Image

യുദ്ധം തുടങ്ങുന്നു (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-7: നീനാ പനയ്ക്കല്‍)

Published on 19 May, 2024
യുദ്ധം തുടങ്ങുന്നു (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ (വിവര്‍ത്തനം ഭാഗം-7: നീനാ പനയ്ക്കല്‍)

യുദ്ധം തുടങ്ങുന്നു


ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയെട്ടില്‍ ആസ്ട്രിയായെ ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലേക്ക് കൂട്ടിച്ചേര്‍ത്തു. സൂഡന്‍ടെന്‍ ലാന്‍ഡ്  അയാള്‍ക്ക് മ്യൂണിച്ച് എഗ്രിമെന്റ് പ്രകാരം ഒഴിഞ്ഞു കൊടുക്കേണ്ടതായും വന്നു. 1939 മാര്‍ച്ചില്‍ അയാള്‍ മൊറേവിയയിലേക്കും ബൊഹിമീയയിലേക്കും സൈന്യവുമായി യാത്ര ചെയ്തു.

യുദ്ധം ഒഴിവാക്കാനാവില്ല എന്നു ഞങ്ങള്‍ മനസ്സിലാക്കി.
ഡൂസല്‍ഡോര്‍ഫില്‍ ഞങ്ങള്‍ ഏറ്റവും ഒടുവില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് യഹൂദരുടെ വകയായിരുന്നു. ഹാല്‍കിട്രാസേ 12. അപ്പാര്‍ട്ട്‌മെന്റിന്റെ അതേ ലവലില്‍ ആയിരുന്നു റെയില്‍വേ ട്രാക്കുകള്‍. ജനാലയിലൂടെ, ട്രെയിനുകള്‍ വരുന്നതും പോകുന്നതും ഞങ്ങള്‍ നോക്കി നില്ക്കും. ആ നീണ്ട ട്രെയിനുകള്‍ വയസ്സരും ചെറുപ്പക്കാരും ഉള്‍പ്പെട്ട പട്ടാളക്കാരെയും കൊണ്ടു  പോകുന്നത്, പുതിയതും പഴയതുമായ പാട്ടുകള്‍ പാടി, പ്രിയപ്പെട്ടവരെയെല്ലാം പിരിഞ്ഞ് അനിശ്ചിതത്വത്തിലേക്ക് പിതൃരാജ്യത്തിനു വേണ്ടി പടയേറാന്‍ പോകുന്നത്, ഇന്നും എന്റെ കണ്‍മുന്നിലിരിക്കുന്നു. ടാര്‍പാളിന്‍ കൊണ്ടുമൂടിയ ടാങ്കുകളും മറ്റു യുദ്ധോപകരണങ്ങളും വഹിച്ച് ട്രെയിനുകള്‍ ശബ്ദമുണ്ടാക്കി കിഴക്കോട്ടു പോകും. 1939 സെപ്ടംബറില്‍ വാര്‍ത്തയുണ്ടായി - ജര്‍മ്മനി പോളണ്ടിനെ യുദ്ധം ചെയ്ത് പിടിച്ചു. 
യുദ്ധം ആരംഭിച്ചു.

ഈ സമയത്ത് എന്റെ പപ്പാക്ക് ഹെവികണ്‍ട്രക്ഷനില്‍ തൊഴിലാളിയായി, അതിരാവിലെ മുതല്‍ പാതിരാ വരെ ജോലി ചെയ്യാന്‍ ആജ്ഞാപനമുണ്ടായി. മമ്മാ ലെദര്‍ ഫാക്ടറിയിലെ ജോലി തുടര്‍ന്നു. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി. എന്റെ സഹോദരന്‍ ഡൂയിസ് ബര്‍ഗിലെ സ്‌കൂളിലേക്ക് ട്രെയിനില്‍ പോയും വന്നുമിരുന്നു. ഇല്ലിസ് ബര്‍ഗ് ലോണ്‍ട്രി കെട്ടിടങ്ങള്‍ നാസികള്‍ പിടിച്ചെടുത്തു. എനിക്കു ലഭിച്ചുകൊണ്ടിരുന്ന അല്പവിദ്യാഭ്യാസവും അതോടെ നിന്നു. അപ്പോള്‍ മിസ്റ്റര്‍ സ്‌നൂക്ക്  എനിക്ക് പ്രൈവറ്റ് ട്യൂഷന്‍ തരാമെന്നേറ്റു. ജ്യൂയിഷ് സ്‌കൂള്‍ കത്തിച്ചു കളയുന്നതിനു മുന്‍പ് ഡൂസല്‍ഡോര്‍ഫിലെ സ്‌കൂളിലുണ്ടായിരുന്ന ടീച്ചര്‍മാരില്‍ ശേഷിച്ചവര്‍ മിസ്റ്റര്‍ സ്‌നൂക്കും ഭാര്യയും മാത്രമായിരുന്നു. അങ്കിള്‍ കാള്‍ എനിക്ക് ഇംഗ്ലീഷിലും സ്പാനിഷിലും ട്യൂഷന്‍ തുടര്‍ന്നും തന്നുകൊണ്ടിരുന്നു. ആഹാരം ക്ലിപ്തപ്പെടുത്തി. ഞങ്ങളുടെ റേഷന്‍കാര്‍ഡില്‍ ഖലം (യഹൂദന്‍) എന്ന് മുദ്രയിട്ടിരുന്നു. എല്ലാ കൂപ്പണുകളിലും മുദ്രയുണ്ടായിരുന്നു.

1940 ആയപ്പോഴേക്കം എന്റെ കൂട്ടുകാര്‍ മിക്കവരും ജര്‍മ്മനി വിട്ട് പോയിക്കഴിഞ്ഞിരുന്നു. എന്നെക്കാള്‍ പ്രായമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ഗ്രൂപ്പില്‍ ഞാന്‍ ചേര്‍ന്നു. എനിക്ക് പതിനാലു വയസ്സേ ആയിരുന്നുള്ളു. എങ്കിലും ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഞാന്‍ ചുമന്നു. ഞാന്‍ വളര്‍ന്ന പ്രയാസമേറിയ കാലങ്ങള്‍ എന്നെ സ്വാഭാവികമായും പ്രായത്തിലുപരി കാര്യപ്രാപ്തിയുള്ളവളാക്കി. ആ കാലത്ത് ഞാന്‍ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു കര്‍ട്ട് എക്സ്റ്റീന്‍  എന്നായിരുന്നു അയാളുടെ പേര്. അങ്കിള്‍ കാള്‍ന് നന്നായി അറിയാമായിരുന്ന ചെറുപ്പക്കാരനായിരുന്നു അയാള്‍. ഇംഗ്ലീഷിന് അങ്കിള്‍ കാള്‍ അയാള്‍ക്കും ട്യൂഷന്‍ കൊടുത്തിരുന്നു. ഒരു കാര്‍ മെക്കാനിക്ക് ആവണമെന്നായിരുന്നു അയാളുടെ ആഗ്രഹം. ഏതെങ്കിലും ഒരു രാജ്യത്തേക്ക് കുടിയേറാന്‍ ആ ജോലി സഹായിക്കുമെന്നായിരുന്നു അയാളുടെ പ്രതീക്ഷ.

കര്‍ട്ടിന് രണ്ടു നല്ല സുന്ദരന്മാരായ  ബുദ്ധിമാന്മാരായ കൂട്ടുകാര്‍ ഉണ്ടായിരുന്നു. രണ്ടുപേരും അവരുടെ യഹൂദാമാതാവിനോടും ഗ്രാന്‍ഡ് മദറിനോടും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. യഹൂദനല്ലാത്ത അവരുടെ പിതാവ് മരിച്ചുപോയിരുന്നു. അവരുടെ വീട്ടിലെ ഗ്രാമഫോണ്‍ പ്രവര്‍ത്തിപ്പിച്ച് കര്‍ട്ട് എന്നെ ഡാന്‍സിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു. ഞങ്ങള്‍ വല്ലപ്പോഴും കൂട്ടുകാരുടെ വീട്ടില്‍ കൂടും. ആ കൂടിവരവായിരുന്നു ഞങ്ങളുടെ ആകെയുള്ള വിനോദം. ആ കുഞ്ഞു  പാര്‍ട്ടികള്‍ക്ക് പോകാന്‍ ഒരുങ്ങുന്നത് എനിക്ക് വലിയ സന്തോഷം നല്‍കി. എന്റെ മമ്മാ എനിക്കു വാങ്ങിത്തന്ന നീല നിറത്തിലുള്ള ഹാറ്റ് ഞാന്‍ അഭിമാനപൂര്‍വ്വം അണിഞ്ഞിരുന്നു. എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികളെപ്പോലെ നല്ല വസ്ത്രങ്ങള്‍ വാങ്ങാനും ധരിക്കാനും എനിക്കും ഒരുപാടിഷ്ടമാവാതിരിക്കുന്നതെങ്ങനെ! പക്ഷെ എന്റെ പുറം വസ്ത്രത്തിലെ ദാവീദിന്റെ നക്ഷത്രചിഹ്നം ഷോപ്പിംഗ് സെന്ററുകളിലൂടെയോ പാര്‍ക്കിലൂടെയോ മറ്റു മനുഷ്യരുടെ മുന്നിലൂടെയോ നടക്കാന്‍ എന്നെ പ്രാപ്തയല്ലാതാക്കി. ആഹാരസാധനങ്ങള്‍ വളരെ വിരളമായി. ഒരു റേഷന്‍കടയിലെ അസിസ്റ്റന്റ് എനിക്ക് സാധനം വില്ക്കില്ല എന്ന് വാശിപിടിച്ചപ്പോള്‍ എനിക്ക് കടകളിലും പോകുന്നത് അനിഷ്ടമായിപ്പോയി.

പതിനാലു വയസ്സായിയെങ്കിലും സെക്‌സിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. റൂത്ത് എന്നൊരു യുവതിയുടെ വീട്ടിലെ കൊച്ചു പാര്‍ട്ടിയില്‍ വച്ചു നടന്ന കാര്യം ഞാന്‍ ഓര്‍ക്കുന്നു. കര്‍ട്ടിന്റെ കൂട്ടുകാരില്‍ മൂത്തവന്റെ ഗേള്‍ഫ്രണ്ടായിരുന്നു റൂത്ത്. പുതുവര്‍ഷത്തലേരാത്രിയിലെ പാര്‍ട്ടിയായിരുന്നു അത്. ആ ചെറുപ്പക്കാരന്‍ റൂത്തിന്റെ പാവാടയ്ക്കുള്ളിലേക്ക് കൈ കടത്തുന്നതും പരതുന്നതും തടവുന്നതുമൊക്കെ കണ്ട് അന്തം വിട്ട് എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു. ഇങ്ങനെയൊക്കെ ചെയ്യാന്‍ അവനെ അനുവദിച്ച റൂത്ത് ഒരു ചീത്തപ്പെണ്ണാണെന്ന് ഞാന്‍ മനസ്സില്‍ വിധിയെഴുതി. കര്‍ട്ട് വേഗം വന്ന് ആ കാഴ്ചയില്‍ നിന്ന് എന്നെ വിമുക്തയാക്കി ദൂരെ കൊണ്ടുപോയി. മമ്മായോട് ഇക്കാര്യം പറഞ്ഞപ്പോള്‍ റൂത്ത് ഒരു അഴിഞ്ഞാട്ടക്കാരിയാണെന്ന് എനിക്ക് പറഞ്ഞു മനസ്സിലാക്കിത്തന്നു. കുറെ മാസങ്ങള്‍ക്കു ശേഷം അവളെ മിന്‍സ്‌കിലേക്കു നാടുകടത്തിയപ്പോള്‍ സഹതാപത്തോടെ ഞാനോര്‍ത്തു, അവള്‍ക്ക് കുറെ നാള്‍ കൂടി കാമുകനോടൊപ്പം ജീവിക്കാന്‍ പറ്റില്ലല്ലോ എന്ന്.

കര്‍ട്ടിനും അവന്റെ കൂട്ടുകാര്‍ക്കും അവരുടെ മാതാവിനും റൂത്തിനും ഡൂസല്‍ഡോര്‍ഫിലെ  Schlachthoff  ല്‍  ചെല്ലാന്‍ ഗസ്റ്റപ്പോയുടെ നോട്ടീസ് കിട്ടിയപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു ഞങ്ങളുടെ അവസാനമെത്തി എന്ന്. കര്‍ട്ടിനെ നഷ്ടപ്പെട്ടപ്പോള്‍ എന്റെ നെഞ്ചു പൊടിഞ്ഞു. അതിലും വലുത് ഭയങ്കരമായത് സംഭവിക്കാന്‍ പോകുന്നില്ലേ എന്ന് ഉല്‍ക്കണ്ഠയും എന്നെ പൊതിഞ്ഞു. ഞങ്ങള്‍ ട്രാപ്പിലായിരിക്കുകയാണ്. ലേബര്‍ ക്യാമ്പുകളില്‍ ഭയങ്കരകാര്യങ്ങളാണ് നടക്കുന്നതെന്ന് യഹൂദരുടെ ഇടയില്‍ സംസാരമുണ്ടായിരുന്നു. എന്റെ മാതാപിതാക്കള്‍ വളരെയധികം മനസ്സിടിഞ്ഞവരായി. ഞങ്ങളുടെ മുന്നില്‍ ധൈര്യമുള്ളവരെന്ന് അഭിനയിക്കുമെങ്കിലും, ഇടയ്ക്ക് 'പോളിഷ് ക്യാമ്പു'കളുടെ കാര്യം അവരും രഹസ്യത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരായി. ജര്‍മ്മന്‍ പൗരന്മാര്‍ ഞങ്ങളെ നശിപ്പിക്കണമെന്ന് ഉറപ്പിച്ചു, ഭൂരിപക്ഷവും കുറെ പേര്‍ പേടിച്ചും, ഞങ്ങള്‍ക്കെതിരായി. പക്ഷെ ഞങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വന്ന ദുസ്ഥിതികള്‍ക്കും ആഘാതങ്ങള്‍ക്കും രണ്ടു കൂട്ടരും ഉത്തരവാദികള്‍ തന്നെ. ഞങ്ങളുടെ വസ്ത്രങ്ങളിലെ ദാവീദിന്റെ നക്ഷത്രചിഹ്നം ഞങ്ങളെ കാണിച്ചുകൊടുക്കുകയാണ്. അവരുടെ ചീത്തവിളികള്‍ക്കും ദേഹോപദ്രവമേല്പിക്കലിനും ഞങ്ങള്‍ സദാ ഏല്പിക്കപ്പെടുകയാണ്. കൂപ്പണുകളില്‍ ഖലം എന്ന് മുദ്രയിട്ടിരുന്നതുകാരണം പലവ്യജ്ഞനങ്ങള്‍ വാങ്ങാനും നിവര്‍ത്തിയില്ലാതായി. ഞങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍ക്കണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിക്കും. ഞങ്ങളുടെ പുതിയ പേര് എല്ലായിടത്തും ഉപയോഗിക്കണം ആരെങ്കിലും അതിനെതിരായി പ്രവര്‍ത്തിച്ചാല്‍ ചാട്ടവാറുകൊണ്ട് അടിയും, ജയിലും ശിക്ഷയും.
എന്റെ സൈക്കിള്‍ നാസികള്‍ പിടിച്ചെടുത്തത് എനിക്ക് വലിയ അടിയായിപ്പോയി. 1942 ന്റെ ആദ്യമായിരുന്നു അത് സംഭവിച്ചത്. എനിക്ക് എവിടെയെങ്കിലുമൊക്കെ പോകാന്‍ ഉപകരിച്ചിരുന്ന ആ സൈക്കിള്‍ ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന ഒന്നായിരുന്നു. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ പേടിയായിരുന്നു. ഓരോ ദിവസവും ഞങ്ങള്‍ക്കെതിരായുള്ള ഡിമാന്‍ഡുകളും നിയന്ത്രണങ്ങളും കൂടിക്കൂടി വന്നു. കര്‍ട്ടും അവന്റെ കൂട്ടുകാരും പോയിക്കഴിഞ്ഞു. പിന്നെ അവരെക്കുറിച്ച് കേട്ടതേയില്ല. കര്‍ട്ടിന്റെ കൂട്ടുകാരുടെ ഗ്രാന്‍ഡ്മദര്‍ ഒറ്റയ്ക്കാണ്. അവരോട് സത്യം ചെയ്തിരുന്നതുപോലെ ഞാന്‍ അവരെ ചെന്നു കാണുകയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വയസ്സായ സ്ത്രീ അവരുടെ മകളെയും കൊച്ചുമക്കളെയും ഓര്‍ത്ത് വ്യാകുലപ്പെടുകയും കണ്ണീരൊഴുക്കുകയും ചെയ്തുകൊണ്ടിരുന്ന കാഴ്ച പരിതാപകരമായിരുന്നു.
ആഹാരം തീരെ കിട്ടാതായി. എന്റെ ആന്റി മിന്‍ചെന്‍ ആ കാലങ്ങളിലായിരുന്നു വിവാഹിതയായതും ലിപ്പ്‌ബോര്‍ഗില്‍ താമസമാക്കിയതും. അ വര്‍ ഞങ്ങള്‍ക്ക് ഉരുളക്കിഴങ്ങ്, കാബേജ്, ബീറ്റ്‌റൂട്ട്, പഴങ്ങള്‍ മുതലായവ എത്തിച്ചുതരും. ഗോതമ്പുമാവ് കിട്ടാനില്ലാതിരുന്നതുകൊണ്ട് പകരം ഉരുളക്കിഴങ്ങും റവയും ഞങ്ങള്‍ ഭക്ഷിച്ചു. ബ്ലാക്മാര്‍ക്കറ്റില്‍, ഒരു സ്ത്രീ ഞങ്ങള്‍ക്ക് മാംസം വിറ്റിരുന്നു.

എന്റെ പപ്പായുടെ സഹോദരന്‍ അങ്കിള്‍ എറിക്ക് വിവാഹം കഴിച്ചിരുന്നത് ക്രിസ്തുമതം സ്വീകരിച്ചിരുന്ന ഒരു സ്ത്രീയെ ആയിരുന്നു. ആന്റി എര്‍ണാ. അവരുടെ മൂത്ത മകന്‍ പോള്‍നെ ഗ്രാന്‍ഡ്മാ ലെന്നിബര്‍ഗ് പരിഛേദന നടത്തി യഹൂദാ മതത്തില്‍ ചേര്‍ത്തിരുന്നു.
അങ്കിള്‍ എറിക്കിന്റെ ബിസിനസ് നാസികള്‍ പിടിച്ചെടുത്തതോടെ എല്ലാം നഷ്ടപ്പെട്ട്, ഒരു ജ്യൂയിഷ് കമ്മ്യൂണിറ്റി സെന്ററില്‍ ജോലിചെയ്യുകയായിരുന്നു. അങ്ങേര്‍ക്ക് അവിടത്തെ എല്ലാ രജിസ്റ്ററുകളിലും കൈകടത്താന്‍ സൗകര്യമുണ്ടായിരുന്നതു കാരണം അങ്ങേരും ഭാര്യയും കൂടി അവരുടെ മകന്‍ പോളിന്റെ പേര് കമ്മ്യൂണിറ്റി രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തു. എന്റെ പപ്പാ അങ്ങേരോട് ഞങ്ങളുടെ പേര് - എന്റെയും എന്റെ സഹോദരന്റെയും പേരുകള്‍ - ജ്യൂയിഷ് റെക്കോര്‍ഡില്‍ നിന്നും മാറ്റിത്തരണമെന്ന് അപേക്ഷിച്ചു. അങ്കിള്‍ എറിക്ക് അത് നിരസിക്കുകയാണുണ്ടായത്. (അങ്ങേര്‍ ചെയ്തതാവണം ശരി. കണ്ടുപിടിക്കപ്പെട്ടാല്‍ ഞങ്ങളുടെയും അവരുടെയും ജീവന്‍ അപകടത്തില്‍ ആവുമായിരുന്നിരിക്കാം.) അങ്ങനെ ഒരു കത്തോലിക്കാ സ്ത്രീയുടെ മക്കളെന്ന നിലയില്‍ അവരുടെ നാലു മക്കള്‍ക്കും Preferencial mixed race status  കിട്ടി. നാസി കാലത്തിലെ പല നിയന്ത്രണങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെട്ടു. ഒപ്പം നാടുകടത്തലില്‍ നിന്നും.

ഞങ്ങളുടെ വിധവയായ കൂട്ടുകാരി മിസിസ് വാല  യുദ്ധം തുടങ്ങുന്നതിനു മുന്‍പ് അവരുടെ ആണ്‍മക്കളെ സന്ദര്‍ശിക്കാന്‍ പാലസ്തീനില്‍ പോയി വന്നിരുന്നു. കിബ്‌സിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. അവര്‍ ഞങ്ങളുടെ സോക്‌സ്‌കള്‍ വൃത്തിയാക്കി തന്നു, അയണ്‍ ചെയ്തു തന്നു. ചിലപ്പോള്‍ ഞങ്ങളോടൊപ്പം ആഹാരം കഴിച്ചു. മിസിസ് വാലായെ ഗെസ്റ്റപ്പോ ഡൂസല്‍ ഡോര്‍ഫില്‍ നിന്നു പുറപ്പെട്ട ആദ്യത്തെ ട്രയിനില്‍ നാടുകടത്തി. അവര്‍ ജീവിച്ചില്ല.

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക