Image

ഡ്യുസല്‍ഡോര്‍ഫില്‍ വീണ്ടും (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ -വിവര്‍ത്തനം ഭാഗം-18 നീനാ പനയ്ക്കല്‍)

Published on 15 August, 2024
ഡ്യുസല്‍ഡോര്‍ഫില്‍ വീണ്ടും (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ -വിവര്‍ത്തനം ഭാഗം-18 നീനാ പനയ്ക്കല്‍)

ഡ്യുസല്‍ഡോര്‍ഫിലേക്കു പോകാന്‍ സമയമായി എന്ന് മമ്മായ്ക്കും എനിക്കും തോന്നി. അവിടെയെത്തിയാല്‍ ഞങ്ങളുടെ സ്വന്തക്കാരെക്കുറിച്ചുള്ള എന്തെങ്കിലും ഒക്കെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നും, ഞങ്ങളുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളും പദ്ധതികളും  ആവിഷ്‌കരിക്കാന്‍ ആവുമെന്നും ഞങ്ങള്‍ ചിന്തിച്ചു. കണ്ണീരോടെയുള്ള വിടപറയലുകള്‍ക്കു ശേഷം ഞങ്ങള്‍ക്ക് ലിപ്പ്‌ബോര്‍ഗിനടുത്തുള്ള ബക്കം എന്ന ചെറിയ ടൗണിലേക്കു പോകുവാന്‍ ഒരു ട്രക്കില്‍ ഇടം കിട്ടി. ലിപ്പ്‌ബോര്‍ഗില്‍ ഒരു റയില്‍വേസ്റ്റേഷന്‍ അന്നുണ്ടായിരുന്നില്ല.

1945-ല്‍ ജര്‍മ്മനിയില്‍ ആരെങ്കിലും ട്രെയിന്‍യാത്ര ചെയ്യാനാഗ്രഹിച്ച്, അതിനുവേണ്ടി ശ്രമിച്ചാല്‍ ഏതെങ്കിലും പാസഞ്ചര്‍ വണ്ടിയോ അല്ലെങ്കില്‍ ചരക്കുവണ്ടികളെങ്കിലും കിട്ടാനായി പകലുകളും രാത്രികളും സ്റ്റേഷനുകളില്‍ കാത്തിരിക്കണം. കാത്തിരുന്നാലും ഉദ്ദേശിച്ച സ്ഥലത്തേക്കുള്ള ട്രെയിനാവില്ല വരുന്നത്. കേടുവന്ന റെയില്‍വേ പാളങ്ങളും പാലങ്ങളും അപ്പോഴും  നന്നാക്കിയിരുന്നില്ല. വളരെക്കുറച്ച് ട്രെയിനുകള്‍ മാത്രമേ ഓടുന്നുണ്ടായിരുന്നുള്ളു. ഓടുന്ന വണ്ടികളില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ആളുകള്‍ വാതിലുകളിലും ജനാലകളിലും തൂങ്ങിക്കിടന്നിരുന്നു. എല്ലാം നഷ്ടമായിപ്പോയിരുന്നതിനാല്‍ ഞങ്ങള്‍ക്ക് വളരെക്കുറച്ച് യാത്രാസാമാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കാത്തിരുന്ന് കാത്തിരുന്ന് ഞങ്ങള്‍ക്ക് ഒരു ട്രെയിന്‍ കിട്ടി. എങ്കിലും പല ട്രെയിനുകള്‍ മാറിമാറി കയറേണ്ടിയിരുന്നു. ഒരുപാട് നടന്നും, വാഹനങ്ങളില്‍ പോകുന്നവരോട് സൗജന്യയാത്ര ചോദിച്ചും ഒടുവില്‍ ഞങ്ങള്‍ ഡ്യുസല്‍ഡോര്‍ഫില്‍ എത്തിച്ചേര്‍ന്നു.

ഡ്യൂസല്‍ഡോര്‍ഫിന്റെ പ്രാന്തപ്രദേശത്തുള്ള ഗെരിഷീം എന്ന സ്ഥലത്ത് എന്റെ മമ്മാക്ക് വിന്‍കെന്‍സ്  എന്നു പേരുള്ള ഒരു കുടുംബത്തെ അറിയാമായിരുന്നു. ഞങ്ങളുടെ നാടുകടത്തലിനുശേഷമാണ് മമ്മാ അവരുമായി കൂട്ടുകാരായത്. ധതിയോവിന്‍കെന്‍സ് യഹൂദന്‍ ആയിരുന്നില്ല. അങ്ങേര്‍ സെവന്ത് ഡേ അഡ്വാന്റിസ്റ്റ് സഭയുടെ ഒരു അംഗമായിരുന്നു. അയാള്‍ക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഭാര്യ യഹൂദസ്ത്രീയായിരുന്നു.പ ഗസ്റ്റപ്പോ ആ സ്ത്രീയെ നാടുകടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ തിയോ വിന്‍കിന്‍സ് അവരെ ഒളിപ്പിച്ചു താമസിപ്പിക്കയും അങ്ങനെ അവരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. അവര്‍ താമസിച്ചത് അവരുടെ സ്വന്തം വീട്ടിലാണ്. ഒരു വലിയ ഡെവലപ്പ്‌മെന്റിന്റെ ഭാഗമായ ടെറസ്സുള്ള കെട്ടിടങ്ങളില്‍ ഒന്നില്‍. അങ്ങേര്‍ വീടിന്റെ നിലവറയില്‍ ഒരു ചെറിയ മുറിപണിതു. അങ്ങനെ ഒരു മുറി നിലവറയില്‍ ഉള്ളതായി ആര്‍ക്കും മനസ്സിലാവാത്ത വിധത്തിലാണ് ആ മുറി പണിതത്. അതിന് ജനാലകള്‍ ഉണ്ടായിരുന്നില്ല. മിസിസ് വിന്‍കെന്‍സ് അവിടെ ഒളിച്ചിരുന്ന കാലത്ത് പകല്‍ വെളിച്ചം കണ്ടതേയില്ല. ഗസ്റ്റപ്പോ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍, അവര്‍ ഓടി രക്ഷപ്പെട്ടു എന്നും പോയതു നന്നായി എന്നും അങ്ങേര്‍ പറഞ്ഞു. ചില രാത്രികളില്‍ അങ്ങേര്‍ അവരെ ഒളിച്ചിരിക്കുന്ന മുറിയില്‍ നിന്ന് പുറത്തുകൊണ്ടുവരും. കൂരിരിട്ടിലായിരിക്കും അവരപ്പോള്‍. വല്ലപ്പോഴുമൊക്കെ അങ്ങേര്‍ ജര്‍മ്മന്‍ വനിതകളെ വീട്ടിലേക്ക് ക്ഷണിക്കും. പുറത്തുളളവര്‍ ആ സ്ത്രീകളോടൊപ്പം തന്നെ കാണാന്‍ അങ്ങേര്‍ ഇടവരുത്തും. മനഃപൂര്‍വ്വം.
വിന്‍കെന്‍സ് ഞങ്ങളെ അങ്ങേരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ഞങ്ങള്‍ക്ക് ആവശ്യമുള്ളത്രയും കാലം അവിടെ താമസിച്ചുകൊള്ളാന്‍ സമ്മതം തരികയും ചെയ്തു. മിസ്റ്റന്‍ വിന്‍കെന്‍സും അങ്ങേരുടെ കൂട്ടുകാരും (ചിലര്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു) നാസികളെ കണ്ടുപിടിക്കാന്‍ ഒരു സംഘടിത പ്രവര്‍ത്തനം ഏറ്റെടുത്തു. വിശേഷിച്ചും യഹൂദരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് സ്വന്തമാക്കി അവിടെ താമസിക്കുന്നവരെ.

തിയോ വിന്‍കെന്‍സിന്റെ ഒരു കൈയ്ക്ക് ഒന്നാം ലോകമഹായുദ്ധത്തില്‍ വികലാംഗത്വം സംഭവിച്ചിരുന്നു. ജര്‍മ്മനി അങ്ങേര്‍ക്ക് 'അയണ്‍ ക്രോസ്' അവാര്‍ഡ് നന്ദി സൂചകമായി നല്‍കി. ഇത് ജര്‍മ്മന്‍ പടയാളിക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന അവാര്‍ഡ് ആയിരുന്നു. യുദ്ധത്തിനു മുന്‍പ് അങ്ങേര്‍ മധുരപലഹാരമുണ്ടാക്കുന്ന ഷെഫും, ബിസ്‌കറ്റുകള്‍ ധാരാളം തരത്തിലുള്ളവ ഉണ്ടാക്കുന്ന ബേക്കറും ആയിരുന്നു. ആവശ്യത്തിന് ഉയരവും വണ്ണവും നല്ല തൊലിയും ചുവന്ന മുടിയും അങ്ങേര്‍ക്ക് സ്വന്തമായിരുന്നു. ഞങ്ങള്‍ അങ്ങേരുടെ ഭാര്യയെ കാണുമ്പോള്‍ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അമിതവണ്ണവും തൈറോയ്ഡ് രോഗികളുടേതുപോലെ തുറിച്ച കണ്ണുകളും ആയിരുന്നു അവര്‍ക്കുണ്ടായിരുന്നത്.

തിയോ വിന്‍കെന്‍സിന്റെ ഔദ്യോഗിക പദവി നാസികള്‍ കൈയ്യടക്കി വച്ചിരുന്ന (മോഷ്ടിച്ചു വച്ചിരുന്ന) യഹൂദരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു. റൈഖിന്റെ ശത്രുക്കളുടെ, മറ്റൊരു ഭാഷയില്‍ യഹൂദരും രാഷ്ട്രീയ പീഢനങ്ങള്‍ക്കിരയായവരും ആയവരുടെ സ്വത്തുക്കള്‍ നാസികള്‍ സ്വന്തമാക്കി അനുഭവിക്കുന്നുണ്ടായിരുന്നല്ലോ.

മിസ്റ്റര്‍ വിന്‍കെന്‍സ് ഞങ്ങള്‍ക്ക് ഒരു വലിയ അപ്പാര്‍ട്ട്‌മെന്റ് കണ്ടുപിടിച്ചു തന്നു. ആ അപ്പാര്‍ട്ട്‌മെന്റ് ക്യാമ്പിലേക്കു നാടുകടത്തപ്പെട്ട ഒരു യഹൂദന്റെ വകയായിരുന്നു. വിന്‍കെന്‍സ് അത് നാസികളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തു. അത് വിന്‍കെന്‍സിന്റെ വീടിനടത്തു തന്നെയായിരുന്നു. നാസി താമസക്കാരന്‍ ജീവനും കൊണ്ട് ഓടിയപ്പോള്‍ സാധനങ്ങളെല്ലാം അവിടെ ഉപേക്ഷിച്ചു പോയി. ഞങ്ങള്‍ക്ക് അത് വലിയ ഉപകാരമായി. പക്ഷെ ഈ വസ്തുവകകള്‍ സ്വന്തമാക്കാന്‍ ഞങ്ങള്‍ക്ക് തീരെ താല്പര്യമില്ലായിരുന്നു. ഞങ്ങളവിടെ സ്ഥിരതാമസമാക്കാന്‍ പോയതല്ലല്ലോ. എത്രയെളുപ്പം ജര്‍മ്മനി വിടാമോ, അത്രയും വേഗം ഞങ്ങള്‍ക്ക് പോകണം. സൂണര്‍ ദി ബെറ്റര്‍.
ഞാന്‍ മുമ്പ് പറഞ്ഞിരുന്നതുപോലെ, നാസി ജര്‍മ്മനിയില്‍ ജോലി ചെയ്തു ജീവിക്കാനുള്ള എന്റെ പപ്പായുടെ അവസാനത്തെ ഉദ്യമം സഫലമായത് ഡ്യൂസല്‍ഡോര്‍ഫിലെ കാള്‍സ്ട്രാസേയില്‍ ഒരു മൊത്തവില്പനകട തുടങ്ങിയപ്പോഴാണ്. പപ്പാ ആ സ്റ്റോര്‍ നന്നായി നടത്തിക്കൊണ്ടുപോകുകയായിരുന്നു; നാസികള്‍ യഹൂദരുടെ ബിസിനസ്സുകളെല്ലാം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നതുവരെ. വീടുതോറും നടന്ന് കച്ചവടം നടത്തുന്ന, ഞങ്ങളുടെ ഒരു കസ്റ്റമര്‍ കൂടിയായ ഒരു ജര്‍മ്മന്‍കാരിയോട് എന്റെ മമ്മാ സൗഹൃദത്തിലായിരുന്നു. അവര്‍ നാസികളെ വെറുത്തിരുന്നു. ബിസിനസ്സ് മുഴുവന്‍ നഷ്ടമായശേഷവും, ഞങ്ങളെ നാടുകടത്തിയ ശേഷവും മമ്മാ ആ സ്ത്രീയുമായി സൗഹൃദത്തിലായിരുന്നു.

മമ്മാക്ക് ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇറങ്ങേണ്ടി വരികയും ഡ്യുസല്‍ഡോര്‍ഫ് വിടേണ്ടിവരികയും ചെയ്തപ്പോള്‍ ആ സ്ത്രീ മമ്മായുടെ ഭക്ഷണമുറിയിലെ വിലകൂടിയ മേശയും കസേരകളും മറ്റ് ഉരുപ്പടികളും സൂക്ഷിക്കാമെന്നേറ്റു. ആ സ്ത്രീയെ വിശ്വസിച്ച് മമ്മാ തന്റെ വിലകൂടിയ ചില മോതിരങ്ങളും അവരെ സൂക്ഷിക്കാനേല്‍പ്പിച്ചു. ആ സ്ത്രീ സിറ്റിയില്‍ നിന്ന് വളരെ അകലെ പാവപ്പെട്ടവര്‍ തട്ടിക്കൂട്ടുന്ന ഷാക്കുകളില്‍ ഒന്നിലായിരുന്നു താമസിച്ചിരുന്നത്. ഷാക്കിനു ചുറ്റും മലക്കറിത്തോട്ടവുമുണ്ടായിരുന്നു.
1944-ല്‍ എന്റെ മമ്മാ ആ സ്ത്രീയെ പോയി കണ്ടു. വിയന്നയില്‍ നിന്നും ക്ലീവ് ലേക്ക് വരുന്ന വഴിയിലാവണം മമ്മാ അവരെ ചെന്നു കണ്ടത്. ആ മോതിരങ്ങള്‍ തിരികെ ചോദിക്കാനാണ് മമ്മ പോയത്. കൈവശം തീരെ  പണമില്ലായിരുന്നു. ആ മോതിരങ്ങള്‍ വിറ്റാല്‍ അത്യാവശ്യത്തിനുതകും എന്ന് മമ്മാ കണ്ടു. മമ്മായുടെ ആ 'നല്ല കൂട്ടുകാരി' കതകു തുറന്നു. വീടനകത്തു കയറ്റാതെ ''ഇവിടെ നിനക്കെന്തുവേണം?'' എന്നു ചോദിച്ചു. മമ്മായുടെ അപേക്ഷയ്ക്കു മറുപടിയായി ആ സ്ത്രീ പറഞ്ഞു : ''നിന്റേത് ഒന്നും എന്റെ കൈവശമില്ല. യഹൂദകൂത്തിച്ചി, ഇവിടെ നിന്ന് എളുപ്പം ഇറങ്ങിക്കോ. ഇങ്ങോട്ടൊന്നും ഇനി വന്നു പോകരുത്. വന്നിട്ടുണ്ടെങ്കില്‍ നിന്നെ ഞാന്‍ ലോക്കപ്പില്‍ ആക്കും.'' തുറന്നു കിടന്ന വാതിലിലൂടെ മമ്മായുടെ ഡൈനിംഗ് റൂം ഫര്‍ണിച്ചറുകള്‍ കാണാമായിരുന്നു. ആ സ്ത്രീ മമ്മായുടെ മുഖത്തേക്ക് കതകു വലിച്ചടച്ചു.

തിയോ  വില്‍ക്കിന്‍സ്, ആ സ്ത്രീയെ ഒന്നു പോയി കാണുക എന്ന കാര്യം ഏറ്റവും വേഗം ചെയ്യാന്‍ തീരുമാനിച്ചു. അങ്ങേരുടെ സഹപ്രവര്‍ത്തകരേയും കൂട്ടി ഒരു വലിയ ട്രക്കില്‍ ആ സ്ത്രീയുടെ വീട്ടിലെത്തി. ആ സ്ത്രീ കതകു തുറന്നപ്പോള്‍ വിന്‍കെന്‍സും അസിസ്റ്റന്റുമാരും തങ്ങളുടെ പേപ്പറുകള്‍ അവരെ കാണിച്ച് തങ്ങള്‍ ആരാണെന്ന് അവരെ ബോധ്യപ്പെടുത്തി. അവര്‍ അകത്തുകയറി മമ്മായുടെ ഡൈനിംഗ് റൂം ഫര്‍ണിച്ചറുകള്‍ എടുത്ത് ട്രക്കില്‍ കയറ്റി. വിന്‍കെന്‍സ് ആ സ്ത്രീയോട് മോതിരങ്ങള്‍ എവിടെ? എന്നു ചോദിച്ച നിമിഷം തന്നെ അവരത് കൊണ്ടു വന്നു കൊടുത്തു. ആ സ്ത്രീയും അവരുടെ ബോയ്ഫ്രണ്ടും സത്യത്തില്‍ കിടുങ്ങിപ്പോയി. ഇനിയും ഞങ്ങള്‍ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് വിന്‍കെന്‍സും കൂട്ടുകാരും തിരികെ വന്നു. ഈ ചെറിയൊരു ജസ്റ്റിസ്, ന്യായം, നടപ്പാക്കിയതില്‍ മമ്മാക്ക് വളരെ സന്തോഷം തോന്നി. മമ്മായുടെ സാധനങ്ങള്‍ മാത്രമേ വിന്‍കെന്‍സ് കൊണ്ടു വന്നുള്ളൂ. പക്ഷെ ആ സാധനങ്ങള്‍ ഡ്യൂസല്‍ഡോര്‍ഫില്‍ ഉപേക്ഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ഇനിയൊരിക്കലും ഞങ്ങള്‍ ഉപയോഗിക്കാത്ത ചില സാധനങ്ങളാണ് മമ്മാ വീണ്ടെടുത്തത്.

ഞങ്ങളുടെ ആദ്യ സന്ദര്‍ശനം പുതുതായി സ്ഥാപിച്ച ജ്യൂയിഷ് കോണ്‍ഗ്രിഗേഷനിലേക്ക് ആയിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരായ രണ്ടുപേരാണ് ഈ കോണ്‍ഗ്രിഗേഷന്‍ നടത്തിക്കൊണ്ടു പോയിരുന്നത്. അയാള്‍ യഹൂദനായിരുന്നു, ആ സ്ത്രീ മറ്റേതോ പശ്ചാത്തലത്തിലുള്ളതും. കുറെ യഹൂദര്‍ യഹൂദരല്ലാത്തവരുമായുള്ള വിവാഹം വഴി സ്വയം രക്ഷപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന് എന്റെ അങ്കിള്‍ എറിക്കും, പോള്‍ കോഹനും. അവരെ കൂടാതെ വേറെ ജര്‍മ്മന്‍ യഹൂദര്‍ ആരും അവിടെ ഉണ്ടായിരുന്നില്ല. ഒന്നുകില്‍ അവര്‍ അന്യരാജ്യങ്ങളിലേക്ക് കുടിയേറിക്കാണും, അല്ലെങ്കില്‍ കൊല്ലപ്പെട്ടിരിക്കും. എന്നെപ്പോലെ വളരെ കുറച്ചുപേര്‍ മാത്രം  ഹോം ടൗണിലേക്ക് തിരിച്ചുവന്നു. അവര്‍ ഉജ രമാു (Displaced Person's Camps) കളില്‍ പാലസ്തീനിലേക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കോ കുടിയേറാന്‍ കാത്തിരിക്കയാവും. ചിലര്‍ പാലസ്തീനിലേക്ക് ഇറ്റലി വഴി ഇല്ലീഗല്‍ ആയി കയറാന്‍ ശ്രമിച്ചിരുന്നു.

എന്റെ സ്വന്തക്കാരുടെയും കൂട്ടുകാരുടെയും വിവരങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ ഡ്യൂസല്‍ഡോര്‍ഫില്‍ പോയതുപോലും ആ ഉദ്ദേശ്യത്തിലാണ്. പക്ഷെ അവിടെയുള്ളവര്‍ക്ക് എനിക്കറിയാവുന്നതിലും  കൂടുതലായി ഒന്നുമറിയില്ലായിരുന്നു. ഞാന്‍ ഒരു നീളമുള്ള ദൃഢശരീരനായ ആളിനെ കണ്ടുമുട്ടി. അയാളുടെ പേര് ഡോക്ടര്‍ ആവര്‍ബാക്ക് എന്നായിരുന്നു. അയാള്‍ ഒരു പ്രധാന ജ്യൂയിഷ് ലീഡറാണെന്നും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടവനാണെന്നുമുള്ള സൂചനയാണ് എനിക്ക് സംഭാഷണത്തില്‍ നിന്നു ലഭിച്ചത്. നല്ലൊരു വാഗ്മിയുമായിരുന്നു അയാള്‍. സ്വയം വിശ്വാസമുള്ളവന്‍, ലീഡര്‍ഷിപ്പിന് കഴിവുള്ളവന്‍. എന്നെപ്പോലെയുള്ളവരെ സഹായിക്കുമെന്ന് അയാള്‍ സത്യം ചെയ്തു. അയാള്‍ക്ക് വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമായി സ്വാധീനം ഉണ്ടെന്നും സൂചിപ്പിച്ചു. എനിക്ക് അറിയേണ്ടിയിരുന്നത് എന്താണയാള്‍ ജര്‍മ്മനിയിലേക്ക് തിരികെവന്നതെന്നും. എന്താണ് ഡ്യുസല്‍ഡോര്‍ഫ് തെരഞ്ഞെടുത്തതെന്നുമാണ്. കാരണം ഡ്യുസല്‍ഡോര്‍ഫ് അയാളുടെ ഹോം ടൗണ്‍ അല്ല. അയാള്‍ക്കിവിടെ കുടുംബക്കാരുമില്ല.

അയാള്‍ കുറച്ചു കഴിഞ്ഞ് ബവേറിയന്‍ ഗവണ്മെന്റില്‍ ഒരു പ്രധാന സ്ഥാനം വഹിക്കാനായി സിറ്റി വിട്ടുപോയി. (അവിടെ വച്ച് അയാളുടെ കള്ളത്തരവും പൊള്ളത്തരവും പുറത്തായി. അയാള്‍ ഒരു കാപ്പോ  ആയിരുന്നു. ഞാന്‍ മുന്‍പ് പറഞ്ഞിരുന്നതുപോലെ 'കാപ്പോ'കള്‍ ജയിലിലെ തടവുകാരില്‍ നിന്ന് നാസികള്‍ തെരഞ്ഞെടുക്കുന്നവരാണ്. മറ്റുതടവുകാരുടെ പോലീസുകാരാവാനും അവരെ ശിക്ഷിക്കാനും പീഢിപ്പിക്കാനും കഠിനമായി അടിപ്പിക്കാനും അധികാരമുള്ളവര്‍.) ആയാള്‍ ഒരു 'കാപ്പോ' ആണെന്നു തെളിഞ്ഞപ്പോള്‍ ഡോക്ടര്‍ ആര്‍ബാക്ക് ആത്മഹത്യ ചെയ്തു.

ഞങ്ങള്‍ക്ക് ജീവിക്കാന്‍ പണം അത്യാവശ്യമായിരുന്നു. ഞാന്‍ ഇംഗ്ലീഷ് പാഠങ്ങള്‍ പഠിപ്പിക്കാന്‍ തയ്യാറായി. ഞാന്‍ പരസ്യം ചെയ്തതിന് ഫലമുണ്ടായി. എനിക്ക് കുറേയേറെ പ്രായമായവരെ വിദ്യാര്‍ത്ഥികളായി കിട്ടി.  അവര്‍ പഠിക്കാന്‍ ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റില്‍ വരുമായിരുന്നു. അവരെ പഠിപ്പിക്കുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തി.

എന്റെ ഇംഗ്ലീഷ് സ്‌കൂള്‍ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സ്വയം യുക്കറേനിയന്‍ എന്നു പരിചയപ്പെടുത്തി ഒരാള്‍ എന്നെ കാണാന്‍ വന്നു. സ്വന്തം ഭാഷയില്‍ അയാള്‍ക്കുള്ള മികച്ച കഴിവിനെക്കുറിച്ചും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തെക്കുറിച്ചും എന്നോടു പറഞ്ഞു. പക്ഷെ അയാളുടെ ജര്‍മ്മന്‍ ഭാഷാ സംസാരം മേല്‍പ്പറഞ്ഞതിനെ ഒന്നും സാധൂകരിച്ചില്ല. അയാള്‍ക്ക് പലഭാഷകള്‍ സംസാരിക്കാന്‍ കഴിയുമത്രേ. മുന്‍പൊരു ഭാഷാ സ്‌കൂളും ഉണ്ടായിരുന്നു. ഇംഗ്ലീഷും റഷ്യനും സ്പാനിഷും ഒക്കെ അയാളുടെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്രേ. പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് ലൈസന്‍സ് വേണം എന്നറിയാമോ? അയാള്‍ എന്നോടു ചോദിച്ചു. ചിലപ്പോള്‍ നിങ്ങള്‍ക്ക് എനിക്കുവേണ്ടി ജോലി ചെയ്യാനാവും, അയാള്‍ അഭിപ്രായപ്പെട്ടു. ഞാനത് അപ്പോള്‍ തന്നെ നിരസിച്ചു.

അയാള്‍ വന്നിട്ടുപോയി ചില ദിവസങ്ങള്‍ക്കുള്ളില്‍ എന്റെ പഠിപ്പിക്കല്‍ നിന്നു പോയി. കാരണം, ഇംഗ്ലീഷ് മിലിട്ടറി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍, ക്യാപ്ടന്‍ പ്ലംനെ ചെന്നു കാണാന്‍ എനിക്കൊരു നിര്‍ദ്ദേശം കിട്ടി. ക്യാപ്ടന്‍ പ്ലംന്റെ ഓഫീസില്‍ ചെന്നപ്പോള്‍ എനിക്കു മനസ്സിലായി ഇംഗ്ലീഷ് മിലിട്ടറിക്കും അമേരിക്കന്‍ മിലിട്ടറിക്കും പൊതുവായി ചില കാര്യങ്ങളില്‍ ഐക്യമുണ്ടെന്ന്. ക്യാപ്ടന്‍ പ്ലം എന്നെ മുറിയില്‍ സ്വീകരിച്ചത് കാല്‍ രണ്ടും മേശപ്പുറത്തു കയറ്റി വച്ച് ഇരുന്നുകൊണ്ടാണ്. അയാള്‍ പറഞ്ഞു 'ഹലോ', പക്ഷെ ഇരിക്കുന്ന വിധം മാറ്റിയില്ല. എതിരെ കിടക്കുന്ന ഒരു കസേര ചൂണ്ടി അയാളെന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാനൊരല്പം ചകിതയായിരുന്നു, കാരണം എന്തിനാണ് അയാളെന്നെ വിളിപ്പിച്ചതെന്ന്, എന്തിനാണിയാളെ വന്നു കാണുന്നതെന്ന് എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല.

അയാള്‍ വളരെ നന്നായി എന്നോട് സംസാരിച്ചു. യുദ്ധകാലത്തെ എന്റെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. അതുകഴിഞ്ഞ് എന്താണ് എന്റെ ഭാവിയിലെ പ്ലാനുകള്‍ എന്നും ചോദിച്ചു. ഇതു ചോദിക്കാനാണോ ഇയാളെന്നെ വിളിപ്പിച്ചത്? അയാള്‍ എന്നോട് ഇന്റര്‍നാഷണല്‍ ആന്‍ഡ് ജ്യൂയിഷ് ഓര്‍ഗനൈസേഷന്‍സ് ഫോര്‍ റെഫ്യൂജീസ് - യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിസ്‌പ്ലെയ്‌സ്ഡ് പേര്‍സണ്‍സ് ക്യാമ്പ്  ഇവയില്‍ പോകണം എന്നു പറഞ്ഞു. ''അതുവഴി നിങ്ങള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പോകാന്‍ സാധിച്ചേക്കും.'' അതു സാധിച്ചെടുക്കാനുള്ള ശരിയായ നടപടികളൊന്നും അയാള്‍ക്കറിയില്ല. പക്ഷെ ഈ സ്ഥാപനങ്ങള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ കഴിഞ്ഞേക്കും.

അയാളുടെ താല്പര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു എന്നും അയാളുടെ ഉപദേശം പോലെ ചെയ്തുകൊള്ളാമെന്നും പറഞ്ഞിട്ട് ഞാന്‍ എഴുന്നേറ്റു. പുറത്തുകടക്കുന്നതിനു മുന്‍പ് അയാള്‍ പറഞ്ഞു : ''മിസ് ലെന്നിബര്‍ഗ്, ആ യുക്കറേനിയന്‍ മനുഷ്യന്‍, ലാംഗ്വേജ് സ്‌കൂള്‍ നടത്തുന്നവന്‍ അയാളെ നിങ്ങള്‍ക്കറിയാമോ? നീ ലൈസന്‍സ് ഇല്ലാതെ പഠിപ്പിക്കുന്നു എന്നയാള്‍ പഴി പറഞ്ഞു. നീ പഠിപ്പിക്കണ്ട. ആ വഴിക്ക് നിനക്കൊരു ഭാവിയുണ്ടാവാന്‍ പോകുന്നില്ല. ഞാന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ മാതാവിനും ഞാന്‍ ശുഭം നേരുന്നു.''

ഞാന്‍ ക്യാപ്ടന്‍ പ്ലംന്റെ മുറിയില്‍ നിന്ന് റിസെപ്ഷന്‍ ഏരിയയില്‍ എത്തിയപ്പോള്‍ എന്റെ പപ്പായുടെ കസിന്‍ പോള്‍ കോഹന്‍ അവിടെ നില്ക്കുന്നതു കണ്ടു. അയാള്‍ ഹോളണ്ടില്‍ ഒളിച്ചു പാര്‍ത്തശേഷം തിരികെ വന്നതാവണം. ഞാന്‍ പറഞ്ഞിരുന്നല്ലോ. അയാള്‍ വിവാഹം കഴിച്ചത് ആന്റി ലെന്നിബര്‍ഗിന്റെ അനുജത്തി മറിയയെ ആണെന്ന്. ഞാന്‍ അങ്ങേരുടെ അടുത്തേക്ക് ഓടിച്ചെന്നു. ''ഹലോ അങ്കിള്‍ പോള്‍'' അങ്ങേര്‍ എന്തോ ചിന്തിച്ചുകൊണ്ട് നില്ക്കുകയായിരുന്നിരിക്കണം. അല്പം അസ്വസ്ഥനുമായിരുന്നു. എന്റെ ഗ്രീറ്റിംഗ്‌സ് അങ്ങേര്‍ ശ്രദ്ധിച്ചുപോലുമില്ല. എന്റെ പപ്പായെക്കുറിച്ചോ സഹോദരനെക്കുറിച്ചോ ഒന്നും ചോദിച്ചില്ല. എന്റെ മമ്മായെക്കുറിച്ചോ, മുന്നില്‍ നില്ക്കുന്ന എന്നെക്കുറിച്ചുപോലും ഒന്നും ചോദിച്ചില്ല. അങ്ങേരുടെ മനസ്സില്‍ കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു. കോഹന്‍ സ്ഥാപനങ്ങളും സ്റ്റോറുകളും തിരികെ പിടിക്കാനായിരുന്നു അയാള്‍ ലക്ഷ്യമിട്ടത്. എനിക്ക് അങ്ങേരുടെ പെരുമാറ്റത്തില്‍ വേദന തോന്നി. ക്യാപ്ടന്‍ പ്ലം ന്റെ വാക്കുകള്‍ എന്റെ മനസ്സില്‍ അലയടിച്ചുകൊണ്ടിരുന്നു. ജര്‍മ്മനി വിടണമെന്നത് ഒരു ഒഴിയാബാധയായി എന്റെ മനസ്സിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

ഡ്യുസല്‍ഡോര്‍ഫില്‍ വന്ന് കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാനൊരു കാനഡക്കാരന്‍ ഓഫീസറെ പരിചയപ്പെട്ടു. അയാള്‍ ജ്യൂയിഷ് കമ്മ്യൂണിറ്റി ഓഫീസില്‍ പോവുകയും ഒരു ജ്യൂയിഷ് പെണ്‍കുട്ടിയെ പരിചയപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അയാള്‍ എന്നെ ഓഫീസര്‍മാരുടെ ക്ലബ്ബിലേക്ക് ക്ഷണിച്ചു. എനിക്ക് എന്റെ പ്രായത്തിലുള്ളവരുമായി കൂടാന്‍ ഇഷ്ടമായിരുന്നു. ഞാന്‍ അത് ആസ്വദിച്ചു. ഡാന്‍സ് ചെയ്യുന്നതും. ഈ പുതിയ സോഷ്യല്‍ ലൈഫ് എനിക്കിണങ്ങി. ഞങ്ങള്‍ പലവട്ടം ഡേറ്റ് ചെയ്തു. സുന്ദരനും സുഭഗനും നീലക്കണ്ണുകളും സ്വര്‍ണ്ണത്തലമുടിയും ഉള്ളവനും ആയ അയാള്‍ എന്നെ അയാളുടെ സ്റ്റൈലന്‍ മിലിട്ടറി കാറില്‍ കയറ്റി സാമൂഹ്യ കൂട്ടായ്മകളില്‍ കൊണ്ടുപോകും. കൂട്ടുകാരായ ഓഫീസര്‍മാരുടെയും  അവരുടെ ജര്‍മ്മന്‍ കാമുകിമാരുടെയും ഒപ്പം ഞങ്ങള്‍ പുറത്തുപോകും. ചിലപ്പോഴൊക്കെ ഇതല്ല എന്റെ സ്ഥാനം എന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ ആ  സമയത്ത് ഈ സോഷ്യല്‍ മിക്‌സ് ഞാന്‍ ആസ്വദിച്ചിരുന്നു.

Read More: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക