Image

അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ (ഷാജു ജോൺ )

Published on 03 July, 2021
അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ (ഷാജു ജോൺ )
ജൂലൈ നാല് , ഇന്ന് അമേരിക്കയുടെ  സ്വാതന്ത്ര്യദിനം  .... രാത്രിയുടെ കറുപ്പിലേക്കു  വെടിക്കെട്ടിന്റെ വർണങ്ങൾ വാരി വിതറി അമേരിക്ക മുഴുവനും പ്രകാശമാനമാകുന്ന ദിവസ്സം.... ഇരുന്നൂറ്റി നാല്പത്തഞ്ചു  മെഴുകുതിരികൾ കത്തിച്ച കേക്ക് മുറിച്ചു്  അമേരിക്ക  ഒന്നാകെ   ആഘോഷിക്കുന്ന  പിറന്നാൾ ദിനം......

 കുഞ്ഞായിരിക്കുമ്പോൾ കഥകൾ കേൾക്കാൻ എനിക്ക് വലിയ്യ്‌ താല്പര്യമായിരുന്നു. ആ അമ്മൂമ്മ കഥകളിൽ പലതും തുടങ്ങുന്നത് ഇങ്ങനെ ആയിരുന്നു ......പണ്ട് പണ്ട് ഏഴ്  കടലിനക്കരെ ഒരു ദ്വീപുണ്ടായിരുന്നു ,അവിടെ സുന്ദരിയായ ഒരു രാജകുമാരിയും .....രാജകുമാരിയെ കല്യാണം കഴിക്കുവാൻ  പലരും കടൽപരപ്പിലൂടെ  നീന്തിയിട്ടുണ്ട്, പക്ഷെ ആരും ദ്വീപിൽ എത്തിയില്ല .... ചിറകുള്ള ഒരു കുതിരയെ കിട്ടിയിരുന്നെകിൽ എന്ന് പലരും മോഹിച്ചിരുന്നു പക്ഷെ  ....

ഈ അമ്മുമ്മ കഥകളിൽ പറയുന്ന ഏഴു കടലിനക്കരെ ഉള്ള ദ്വീപ്  പലപ്പോഴും ഞാനും സ്വപ്നം കണ്ടിരുന്നു ...വെളുത്ത ചിറകുള്ള കുതിരപ്പുറത്ത് പറക്കുവാൻ കൊതിച്ചിരുന്ന ദ്വീപ് ....ഞാൻ വളർന്നതിനൊപ്പം എന്റെ ദ്വീപും വളർന്നു.... അമേരിക്ക എന്ന ഒരു വലിയ രാജ്യമായി മനസ്സിൽ കലാന്തരേണ  ആ ദ്വീപ്  രൂപപ്പെട്ടു, ഒപ്പം അങ്ങോട്ടേക്ക് പറക്കുവാനുള്ള എന്റെ  ആഗ്രഹവും  ....  

അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു.  ഇതിവിടെ കുറിക്കുവാൻ കാരണമുണ്ട്. അമേരിക്കൻ തലമുറകളുടെ മനസ്സുകൾ വായിച്ചെടുത്താൽ  മനസിലാക്കുവാൻ  കഴിയുന്ന ഒരു കാര്യമുണ്ട് ,  ഭൂരിപക്ഷം പേർക്കും  തങ്ങളുടെ രണ്ടു തലമുറകൾക്കും പിന്നിലേക്ക്  സഞ്ചരിക്കുവാൻ കഴിയുന്നില്ല എന്നുള്ള ഒരു യാഥാർഥ്യം. അമേരിക്ക , എല്ലാവർക്കുമറിയുന്നതുപോലെ റെഡ് ഇന്ത്യൻസ് എന്ന ഗോത്രവിഭാഗം മാത്രമുണ്ടായിരുന്ന നാട് ആയിരുന്നു. മറ്റു രാജ്യങ്ങളിൽ നിന്നും  ഉള്ള കുടിയേറ്റത്തിലൂടെയാണ്  യുണൈറ്റഡ്  സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന  മഹത്തയ രാജ്യം കെട്ടിപ്പടുത്തതും, ഒളി മങ്ങാത്ത ഒരു സംസ്കാരം ഇവിടെ രൂപപ്പെട്ടതും.

വേരുകൾ തേടി  അവർ പലപ്പോഴും  ആൻസിസ്റ്ററി  ടെസ്റ്റുകൾ ചെയ്തു നോക്കാറുണ്ട്,എങ്കിലും പലപ്പോഴും തങ്ങളുടെ പൂർവീകർ ആരാണെന്നോ,  അല്ലെങ്കിൽ ഏതു രാജ്യത്ത്  നിന്നാണ് തങ്ങളുടെ സമൂഹം  വന്നത് എന്ന് പോലും പലർക്കും അറിയില്ല,  രൂപവും ഭാവവും കണ്ടാൽ കുറച്ചെങ്കിലും അറിയാമെങ്കിലും  കൃത്യമായ  ഉത്തരം  വെറും  സമസ്യ പോലെ ഇപ്പോഴും നില കൊള്ളുന്നു

ഒരു പക്ഷെ എനിക്ക് ശേഷം  എന്റെ  ഭാവി തലമുറയുടെ   അവസ്ഥയും ഇത് ഒക്കെ തന്നെ ആയിരിക്കും ,...............അത് കൊണ്ട്  ഇതിവിടെ  കിടക്കട്ടെ എന്റെ അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ ..... എന്നെങ്കിലും ആർക്കെങ്കിലും വായിക്കുവാൻ, പൈതൃകം മറന്നുപോകാതിരിക്കാൻ......

 എന്റെ ചെറുപ്പത്തിന്റെ ഓർമകളിൽ രണ്ടു രാജ്യങ്ങളുടെ ആശയങ്ങൾ  ആയിരുന്നു ലോകം നിയന്ത്രിച്ചിരുന്നത് -  യുണൈറ്റഡ് സ്റേറ്സ് ഓഫ്  അമേരിക്കയും(U S A ), സോവിയറ്റ് യൂണിയൻ എന്ന് വിളിച്ചിരുന്ന യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ് റിപ്പബ്ലിക്കും (U S S R ).  അമേരിക്കൻ  പ്രസിഡന്റ്  ജിമ്മി കാർട്ടറും,  സോവിയറ്റ്  പ്രസിഡന്റ്  ബ്രഷ്നേവുമെല്ലാം  ഞങ്ങളുടെ ക്‌ളാസ് മുറികളിലെ ഹീറോമാരും,  സോഷ്യൽ സ്റ്റഡീസ് പരീക്ഷ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായിരുന്നു. പിൽക്കാലത്തു, സോവിയറ്റ് യൂണിയൻ  മിഖായേൽ ഗോർബച്ചോവിന്റെ 'പെരിസ്‌ട്രോയ്‌ക' , 'ഗ്ലാസ് നോസ്റ്റ്; തുടങ്ങിയ പ്രതിക്രിയാ വാദങ്ങളുടെ  ഫലമായി   പല പല  റിപ്പബ്ലിക്കുകളായി പിരിഞ്ഞു പോയത്, ഒരു കാര്യവുമില്ലെങ്കിലും എന്നെ  ഏറെ സങ്കടപെടുത്തിയ ഒരു സംഭവമായിരുന്നു ( സോവിയറ്റ് യൂണിയനെ ഇപ്പോൾ  ആരെങ്കിലും ഓർക്കുന്നുണ്ടോ ആവോ ? )

എന്തായാലും   ആ  കാലത്തു  അമേരിക്കയെക്കാളും കൂടുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നത് സോവിയറ്റു യൂണിയനെ ആയിരുന്നു , അതിനു കാരണക്കാരൻ  'ട്രൂമാൻ'  എന്ന എന്റെ സ്‌കൂൾ സഹയാത്രികൻ  ആയിരുന്നു . അന്നൊക്കെ  സ്‌കൂളിലെ പാഠ പുസ്തകങ്ങൾ എല്ലാം തലമുറ തലമുറയായി  കൈമാറി കിട്ടുന്നതാണ് , അത് കൊണ്ട് തന്നെ മിക്കവാറും പുസ്തകങ്ങളിൽ ആദ്യത്തെ കുറെ പേജുകളും അവസാനത്തെ കുറെ പേജുകളും ഉണ്ടാകാറില്ല ..ഇനി ഉണ്ടായാൽ തന്നെ കാപ്പിരി മുടി പോലെ  ചുരുണ്ടു കൂടി നിവർത്താൻ വയ്യാത്തതായിരിക്കും. അവ പൊതിഞ്ഞു വൃത്തിയാക്കുക എന്നതായിരുന്നു സ്‌കൂൾ വിദ്യാഭ്യാസത്തിലെ ശ്രമകരമായ ആദ്യത്തെ ദൗത്യം. ഗുണം  തീരെ ഇല്ലാതിരുന്ന മലയാളം പത്രത്താളുകൾ കൊണ്ട് പൊതിയുന്നത് കൊണ്ട് ആ ദൗത്യം പലപ്പോഴും പരാജയവുമായിരുന്നു.

അവിടെ  ട്രൂമാൻ വ്യത്യസ്തനായിരുന്നു. ആ സുഹൃത്തിന്റെ  പാഠ പുസ്തകങ്ങളിൽ നിന്ന് കണ്ണെടുക്കുവാൻ  തോന്നാറില്ല   അത്രക്ക്  ഭംഗിയായി മിനുമിനുത്ത കടലാസ്സിൽ പൊതിഞ്ഞവ ആയിരുന്നു അവ  ...ആ മിനുമിനുത്ത കടലാസ്സ്  അപൂർവമായി മാത്രം കിട്ടിയിരുന്ന   'സോവിയറ്റ് യൂണിയൻ' എന്ന മാസികയുടെ പേജുകൾ ആയിരുന്നു. നല്ല ഭംഗിയും ഗുണവുമുള്ള നനുത്ത   കടലാസിൽ മിഴിവുറ്റ ചിത്രങ്ങളും അക്ഷരങ്ങളും അച്ചടിച്ച് വരുന്ന ഇംഗ്ലീഷ് മാസിക.  ആ മാസികയിലെ പേജുകൾ കൊണ്ട്  പൊതിഞ്ഞ പുസ്തകങ്ങളുടെ അഴക് കണ്ടാൽ ഐശ്വര്യ റായ് പട്ടുടുപ്പ് ഇട്ട പോലെ ഇരിക്കും. ട്രൂമാനിൽ നിന്ന് അത്തരത്തിലുള്ള  ഒരു മാസിക  എങ്കിലും തരമാക്കി   എന്റെ പാഠപുസ്തകങ്ങൾക്കെല്ലാം അതേപോലെ  പട്ടുടുപ്പിക്കണം എന്നായി പിന്നീടുള്ള മോഹം   ......'തരാം ...തരാം'  എന്ന ട്രൂമാന്റെ മോഹന വാഗ്ദാനത്തിൽ മയങ്ങി ഞാൻ സോവിയറ്റ് യൂണിയന്റെ സഹചാരി ആയി തുടർന്നു പോന്നു.

പക്ഷെ ഒരു സുപ്രഭാതത്തിൽ, എന്റെ സോവിയറ്റ് കൂറ്  അട്ടിമറിക്കപ്പെട്ടു.   'ഏഴാം കടലിനക്കരെ 'എന്ന  സിനിമ ആയിരുന്നു അതിനു കാരണം. പൊതുവെ  ചഞ്ചല ചിത്തനായ ഞാൻ  ആ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ  വെളുത്ത കുതിരപ്പുറത്ത് ഏഴു കടലും താണ്ടാൻ തയ്യാറായി നിൽക്കുന്ന ഒരു  രാജകുമാരനായി മാറി. അതോടൊപ്പം  സോവിയറ്റ് സ്നേഹം ഉരുകി അറബിക്കടലിലേക്കും  ഒഴുകിപ്പോയി . രണ്ടോ, മൂന്നോ   തവണ ആ സിനിമ ഞാൻ  കണ്ടു ....... (കൂടുതൽ തവണ  കാണുവാൻ   കാലി പോക്കറ്റ്  അനുവദിച്ചിരുന്നില്ല.... കാരണം ആ വർഷം പറങ്കി മാവിൽ കശുവണ്ടികൾ കുറവായിരുന്നു )  വളരെ  സുന്ദരമായിരുന്നു  'ഏഴാംകടലിനക്കരെ' എന്ന സിനിമയിലെ  ഓരോ ഷോട്ടുകളും ...  ..അംബര ചുംബികളായ കെട്ടിടങ്ങൾ  ..മുന്തിയ  തരം  കാറുകൾ (അന്ന് വരെ അംബാസിഡർ കാർ മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളു) ,കോട്ടും സൂട്ടുമണിഞ്ഞ സായിപ്പന്മാർ, വെളുത്ത സുന്ദരി മദാമ്മമാർ  ....ഇത്രയൊക്കെ മതിയായിരുന്നു  എന്നിലെ കൗമാരക്കാരനിൽ ഏഴു കടലിനക്കരെ ഉള്ള ദ്വീപിനെ കുറിച്ച്  സ്വപ്‌നങ്ങൾ  നെയ്തിടുവാൻ.

 വർണ വിസ്മയങ്ങൾ നിറഞ്ഞ അമേരിക്കൻ സ്വപ്നങ്ങളുടെ വിത്ത്, മനസ്സിൽ,  കിളച്ചു പാടമൊരുക്കാതെ തന്നെ വിതച്ചിട്ടു. പല രാത്രികളിലും ആ വിത്ത് പൊട്ടിമുളക്കുന്നതും, തഴച്ചു വളരുന്നതും ,പൂവായി ,കതിരായി, ഒഴുകിയെത്തുന്ന  കൊയ്ത്തു പാട്ടിൽ വിളഞ്ഞ നിറകതിർ  കൊയ്തെടുക്കുന്നതും  സ്വപ്നം കണ്ടാണ് എന്റെ പല രാത്രികളും അവസാനിച്ചിരുന്നത്  . ഒരിക്കലും ലഭിക്കാതിരുന്ന ട്രൂമാന്റെ .......'സോവിയറ്റ് യൂണിയൻ മാസിക  തരാം തരാം .......' എന്ന വാഗ്ദാനം പോലെ,  നടക്കില്ലെന്നറിയാമായിരുന്നെങ്കിലും, എന്റെ അമേരിക്കൻ സ്വപ്നങ്ങളെ  ഞാനും വെറുതെ മോഹിച്ചു കൊണ്ടിരുന്നു. ലോട്ടറി  എടുത്ത് ദിവാസ്വപ്നവും കണ്ടു നടന്നിരുന്ന ഒരാളെ പോലെ തന്നെ ..!

നമ്മളറിയാതെ നമുക്ക് വേണ്ടി കാലം വഴിയൊരുക്കാറുണ്ട് ,   പ്രതീക്ഷിക്കാതെ എത്തുന്ന വേനൽ മഴ പോലെ തന്നെ ... എനിക്ക് വേണ്ടിയും ഒരു സുപ്രഭാതത്തിൽ അമേരിക്കൻ വാതിലുകൾ തുറന്നു കിട്ടി.........(തുടർന്നെഴുതാം)

 
Join WhatsApp News
SK 2021-07-03 14:59:14
Somehow we had a subscription for Soviet Union magazine. Could not understand much of the content; but used to decorate the covers of text/note books during my school days.
Devika S.Menon 2021-07-07 12:18:35
He followed his leader and got arrested. He's now facing lengthy jail time. Dr. Albert Hazzouri Jr, a close friend and golfing buddy of Donald Trump was been arrested and officially charged with indecent assault, the Times-Tribune in Scranton reports. The 65-year-old dentist, who attempted to use his relationship with Trump to lobby dental regulations, is accused of groping one of his female patients after a dental procedure, according to court records cited in the report. “In an affidavit, Scranton Police Detective Dina Albanesi wrote that Hazzouri offered to walk the woman to her car. Then — when the two were in a stairwell — Hazzouri allegedly told the patient to ‘get on his back.'” She refused. “Hazzouri backed up into her, wrapped his hands around her and grabbed her buttocks and squeezed them,” the police detective wrote. He then is accused of grabbing her breasts and groin once they reached the bottom of the stairs. She then went to the police the same day. Trump infamously bragged on tape that he can “grab women by the p*ssy,” and that women let him do it because he’s a celebrity. While at police headquarters, the woman called Hazzouri on a recorded line at the urging of the detective, where he admitted to what he’d done. “He stated it was a mistake and offered her free dental needs as long as she lives,” according to police. He’s charged with three misdemeanors which carry two years in prison for each or up to a $5,000 fine. He was released on $75,000 bail.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക