Image

ഔഷ്‌വിറ്റ്‌സ് (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ - വിവര്‍ത്തനം ഭാഗം-12: നീനാ പനയ്ക്കല്‍)

Published on 30 June, 2024
ഔഷ്‌വിറ്റ്‌സ് (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ - വിവര്‍ത്തനം ഭാഗം-12: നീനാ പനയ്ക്കല്‍)

ഔഷ്‌വിറ്റ്‌സ്


1944 ജൂണ്‍ രണ്ടിന് ഞങ്ങള്‍ പപ്പായുടെ 45-ാം പിറന്നാള്‍ ആഘോഷിച്ചു. ഞങ്ങളില്‍ നിന്നും ഒളിച്ചു വക്കാന്‍ കഠിനശ്രമം നടത്തിയിട്ടും മമ്മായെ കാണാതിരിക്കുന്നത് അദ്ദേഹത്തിന് എത്രമാത്രം വേദനാജനകമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.
തെരിസീന്‍ സ്റ്റട്ടില്‍ നിന്ന് അനേകം ട്രെയിനുകള്‍ പൊയ്‌ക്കൊണ്ടിരുന്നു. ഓരോ തവണ നാമാവലി വരുമ്പോഴും അറിയിപ്പുകള്‍ വിതരണം ചെയ്യുമ്പോഴും ഞങ്ങള്‍ അതിയായി ഭയപ്പെടുകയും, ലിസ്റ്റില്‍ ഞങ്ങളുടെ പേരില്ല എന്നു കാണുമ്പോള്‍ ആശ്വസിക്കുകയും ചെയ്തു. ഈ ഭയപ്പെടലും ആശ്വസിക്കലും ഞങ്ങളുടെ ജീവിതരീതി ആയി മാറി. ഞങ്ങളുടെ കൂട്ടത്തിലുള്ളവര്‍ക്ക് അറിയാമായിരുന്നു ഞങ്ങള്‍ പോളണ്ടിലേക്ക് താമസം വിനാ അയക്കപ്പെടുമെന്ന സത്യം. പോളണ്ട് ഒരു വര്‍ക്ക് ക്യാമ്പ് എന്നു മാത്രമേ ഞങ്ങള്‍ വിചാരിച്ചുള്ളു. എങ്കിലും ഇവിടുത്തെ അന്തരീക്ഷം എന്റെ സഹോദരന്റെ പിറന്നാള്‍ ആഘോഷിക്കാനുള്ള ആവേശം ഞങ്ങള്‍ക്ക് തന്നില്ല. സെപ്ടംബര്‍ 23-ാം തിയതി അവന്റെ പിറന്നാളായിരുന്നു. മനസ്സിന് അല്പം പോലും സന്തോഷമനുഭവിക്കാനായില്ല എങ്കിലും ഞങ്ങള്‍ പരസ്പരം അത് ഒളിച്ചു വെക്കാന്‍ ശ്രമിച്ചു. എന്റെ മനസ്സില്‍ അനിഷ്ട സൂചനയാണ് ഉണ്ടായിരുന്നത്. അത് അത്ര നല്ല വികാരം ആയിരുന്നില്ല.
സെപ്ടംബര്‍ 24-ന് ഒരു അറിയിപ്പുണ്ടായി. 5000 പുരുഷന്മാരെ, 16 വയസ്സുമുതല്‍ 60 വയസ്സുവരെ പ്രായമുള്ളവരെ, ക്യൂനിംഗ്സ്റ്റീന്‍ എന്ന സ്ഥലത്തേക്ക് ധഡ്രെസ്ഡണ് അടുത്ത്   ഒരു വര്‍ക്ക് ക്യാമ്പിലേക്ക് അയക്കുന്നു എന്ന്. ഓട്ടോ സുക്കര്‍ എന്നു പേരുള്ള ഒരു യഹൂദ പ്രമാണിയെ (എന്‍ജിനീയര്‍ ആയിരുന്ന അദ്ദേഹത്തെ ഇവിടെയും എന്‍ജിനീയര്‍ ഓട്ടോസുക്കര്‍ എന്നു തന്നെയാണ് അഭിസംബോധന ചെയ്തിരുന്നത്). ട്രെയിനിന്റെ തലവനാക്കിയതായി അറിയിപ്പുണ്ടായി. ട്രാന്‍സ്‌പോര്‍ട്ട് ലീഡര്‍. ഈ പുരുഷന്മാരെ ബാരക്കിനുള്ളില്‍ യാത്രക്കായി തയ്യാറാക്കിക്കൊണ്ടിരുന്നു. ഈ തയ്യാറെടുപ്പിനെ 'സ്ല്‌യൂസ്'  ചെയ്യപ്പെടുക എന്നാണ് പറഞ്ഞിരുന്നത്. സ്ല്‌യൂസില്‍ ഞങ്ങളെ വിട്ടുപോകുന്ന തടവുകാരോടൊപ്പം ഞങ്ങള്‍ കുറെപേര്‍ രാവും പകലും നിന്നിരുന്നു. ഞങ്ങള്‍ സാധിക്കുന്നത്ര ആഹാരം ഓര്‍ഗനൈസ് ചെയ്ത് (മോഷ്ടിച്ചും, കൈക്കൂലി കൊടുത്ത് വാങ്ങിയും മറ്റും) അവര്‍ക്ക് കൊണ്ടുപോയി കൊടുത്തു. അവരെ കയറ്റിയ വണ്ടി പോയിക്കഴിഞ്ഞപ്പോള്‍ ഗെറ്റോ (ചേരി)യിലുള്ളവരുടെ മനസ്സില്‍ അതിയായ സംഭ്രമം ഉണ്ടായി. ശരിക്കും സ്തംഭനാവസ്ഥയിലായി ഞങ്ങള്‍.
സെപ്ടംബര്‍ മുപ്പത് 1944 ന് ഞാന്‍ എന്റെ പപ്പായെ സന്ദര്‍ശിച്ചപ്പോള്‍ ബാരക്കിന്റെ മൂപ്പന്‍ മുറിക്കകത്തു വന്ന് ഒരു പേപ്പര്‍ പപ്പാക്ക് കൊടുത്തു. അതില്‍ പപ്പായുടെ പേര് ഉണ്ടായിരുന്നു. അടുത്ത ട്രാന്‍സ്‌പോര്‍ട്ടില്‍ (ട്രെയിനില്‍) കയറിക്കൊള്ളാനുള്ള ആജ്ഞയായിരുന്നു അത്. എന്റെ ഹൃദയത്തിനേറ്റ വലിയ അടി. എന്റെ മനസ്സില്‍ വലിയ ദുഃസ്സൂചനയുണ്ടായി, ഞങ്ങളുടെ തെരിസിന്‍ വാസത്തിന്റെ അവസാന നാളുകള്‍ അടുത്തു എന്ന്. ഈ ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു 'ആനുകൂല്യം' ഉണ്ടായിരുന്നത് എന്തെന്നാല്‍ അഞ്ഞൂറു സ്ത്രീകള്‍ക്ക് അവരുടെ പുരുഷന്മാരോടൊപ്പം സ്വമനസ്സാലെ യാത്ര ചെയ്യാന്‍ സാധിക്കും, എന്നതായിരുന്നു. (ആനുകൂല്യം). അങ്ങനെ കുടുംബത്തിലുള്ളവര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാം.
ഈ വിവിധതരം ശാസനകളും നിയമങ്ങളും വണ്ടിയില്‍ ആളുനിറയ്ക്കുന്ന വിധവും സത്യത്തില്‍ ടട ന്റെ ഒരു കളിയായിരുന്നു. അവരുടെ തമാശ. പുരുഷന്മാരോടൊപ്പം സ്ത്രീകളെ കയറ്റിയാലും, കുട്ടികളെ കയറ്റിയാലും വണ്ടിയില്‍ കയറിയവരുടെ ലക്ഷ്യസ്ഥാനം അവര്‍ക്കുതന്നെ അറിയാമായിരുന്നു. ഔഷ്‌വിറ്റ്‌സ് (ഗ്യാസ് ചെയ്മ്പറുള്ളയിടം).
