ടെഹ്റാന്‍: അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാല്‍ പ്രതിരോധത്തിനായി ആണവായുധങ്ങള്‍ സ്വന്തമാക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്‌നിയുടെ ഉപദേഷ്ടാവ്.
'ഞങ്ങള്‍ ആണവായുധങ്ങളിലേക്ക് നീങ്ങുന്നില്ല, പക്ഷേ ഇറാനിയന്‍ ആണവ വിഷയത്തില്‍ യുഎസ് എന്തെങ്കിലും തെറ്റ് ചെയ്താല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഇറാന് അതിലേക്ക് നീങ്ങുകയല്ലാതെ മറ്റ് വഴികളില്ല,' അലി ലാരിജാനി പറഞ്ഞു.
ടെഹ്റാന്‍ വാഷിങ്ടണുമായി ആണവ പദ്ധതി സംബന്ധിച്ച് ഒരു കരാറിലെത്തിയില്ലെങ്കില്‍ ബോംബാക്രമണവും കൂടുതല്‍ തീരുവകളും ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഐക്യരാഷ്ട്രസഭയിലെ ഇറാന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി യുഎന്‍ സുരക്ഷാ കൗണ്‍സിലിന് കത്തയച്ചു. അമേരിക്കയുടെയോ ഇസ്രയേല്‍ ഭരണകൂടത്തിന്റെയോ ഏതൊരു ആക്രമണത്തിനെതിരെയും ഇറാന്‍ പ്രതികരിക്കുമെന്ന് അദ്ദേഹം എഴുതി.