിയന്‍ ചിന്തകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Tom abraham 2016-01-20 12:19:52

Gandhiji s eclectic philosophy is what makes him a world citizen. It is inclusive of the Hindu, Christian, Jewish and Muslim ideals, rather vision , for non-violence and world Peace. All atheists must fall at this Mahatma s feet. I do.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക