പ്രസിഡന്റ് ട്രംപ് അടിച്ചേൽപ്പിച്ച താരിഫുകളുടെ പരുക്ക് ഇന്ത്യയ്ക്കും ഏൽക്കുമെങ്കിലും ചില രംഗങ്ങളിൽ ഇന്ത്യയുടെ സ്ഥിതി ഭേദമാണെന്നു നിരീക്ഷകർ പറയുന്നു. ഔഷധ നിർമാണം, ഇലക്ട്രോണിക്സ് എന്നിവയാണ് എടുത്തു പറയുന്ന രണ്ടു വിഭാഗങ്ങൾ.
ട്രംപ് ചുമത്തിയ 26% താരിഫ് ഇന്ത്യയിൽ നിന്നു വരുന്ന ഔഷധങ്ങൾക്കു ബാധകമല്ലെന്നാണ് പ്രഖ്യാപനത്തിനു ശേഷമുള്ള വൈറ്റ് ഹൗസ് ഫാക്ട്ഷീറ്റ് പറയുന്നത്.
യുഎസ് ഇന്ത്യയിൽ നിന്ന് ധാരാളം ഔഷധങ്ങൾ വാങ്ങുന്നതു കൊണ്ട് അവയ്ക്കു തീരുവയിൽ ആശ്വാസം കിട്ടും എന്നാണ് വൈറ്റ് ഹൗസ് സൂചിപ്പിക്കുന്നത്. 2024 സാമ്പത്തിക വർഷത്തിൽ യുഎസ് ഇന്ത്യയിൽ നിന്ന് $8.73 ബില്യൺ മരുന്നുകൾ വാങ്ങി എന്നാണ് ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷൻ (ഐ ബി ഇ എഫ്) നൽകുന്ന കണക്ക്. ഇന്ത്യയുടെ കയറ്റുമതിയിൽ 31.5% യുഎസിലേക്കായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ജനറിക് ഔഷധ ഇറക്കുമതി യുഎസിന് ചികിത്സ ചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. 2022ൽ അതുവഴി യുഎസ് $219 ബില്യനും 2013 മുതൽ 2022 വരെ $1.3 ട്രില്യനും ലാഭിച്ചു എന്നാണ് കണക്ക്.
ചൈന, വിയറ്റ്നാം, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി നോക്കുമ്പോൾ ഇലെക്ട്രോണിസ്‌ക് രംഗത്തും ഇന്ത്യയുടെ നില മെച്ചമാണ്. എന്നാൽ സെപ്റ്റംബറിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഉഭയകക്ഷി വ്യാപാര കരാർ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ ഫലം വ്യക്തമാക്കുക.
Indian pharma won't be hit by Trump tariff