ഞാന്‍ വിചാരിച്ചത് ഞങ്ങള്‍ മറ്റൊരു ലേബര്‍ ക്യാമ്പില്‍ ചെന്നു ചേരുമെന്നാണ്. പപ്പാ കുറെ നാള്‍  സോസന്‍ ലേബര്‍ ക്യാമ്പില്‍ ആയിരുന്നല്ലോ. അദ്ദേഹം തിരികെ വരികയും ചെയ്തു. ഞങ്ങളുടെ കുടുംബം ഒരുമിച്ചുതന്നെയിരിക്കണം എന്ന് ഞാന്‍ ശക്തമായി ചിന്തിച്ചുറപ്പിച്ചു. ഇക്കാരണത്താലാണല്ലോ എന്റെ പപ്പായും സഹോദരനും എന്നോടൊപ്പം തെരിസീന്‍ സ്റ്റാട്ടില്‍ വരുവാന്‍ സ്വമനസ്സാലെ തയ്യാറായത്. പക്ഷെ തെരിസീന്‍ സ്റ്റാട്ട് വിടുമ്പോള്‍ ഞങ്ങളും പപ്പായോടൊപ്പം പോകുന്നത് അംഗീകരിക്കാന്‍ അദ്ദേഹത്തിന് തീരെ ഇഷ്ടമല്ലായിരുന്നു. ഞങ്ങള്‍ ഒപ്പം പോയില്ലെങ്കിലും വളരെ താമസിയാതെ ഞങ്ങളെ എങ്ങോട്ടെങ്കിലും അയയ്ക്കും. ആ സ്ഥിതിക്ക് പപ്പായോടൊപ്പം പോകയും ഒരുമിച്ചായിരിക്കയും ചെയ്യുന്നതാണല്ലോ നല്ലത്. അങ്ങനെ ചെയ്താല്‍ ഞങ്ങള്‍ക്ക് രക്ഷ പ്രാപിക്കാന്‍ ഒരു ബറ്റര്‍ ചാന്‍സ് ഉണ്ടാവുമെന്ന് പപ്പായെ പ്രലോഭിപ്പിക്കയും ചെയ്തു ഞങ്ങള്‍.
1944 ഒക്ടോബര്‍ ഒന്നാം തീയതി അടിച്ചും, ടട ഓഫീസര്‍ ഹൈണ്ടിലിന്റെ ചാട്ടവാര്‍ ചുഴറ്റിക്കൊണ്ടും ഞങ്ങളെ ട്രെയിനിലേക്ക് തള്ളിക്കയറ്റി. ഒന്നോ രണ്ടോ പാസഞ്ചര്‍ കാറുകളും മറ്റെല്ലാം മൃഗങ്ങളെ കയറ്റുന്ന ട്രക്കുകളും ആയിരുന്നു ട്രെയിനില്‍. ഞങ്ങളെ മൂന്നുപേരെയും മനുഷ്യരെ കയറ്റുന്ന ഒരു കാര്യേജിലേക്ക് തള്ളിക്കയറ്റി. ക്യൂനിംഗ്സ്റ്റീനിലേക്കു പോകുന്ന ട്രെയിനാണ് ഇതെന്ന് ആളുകള്‍ പറയുന്നുണ്ടായിരുന്നു. ഡ്രെസ്ഡണ് 20 മൈല്‍ കിഴക്കു പടിഞ്ഞാറുള്ള ഒരു ചെറിയ ടൗണ്‍ ആയിരുന്നു ക്യൂനിംഗ്സ്റ്റീന്‍. ഞങ്ങള്‍ വിചാരിച്ചത് ഞങ്ങളെ കൊണ്ടുപോകുന്നത് ജര്‍മ്മനിയില്‍ തന്നെയുള്ള ഏതെങ്കിലും ലേബര്‍ ക്യാമ്പിലേക്ക് ആയിരിക്കുമെന്നാണ്. അല്ലാതെ എല്ലാവരും ഭയക്കുന്ന പോളണ്ടിലെ ഭീകര ക്യാമ്പുകളിലേക്കല്ല. പക്ഷെ എന്റെ മനസ്സ് വല്ലാതെ ഭയപ്പെട്ടു കൊണ്ടിരുന്നു. ഞങ്ങളുടെ ജങ്കി , ഞങ്ങളുടെ പയ്യന്‍, ഞാന്‍ എന്റെ സഹോദരന്‍ വാള്‍ട്ടറിനെക്കുറിച്ച് പറയുന്നതാണ് - വളരെ മൂകനും നിരാശനുമായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത്, അവന്റെ മനസ്സിലും അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നു, നല്ലതൊന്നും ഞങ്ങളെ കാത്തിരിക്കുന്നില്ല എന്ന ശക്തമായ ഒരു ഭയം ഉണ്ടായിരുന്നു എന്നാണ്.
'യോം കിപ്പൂര്‍' (യഹൂദരുടെ വിശേഷ ദിവസം) ആയിരുന്നതിനാല്‍ ഞങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന യൂത്ത് ഹോം ഘ 414 ന്റെ സെക്രട്ടറി മിസ്റ്റര്‍ ജേക്കബിനെ പോലെ ചിലര്‍, ട്രെയിനില്‍  എസ്.എസ് നല്‍കിയ ഏറ്റവും തുച്ഛമായ ഭക്ഷണം പോലും കഴിക്കാന്‍ കൂട്ടാക്കിയില്ല.  
ഏതു യാത്രാമാര്‍ഗ്ഗത്തിലൂടെയാണ് ട്രെയിന്‍ പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. എന്റെ പപ്പായും കംപാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റു  പലരും, വണ്ടി ഓരോ സ്റ്റേഷന്‍ കടക്കുമ്പോഴും ശ്രദ്ധിച്ച് നോക്കുന്നുണ്ടായിരുന്നു. ആരോ പെട്ടെന്ന് പറഞ്ഞു, 'നമ്മള്‍ ഡ്രെസ്ഡണ്‍ കഴിഞ്ഞു' എന്ന് വണ്ടി ഓടിക്കൊണ്ടേയിരിക്കുന്നു. ആരോ ഉറക്കെ പറഞ്ഞു : 'നമ്മള്‍ ക്യൂനിംഗ്സ്റ്റീനിലേക്കല്ല പോകുന്നത്, നമ്മള്‍ വളരെ വളരെ കിഴക്ക് എത്തിയിരിക്കുന്നു.' ഞങ്ങളോടൊപ്പമുള്ള ഒരു തടവുകാരന്‍ പറഞ്ഞു, നമ്മുടെ ലക്ഷ്യസ്ഥാനം ബര്‍ക്കനൗ ആയിരിക്കാം എന്ന്. 'നമ്മള്‍ ബര്‍ക്കനൗവിലേക്കാണോ പപ്പാ പോകുന്നത്?' ഞാന്‍ പപ്പായോടു ചോദിച്ചു. പപ്പാ തലയാട്ടി. അതിനു ശേഷം ഒരു വാക്കും മിണ്ടിയതേയില്ല. ഞാന്‍ ബര്‍ക്കനൗ എന്ന പേര് കേട്ടിട്ടേയില്ലായിരുന്നു. പക്ഷെ എനിക്കു മനസ്സിലായി പപ്പാ കേട്ടിരുന്നു എന്ന്. ബര്‍ലിനിലെ  ബങ്കറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ബര്‍ക്കനൗ പോലുള്ള ക്യാമ്പുകളെക്കുറിച്ചു കേട്ടിരുന്നിരിക്കാം. ചിലപ്പോള്‍ ബര്‍ലിനില്‍ കൊണ്ടുവന്ന മറ്റു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലെ തടവുകാരുമായി സംസാരിച്ചു കാണും. തെരിസീന്‍ സ്റ്റാട്ടിലേക്ക് തിരികെ വന്നശേഷം ഞങ്ങളോട് അതേക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ എനിക്കറിയാമായിരുന്നു പപ്പാ ഞങ്ങളില്‍ നിന്ന് പലതും മറച്ചു വച്ചു എന്ന്.
ട്രെയിന്‍ നീങ്ങുന്നതനുസരിച്ച് ഞങ്ങള്‍ ഭയാശങ്കകളോടെ സ്റ്റേഷനുകളുടെ അടയാളങ്ങള്‍ നോക്കിക്കൊണ്ടേയിരുന്നു. ഞങ്ങള്‍ ഇപ്പോള്‍ പോളണ്ടിലാണ്. ആരും ഒരക്ഷരവും മിണ്ടുന്നില്ല. ഞങ്ങള്‍ക്കു ചുറ്റും വിളര്‍ത്ത മുഖങ്ങളുമായി തടവുകാര്‍ തളര്‍ന്നിരുന്നു. അവരുടെ കണ്ണുകളില്‍ അതിതീവ്രഭയം നിറഞ്ഞു കവിഞ്ഞു. നിശ്ശബ്ദമായ സംഭ്രാന്തി. ഒരക്ഷരം മിണ്ടാനാവുന്നില്ല.
1944 ഒക്ടോബര്‍ മൂന്ന്. ഞങ്ങള്‍ ഔഷ്‌വിറ്റ്‌സില്‍ എത്തിച്ചേര്‍ന്നു. ഔഷ്‌വിറ്റ്‌സ് എന്ന പേര് ബര്‍ക്ക്‌നൗ എന്ന പേരിനേക്കാള്‍ ഭീകരമായതാണ് എന്ന് എന്റെ മനസ്സില്‍ തോന്നിയില്ല.
ട്രെയിനിന്റെ കതകുകള്‍ തുറന്നു. ഉയരമുള്ള, യൂണിഫോമും ലെതര്‍ ബൂട്ടുകളും ധരിച്ച ടട ഞങ്ങളുടെ നേര്‍ക്ക് അലറി. ''ലഗേജുകള്‍ കാറിലിട്ടിട്ട് വേഗം പുറത്തിറങ്ങുക. വേഗം. വേഗം.'' അവര്‍ അത്യുച്ചത്തില്‍ കുരയ്ക്കുകയും അലറുകയും ചെയ്തു. ലതര്‍ ചമ്മട്ടികളും നീട്ടിപ്പിടിച്ച തോക്കുകളുമായി അവര്‍ ഞങ്ങളുടെ നേര്‍ക്ക് വന്നു. ക്രൗര്യമുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കള്‍ ഞങ്ങളുടെ അടുത്തെത്താനും ഞങ്ങളെ കടിച്ചു പറിക്കാനും വെമ്പല്‍ പൂണ്ട് തയ്യാറായി നിന്നു. ടട ഞങ്ങളുടെ നേര്‍ക്ക് തെറി വാക്കുകള്‍ ചൊരിഞ്ഞ് ആജ്ഞകള്‍ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. ''സ്ത്രീകള്‍ ഇങ്ങോട്ട്, പുരുഷന്മാര്‍ അങ്ങോട്ട്, അഞ്ചുപേര്‍ വീതമായി നില്‍ക്കുക.'' ജയില്‍ യൂണിഫോറമണിഞ്ഞ യഹൂദതടവുകാര്‍ വേഗത്തില്‍ ട്രെയിനിനകത്തു കയറി ലഗേജുകള്‍ പുറത്തിറക്കാന്‍ തുടങ്ങി. അവരുടെ നേര്‍ക്കും ടട അലറുകയും അസഭ്യം പറഞ്ഞ് അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞാന്‍ സ്ത്രീകളുടെ കൂട്ടത്തോടൊപ്പം നടന്നു. ടട ന്റെ ആജ്ഞകള്‍ ഞാന്‍ അനുസരിച്ചു. എനിക്ക് ഒന്നും തോന്നിയില്ല, ഞാനാകെ മരവിച്ചിരുന്നു. ഞാന്‍ പുരുഷന്മാരുടെ കൂട്ടത്തിലേക്ക് കണ്ണോടിച്ചു, പപ്പായുടെയും വാള്‍ട്ടറിന്റെയും ഒരല്പദര്‍ശനമെങ്കിലും സാധിക്കുമോ എന്നറിയാനായി. പക്ഷെ എനിക്കവരെ കാണാനേ സാധിച്ചില്ല.
ഞങ്ങളുടെ മുന്‍പില്‍ കണ്ണെത്താത്ത ദൂരത്തില്‍ ക്യാമ്പുകളുടെ ഒരു വലിയ സമൂഹം കാണാനായി. വളരെ പണ്ടു കാലത്ത് പണിത ഈ ക്യാമ്പുകള്‍ 10 അടി ഉയരമുള്ള, വൈദ്യുതി പായുന്ന വേലികള്‍ കൊണ്ട് വേര്‍തിരിക്കപ്പെട്ടിരുന്നു. വേലികള്‍ നരച്ച ചെളികൊണ്ട് പൊതിഞ്ഞിരുന്നു. ഓരോ ക്യാമ്പിലും ആയിരക്കണക്കിന് തടവുകാരെ കുത്തിനിറച്ചിരുന്നു. ഒരു നരച്ച, നനഞ്ഞ ഒക്ടോബര്‍ ദിവസമായിരുന്നു അത് ഞങ്ങള്‍ ആ നരച്ച ചെളിയിലൂടെ നടന്നു. ഒരു മരമോ പുല്ലിന്റെ ഇലയോ ഒരു കളയോ പോലും അവിടെങ്ങും കാണാനില്ലായിരുന്നു. ഈ വൃത്തികെട്ട ചെളിയില്‍ എന്തു മുളയ്ക്കാനാണ്.
ആദ്യം പുരുഷന്മാര്‍ വരിവരിയായി നടന്നു. അഞ്ചുപേര്‍ ഒരു വരിയില്‍. അതു കഴിഞ്ഞ് സ്ത്രീകളെ വരിവരിയായി നടത്തിച്ചുകൊണ്ടുപോയി. വില പിടിച്ച കൈയുറകള്‍ ധരിച്ച കൈ വിടര്‍ത്തി നില്‍ക്കുന്ന ഒരു എസ്.എസ് ഓഫീസറുടെ മുന്നിലൂടെ ഞങ്ങള്‍ക്ക് നടക്കേണ്ടിയിരുന്നു. ഞങ്ങള്‍ ഏതു വശത്തേക്കാണ് നടക്കേണ്ടതെന്ന് അയാള്‍ ചൂണ്ടിക്കാണിക്കും. കുറച്ചു കഴിഞ്ഞ് ഈ ടട ഓഫീസറുടെ പേര് മെങ്‌ലേ എന്നാണെന്നും അയാളൊരു ഡോക്ടര്‍ ആണെന്നും, ഔഷ്‌വിറ്റ്‌സിലേക്കു വരുന്ന വണ്ടിയില്‍ യാത്ര ചെയ്തിരുന്നവരില്‍ ആരു ജീവിക്കണമെന്നും ആര് മരിക്കണമെന്നും തീരുമാനിക്കുന്നത് 
അയാളാണെന്നും ഞങ്ങളറിഞ്ഞു. അയാള്‍ വലത്തേക്ക് കൈ ചൂണ്ടിയാല്‍ ജോലിക്കും ഇടത്തേക്ക് കൈ ചൂണ്ടിയാല്‍ ഗ്യാസ് ചെയ്ബറിലേക്കും എന്നര്‍ത്ഥം. അയാളുടെ മാത്രം തീരുമാനമാണ് അവിടെ നടന്നിരുന്നത്. ചിലപ്പോള്‍ പ്രായമായവരെ കുറച്ചു ദിവസം കൂടി ജീവിക്കാന്‍ അനുവദിക്കും. പലപ്പോഴും ചെറുപ്പക്കാരെയാണ് ഗ്യാസ് ചെയ്മ്പറിലേക്ക് അയയ്ക്കുക. പഴയ തടവുകാരില്‍ നിന്നും ഞാന്‍ കേട്ടറിഞ്ഞത് ടട ഭയങ്കര മദ്യപാനികളാണെന്നും അത് അവരുടെ സ്വഭാവത്തെ വല്ലാതെ ബാധിക്കുമെന്നും അക്കാരണത്താല്‍ തന്നെ തടവുകാര്‍ക്ക് ജീവിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ വളരെ കുറവാണെന്നും.
ഡോക്ടര്‍ മെങ്‌ലെ എന്റെ നേര്‍ക്കു നോക്കി. എന്നിട്ട് വലത്തേക്ക് വിരല്‍ ചൂണ്ടി. മഴ പെയ്തു കൊണ്ടിരുന്നു. ഞങ്ങള്‍ കട്ടിയില്‍ കുഴഞ്ഞ ചെളിയിലൂടെ ഞങ്ങളുടെ ഇരുവശത്തും നിന്നിരുന്ന ചെറുപ്പക്കാരായ ടട കളുടെ ആക്രോശങ്ങള്‍ക്കും തെറിവിളികള്‍ക്കും ഇടയിലൂടെ, പുതുതായി ഉണ്ടാക്കിയ വരിയിലൂടെ നടന്നു. മിക്കവരും പതിനേഴോ പതിനെട്ടോ വയസ്സുള്ളവര്‍ ആയിരുന്നു. ടട കളും അവരുടെ നായ്ക്കളും ഞങ്ങളെ വേഗത്തില്‍ നടക്കാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ''വേഗം, വേഗം'' അവര്‍ അലറി. ഞങ്ങളുടെ നിര വൈദ്യുതി വേലിയുടെ അരികിലൂടെ ഒരു ക്യാമ്പില്‍ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് നടന്നു. ഒരു പുതിയ വണ്ടിയിലെ തടവുകാര്‍ വരുമ്പോള്‍, ബാരക്കില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരു തടവുകാരനും അനുവാദമില്ല. അവര്‍ ആ പ്രവര്‍ത്തിയെ 'ലോക്ക്അപ്പ്' എന്നാണു പറയുക. ഒരു ക്യാമ്പിലെ ഒരു യുവതി ഞങ്ങള്‍ കടന്നുപോകുമ്പോള്‍ വൈദ്യുതി വേലിയുടെ വളരെ അടുത്തു വന്നു നിന്നു. ഞങ്ങളുടെ നിരയിലെ ആരെയോ അവര്‍ തിരിച്ചറിഞ്ഞ് ഉറക്കെ വിളിച്ചു. എന്റെ അടുത്തു നിന്ന ഗാര്‍ഡ് 'വേഗം അകത്തു പോയില്ലെങ്കില്‍ നിന്നെ ഞാന്‍ വെടിവെക്കും' എന്നു വിളിച്ചു പറഞ്ഞു. പറഞ്ഞുതീരും മുന്‍പ് അയാള്‍ തോക്കെടുത്ത് ആ സ്ത്രീയെ വെടിവെച്ചു. അവര്‍ ഉറക്കെ നിലവിളിച്ച് ചെളിയിലേക്ക് വീണു. അവര്‍ക്കു ചുറ്റും രക്തം ചീറ്റിത്തെറിച്ചു.  ഞാന്‍ ഒരു മനുഷ്യനെ വെടിവെച്ചു കൊല്ലുന്നത് ആദ്യമായി കണ്ടു. ഇങ്ങനെയാണ് ഞാന്‍ ഓഷ്‌വിറ്റ്‌സിനെ പരിചയപ്പെടുന്നത്. ഞാന്‍ എന്നോടുതന്നെ പറഞ്ഞു ''നീ ഇവിടെ നിന്ന് ജീവനോടെ പുറത്തുപോവില്ല.''
ഞങ്ങളുടെ നിര ഒരു വലിയ, കല്ലില്‍ നിര്‍മ്മിച്ച  ബാരക്കിനു മുന്നില്‍ നിന്നു. 'സാന' എന്നായിരുന്നു ആ കെട്ടിടത്തിന്റെ പേര്. ഞങ്ങളെ ഒരു വലിയ മുറിയിലേക്ക് തള്ളിക്കയറ്റി, പൂര്‍ണ്ണ നഗ്നരാക്കി ഞങ്ങളോട് നിന്ദാപൂര്‍വ്വം സംസാരിക്കുന്ന ഞങ്ങളെ അധിക്ഷേപിക്കുന്ന ചെറുപ്പക്കാരായ എസ്.എസിന്റെ മുന്നിലേക്ക് തള്ളിവിട്ടു. തടവുകാര്‍ ഞങ്ങളുടെ ശരീരത്തിലെയും തലയിലെ പ്രത്യേകിച്ചും, മുടികള്‍ ക്ഷൗരം ചെയ്തു മാറ്റി. നഗ്നരും മുടിയില്ലാത്തവരുമായിരുന്നിട്ടും അവര്‍ ഞങ്ങളുടെ ശരീരം മുഴുവന്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ക്കായി പരതി. വിലപിടിപ്പുള്ളതു വല്ലതും ശരീരത്തിന്റെ ഏതെങ്കിലും വിടവിലോ ദ്വാരത്തിലോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അനന്തരഫലങ്ങളെ കുറിച്ച് അവര്‍ മുന്നറിയിപ്പ് തന്നുകൊണ്ടിരുന്നു. ഞാന്‍ ടട ന്റെ ആജ്ഞകള്‍ വേഗത്തില്‍ അനുസരിച്ചു. അവരുടെ ശ്രദ്ധയാകര്‍ഷിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു. ഞാന്‍ നഗ്നരായ, മുടിയില്ലാത്ത എന്റെ സഹതടവുകാരികളെ നോക്കി. ഈ അഭംഗിയുള്ളവരുടെ കൂട്ടത്തില്‍ ഒരുവളാണല്ലോ ഞാനും എന്ന സത്യം എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നില്ല.
പിന്നെ ഞങ്ങളെ സീലിംഗില്‍ 'ഷവര്‍ ഹെഡ്' പിടിപ്പിച്ച ഒരു വലിയ മുറിയിലേക്ക് തള്ളിവിട്ടു. ഐസ് പോലെ തണുത്ത വെള്ളം ഞങ്ങളുടെ ആകെ തണുത്ത ശരീരത്തിലേക്ക് വീണു. സോപ്പ് ഇല്ല. ശരീരം തുടയ്ക്കാന്‍ ടവ്വലും ഇല്ല. എന്റെ അടുത്തു നിന്ന ചില സ്ത്രീകളുടെ നനഞ്ഞ ശരീരത്തില്‍ ചുഴറ്റിയ ചാട്ടവാര്‍ കൊണ്ട് ഒരു സ്ത്രീ ഗാര്‍ഡ്, അവര്‍ വേഗം നീങ്ങുന്നില്ല എന്നലറിക്കൊണ്ട് ആഞ്ഞടിച്ചു.
ഞങ്ങള്‍ക്ക് പേരില്ല, നമ്പറുമില്ല. ഔഷ്‌വിറ്റ്‌സിലേക്ക് നിരവധി വണ്ടികള്‍ ദിനം തോറും വന്നു കൊണ്ടിരുന്നതിനാല്‍ തടവുകാര്‍ക്ക് 'ടാറ്റു' കുത്തുമായിരുന്ന സമ്പ്രദായം നിര്‍ത്തിയിരുന്നു. ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും അഴുക്കുപിടിച്ച ഓരോ പരുത്തി വസ്ത്രവും തടികൊണ്ടുള്ള പാദരക്ഷയും തന്നു. ഇതെല്ലാം ഏറ്റവും കുറഞ്ഞ സമയം കൊണ്ട്, ഗാര്‍ഡുകളുടെ അവജ്ഞ നിറഞ്ഞ നോട്ടത്തിലൂടെ, വേഗം, വേഗം എന്ന അട്ടഹാസത്തിലൂടെ, നടന്നു. ഒരു തടവുകാരന്‍ ഒരു വലിയ പാത്രത്തില്‍ ചുവന്ന പെയിന്റുമായി വന്ന് ഞങ്ങളുടെ വസ്ത്രത്തിന്റെ പിറകില്‍ ഒരു വലിയ നീണ്ട വരയിട്ടു. എന്നിട്ട് വീണ്ടും ഞങ്ങളെ ചെളി നിറഞ്ഞ പാതയിലേക്ക് തള്ളിവിട്ടു. ഭയങ്കര തണുപ്പായിരുന്നു, ഒപ്പം മഴയും.
