Image

രാത്രികാല കസ്റ്റഡി; പോലീസിന് കർ‌ശന നിർദേശവുമായി ഡിജിപി

Published on 06 April, 2025
രാത്രികാല കസ്റ്റഡി; പോലീസിന് കർ‌ശന നിർദേശവുമായി ഡിജിപി

കണ്ണൂർ: ചെറിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഇൻസ്പെക്ടർമാർക്ക് കർ‌ശന നിർദേശവുമായി ഡിജിപി. വ്യാഴാഴ്ച എത്തിയ ഉത്തരവിന്റെ വിശദാംശങ്ങൾ ശനിയാഴ്ചയോടെയാണ് എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിയത്. രാത്രിയിൽ ആരെയെങ്കിലും സ്റ്റേഷനിൽ നിർത്തുന്നുണ്ടെങ്കിൽ അതു രേഖയാക്കണം. കസ്റ്റഡിയിലുള്ളവരുടെ ആരോഗ്യസ്ഥിതി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കണം. കേസിന്റെ വിവരങ്ങൾ മേലുദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ പോലീസ് കാവലും നൽകണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം കൽപറ്റയിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ആദിവാസി യുവാവ് ഗോകുൽ സ്റ്റേഷൻ ശൗചാലയത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് വീണ്ടും നിർദേശങ്ങൾ എത്തിയിരിക്കുന്നത്. ലഹരിയുമായി പിടികൂടിയവർ സ്റ്റേഷനിൽ കാണിക്കുന്ന പരാക്രമത്തിന് പലപ്പോഴും പോലീസുകാർ മറുപടി പറയേണ്ടിവരുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള ആളുകളെ കസ്റ്റഡിയിലെടുക്കുമ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം.

കൂടാ‌തെ വൈകിട്ട് 6 മണിക്ക് ശേഷം കേസുമായോ പരാതിയുമായോ ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്ത് വ്യക്തിയെ സ്റ്റേഷനിൽ കൊണ്ടുവന്നാലും ഡിവൈഎസ്‌പി റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥൻ അറിഞ്ഞിരിക്കണം. അറസ്റ്റ് റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറണം. കൂടാതെ പെറ്റിക്കേസ് ചുമത്തുന്ന ചെറിയ കുറ്റങ്ങൾക്കായി ആരെയും പിടിച്ചുകൊണ്ടുപോകേണ്ടതില്ല. കുറ്റത്തിന്റെ ഗൗരവമനുസരിച്ചുവേണം പെരുമാറാൻ എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക