മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിന് എതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നതോടെ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കി. ഇപ്പോൾ തിയറ്ററുകളിൽ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയരാഘവൻ. എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ താൻ പുച്ഛത്തോടെയാണ് കാണുന്നതെന്നും വിജയരാഘവൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിനോട് പറഞ്ഞു.
"എംപുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ വളരെ പുച്ഛത്തോടെയാണ് ഞാൻ കാണുന്നത്, തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേർഷനുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്." വിജയരാഘവൻ പറഞ്ഞു.