റിയാദ്: സൗദിയും അമേരിക്കയും തമ്മിൽ പ്രതിരോധ സൈനിക മേഖലകളിൽ പരസ്പര സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമെടുത്തു. റിയാദിൽ കഴിഞ്ഞ ദിവസം ചേർന്ന കൂടിക്കാഴ്ചയിൽ സൗദിയുടെയും യു.എസിന്റെയും സൈനിക മേഖലയിലെ ഉന്നതർ പങ്കെടുത്തു.
സൗദി ലെഫ്റ്റനന്റ് ജനറൽ ഫയ്യദ് അൽ റുവൈലി, യു.എസ് സെൻട്രൽ കമാൻഡർ ജനറൽ മൈക്കൽ കുറില്ലയുമായിട്ടാണ് കൂടിക്കാഴ്ച നടന്നത്. തന്ത്രപരമായ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവർ ചർച്ച ചെയ്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ഏകോപനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
സൗദി അറേബ്യക്ക് 'പ്രിസിഷൻ ഗൈഡഡ്' ആയുധ സാമഗ്രികൾ വിൽക്കാൻ അനുമതി നൽകുന്ന ഒരു പുതിയ ആയുധ കരാറിന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
കഴിഞ്ഞ മാസം സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ വാഷിങ്ടൺ ഡി സി സന്ദർശിച്ചിരുന്നു, അവിടെ അദ്ദേഹം ഉഭയകക്ഷി ചർച്ചകൾക്കായി യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ കണ്ടിരുന്നു.
യു.എസ്-സൗദി തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തി ഇരുപക്ഷവും വീണ്ടും ഉറപ്പിക്കുകയും പ്രതിരോധ മേഖലയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പുതിയ അവസരങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു. സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെ വിലയിരുത്തലുകളും യോഗത്തിൽ നടന്നു.