Image

ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?  (ടോള്‍സ്റ്റോയ് പരിഭാഷ -6 : ശ്രീലത എസ്)

Published on 04 December, 2023
ഒരാളിന് എത്രത്തോളം ഭൂമി ആവശ്യമുണ്ട്?  (ടോള്‍സ്റ്റോയ് പരിഭാഷ -6 : ശ്രീലത എസ്)

ലിയോ ടോൾസ്‌റ്റോയിയുടെ How much money does a man need? എന്ന വിഖ്യാത കഥയുടെ മലയാള പരിഭാഷാശ്രമം. 1886 ൽ എഴുതിയ ചെറുകഥയാണ്
06/09

ബഷ്‌കീറുകൾ തർക്കത്തിൽ ആയിരുന്നപ്പോൾ ഒരു കുറുക്കൻ - രോമനിർമ്മിതമായ വലിയ ഒരു തൊപ്പി ധരിച്ച ആൾ - രംഗപ്രവേശം ചെയ്തു. അവർ എല്ലാവരും നിശ്ശബ്ദരായി എഴുന്നേറ്റു നിൽക്കുകയും ചെയ്തു. ദ്വീഭാഷി പറഞ്ഞു, 'ഇദ്ദേഹമാണ് ഞങ്ങളുടെ മുഖ്യൻ. '
പാഹം ഉടനേ തന്നെ അയാൾ വാങ്ങിക്കൊണ്ടു വന്നിരുന്ന ഏറ്റവും നല്ല നീളൻ മേലങ്കി, അഞ്ചു പൗണ്ടു തൂക്കമുള്ള ചായപ്പൊടി എന്നിവ കണ്ടെടുത്ത്, അവ മുഖ്യനു നൽകുകയും ചെയ്തു. മുഖ്യൻ അവ സ്വീകരിച്ചു, ബഹുമാന്യമായ ഇരിപ്പിടത്തിൽ സ്വയം ഉപവിഷ്ടനുമായി. ഉടനേ തന്നെ ബഷ്‌കീറുകൾ അയാളോട് എന്തെല്ലാമോ പറയുവാൻ തുടങ്ങി. കുറച്ചു സമയത്തേക്ക് മുഖ്യൻ അതു ശ്രദ്ധിച്ചു കേട്ടു, പിന്നെ നിശ്ശബ്ദരാകുവാൻ അവരോട് തലയാട്ടി ആംഗ്യം കാണിച്ചു, പാഹമിനെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യൻ ഭാഷയിൽ സംസാരിച്ചു:
'ശരി, എന്നാൽ അങ്ങനെയാകട്ടെ. താങ്കൾ ഇഷ്ടപ്പെടുന്നത് ഏതു കഷണം ഭൂമിയാണോ അത് തെരഞ്ഞെടുക്കുക; ഞങ്ങൾക്ക് അതു ധാരാളം ഉണ്ട്.' 
'എനിക്ക് ഇഷ്ടമുള്ളത്രയും എങ്ങിനെയാണ് എടുക്കുവാൻ കഴിയുക? അതു സുരക്ഷിതമാക്കുന്നതിന് എനിക്ക് ഒരു പട്ടയം വേണം, അല്ലെങ്കിൽ  'ഇതു നിങ്ങളുടേതാണ്, ' എന്നു അവർ ഇപ്പോൾ പറയും, പിന്നീട് അവർ അതു തിരിച്ചെടുത്തു എന്നും വരാം, ' പാഹം ചിന്തിച്ചു.
'അങ്ങയുടെ കനിവുള്ള വാക്കുകൾക്ക് നന്ദിയുണ്ട്, ' പാഹം ഉറക്കെ പറഞ്ഞു.' താങ്കൾക്ക് വളരെ അധികം ഭൂമിയുണ്ട്, എനിക്കു വളരെ കുറച്ചു മാത്രമേ വേണ്ടൂ താനും. പക്ഷേ  ഏതു തുണ്ടാണ് എന്റെ ഭൂമി എന്നതിനെ കുറിച്ച് എനിക്ക് ഒരു ഉറപ്പു കിട്ടിയാൽ കൊള്ളാം. അത് അളന്നു തിരിച്ച് എനിക്ക് തന്നുകൂടേ? ജീവിതവും മരണവും ദൈവത്തിന്റെ കൈകളിലാണ്. നിങ്ങൾ നല്ല മനുഷ്യർ എനിക്ക് അത് നൽകുന്നു, പക്ഷേ നിങ്ങളുടെ മക്കൾ അത് എന്നിൽ നിന്നും തിരിച്ച് എടുക്കുവാൻ ആഗ്രഹിച്ചെന്നു വരാം.' 
'താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്.' മുഖ്യൻ പറഞ്ഞു. 'അത് ഞങ്ങൾ താങ്കൾക്കു നൽകാം.'
'ഇവിടെ ഒരു ഇടപാടുകാരൻ ഉണ്ടായിരുന്നു എന്നു ഞാൻ കേട്ടിട്ടുണ്ട്, ' പാഹം തുടർന്നു, 'നിങ്ങൾ അയാൾക്കും കുറച്ചു ഭൂമി കൊടുത്തിരുന്നു എന്നും അതിന്റെ പ്രമാണങ്ങൾ ഒപ്പു വച്ചിരുന്നു എന്നും കേട്ടിരുന്നു. അതേ പോലെ തന്നെ ഇതും ചെയ്തു കിട്ടിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നുണ്ട്. '
മുഖ്യന് കാര്യം പിടികിട്ടി.
'ശരിയാണ്, 'അയാൾ പ്രതിവചിച്ചു, 'അതു വളരെ എളുപ്പത്തിൽ ചെയ്യാവുന്നതേയുള്ളു. ഞങ്ങൾക്ക് ഒരു ആധാരം എഴുത്തുകാരനുണ്ട്, താങ്കൾക്കൊപ്പം ഞങ്ങളും നഗരത്തിൽ വരാം, പ്രമാണം വേണ്ട വിധത്തിൽ മുദ്ര പതിപ്പിച്ചെടുക്കാം.'
'വില എത്രയായിരിക്കും? ' പാഹം ചോദിച്ചു.
'വില ഞങ്ങൾക്ക് എപ്പോഴും ഒരേ പോലെ തന്നെയാണ്: ഒരു ദിവസം ആയിരം റൂബിളുകൾ.'
പാഹമിന് മനസ്സിലായില്ല.
 'ഒരു ദിവസമോ? അത് എന്തു തരത്തിലുള്ള അളക്കലാണ്? അത് എത്ര ഏക്കറുകൾ ഉണ്ടാകും?'
'അത് എങ്ങനെയാണ് കണക്കാക്കേണ്ടത് എന്നു ഞങ്ങൾക്ക് അറിയില്ല.' മുഖ്യൻ പറഞ്ഞു. 'ഞങ്ങൾ അതു ദിവസപ്രകാരമാണ് ചെയ്യാറുള്ളത്. ഒരു ദിവസം നിങ്ങൾക്കു സ്വന്തം പാദങ്ങൾ കൊണ്ടു നടന്നു തീർക്കുവാൻ കഴിയുന്നത് എത്ര ഭൂമിയാണോ, അതു നിങ്ങളുടേതായിരിക്കും, ഒരു ദിവസം ആയിരം റൂബിളുകളാണ് വിലയും.'
പാഹം അത്ഭുതം കൂറി. 
'ഒരു ദിവസംകൊണ്ട് നിങ്ങൾക്ക് ഒരു വലിയ ഭൂഭാഗം മുഴുവനും നടന്നു തീർക്കുവാൻ കഴിയും, ' അയാൾ പറഞ്ഞു.
മുഖ്യൻ ചിരിച്ചു. 
'അതെല്ലാം താങ്കളുടേത് ആയിരിക്കും! ' അയാൾ പറഞ്ഞു. 'പക്ഷേ ഒരു വ്യവസ്ഥയുണ്ട്: താങ്കൾ എവിടെയാണോ ആരംഭിച്ചത്, അവിടെ അതേ ദിവസം തന്നെ മടങ്ങി എത്തിയില്ലെങ്കിൽ താങ്കളുടെ പണം നഷ്ടപ്പെടും. '
'പക്ഷേ ഞാൻ പോയ ഇടങ്ങൾ ഞാൻ എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്?'
'അതിനെന്താണ്? താങ്കൾ ഏത് ഇടമാണോ ഇഷ്ടപ്പെടുന്നത് അവിടെ ഞങ്ങൾ താമസിക്കും. താങ്കൾ കൃത്യം ആ ഇടത്തിൽ നിന്നു തന്നെ പുറപ്പെടണം, ചുറ്റി കറങ്ങണം, കൈയ്യിൽ ഒരു തൂമ്പയും കരുതണം. എവിടെയാണോ ആവശ്യമുണ്ട് എന്നു തോന്നുന്നത്, അവിടെ ഒരു അടയാളം വയ്ക്കണം. ഓരോ വളവിലും ഒരോ കുഴി കുഴിക്കണം, പുല്ലുകെട്ടുകളുടെ ഒരു കൂന കൂട്ടി വയ്ക്കുകയും വേണം; അതിനു ശേഷം ഞങ്ങൾ ഒരു കലപ്പയുമായി കുഴിയിൽ നിന്നു കുഴിയിലേക്കു പോകും. താങ്കൾക്ക് ഇഷ്ടമുള്ളത്ര വലിയ വലയം താങ്കൾക്ക് ഉണ്ടാക്കാം, പക്ഷേ സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ്, താങ്കൾ തുടങ്ങിയ ഇടത്തിൽ തന്നെ തിരിച്ചെത്തിയിരിക്കണം. താങ്കൾ ചുറ്റീത്തീർക്കുന്നത്, അത്രയും താങ്കളുടേത് ആയിരിക്കും.'
പാഹമിന് സന്തോഷമായി. പി‌റ്റേന്ന് അതിരാവിലെ പുറപ്പെടുന്നതിന് തീരുമാനമായി. അവർ കുറച്ചു സമയം സംസാരിച്ചു, പിന്നെ കുറച്ചു കൂടി കുമിസു കുടിച്ചു, കുറച്ചു കൂടി ആട്ടിറച്ചി കഴിച്ചു, വീണ്ടും ചായ കുടിച്ചു, അപ്പോഴേയ്ക്കും രാത്രിയായി. പാഹമിന് ഉറങ്ങാൻ അവർ ഒരു തൂവൽക്കിടക്ക നൽകി, പിറ്റേന്ന് പ്രഭാതത്തിൽ വീണ്ടും ഒത്തുകൂടാമെന്നും, തീരുമാനിച്ച ഇടത്തേക്ക് സൂരൻ ഉദിക്കും മുമ്പു തന്നെ യാത്ര തിരിക്കാമെന്നും വാഗ്ദാനം നൽകി ബഷ്‌കീറുകൾ രാത്രിയിലേയ്ക്കു പിരിഞ്ഞു പോയി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക