രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും പാലത്തിനടിയിലൂടെ കടന്നുപോയ ഒരു കോസ്റ്റ് ഗാർഡ് കപ്പലും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.
ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അസാന്നിധ്യം ശ്രദ്ധേയമായി
ഇന്ത്യയിലെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ കടല്‍പ്പാലം ആറ് വര്‍ഷമെടുത്താണ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. 550 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
വേഗത, സുരക്ഷ എന്നിവ ഒരുമിച്ചുചേർത്തുകൊണ്ടുള്ള അത്യാധുനിക നിര്‍മ്മിതിയാണ് പുതിയ പാമ്പന്‍ പാലം. കപ്പലുകളും ബാര്‍ജുകളും കടന്നുപോകാന്‍ അനുവദിക്കുന്നതിനായി പഴയപാലത്തില്‍ മനുഷ്യനിയന്ത്രിതമായി തിരശ്ചീനമായി തുറക്കുന്ന ഒരു സംവിധാനമുണ്ടായിരുന്നു. ലിഫ്റ്റ് സ്പാന്‍ രണ്ടായി വേര്‍പെടുത്തി ഇരുവശത്തേക്കും ഉയര്‍ത്തിയാണ് കപ്പലുകളും ബാര്‍ജുകളും കടന്നുപോകാന്‍ അനുവദിച്ചിരുന്നത്. ഇതിന് പകരമായി അത്യാധുനിക ഇലക്ട്രോ മെക്കാനിക്കല്‍ ലിഫ്റ്റ് സംവിധാനമാണ് പുതിയ പാലത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ പാക് കടലിടുക്കിൽ 2.07 കിലോമീറ്റർ നീളമുള്ള പാലം ഇന്ത്യയുടെ എൻജിനീയറിംഗ് വൈദഗ്ധ്യത്തിന്റെ തെളിവാണ്. 99 തൂണുകളോടു കൂടിയ പാലം തീർത്ഥാടനകേന്ദ്രമായ രാമേശ്വരം ദ്വീപിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. 1914ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാമ്പൻ പാലം 2022 ഡിസംബറിൽ ഡീകമീഷൻ ചെയ്തതോടെയാണ് പുതിയ പാലം നിർമ്മിക്കാൻ തീരുമനമായത്.