തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ്. അച്യുതാനന്ദന്‍ തനിക്ക് ഗുരു തുല്യനും, പാര്‍ട്ടില്‍ ആദ്യ പാഠങ്ങള്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്നുമാണെന്ന് സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി എം..എ ബേബി.വി.എസിന്റെ മകന്‍ അരുണ്‍കുമാറിന്റെ ലോ കോളജ് ജങ്ഷനിലെ വീട്ടിലെത്തിയാണ് അദ്ദേഹം വി.എസിനെ സന്ദര്‍ശിച്ചത്.
മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വി.എസിനെ എല്ലാ ദിവസവും അറിയിച്ചിരുന്നതായി മകന്‍ പറഞ്ഞു.പത്രങ്ങളിലെ കോണ്‍ഗ്രസ് വാര്‍ത്തകള്‍ വായിച്ചുകേള്‍പ്പിച്ചിരുന്നെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. വി.എസിന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള പരിചരണമായതിനാല്‍ നേരിട്ട് സംസാരിക്കാനായില്ല. അതേസമയം മുഷ്ടിചുരുട്ടി ലാല്‍സലാം നല്‍കിയതിന്റെ സംതൃപ്തിയുമായാണ് മടങ്ങിയതെന്ന് പിന്നീട്, മാധ്യമപ്രവര്‍ത്തകരോട് എം.എ. ബേബി പ്രതികരിച്ചു.
'വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും എന്താണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ല. താനും ഇ.പി. ജയരാജനും വിജയകുമാറും സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ഘട്ടത്തില്‍ വി.എസായിരുന്നു പാര്‍ട്ടി സെക്രട്ടറി. സംസ്ഥാനതല പ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത് വി.എസില്‍ നിന്നാണ്.
അദ്ദേഹം നേതൃത്വം നല്‍കിയ ഇടത് സര്‍ക്കാറില്‍ താനും വിജയകുമാറും മന്ത്രിമാരായിരുന്നു. പാര്‍ട്ടി നേതാവ് എന്നതിനൊപ്പം രക്ഷാകര്‍ത്താവിന്റെ സ്‌നേഹവാത്സല്യങ്ങളാണ് വി.എസിനുള്ളത്. മധുരയില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ശേഷം ആദ്യമായി ഒരു സഖാവിനെ സന്ദര്‍ശിച്ചത് വി.എസിനെയാണെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, എം. വിജയകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. വി.എസിന്റെ ആരോഗ്യവിവരങ്ങള്‍ കുടുംബാംഗങ്ങളില്‍ നിന്ന് ചോദിച്ചറിഞ്ഞു.