കുടുംബ യോഗം ,കുടുംബ കൂട്ടായ്മ എന്നൊക്കെ നാം കേട്ടിട്ടുണ്ട് .എന്നാൽ ഒരു കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് ഒരു പാട്ടു തയാറാക്കുക ,വ്യത്യസ്തമാർന്ന ആ പാട്ടു ഹിറ്റാവുക എന്നുള്ളത് അപൂർവമാണ്. "ദൂതർ പാടും സംഗീതം..." എന്ന ക്രിസ്മസ് ഗാനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് .
ആ പാട്ടിന്റെ മികവിനോടൊപ്പം അതിന്റെ നിർമ്മാണത്തിനുള്ള വ്യത്യസ്തത കൂടിയാണ് അതിനു കാരണം .ബാബു കോടംവേലിൽ ,ഗ്രേസി ഫിലിപ്പ് എന്നീ അധ്യാപക ദമ്പതികൾ, അവരുടെ മക്കൾ ജീവൻ കെ .ബാബു ,ദർശൻ കെ .ബാബു ,എനീ വിദ്യാർത്ഥികൾ, എന്നിവർ ചേർന്നാണ് "ദൂതർ പാടും സംഗീതം..." എന്ന ക്രിസ്മസ് ആൽബം ഒരുക്കിയിരിക്കുന്നത്. ഇവരോടൊപ്പം ബാബു കോടംവേലിലിന്റെ സഹോദരി സാലി ജോൺസൻ ,ഭർത്താവ് എ. ജെ .ജോൺസൻ ,മക്കൾ റിയ എൽസ ജോൺസൻ ,ആനന്ദ് ജോൺസൻ ,എന്നിവരുമുണ്ട്.
"ഗാനം കേൾക്കുന്നു ദൂരെ ദൂരെ....
ഒരു നവ ഗാനം കേൾക്കുന്നു വീഥികളാകെ...
താരം മിന്നുന്നു വാനിൻ മീതെ...
ഒരു നവ താരം മിന്നുന്നു വീഥികളാകെ ..."
എന്ന് തുടങ്ങുന്ന ഗാനം എഴുതി സംഗീതം ചെയ്തിരിക്കുന്നത് , ആലുവ കീഴ്മാട് ഗവ .മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ മലയാള വിഭാഗം അധ്യാപകനും എഴുത്തുകാരനും മികച്ച ഗാനരചയിതാവും സംഗീത സംവിധായകനുമായ ബാബു കോടംവേലിൽ ആണ് .മുഖ്യ ഗായകർ ജീവൻ കെ .ബാബുവും റിയ എൽസയും ആണ് . എല്ലാവരും ചേർന്ന് കോറസ് പാടിയിരിക്കുന്നു .
ഒരേ സമയം മെലഡിയും, ക്വയർ ഹാർമണിയും, അടിച്ചുപൊളി മൂഡും ഒക്കെയുള്ള ഒരു പാട്ടാണിത്. .പള്ളികളിലെ ക്രിസ്മസ് കരോൾ ഗായകസംഘങ്ങൾക്ക് പാടാവുന്ന ഹാർമണിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഗാനം, വീടുകളിൽ ക്രിസ്മസ് ആശംസകൾ അർപ്പിക്കുവാൻ വരുന്ന ഗായകർക്കും പാടാവുന്ന താളക്രമീകരണത്തിൽ ഉള്ളതാണ് .ഗാനത്തിന്റെ ഹാർമണി ചിട്ടപ്പെടുത്തിയിരിക്കുന്നത് കുടുംബാംഗമായ ജിബിൻ ജോർജ് ബോബിയും പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതു ജീവൻ ജോയിയുമാണ് .
മറ്റൊരു പ്രത്യേകത ആൽബത്തിന്റെ ഫോട്ടോഗ്രാഫിയാണ് . പത്താം ക്‌ളാസ്സുകാരനായ ആദർശ് . ജി എന്ന പ്രശസ്തനായ കൂട്ടിക്യാമറാമാനോടൊപ്പം ബാബു കോടംവേലിലിന്റെ മകൻ ദർശൻ കെ .ബാബുവും, സാലിയുടെ മകൻ ആനന്ദ് ജോൺസണും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു . ആൽബത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ജീവൻ കെ .ബാബു ആണ് .ഒരു ഡിസൈനർ കൂടിയായ ബാബു കോടംവേലിൽ ആണ് സോഷ്യൽ മീഡിയ പോസ്റ്ററുകൾ തയ്യാറാക്കിയിരിക്കുന്നത് .
ക്രിസ്മസ് ഗാനങ്ങൾ ,ലളിതഗാനങ്ങൾ ,ജനകീയ ഗാനങ്ങൾ ആൽബം ഗാനങ്ങൾ എന്നിവയിലൂടെ പ്രശസ്തനായ ബാബു കോടംവേലിൽ രചിച്ച "ഗിരിനിരകൾ പാടുന്നു ഹാലേലുയ്യ..." എന്ന ക്രിസ്മസ് ഗാനം എക്കാലത്തെയും യൂട്യൂബ് ക്രിസ്മസ് ഹിറ്റുകളിൽ ഒന്നാണ് .കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഏറെപ്പേർ യൂട്യൂബിൽ കണ്ടു കഴിഞ്ഞ ഈ ഗാനം, സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഈ വർഷത്തെ ഹിറ്റ് ക്രിസ്മസ് ഗാനമാണ്.