സിപിഎമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു. ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന ആദ്യ മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയിൽ ചേർന്ന പിബി യോഗത്തിൽ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോൺഗ്രസിലാണ് ഔദ്യോഗിക അംഗീകാരം നൽകിയത്.
തിരഞ്ഞെടുക്കപ്പെട്ട ശേഷം സദസിനെ അഭിമുഖീകരിച്ച് സംസാരിച്ച എംഎ ബേബി സംഘാടനത്തിലെ മികവിനെ പ്രത്യേകം എടുത്ത് പറഞ്ഞു, മധുര പാർട്ടി ഘടകത്തെയും അദ്ദേഹം പ്രത്യേകം എടുത്ത് പരാമർശിച്ചു.
രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളിയാണ് പാർട്ടി ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി എന്ന് തുടർന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹംപറഞ്ഞു. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിന്റെ ഏറ്റവും വിശാലമായ യോജിപ്പ് വളർത്തിയെടുക്കണം എന്ന് പറയുമ്പോൾ തന്നെ ബിജെപിയെ നവഫാസിസ്റ്റ് നീക്കം എന്ന് തന്നെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോഴും ഓരോ സംസ്ഥാനത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് നിലപാടുകൾ സ്വീകരിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയെ നയിക്കുന്നത് പിണറായി വിജയനാണ് എന്ന നിലക്ക് കൂടിയാണ് അദ്ദേഹത്തിന് ഇളവ് നൽകിയത് എന്ന് ബേബി പറഞ്ഞു. എന്നാൽ ആരാണ് അടുത്ത മുഖ്യമന്ത്രി ആകേണ്ടത് എന്ന് ഇപ്പോൾ എന്തിനാണ് ഉദ്യോഗത്തോടെ ചർച്ച ചെയ്യുന്നത് എന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിയും ഒഴികെ 75 വയസ് പിന്നിട്ട നേതാക്കളെ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.