മലപ്പുറം: വിവാദ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. താന്‍ പറഞ്ഞതില്‍ നിന്ന് ഒരു വാക്കു പോലും പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ഞാന്‍ എന്താണ് പറഞ്ഞത്. മലപ്പുറത്ത് സാമൂഹിക നീതി ഇല്ല എന്ന് പറഞ്ഞു. സത്യമല്ലേ. രാഷ്ട്രീയ നീതി ഇല്ല, വിദ്യാഭ്യാസ നീതി ഇല്ല, സാമ്പത്തിക നീതി ഇല്ല. ഞാന്‍ ഒരു സമുദായത്തെയും എതിര്‍ത്തിട്ടില്ല. മുസ്ലീമിനെ ഞാന്‍ എതിര്‍ത്തിട്ടില്ല. അവരോട് വിദ്വേഷം പറഞ്ഞില്ല. ഒരു വിദ്വേഷവും ഒരു സമുദായത്തോടും പറയാതെ മലപ്പുറം ഒരു പ്രത്യേക സമുദായം സംസ്ഥാനമാക്കി വച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അവിടെ ഈഴവര്‍ക്ക് ഒരു ശ്മശാനം പോലുമില്ല. അടിമകളാണ് അവിടെ ഈഴവര്‍. എന്തുകൊണ്ട് ഉടമകള്‍ ആകാന്‍ സാധിക്കുന്നില്ല. കാരണം നമ്മുടെ തന്നെ കുറവാണ് എന്ന് ഞാന്‍ അവിടെ പറഞ്ഞു. മറ്റുള്ളവര്‍ ഒന്നായി നില്‍ക്കുന്നു. ഒന്നായി നിന്ന് നന്നായി. നമ്മുക്ക് എന്തുകൊണ്ട് ഒന്നായിക്കൂടേ എന്ന് പറയുന്നത് വര്‍ഗീയതയാണോ? '- വെള്ളാപ്പള്ളി ചോദിച്ചു.
'അവിടെയെല്ലാം ലീഗ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോള്‍ ഇപ്പുറത്തുള്ള മഹാഭൂരിപക്ഷത്തുള്ളവര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നില്ല. ഛിന്നഭിന്നമായി നില്‍ക്കുന്നു. ഛിന്നഭിന്നമാക്കാന്‍ നമ്മളെയല്ലേ സാധിക്കൂ.ഇതെല്ലാം തുറന്നുപറഞ്ഞാല്‍ ഞാന്‍ വര്‍ഗീയവാദിയാണോ? ഞാന്‍ സാമൂഹിക നീതിക്ക് വേണ്ടി പറഞ്ഞ വാക്കുകള്‍ അല്ലാതെ ഞാന്‍ ഒരു മുസ്ലീം വിരോധിയുമല്ല. എന്നെ മുസ്ലീം വിരോധിയാക്കി ആണിയടിക്കുകയാണ്. പറഞ്ഞ വാക്കില്‍ നിന്ന് ഒരു വാക്ക് പോലും പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറല്ല. ആരെയും പ്രകോപിപിപ്പിക്കാന്‍ അല്ല. മതസൗഹാര്‍ദ്ദമാണ് ഞങ്ങളുടെ ലക്ഷ്യം. മതവിദ്വേഷം ഞങ്ങളുടെ മുദ്രാവാക്യമല്ല. എസ്എന്‍ഡിപി യോഗത്തിന്റെ മുദ്രാവാക്യമല്ല. സോദര ചിന്തയില്ലാണ് എസ്എന്‍ഡിപി പ്രവര്‍ത്തിച്ചിട്ടുള്ളത്. സോദര ചിന്തയില്‍ ജീവിക്കുന്ന ഞങ്ങളെ ചൂഷണം ചെയ്ത് നമ്മുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണ്. അധികാര സ്ഥാനങ്ങളില്‍ നിന്ന് ആട്ടിയോടിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. അത്തരം ഒരു അവസ്ഥ മലപ്പുറത്ത് ഉണ്ടായാല്‍ അത് തുറന്നുപറഞ്ഞാല്‍ ജാതിയല്ല, നീതിക്ക് വേണ്ടിയുള്ള യാചനയാണ്.'- വെള്ളാപ്പള്ളി പറഞ്ഞു.