ഔഷ്‌വിറ്റ്‌സും ബര്‍ക്കിനൗവും, ഔഷ്‌വിറ്റ്‌സ് കോണ്‍സണ്‍ട്രേഷന്‍  കോംപ്ലക്‌സിന്റെ ഭാഗങ്ങളായിരുന്നു. ഞങ്ങളെ ബര്‍ക്കിനൗവിന്റെ ക്യാമ്പ് 'ഇ' യിലേക്ക് തെളിച്ചുകൊണ്ടുപോയി. ഈ  ബാരക്കില്‍ മൂന്നു തട്ടുള്ള, പലക കൊണ്ടുള്ള കിടക്കകളും വൃത്തിഹീനമായ തറയുമാണ് ഉണ്ടായിരുന്നത്. ജനലുകള്‍ ഇല്ലായിരുന്നു. ഞങ്ങളെ ഇട്ടിരുന്ന ബാരക്കില്‍ ആളുകള്‍ നിറഞ്ഞിട്ട് നിന്നു തിരിയാന്‍ സ്ഥലമില്ലാതെ തമ്മില്‍ ഒട്ടിപ്പിടിച്ച് പൂട്ടപ്പെട്ട നിലയില്‍  ആയിരുന്നു. എല്ലാവരും ഒരേ സമയം തിരിയേണ്ട ഒരവസ്ഥ. ഓരോ തട്ടിലും ഓരോ വൃത്തികെട്ട ബ്ലാങ്കറ്റും ഉണ്ടായിരുന്നു; ഓരോ ബാരക്കിനും ഓരോ മൂപ്പത്തിയും ഒരല്പം ആനുകൂല്യങ്ങളുള്ള വസ്ത്രത്തില്‍ പ്രത്യേകതരം അടയാളമുള്ള ഒരു തടവുകാരിയാണ് മൂപ്പത്തി. പല അധികാര ശ്രേണിയിലുള്ള തടവുകാര്‍ അവിടെയുണ്ടായിരുന്നു. എല്ലാവര്‍ക്കും ഭയം കാപ്പോസിനെ ആയിരുന്നു. (കാപ്പോസ് എന്നു പറയുന്നത് ഹോളക്കോസ്റ്റ് സമയത്ത് നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ഉണ്ടായിരുന്ന പ്രത്യേകതരം തടവുകാരായിരുന്നു. ഇവര്‍ക്ക് ടട മറ്റു തടവുകാരെ സൂപ്പര്‍വൈസ് ചെയ്യുന്നതിന് പ്രത്യേക അനുകൂല്യങ്ങള്‍ നല്കിയിരുന്നു. ഇവര്‍, യഹൂദരും അല്ലാത്തവരുമായവര്‍, ടട മായി കൂട്ടുചേര്‍ന്ന് ക്രൂരകൃത്യങ്ങള്‍ ചെയ്തിരുന്നു. ചില തടവുകാര്‍ ക്രൂരരും അവരുടെ വൃത്തികെട്ട പണിയില്‍ നിപുണരും ദീര്‍ഘകാലം തടവില്‍ ആയിരുന്നതിനാല്‍ മനുഷ്യത്വം നഷ്ടപ്പെട്ട്, മനുഷ്യരെ കൊല്ലുന്നതും ഗ്യാസ് ചെയ്മ്പറില്‍ ഇടുന്നതും കണ്ട് മടുപ്പു തീര്‍ന്നവരും തങ്ങളുടെ ജീവനെ അല്പകാലം കൂടി നീട്ടിക്കിട്ടാന്‍ എന്തു ചെയ്യാനും മടിയില്ലാത്തവരും ആയിരുന്നു.) 
അനുവാദമില്ലാതെ കട്ടിലില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നവരെ ഈ ബ്ലോക്ക്മൂപ്പത്തികള്‍ അവരുടെ വടികൊണ്ട് അടിക്കാന്‍ റഡിയായി നില്ക്കുന്നുണ്ടാവും. പുരുഷന്മാരായ തടവുകാരാണ് ഭക്ഷണം കൊണ്ടു വരുന്നത്. അത്  പാത്രങ്ങളിലേക്ക് പകരും. എന്താണെന്ന് മനസ്സിലാക്കാനാവാത്ത കട്ടികുറഞ്ഞ ആ കുഴമ്പ് സ്പൂണുകള്‍ ഇല്ലാത്തതുകൊണ്ട് ഇരുകൈകള്‍ കൊണ്ടും സാധിക്കാവുന്നത്ര വാരിയെടുത്ത് മിന്നല്‍ വേഗത്തില്‍ ഞങ്ങള്‍ കഴിക്കും.
രാത്രിയില്‍ ചില നിലവിളികള്‍ കേട്ടു. ഞങ്ങളുടെ ബാരക്കിലെ സ്ത്രീകളില്‍ മുകളില്‍ കിടന്ന ഒരുത്തി താഴെക്കിടക്കുന്നവരുടെ മേല്‍ വീണു. സദാസമയത്തുമുള്ള ഉറക്കെയുറക്കെയുള്ള നിലവിളികളും ചീത്തവിളികളും കേട്ടുകേട്ട് ഞങ്ങളുടെ ചെവി തഴമ്പിച്ചു. ബോധം മരവിച്ചു. ഞങ്ങള്‍ക്ക് ശരീരം കഴുകാനാവില്ല. കക്കൂസില്‍ ദിവസം രണ്ടുപ്രാവശ്യം കൂട്ടത്തോടെ കൊണ്ടുപോകും.
ആദ്യത്തെ സന്ധ്യയില്‍ ഞങ്ങളെ ലാട്രിനിലേക്ക് കൊണ്ടുപോയപ്പോള്‍ വലിയ തീനാളങ്ങള്‍ അറുനൂറ് അടിയോളം ഉയരത്തില്‍ കടും ചുവപ്പാര്‍ന്ന ആകാശത്തേക്ക് ഉയരുന്നതു കണ്ടു. ചിമ്മിനികള്‍ തീപ്പൊരി തുപ്പിക്കൊണ്ടിരുന്നു. ഞങ്ങളേക്കാള്‍ മുന്‍പേ ക്യാമ്പില്‍ എത്തിയവര്‍ പുതിയ തടവുകാരായ ഞങ്ങളോട് നിലവിളിച്ചു. ''ഗ്യാസ് ചെയ്മ്പറുകളും ചിതകളും നിര്‍ത്താതെ കത്തുകയാണ്. പുതിയ വണ്ടികള്‍ വന്നുകാണണം.'' ഞാന്‍ ചുവന്ന ആകാശവും പുകതുപ്പുന്ന മനുഷ്യശരീരതീക്കൊള്ളികളും കണ്ടു. ഞങ്ങള്‍ക്ക് ആ മണം തിരിച്ചറിയാന്‍ സാധിച്ചു. എങ്കിലും ഇതെല്ലാം സത്യമെന്ന് എന്റെ മനസ്സിനെ വിശ്വസിപ്പിക്കാനായില്ല.
അഴുക്കുചാലില്‍ പലകകൊണ്ട് ഒരു ദീര്‍ഘചതുരം ഉണ്ടാക്കിയിട്ടുണ്ട്. അതാണ് ലാട്രിന്‍ അഥവാ കക്കൂസ്. പലക മുഴുവന്‍ മലം നിറഞ്ഞ് കിടക്കുന്നു. ഈ പലകകളില്‍ ചവിട്ടിയിരുന്നു വേണം മലമൂത്രവിസര്‍ജ്ജനം നടത്താന്‍. അതിലിരുന്നില്ലെങ്കില്‍ മുതുകത്ത് ചാട്ടവാര്‍ വീഴും. വയറിളക്കം, ട്രൈഫോയിഡ്, ജ്വരം മുതലായവ ബാധിച്ചവര്‍ സ്വയം വലിഞ്ഞിഴഞ്ഞ് വരും. ചിലര്‍ക്ക് കടുത്ത പനിയുമുണ്ടാവും. എങ്കിലും സുഖമില്ല എന്ന് ആരും പറയില്ല. സുഖമില്ലാത്തവരെ ഗ്യാസ് ചെയ്മ്പറിലേക്ക് അയക്കും എന്ന ഭയം. ഈ സമയത്തും മരണഭയം തടുക്കാനാവാത്തതായിരുന്നു. എങ്കിലും ഓരോ ദിവസവും സ്ത്രീകള്‍ വൈദ്യുത വേലികളില്‍ ചാടി ആത്മാഹുതി നടത്തിക്കൊണ്ടിരുന്നു. 
ഒരു ദിവസം രാവിലെ ഞങ്ങള്‍ ലാട്രിനിലേക്കു പോകുവാന്‍ ബാരക്കില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഞങ്ങളുടെ ക്യാമ്പിനു മുന്നില്‍ ഒരു ട്രക്ക് കിടക്കുന്നതു കണ്ടു. പുരുഷ തടവുകാര്‍ സ്ത്രീകളുടെ ശവങ്ങള്‍, ഇലക്ട്രിക് ഫെന്‍സില്‍ ചാടി മരിച്ച സ്ത്രീയുടേതുള്‍പ്പടെ എടുക്കുകയായിരുന്നു. ഞാന്‍ അവരില്‍ ഒരാളെ തിരിച്ചറിഞ്ഞു. അയാള്‍ എന്നെയും. എനിക്ക് ഇങ്കയെയും, ഹെര്‍മ്മന്‍ ഹര്‍ഷ്‌ഫെല്‍ഡിനെയും തിരിസീന്‍ സ്റ്റാട്ടില്‍ വച്ച് അറിയാമായിരുന്നു. അവര്‍ രണ്ടുപേരും ഇങ്ങോട്ടുവന്ന വണ്ടിയില്‍ ഉണ്ടായിരുന്നു. ഞാനും ഇങ്കയും ക്യാമ്പിലെ ഇ ബാരക്കിലാണ് ഇപ്പോള്‍. ഹെര്‍മ്മന്‍ എങ്ങനെയോ ശവശരീരങ്ങള്‍ പെറുക്കുന്നതിനിടയില്‍ ഇങ്കയുമായി ബന്ധപ്പെട്ടു അയാള്‍ ഭാര്യയോട് രഹസ്യമായി പറഞ്ഞു, എന്റെ പപ്പായും സഹോദരനും ക്യാമ്പില്‍ എത്തിയില്ല എന്ന്. അപ്പോഴേ ഞാന്‍ മനസ്സിലാക്കി, ഞാന്‍ ഇനിയൊരിക്കലും എന്റെ പപ്പായെയും സഹോദരനെയും കാണുകയില്ല എന്ന്. ക്യാമ്പിലായിരുന്ന സമയത്ത് അവരെ ഇനിയൊരിക്കലെങ്കിലും കാണാനാവും എന്ന് ആശിച്ചതുമില്ല.
ദിവസത്തില്‍ രണ്ടുപ്രാവശ്യം ഇ ക്യാമ്പിലുള്ളവരെല്ലാവരും ഇന്‍സ്‌പെക്ഷന് പുറത്തിറങ്ങി വരിയായി രണ്ടു മൂന്നും മണിക്കൂര്‍ നില്‍ക്കണമായിരുന്നു ടട ന്റെ സ്ത്രീ പോലീസുകള്‍ റബ്ബര്‍ കൊണ്ടുണ്ടാക്കിയ വടി കൊണ്ട് തല്ലുകയും നിര്‍ത്താതെ തെറിവിളിക്കുകയും ചെയ്തിരുന്നു. ''അടങ്ങി നില്‌ക്കെടീ ഗര്‍ഭിണി പേനേ'' എന്നായിരുന്നു അവര്‍ ഞങ്ങളെ ഓമനിച്ചു വിളിച്ചിരുന്നത്. അവരുടെ വൃത്തികെട്ട ഭാഷയും ഭ്രാന്തമായ ആക്രോശങ്ങളും അവരുടെ ഒന്നിനു പിറകേയുള്ള ക്രൂരതകയില്‍ ആനന്ദമനുഭവിക്കുന്ന വാസനാവൈകൃതങ്ങളും ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കാത്തവയായിരുന്നു. ഇതൊന്നും എന്റെ ഉള്ളില്‍ കയറാത്തവിധം ഞാന്‍ മനസ്സിനെ മരവിപ്പിച്ചു നിന്നു. എസ്.എസ് ഞങ്ങളെ നിര്‍ത്താതെ തെറിവിളിക്കുന്നു. പക്ഷെ എന്റെ മനസ്സും വികാരങ്ങളുമെല്ലാം ഒരു കൊക്കൂണിനുള്ളിലേക്കെന്ന വിധം പിന്‍വാങ്ങി. നവംബര്‍ മാസത്തിലെ തണുപ്പും നനവും, ഞങ്ങളുടെ തീരെ കട്ടിയില്ലാത്ത വസ്ത്രത്തിലൂടെ ശരീരത്തിലേക്ക്, മുടിയില്ലാത്ത തലയോട്ടിയിലേക്ക് കയറുന്നത് എനിക്കനുഭവപ്പെട്ടില്ല.
നവംബര്‍ മാസത്തില്‍ ആഴ്ചയില്‍ പലതവണ ടട, സ്ത്രീകളെ ജോലിക്ക് തെരഞ്ഞെടുക്കുമായിരുന്നു. ബാരക്കിനു പുറത്തു വച്ചാണ് തെരഞ്ഞെടുക്കല്‍. തടവുകാരികളെ നഗ്നരാക്കി ടട ന്റെ മുന്‍പിലൂടെ ഒറ്റവരിയില്‍ നടത്തും. അവരുടെ വൃത്തികെട്ട തമാശകളുടെ, അംഗവിക്ഷേപങ്ങളുടെ ഇടയിലൂടെ നഗ്നരായ സ്ത്രീകള്‍ നടക്കുമ്പോള്‍ എസ്.എസിന്റെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ്ക്കള്‍ തുടല്‍പൊട്ടിക്കാന്‍ ശ്രമിക്കുകയും കുരയ്ക്കുകയും ചെയ്യും. തടവുകാര്‍ പേടിച്ച് സ്തംഭിച്ച് നില്ക്കും. എല്ലാവര്‍ക്കും ജോലിക്ക് തെരഞ്ഞെടുക്കപ്പെടണം. ജോലിയെന്നാല്‍ ജീവനോടിരിക്കുക എന്നര്‍ത്ഥം. ജര്‍മ്മനിയിലെ വലിയ വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഈ കാര്യത്തില്‍ സഹായിക്കും.
ചില തടവുകാര്‍ അവര്‍ക്ക് നല്‍കിയിരിക്കുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ഒരു ക്യാമ്പില്‍ നിന്ന് മറ്റൊരു ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കും. ക്യാമ്പിനുള്ളിലെ രഹസ്യങ്ങളെക്കുറിച്ച് അവര്‍ പലതും കേള്‍ക്കും. ഏതു വണ്ടിയാണ് നേരെ ഗ്യാസ് ചെയ്മ്പറിലേക്കു പോയത്, ഏതു വണ്ടിയിലെ തടവുകാരെയാണ് ജീവിക്കാന്‍ അനുവദിച്ചത് എന്നിങ്ങനെ. അവരില്‍ നിന്നും ഡോക്ടര്‍ മെങ്‌ലെയെക്കുറിച്ചും ടട ന്റെ ഏറ്റവും ക്രൂരരായ ഗാര്‍ഡുകളെയും കാപ്പോസിനെയും കുറിച്ചും കേട്ടു.
ക്യാമ്പില്‍ കുറെക്കാലം കഴിഞ്ഞവര്‍ വെറും അസ്ഥിപഞ്ജരങ്ങളായിരുന്നു. അവരുടെ ത്വക്ക് ജീവനില്ലാതെ വിളറി ഞൊറിഞ്ഞിരുന്നു. കുഴിയില്‍ കിടക്കുന്ന കണ്ണുകളും ഭയന്ന മുഖഭാവവും ഉള്ളവര്‍. അവരുടെ തലമുടി വീണ്ടും വളരാന്‍ തുടങ്ങിയിരുന്നു. കുളിയില്ലാത്ത വൃത്തികെട്ട ശരീരങ്ങള്‍ പേനുകളെ കൊണ്ട് നിറഞ്ഞിരുന്നു. എനിക്ക് അവരുടെ നേര്‍ക്ക് നോക്കാന്‍ കഴിയുമായിരുന്നില്ല. ഞാനിവിടെ എത്രകാലം ജീവിക്കുമെന്നും, എന്റെ ശരീരവും ഈ ശോചനാവസ്ഥയില്‍ എത്തുമല്ലോ എന്നോര്‍ത്തും ഞാന്‍ നെടുവീര്‍പ്പിടും. ഔഷ്‌വിറ്റ്‌സിലേക്കും ബര്‍ക്കനൗവിലേക്കും ഗ്യാസ് ചെയ്മ്പറിലെറിയാനുള്ളവരുടെ തെരഞ്ഞെടുപ്പും പലവട്ടം നടക്കും. തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ബാരക്കില്‍ നിന്നു പുറത്തിറങ്ങാന്‍ ആര്‍ക്കും അനുവാദമില്ല. ടട തടവുകാരെ 'ലോക്ക് അപ്പ്'ലാക്കും. ഒരു തടവുകാരനും രക്ഷപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടാവും. ഔഷ്‌വിറ്റ്‌സില്‍ വളരെ മാസങ്ങള്‍ ഉണ്ടായിരുന്നവര്‍ ചലിക്കുന്ന അസ്ഥികൂടങ്ങള്‍ മാത്രമായവരും അസുഖം ബാധിച്ചവരും ആയിരുന്നതിനാല്‍ തങ്ങളെ ജോലിക്ക് എടുക്കില്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. അവരിലാണ് ഏറ്റവുമധികം സംഭ്രമം കണ്ടിരുന്നത്.  ചിലപ്പോള്‍ നായ്ക്കളെ അവരുടെ നേര്‍ക്ക് അഴിച്ചുവിട്ട് അവരെ അടക്കി നിര്‍ത്തിയിരുന്നു.
അവിടെ അതിക്രൂരയായ ഒരു ഗാര്‍ഡ് ഉണ്ടായിരുന്നു. ആളുകളെ തെരഞ്ഞെടുക്കുമ്പോഴും കണക്കിലുള്‍പ്പെട്ട ആളുകളെ കാണാതിരിക്കുമ്പോഴും അവര്‍ പ്രത്യക്ഷപ്പെടും. നാല്പതുകാരിയും നീളമില്ലാത്തവളുമായ ആ സ്ത്രീയുടെ കൈയില്‍ ഒരു വലിയ ചാട്ടയും തുടല്‍ പൊട്ടിച്ച് പുറത്തു ചാടാന്‍ ശ്രമിക്കുന്ന ഒരു നായയും ഉണ്ടാവും. ആ സ്ത്രീയെ കാണുന്നതുപോലും ഞങ്ങളില്‍ ഭയം ജനിപ്പിച്ചിരുന്നു.
ഹങ്കറിയില്‍ നിന്നു കൊണ്ടുവന്ന പെണ്‍കുട്ടികള്‍ ഞങ്ങളുടെ ഇ ക്യാമ്പില്‍ ഉണ്ടായിരുന്നു. 14 മുതല്‍ 17 വരെ പ്രായമുള്ളവര്‍. (ഔഷ്‌വിറ്റ്‌സിലെ സര്‍വൈവല്‍ ടൈം ആഴ്ചകളും മാസങ്ങളും മാത്രമായിരുന്നു). അവരെല്ലാം രോഗികളായിരുന്നു. അവരുടെ തെരഞ്ഞെടുപ്പ് എന്തിനു വേണ്ടിയുള്ളതാണെന്ന് അവര്‍ക്കറിയാമായിരുന്നു. ആ പെണ്‍കുട്ടികളില്‍ ചിലര്‍ ''മരണതെരഞ്ഞെടുപ്പ്'' ഇല്ലാത്ത മറ്റു ബാരക്കുകളിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ടട പുതിയ തടവുകാരുടെ വരവില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്ന സമയം നോക്കി കുറച്ചുപേര്‍ ഞങ്ങളുടെ ബാരക്കിലേക്ക് ഓടിവന്നു. ടട അവരെ ചുറ്റോടുചുറ്റും വെടിവെച്ചു. അവരുടെ ഹൃദയഭേദകമായ നിലവളി ഞങ്ങള്‍ കേട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. ഒടുവില്‍ വെടിവെയ്പിന്റെ ശബ്ദം നിന്നു. എസ്.എസ് ഞങ്ങളുടെ ക്യാമ്പില്‍ നിന്നു പോയി.
ഒരു പെണ്‍കുട്ടി ഞങ്ങളുടെ ബാരക്കില്‍ കയറി ഒളിച്ചിരുന്നു. അവളെ കണ്ടാല്‍ ഒരു കാട്ടുമൃഗത്തെപ്പോലെ തോന്നിക്കും. ഔഷ്‌വിറ്റ്‌സില്‍ വളരെക്കാലം ഉണ്ടായിരുന്നെന്നും പല തെരഞ്ഞെടുപ്പുകളെ അവള്‍ അതിജീവിച്ചു എന്നും പറഞ്ഞു. ഒരു ഭ്രാന്തിയുടെ ഭാവമായിരുന്നു അവള്‍ക്ക്. അവളാണ് ഡോക്ടര്‍ മെങ്‌ലെ ഏതു തരക്കാരനാണെന്ന് ഞങ്ങളോടു പറഞ്ഞത്. ആര് ജീവിക്കണമെന്നും ആര് ഗ്യാസ് ചെയ്മ്പറില്‍ പോകണമെന്നും തീരുമാനിക്കുന്നത് അയാളാണ്. അയാള്‍ പെണ്‍കുട്ടികളെ അയാളുടെ പരീക്ഷണങ്ങള്‍ക്കുള്ള ഗിനിപിഗ്കള്‍ ആക്കുമായിരുന്നു. ആവശ്യം കഴിയുമ്പോള്‍ അവരെ ഗ്യാസ് ചെയ്മ്പറിലേക്ക് അയക്കും. അവള്‍ക്കറിയാവുന്ന ഒരു പെണ്‍കുട്ടിയെ എസ്.എസ് 'ഉപയോഗിച്ചി'രുന്നു എന്നും, അവര്‍ അവള്‍ക്ക് ആഹാരവും വസ്ത്രവും നല്‍കിയിരുന്നു എന്നും അവള്‍ പറഞ്ഞു. പ്രായമുള്ള ഒരു സാഡിസ്റ്റിക് ഗാര്‍ഡിനെക്കുറിച്ചും അവള്‍ പറഞ്ഞു. നായയെ അഴിച്ചുവിട്ട് ഒരു തടവുകാരനെ/തടവുകാരിയെ കടിച്ചുകീറാന്‍ അവര്‍ അനുവദിച്ചിരുന്നത്രേ. അവള്‍ പറഞ്ഞതെല്ലാം കേട്ട് വിശ്വസിക്കാനാവാതെ ഞങ്ങളവളെ നോക്കി. ഈ ലോകത്തെ ഏറ്റവും പരിത്യക്തമായ സ്ഥലത്ത്, ഈ ബാരക്കില്‍, നിന്നുകൊണ്ട് അവള്‍ സാക്ഷി പറയുകയാണ്. എന്നിട്ടും ഇതെല്ലാം മറ്റേതോ ദൂരെദൂരെയുള്ള സ്ഥലത്തിരുന്ന് ഞാന്‍ കേള്‍ക്കയാണ്, ഞാനതിന്റെ ഒരു ഭാഗമായിരുന്നിട്ടും. ഞാന്‍ കൂടുതല്‍ കൂടുതല്‍ ഉള്‍വലിഞ്ഞു. എന്റെ സുബോധം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി.
'ഇ' ക്യാമ്പില്‍ ആഴ്ചകള്‍ കഴിയുകയാണ്. റോള്‍ കാളുകളും ഇന്‍സ്‌പെക്ഷനുകളും മുറയ്ക്ക് നടന്നുകൊണ്ടിരുന്നു. ഞങ്ങളെ ജോലിക്ക് എടുക്കുമോ, എങ്കില്‍ എന്നായിരിക്കും എന്നൊക്കെ ഞാന്‍ (ചിന്തിച്ച് വശായി) ചിന്തിച്ചവശയായി. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളെ ടട ന്റെയും  മറ്റൊരു  പുരുഷന്റേയും - ഒരു കമ്പനിയുടെ പ്രതിനിധി - മുന്നിലൂടെ നഗ്നരാക്കി നടത്തി അവരുടെ കണ്ണുകള്‍ ഞങ്ങളുടെ ശരീരത്തിലൂടെ തല മുതല്‍ പാദം വരെ പരതുന്നത്, ഞങ്ങളുടെ ശരീരശക്തിയെ അളക്കുന്നത് അനുഭവപ്പെട്ടു. ഒരു ടട കാരി എന്നോട് കൈകള്‍ നീട്ടാന്‍ ആവശ്യപ്പെട്ടു. പിന്നെ അവള്‍ എല്ലാവരോടും വസ്ത്രം ധരിക്കാന്‍ അലറി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവും മുന്‍പ് ഒരു ചെറിയ സംഘം സ്ത്രീകളോടൊപ്പം എന്നെയും ബാരക്കില്‍ നിന്നു തള്ളി പുറത്താക്കി. ആ സ്ത്രീ അലറി ''നടക്ക്, വേഗം, വേഗം'' പിന്നെയവര്‍ ഞങ്ങളെ 'മൌിമ' എന്ന് അടയാളപ്പെടുത്തിയ ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയി.
ഔഷ്‌വിറ്റ്‌സിലായിരുന്നത്രയും കാലം കൊണ്ട് ഷവര്‍ ഹെഡ്കളെ ഭയപ്പെടണമെന്നു പഠിച്ചു. 'ഇ' ക്യാമ്പില്‍ വച്ച് ഞങ്ങള്‍ മനസ്സിലാക്കിയത് ഷവര്‍ ഹെഡിനോടൊപ്പം ഗ്യാസ് ചെയ്‌മ്പേഴ്‌സും ഘടിപ്പിച്ചിട്ടുണ്ടെന്നാണ്. ഞങ്ങളോട് നഗ്നരാകുവാന്‍ ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ അവിടെ ഇട്ടേക്കാനും. അതൊരു ചീത്ത അടയാളമായി ഞാന്‍ വ്യാഖ്യാനിച്ചു. എന്തുകൊണ്ട് വസ്ത്രങ്ങള്‍ കെട്ടിടത്തിനകത്തേക്ക് കൊണ്ടുവരാനവര്‍ ആവശ്യപ്പെട്ടില്ല? ഞങ്ങള്‍ക്ക് ഇനി വസ്ത്രത്തിന്റെ ആവശ്യമില്ല എന്നതുകൊണ്ടാണോ? ഞാന്‍ സംശയത്തോടെ സീലിംഗില്‍ നിന്ന് പുറത്തേക്ക് ഉന്തി നില്‍ക്കുന്ന ഷവര്‍ ഹെഡിലേക്കു നോക്കി നിന്നു. പെട്ടെന്ന് ഐസ് വെള്ളം ഞങ്ങളുടെ നഗ്നശരീരത്തിലേക്ക് ഒലിച്ചിറങ്ങി. ഞങ്ങള്‍ക്ക് ആശ്വാസമായി. ഞങ്ങള്‍ക്ക് ഒരു അവസരം കൂടി ലഭിച്ചിരിക്കുന്നു. എനിക്ക് ഒരു  വൃത്തിയുള്ള പരുത്തിവസ്ത്രം ധരിക്കാന്‍ തന്നു. ഒരു കറുത്ത കോട്ടും, രണ്ടു തുകല്‍ ചെരിപ്പുകളും. അതിശയമെന്നു പറയട്ടെ ആ ചെരിപ്പുകള്‍ എനിക്ക് പാകമായിരുന്നു. മറ്റു പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ആ ഭാഗ്യമുണ്ടായില്ല. വലിയ പ്രതീക്ഷകളായിരുന്നു ഞങ്ങള്‍ക്ക്. പക്ഷെ, പെട്ടെന്ന് വലിയ ഭയവുമുണ്ടായി. കാരണം ഞങ്ങളെയവര്‍ അവിടെ നിന്ന് കൊണ്ടുപോയത് സ്ത്രീകളുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് ആയിരുന്നു. ബര്‍ക്കിനൗവില്‍.
ഞങ്ങളിപ്പോള്‍ യഹൂദരല്ലാത്തവരോടൊപ്പമാണ്. ഇവിടത്തെ തടവുകാര്‍ക്ക് തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ ഉണ്ടായിരുന്നു. യഹൂദര്‍ക്ക് ഒരു നക്ഷത്രചിഹ്നം. യഹൂദരല്ലാത്തവര്‍ക്ക് പല നിറങ്ങളിലുള്ള ത്രികോണങ്ങളോ മറ്റേതെങ്കിലും അടയാളങ്ങളോ അവരെ തിരിച്ചറിയാന്‍ മാത്രം. ഉദാഹരണത്തിന് കൊലപാതകര്‍, മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍, രാഷ്ട്രീയ തടവുകാര്‍ എന്നിങ്ങനെ. ഞങ്ങളുടെ ബാരക്കില്‍ നിരവധി കൊലപാതകര്‍ ഉണ്ടായിരുന്നു. അവരില്‍ ബാരക്ക് മൂപ്പന്മാരും ഉള്‍പ്പെടും. ഈ ബാരക്ക് മൂപ്പന്മാരെ എല്ലാവര്‍ക്കും പേടിയാണ്. അവരുടെ ക്രൂരതയെ എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നെ ആ സ്ത്രീ കക്കൂസിന്റെ ജോലിയാണ് ഏല്‍പ്പിച്ചത്. വലിയ തൊട്ടികളില്‍ മലവും മൂത്രവും എടുത്ത് ലട്രീനില്‍ കൊണ്ടുപോയി കളയുന്ന ജോലി. ആ യാത്രയില്‍ ഒരു പോലീസുകാരി ഒപ്പമുണ്ടാവും. ആ ബാരക്കിലെ തടവുകാരെ പകല്‍  സമയത്താണ് ലട്രീനില്‍ കൊണ്ടുപോവുക. അങ്ങനെ മലമൂത്രങ്ങള്‍ ചുമന്നു കൊണ്ടുപോകുമ്പോള്‍ ഞങ്ങള്‍ ആകാശത്തേക്ക് നോക്കും. യഹൂദരുടെ ശവങ്ങള്‍ കത്തി ഉണ്ടായതാണോ ആ ചുവപ്പുനിറം എന്ന് അതിശയിക്കും. ഞങ്ങളും അവിടെ കത്തിയെരിയേണ്ട വിറകുകണ്ടങ്ങള്‍ അല്ലേ എന്നു ചിന്തിക്കും.
ഈ ബാരക്കിലെ ആഹാരം ഒരുവിധം നല്ലതായിരുന്നു. ബാരക്കുകള്‍ വൃത്തിയുള്ളതായിരുന്നു. തടവുകാരും അധികമില്ലായിരുന്നു. തടവറയിലെ തടിക്കട്ടിലുകളില്‍ വൈക്കോല്‍ വിരിച്ചിരുന്നു. ഞങ്ങള്‍ക്ക് അവിടെ ഓരോ കിടക്കകള്‍ കിട്ടി. ഡെന്‍കാ , ഗ്ലിക്കോവ , ചെക്കോസ്ലൊവേക്യയില്‍ നിന്നും വന്നവള്‍, ഹില്‍ഡ് ബഷോഫ്  ഹോളണ്ടില്‍ നിന്നും വന്നവള്‍, ഞങ്ങള്‍ക്ക് നാലുപേര്‍ക്കും അടുത്തടുത്താണ് കിടക്കകള്‍ കിട്ടിയത്. ഡെന്‍കയും ബഷിയും, ഹില്‍ഡും ഞാനും വേഗം ഇണങ്ങി. സ്ത്രീകളുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ എത്രനാള്‍ ഞാന്‍ കഴിഞ്ഞു എന്നെനിക്ക് ഓര്‍മ്മയില്ല. സമയം വേര്‍തിരിച്ചെടുക്കാനാവാതെയായി. ചുവന്ന ആകാശവും മനുഷ്യശരീരം കത്തുന്നതിന്റെ ഗന്ധവും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.

Read: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക