ഒരു ജാതി ജാതകം : പേരിൽ നിന്നും തുടങ്ങാം. പലപ്പോഴും സിനിമ പേര് വളരെ അധികം അന്വർഥമായിട്ടാണ് സംവിധായകർ ഇടാറുള്ളത്. അതിൽ സിനിമയുടെ ഒരു core അടങ്ങിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഈ മൂവി ആദ്യമായി കേട്ടപ്പോൾ എന്റെ കോളേജ് ജീവിതം ആണ് എനിക്ക് ഓർമവന്നത് . പലപ്പോഴും നമ്മൾ സുഹൃത്തുക്കളോട് അളിയാ നിന്റെ തലയിൽ എഴുത്തു അപാരം തന്നെ, നിന്റെ ജാതകം എന്റെ പൊന്നളിയാ സമ്മതിച്ചിരിക്കുന്നു തുടങ്ങിയ നർമരസമയ നമ്മുടെ തന്നെ ജീവിതത്തിലെ പല മുഹൂർത്തങ്ങൾ നമ്മളെ തേടിയെത്തിയാൽ അതിൽ അത്ഭുദപ്പെടേണ്ടതില്ല. ഒരുപക്ഷെ ചിരിക്കാൻ മറന്നുപോയ നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒരു വിരാമം അതിനു നല്കാൻ സാധിച്ചാൽ അതിനുപരിയായി ഒന്നും ലഭിക്കാനില്ല.
മാമ്പുറത്തു ജയേഷ് എന്ന ചെറുപ്പക്കാരന്റെ അപകർഷതാബോധം, അതിൽനിന്നു ഉണ്ടാകുന്ന നർമരസത്തിൽ ഊന്നിയ ഒരു സിനിമയാണ് ഒരു ജാതി ജാതകം. ഈ സിനിമ ഒന്ന് സൂക്ഷിച്ചു നിരീക്ഷിച്ചാൽ പണ്ടുകാലത്തെ ശ്രീനിവാസൻ കോമഡി സിനിമയായ ഒരു വടക്കുനോക്കിയെന്ത്രം നിങ്ങളുടെ മനസ്സിൽ ഓടിയെത്തിയാൽ തികച്ചും സ്വാഭാവികം. തന്റെ അപകർഷതാബോധം, അത് മറച്ചു വെക്കാൻ ശ്രേമിക്കുന്ന രംഗങ്ങളെ ഹാസ്യത്മക രീതിയിലൂടെ അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി വാങ്ങിക്കുന്ന പല രംഗങ്ങളുമായി സാദൃശ്യം തോന്നിയാൽ തികച്ചും സ്വാഭാവികം.
വടക്കൻ കേരളത്തിൽ ഒരുകാലത്തു നിഴലിച്ചുനിൽന്ന കുടുംബമഹിമ, കുടുംബനാമം സ്വന്തം പേരിനോട് ചേർത്തുപിടിച്ചു, സ്ത്രീകളോട് ബഹുമാനം കുറച്ചു കാണിക്കുന്ന, അല്ലെങ്കിൽ തരംതാഴ്ത്തി കാണുന്ന ഒരു ട്രെൻഡ് നമുക്കു ഇതിൽ കാണാൻ സാധിക്കും. ഒരുപക്ഷെ നമ്മുടെ സ്വന്തം കുറവ്, അല്ലെങ്കിൽ നമ്മൾ എവിടെനിൽക്കുന്നു എന്ന സ്വയം തിരിച്ചറിവ് പലപ്പോഴായി നഷ്ട്ടപ്പെട്ട ഒരു മനസ്സിന്റെ ഉടമ കാട്ടിക്കൂട്ടുന്ന ചാപല്യം എന്ന് തീർച്ചയായും പറയാൻ സാധിക്കുന്ന പല രംഗങ്ങളും നമുക്കു വിനീത് ശ്രീനിവാസൻ സമ്മാനിച്ചിട്ടുണ്ട്. കൈനോട്ടത്തിലും അതോട്‌അനുബന്ധിച്ച പല രീതികളെയെയും അന്ധമായി വിശ്വസിക്കുന്നതിലൂടെയുള്ള തിക്തഫലങ്ങളെയും ഹാസ്യാത്മക രീതിയിലൂടെ സംവിധായകൻ എടുത്തുകാണിക്കാൻ ശ്രേമിക്കുന്നുണ്ട്.
ഒരുജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒരു തുണ അത് ആണോ പെണ്ണോ ആയിക്കോട്ടെ, സ്വന്തം ജീവിതത്തിൽ ഒരു ആൺ/പെൺ തുണ എന്തുമാത്രം പ്രാധാന്യം അർഹിക്കുന്നുണ്ട് എന്നുള്ള വളരെ വ്യക്തമായ സന്ദേശം ഇതിൽ ഒളിഞ്ഞും തെളിഞ്ഞുമായി വ്യക്തമാക്കാൻ വിനീത് ശ്രീനിവാസനും സംവിധായകനും ശ്രെമിച്ചിട്ടുണ്ട് എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു.
ഒരു സ്ത്രീയുടെ പ്രാധാന്യത്തെ ഹാസ്യത്തിലൂടെ വിലകുറച്ചു കാണിക്കുന്നതിനോടൊപ്പം, സ്വവര്ഗാനുരാഗത്തെ ആക്ഷേപിക്കുന്ന ചേരുവകൾ ഇതിൽ ചേർത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്, കുണ്ടൻ എന്ന പദപ്രയോഗം സന്ദർഭോചിതമായി അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ സിനിമയിൽ ഉടനീളം പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്.
ഏറ്റവും അവസാനമായി, യാഥാർത്യത്തോടു പൊരുത്തപ്പെട്ടു ഒരുജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ അവസരം ലഭിച്ച ചാരിതാർഥ്യത്തോടെ സിനിമ അവസാനിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.
ഒരു ശരാശരി മൂവി എന്നുള്ളതാണ് എന്റെ വിലയിരുത്തൽ, കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ ജീവിതത്തിൽ നമ്മുടെ ചിന്താഗതിയിൽ നമ്മുടെ കാഴ്ചപ്പാടിൽ വരുത്തേണ്ട ചില മാറ്റങ്ങളെ ഹാസ്യാത്മകയായി അവതരിപ്പിച്ച വിനീതും സംവിധായകനും തീർച്ചയായും പ്രശംസ അർഹിക്കുന്നു.
അടുത്ത മൂവി റിവ്യൂവിനായി, തീർച്ചയായും വിവാദസ്പദമായ ഒരു റിവ്യൂ ആയിരിക്കും.