Image

ശിശുക്കളെക്കുറിച്ച്  നമുക്ക് എന്തു ധാരണയുണ്ട്? (ഡോ. കുഞ്ഞമ്മ ജോർജ്)

Published on 16 July, 2022
ശിശുക്കളെക്കുറിച്ച്  നമുക്ക് എന്തു ധാരണയുണ്ട്? (ഡോ. കുഞ്ഞമ്മ ജോർജ്)

"Children Are Not Mini Adults "--Jillian Enright.

കുഞ്ഞുങ്ങളെ, പ്രത്യേകിച്ച് നവജാത ശിശുക്കളെക്കുറിച്ച്  നമുക്ക് എന്തു ധാരണയുണ്ട്?

ജനിച്ച ദിവസം മുതൽ ഇരുപത്തിയെട്ടു ദിവസം വരെയാണ് നവജാത ശിശു അഥവാ neonates എന്നു നമ്മൾ അവരെ വിളിക്കുന്നത്‌. 

വളരെ പണ്ട് , നവജാത ശിശുക്കൾക്ക് വേദനയില്ല എന്ന ധാരണയിലായിരുന്നു മെഡിക്കൽ ലോകം. 
എന്നാൽ ജനിച്ചു വീണ കുഞ്ഞിനു പോലും ഇന്ദ്രിയങ്ങൾ പ്രവർത്തന ക്ഷമമാണെന്ന് ആർക്കാണിപ്പോൾ അറിയാത്തത്? 

എങ്ങനെയാണിവർ അമ്മയുടെ സാന്നിദ്ധ്യം മണത്തറിയുന്നത് ? എങ്ങനെയാണിവർ സ്നേഹ സ്തന്ന്യങ്ങളിലേക്ക് ഒഴുകിയെത്തുന്നത്? 
കാലങ്ങൾക്ക് മുൻപ് നവജാത ശിശുമരണത്തിന്റെ നല്ലൊരു ശതമാനവും മാരകമായ ജന്മവൈകല്യങ്ങൾ കൊണ്ടായിരുന്നു. ഹൃദയഭിത്തികളിലെ ഓട്ടകൾ, തുറക്കാത്ത മലദ്വാരം ഇവയൊക്കെ ഉദാഹരണങ്ങൾ മാത്രം. 
ഒന്നറിയുക, ഇപ്പോൾ ഗർഭപാത്രത്തിനുള്ളിൽ വച്ചുതന്നെ ഇതു കണ്ടുപിടിക്കാനും അപ്പോൾ തന്നെ അതു യൂട്രസ് തുറന്ന് കറക്റ്റ് ചെയ്യാനും മാത്രം science വളർന്നു കഴിഞ്ഞു..! ഇതിനോടൊപ്പം വളർന്നു വന്നതാണ് neonatal അന്നേസ്തെഷ്യ യും paediatric അന്നേസ്തെഷ്യ യും. 

പറഞ്ഞു വരുന്നത് ശിശുക്കൾ വളരെ delicate ആയിരിക്കുന്നതു പോലെതന്നെ ഇവർക്കുള്ള അന്നേസ്തെഷ്യ യും, anaesthesiologist - ഉം വളരെ delicate ആയിരിക്കണം എന്നത് ഏറെ പ്രധാനം എന്നാണ്.

ഇപ്പോൾ full time paediatric super specialist അന്നേസ്തെഷ്യ doctors ഉണ്ടെന്നുള്ള അറിവ് ഞാൻ
തുറന്നിടുന്നു.

കോട്ടയം മെഡിക്കൽ കോളേജിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് paeadiatric സർജറി നടക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലാണ് (ICH) ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. 
Paediatric surgeons അവിടെയാണ് സദാ സമയവും ആണെങ്കിലും  ഞങ്ങൾ അന്നേസ്തെഷ്യ ഡോക്ടർമാർ വരുന്നത് ഒന്നര കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിൽ നിന്നാണ്..
ഒരു senior anaesthesiologist, ഒന്നു രണ്ട് lecturers, ലഭ്യത അനുസരിച്ച് പി. ജി കൾ. അങ്ങനെ അഞ്ചാറു പേരാണ് ഓരോ കേസും കൈകാര്യം ചെയ്യാൻ പോകുന്നത്. 
PAC തലേദിവസം തന്നെ കണ്ടിട്ടുണ്ടാവും.                                         

അന്നൊരു ചൊവ്വാഴ്ച്ച ആയിരുന്നിരിക്കണം. ഇരുപതിലധികം കേസുകൾ ഉണ്ട്. ഹെർണിയ (ജന്മനാൽ ഉള്ളത് )circumcision പോലുള്ള പൊടിക്കേസുകൾ ആദ്യം തീർത്തിട്ടാണ് മിക്കവാറും മേജർ കേസുകൾ തുടങ്ങുക.രണ്ടു ടേബിളിൽ നിശ്ചയമായും തുടർച്ചയായി കേസുകൾ ഉണ്ടാകും. മൂന്നാമത്തെ ടേബിൾ പലരുടെയും, പലതിന്റെയും ലഭ്യത അനുസരിച്ചായിരിക്കും.

ഞാനന്ന് ഫസ്റ്റ് ടേബിളിൽ ആയിരുന്നു. എനിക്കൊപ്പം പി ജി ഉണ്ണികൃഷ്ണൻ ആയിരുന്നു എന്ന് ഓർക്കുന്നു.സർജൻ ഡോക്ടർ ചന്ദ്രനും. 

അന്ന് അന്നേസ്തെഷ്യ team  ചാർജ്ജ്, ഡോ. റോസിലി തോമസിനായിരുന്നു. 
ആദ്യത്തെ രണ്ടു മൂന്ന് പൊടിക്കേസുകൾക്ക് ശേഷം cleft lip (മുച്ചുണ്ട് ) repair ചെയ്യാമെന്ന് സർജനുമായി ഞങ്ങളൊരു ധാരണയിൽ എത്തിയിരുന്നു.

ആദ്യ രണ്ടു കേസുകൾ പ്രശനങ്ങൾ ഇല്ലാതെ കഴിഞ്ഞു.
അടുത്ത കേസ് ഒരു നാലുവയസ്സുകാരന്റെ ഒട്ടിപ്പിടിച്ചിരുന്ന വിരലുകൾ (sindactyly) സ്വതന്ത്രമാക്കുക എന്നതായിരുന്നു. ഇതൊരു പ്ലാസ്റ്റിക് സർജറിയാണ്. Skingraft കൂടി വേണ്ടി വന്നേക്കാം എന്നതിനാൽ ജനറൽ അന്നേസ്തെഷ്യ തന്നെയാണ് ചോയ്സ്. 

ഒരു ടേബിളിൽ നിന്നും മറ്റൊന്നിലേക്ക് ഓടി നടക്കുന്ന റോസിലി മാഡം കേസ് തുടങ്ങാൻ എനിക്കൊപ്പം ചേർന്നു. 
അപ്പോൾ ഒൻപതര മണി ആയിട്ടുണ്ടാവും. കേസ് സെറ്റിലായി. സർജൻ കുഞ്ഞിക്കൈ paint ചെയ്തു drape ഇട്ടപ്പോൾ മാഡം പറഞ്ഞു - "പോയി breakfast  കഴിച്ചിട്ട് വേഗം വരൂ.". 
വാച്ചിൽ നോക്കിയ ഞാൻ പറഞ്ഞു , ഇതു കൂടി കഴിയട്ടെ.
"Sure? "  "Sure " ഞാൻ പറഞ്ഞു.

ഒരു മണിക്കൂറിനുള്ളിൽ സർജറി മിക്കവാറും വിജയകരമായി അവസാനിച്ചു. 

അടുത്ത ടേബിളുകളിലെ കുട്ടികളുടെ കരച്ചിൽ, ഡോക്ടർമാരുടെ സാന്ത്വനങ്ങൾ, suction മെഷീനിന്റെ വല്ലാത്ത ശബ്ദം ഒക്കെ എനിക്കു പതിവില്ലാതെ ആരോചകമായി തോന്നി. 
ഞാൻ ഉണ്ണിയുടെ സഹായത്തോടെ കുഞ്ഞിനെ അന്നേസ്തെഷ്യയിൽ നിന്നും പുറത്തു കൊണ്ടുവരാനുള്ള മറുമരുന്നുകൾ കൊടുത്തു തുടങ്ങി.. 

ടേബിളിന്റെ head end- ൽ , കറങ്ങുന്ന steel ചെയറിൽ ഇരുന്ന് ഞാൻ കുഞ്ഞിനു നൂറുശതമാനം ഓക്സിജൻ കൊടുക്കുന്നു. അതിനിടയിൽ ഞാനെന്റെ വിശപ്പിനെയും കേട്ടു തുടങ്ങി. 
ദാ കുഞ്ഞിപ്പോൾ കണ്ണുതുറന്നു, കൈകാലുകൾ ചലിപ്പിക്കുവാൻ മാത്രം ശക്തനായിരിക്കുന്നു. 
ഞാൻ ഉണ്ണിയോട് പറഞ്ഞു, ദാ full റിക്കവറി.ഇനി throat suction കൊടുത്തു extubate (ശ്വാസനാളിയിലെ ട്യൂബ് മാറ്റുക ) ചെയ്യു. 
കുഞ്ഞ് ഇപ്പോൾ എല്ലാ അർത്ഥത്തിലും മയക്കത്തിൽ നിന്നും ഉണർന്നിരിക്കുന്നു. ഉണ്ണിയോട് ഞാൻ ഗമ പറഞ്ഞു , "കണ്ടോ 
നല്ല അന്നേസ്തെഷ്യ, നല്ല റിക്കവറി ഇനി പേടിക്കേണ്ട ഷിഫ്റ്റ്‌ ചെയ്യാം". തീയേറ്ററിനുള്ളിൽ തന്നെയുള്ള ഒബ്സെർവഷൻ ബെഡ്ഡിലേക്ക് ഞങ്ങൾ കുഞ്ഞിനെ കിടത്തി. 
എനിക്കു വിശന്നിട്ടു കണ്ണു കാണാൻ വയ്യ, എന്നിട്ടും രണ്ടു മിനിറ്റ് ഞാൻ കുഞ്ഞിനെ നോക്കി നിന്നു. കാണെക്കാണെ കുഞ്ഞിന്റെ ശ്വാസത്തിനു കേറ്റിറക്കങ്ങൾ. നല്ല പാലുപോലിരുന്ന കുഞ്ഞിന്റെ  നിറം കുറഞ്ഞു , ചുണ്ടുകൾ നീല നിറമാകുന്നുവോ!!കുഞ്ഞിനെ കോരിയെടുത്തു ഞാൻ തിരിച്ച് ഓപ്പറേഷൻ ടേബിളിലേക്ക് കിടത്തി. 
Mask വഴിയുള്ള ഓക്സിജൻ ഡെലിവറി അത്ര എഫക്റ്റീവ് ആയില്ല. വീണ്ടും ഇന്റുബേഷൻ, വെന്റിലേഷൻ. നൂറു ശതമാനം ഓക്സിജൻ. കുഞ്ഞിന്റെ ഹൃദയമിടിപ്പും നിറവും നോർമലിലേക്ക് തിരിച്ചു വരുന്ന ആശ്വാസത്തിൽ ഞാൻ.
റോസിലി മാഡവും ഓടിയെത്തി. 

വെന്റിലേറ്റ് ചെയ്തുകൊണ്ടിരുന്ന എനിക്ക് പെട്ടെന്ന് കാഴ്ച മങ്ങുംപോലെ, ഉറക്കം വരുംപോലെ ഞാൻ കോട്ടുവായിട്ടു. അത്രയും മാത്രം ഓർമ്മയുണ്ട്. പെട്ടെന്ന് ഞാൻ നിലത്തേക്ക് കുഴഞ്ഞുവീണു. 

കുഴഞ്ഞ നാവുമായി , മാഡത്തിനോട് എനിക്ക് ഹാർട്ട്‌റേറ്റ് കുറയുന്നുവെന്നും, അട്രോപിൻ ഇൻജക്ഷൻ വേണമെന്നും പറഞ്ഞ ശേഷമേ ബോധരഹിതയായുള്ളൂ എന്നത് ഇപ്പോഴുമെന്നെ അത്ഭുതപ്പെടുത്തുന്നു... 
വെള്ളത്തിൽ ഒഴുകി നടക്കുമ്പോലെയായിരുന്നു എന്റെ സ്ഥിതി.  വല്ലാത്തൊരു മഞ്ഞുകാറ്റ് വീശിയിട്ട് ശരീരമാകെ ശീതീകരിക്കുമ്പോലെ തോന്നി. 

ഇതാണോ മരണത്തിന്റെ തണുപ്പ് ? 
ഞാൻ ഓർത്തെടുക്കുവാൻ ശ്രമിച്ചു. കുഞ്ഞിനെ  സ്വപ്നം കണ്ടുഞാൻ , പല തവണ. 
അവന്റെ ചുണ്ടുകൾക്കിപ്പോൾ നല്ല ചുവപ്പ്. 
ആ അവസ്ഥയിലും ഞാനാ കാഴ്ച ആസ്വദിച്ചു....
ദാ, ആരോ എന്നെ വിളിക്കുന്നല്ലോ, ഏതു കോലാഹലങ്ങൾക്കിടയിലും എനിക്കാ ശബ്ദം തിരിച്ചറിയാം. 
അതു റോസിലി മാഡമാണ്.. 

"ദാ കണ്ണു തുറന്ന് നോക്ക്, കുഞ്ഞിന് കുഴപ്പമൊന്നുമില്ല extubate ചെയ്തു ബെഡ്ഡിൽ കിടത്തിയിരിക്കുന്നു."മാഡം പറഞ്ഞു.
കണ്ണു തുറന്ന ഞാൻ ചന്ദ്രൻ സാറ്, ഹേമ മാഡം ഇവരോടൊപ്പം മറ്റു പലരെയും കണ്ടു. ആരോ നീട്ടിയ ഒരു കൈ സഹായത്തിൽ ഞാൻ എണീറ്റു കുഞ്ഞിനരികിലിരുന്നു. 
റോസിലി മാഡം എന്നെ വേഗം ചൂടു ചായയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ അവിടെ നിരന്ന പല ആഹാരങ്ങളും ഞാൻ രുചിച്ചു നോക്കി. ഉണ്ണികൃഷ്ണൻ എന്ന പി ജി എന്നെ നോക്കി ചിരിച്ചു. ആ ചിരിയിൽ ഞാൻ കാണുന്നുണ്ട് .
"എത്ര നല്ല അന്നേസ്തെഷ്യ, എത്ര നല്ല റിക്കവറി ഇനി ഇവനൊന്നും വരില്ല " എന്ന എന്റെ ഓവർ കോൺഫിഡൻസ്.. അതോ അഹന്തയോ ! ?

സംഭവിച്ചതിൽ എനിക്കല്പം ജ്യാള്യം തോന്നി. കുറുന്തോട്ടിക്ക് വാതം വന്നാലെന്ന പോലെ, മയക്കുഡോക്ടർ മയങ്ങി വീഴുകയേ!!

experts ന്റെ സാമീപ്യം കൊണ്ട് എനിക്കും കുഞ്ഞിനും തക്ക സമയത്തു 'ചികിത്സ' കിട്ടി. ഹൃദയമിടിപ്പൊക്കെ കുറഞ്ഞു കുറഞ്ഞു ചിലപ്പോളതങ്ങു നിലച്ചേക്കാനും മതിയായിരുന്നു .. 

പറഞ്ഞു വരുന്നത് , ഒന്നിനെക്കുറിച്ചും അത്രയ്ക്കങ്ങു ഊറ്റം കൊള്ളേണ്ട. ഒക്കെ മുകളിലിരിക്കുന്നവന്റെ ചരടുവലിയല്ലേ ..? 

ഈയൊരു സംഭവം, എന്തുകൊണ്ടോ മറക്കുവാനാണെനിക്കിഷ്ടം. ഓർമ്മകളും മറവികളും നമ്മുടെ വരുതിയിൽ നിൽക്കില്ലല്ലോ, ആയിരുന്നെങ്കിൽ എന്തുനന്നായിരുന്നു..!

കുറച്ചു ഡിസ്കഷൻ വേണ്ടേ? 

Teaching institution അല്ലേ.? കുഞ്ഞിന്റെ അവസ്ഥക്ക് കാരണം?

1. Diffusion hypoxia,
2. Residual Recurarisation.
I support the second one because I gave more than enough oxygen before shifting the child..
എനിക്കെന്തു പറ്റി അങ്ങനെയാവാൻ..!

Hypoglycemia ,
Vasovagal attack ,
Last but not least - mental shock

I support the second one. May be due to hunger.

Moral of the story -   ചെറിയ കുഞ്ഞുങ്ങളുടെ സർജറിക്കൊക്കെ മിനിമം രണ്ട് മയക്കു ഡോക്ടർമാർ എങ്കിലും ഉള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകുക.

Paediatric Anaesthesia അത്ര നിസ്സാരമല്ല.നിങ്ങൾക്കും കൂടി കുറച്ചു വിവരം ഉണ്ടായിക്കൊള്ളട്ടെ എന്ന നല്ല ഉദ്ദേശ്യത്തോടെ.. 

Bye..

Dr. Kunjamma George.15/07/2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക